സൌജന്യഭക്ഷണമെന്ന ഒരു വസ്തുവേ ഇല്ല.
അതല്ലെങ്കിൽ, അസമിലെ നിറഞ്ഞുകവിഞ്ഞ ബ്രഹ്മപുത്രയുടെ തീരത്തുള്ള മജൂലി എന്ന ദ്വീപിലെ തിരക്കുള്ള കമലാബാരിഘട്ട് എന്ന ഫെറിയുടെ സമീപത്തുള്ള ഭക്ഷണശാലകൾ ചികയുന്ന ഭാഗ്യമുള്ള ഒരു പശുവായിരിക്കണം നിങ്ങൾ.
മുക്ത ഹസാരികയ്ക്ക് ഇതെല്ലാം നന്നായറിയാം. ഞങ്ങളുമായി സംസാരിക്കുന്നതിനിടയിൽ, കടയുടെ മുമ്പിൽ എന്തോ ശബ്ദം കേട്ട് അയാൾ സംഭാഷണം നിർത്തി അങ്ങോട്ട് പോയി. ഒരു നാൽക്കാലി, കൌണ്ടറിൽനിന്ന് എന്തോ ശാപ്പിടാൻ തുടങ്ങുകയായിരുന്നു.
അയാളതിനെ ആട്ടിയോടിച്ച്, തിരിച്ചുവന്ന് ചിരിച്ചു. “ഒരു മിനുറ്റിൽക്കൂടുതൽ ഹോട്ടലിൽനിന്ന് ശ്രദ്ധ മാറ്റാൻ പറ്റില്ല. ചുറ്റുവട്ടത്തുള്ള പശുക്കൾ വന്ന് തിന്ന്, എല്ലാം താറുമാറാക്കും.
10 പേർക്ക് ഇരിക്കാവുന്ന ആ ഭക്ഷണശാലയിൽ മുക്തയ്ക്ക് മൂന്ന് വേഷങ്ങളുണ്ട്. പാചകക്കാരന്റേയും, വിളമ്പലുകാരന്റേയും ഉടമസ്ഥന്റേയും. അതുകൊണ്ട് ഹോട്ടലിന്റെ പേര്, ഹോട്ടൽ ഹസാരിക എന്നായത് അന്വർത്ഥമായിത്തോന്നി.
പക്ഷേ കഴിഞ്ഞ ഏഴുവർഷമായി വിജയകരമായ രീതിയിൽ നടത്തിക്കൊണ്ടിരിക്കുന്ന ഹോട്ടൽ മാത്രമല്ല 27 വയസ്സുള്ള മുക്തയുടെ വിജയഗാഥയിലുള്ളത്. നടൻ, നർത്തകൻ, ഗായകൻ എന്നീ നിലകളിൽ, കലാലോകത്തിന് മൂന്നിരട്ടി ഭീഷണിയുയർത്തുന്നുണ്ട് ആ ചെറുപ്പക്കാരൻ. കൂടാതെ, ആവശ്യം വരുമ്പോൾ, മജുലിയിലെ ആളുകൾക്ക് സൌന്ദര്യം പകരാൻ കഴിവുള്ള നല്ലൊരു ചമയക്കാരൻകൂടിയാണ് മുക്ത ഹസാരിക.
ഇത് ഞങ്ങൾ കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ, ആളുകൾക്ക് ഭക്ഷണം വിളമ്പാനുണ്ടായിരുന്നു.
പ്രഷർ കുക്കർ ശബ്ദമുണ്ടാക്കുന്നു. മുക്ത അടപ്പ് മാറ്റി, പാത്രത്തിൽ ഇളക്കി, വെളുത്ത കടലപ്പരിപ്പ് കറിയുടെ ഗന്ധം അന്തരീക്ഷത്തിലൂടെ വരുന്നു. പരിപ്പുകറി ഇളക്കലും, ചപ്പാത്തി ഉണ്ടാക്കലും അയാൾ ഒരുമിച്ച് ചെയ്യുന്നുണ്ടായിരുന്നു. ദിവസവും, വഴിയാത്രക്കാർക്കും, ഘട്ടിലെത്തുന്നവർക്കുംവേണ്ടി 150 ചപ്പാത്തി അയാൾ ഉണ്ടാക്കാറുണ്ടെന്ന് ഞങ്ങൾ മനസ്സിലാക്കി.
മിനിറ്റുകൾക്കകം, ഞങ്ങളുടെ മുമ്പിൽ രണ്ട് പ്ലേറ്റുകൾ വന്നു. റൊട്ടിയും, നല്ല പതുപതുത്ത ഓംലെറ്റും, ഒരു കഷണം സവാള മുറിച്ചതും, പുതിനയുടേയും നാളികേരത്തിന്റേയും രണ്ട് ചട്ടിണികളും. രണ്ടുപേർക്ക് കഴിക്കാവുന്ന ഈ സ്വാദേറിയ ഭക്ഷണത്തിന്റെ വില വെറും 90 രൂപ.
അല്പം നിർബന്ധിച്ചപ്പോൾ, നാണം കുണുങ്ങിയായ മുക്ത സമ്മതിച്ചു. “നാളെ രാവിലെ ആറുമണിക്ക് വരൂ, എങ്ങിനെയാണ് അത് ചെയ്യുന്നതെന്ന് കാണിച്ചുതരാം”.
*****
മജൂലിയിലെ ഖൊരഹോള ഗ്രാമത്തിലെ മുക്തയുടെ വീട്ടിലെത്തിയപ്പോൾ, ഞങ്ങൾ മാത്രമല്ല അവിടെ ഹാജരുള്ളത് എന്ന് മനസ്സിലായി, ബന്ധുക്കളും, സുഹൃത്തുക്കളും, അയൽക്കാരുമെല്ലാം എത്തിയിട്ടുണ്ട്. അയൽക്കാരിയും നല്ലൊരു സുഹൃത്തുമായ 19 വയസ്സുള്ള റുമി ദാസിനെ മുക്ത അണിയിച്ചൊരുക്കുന്നത് കാണാനാണ് അവരെല്ലാം എത്തിയിട്ടുള്ളത്. മജൂലിയിലെ പുരുഷന്മാരായ രണ്ടോ മൂന്നോ ചമയക്കാരിൽ ഒരാളാണ് മുക്ത.
മുക്ത തന്റെ ബാഗിൽനിന്ന് ഒരുകൂട്ടം സാധനങ്ങളെടുത്തു. “ഈ മേക്കപ്പെല്ലാം ജോർഹത്തിൽനിന്നാണ് വരുന്നത്” (ബോട്ടിൽ 1.5 മണിക്കൂർ യാത്രചെയ്ത് എത്താവുന്ന സ്ഥലമാണ് അത്). മുക്ത പറഞ്ഞു. പലവിധ നിറങ്ങളിലുള്ള പൊടികളും, ക്രീമുകളും, ബ്രഷുകളും, കണ്മഷികളും എല്ലാം അയാൾ കട്ടിലിൽ നിരത്തിവെച്ചു.
ഇന്ന് ഞങ്ങൾ കാണാൻ പോവുന്നത് വെറും ചമയം മാത്രമല്ല. ഒരു മുഴുവൻ അലങ്കാരപ്പണിയാണ്. വസ്ത്രം മാറിവരാൻ മുക്ത റൂമിയോട് പറഞ്ഞു. നിമിഷങ്ങൾക്കകം, ആ ചെറുപ്പക്കാരി, ചുവപ്പും നീലയും കലർന്ന പരമ്പരാഗത അസമീസ് സാരിയായ മെഖേല ചാഡോർ അണിഞ്ഞുവന്നു. അവൾ ഇരുന്നപ്പോൾ, മുക്ത ഒരു വട്ടത്തിലുള്ള വെളിച്ചം പ്രകാശിപ്പിച്ചു. അതിനുശേഷം, അയാളുടെ ഇന്ദ്രജാലം തുടങ്ങി.
ആദ്യം റൂമിയുടെ മുഖത്ത് ഒരു പ്രൈമർ തേച്ച് (മുഖത്തിന്റെ ഉപരിതലം, മിനുസമുള്ളതാക്കാൻ ഉപയോഗിക്കുന്ന ഒരു ക്രീമോ ജെല്ലോ ആന് പ്രൈമർ) അയാൾ പറഞ്ഞു, “9 വയസ്സുള്ളപ്പോഴാണ് ഞാൻ ഭാവോന (അസമിൽ പ്രചാരമുള്ള, മതപരമായ സന്ദേശങ്ങളുൾക്കൊള്ളുന്ന ഒരു പരമ്പരാഗത കലാരൂപം) കാണാൻ തുടങ്ങിയത്. നടന്മാരുടെ മുഖത്തെ മേക്കപ്പ് എനിക്കിഷ്ടപ്പെട്ടു. അത് എന്നെ എപ്പോഴും രസിപ്പിച്ചിരുന്നു”..
അതിനുശേഷമാണ് ചമയത്തിന്റെ ലോകത്തോടുള്ള ഇഷ്ടം തുടങ്ങിയത്. മജൂലിയിൽ നടക്കുന്ന എല്ലാ ഉത്സവങ്ങൾക്കും നാടകങ്ങൾക്കും അയാളത് പരീക്ഷിക്കാൻ തുടങ്ങി.
മഹാവ്യാധിക്കുമുൻപ്, ചില പ്രൊഫഷണലുകളുടെ സഹായവും മുക്ത തേടിയിരുന്നു. “ഗുവഹത്തിയിലെ അസമീസ് സീരിയലുകളിലും സിനിമകളിലും മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന പൂജ ദത്തയെ കമലാബാരിഘട്ടിൽവെച്ച് ഞാൻ പരിചയപ്പെട്ടു. നിങ്ങളോട് സംസാരിക്കുന്നതുപോലെ അവരുമായി സംഭാഷണത്തിലേർപ്പെട്ടു”, മുക്ത പറഞ്ഞു. മുക്തയുടെ തൊഴിലിൽ താത്പര്യം പ്രകടിപ്പിച്ച അവർ അവരെക്കൊണ്ടാവുന്ന സഹായവും വാഗ്ദാനം ചെയ്തു.
റൂമിയുടെ മുഖത്ത് ഒരല്പം ഫൌണ്ടേഷൻ തേച്ചുപിടിപ്പിച്ചുകൊണ്ട് മുക്ത സംസാരം തുടർന്നു. “എനിക്ക് ചമയങ്ങളിൽ ഇഷ്ടമുണ്ടെന്ന് മനസ്സിലായപ്പോൾ, ഗോരാമൂർ കൊളേജിൽ അവർ നടത്തുന്ന കോഴ്സിൽ പങ്കെടുത്ത് പഠിക്കാൻ അവരെന്നെ അനുവദിച്ചു. 10 ദിവസമായിരുന്നു കോഴ്സെങ്കിലും, 3 ദിവസം മാത്രമേ എനിക്ക് പങ്കെടുക്കാൻ സാധിച്ചുള്ളൂ. ഹോട്ടൽ കാരണം കൂടുതൽ സമയം എനിക്ക് കിട്ടിയില്ല. പക്ഷേ അവരിൽനിന്നാണ് തലമുടിയെക്കുറിച്ചും മേക്കപ്പിനെക്കുറിച്ചും ഞാൻ കൂടുതൽ മനസ്സിലാക്കിയത്”.
ഇപ്പോൾ മുക്ത റൂമിയുടെ കണ്ണുകളിൽ ചായം വരയ്ക്കാൻ തുടങ്ങി. ഈ പണിയിലെ ഏറ്റവും സങ്കീർണ്ണമായ ഭാഗം അതാണ്.
പ്രകാശത്തിൽ തിളങ്ങുന്ന ഒരു കണ്മഷി റൂമിയുടെ കണ്ണുകളിൽ, തേക്കുമ്പോൾ, തന്റെ പാട്ട്, നൃത്ത, അഭിനയ സപര്യകളെക്കുറിച്ച് മുക്ത ഞങ്ങളോട് പറഞ്ഞു. ഭാവോന പോലുള്ള ഉത്സവങ്ങളിലാണ് ഇതെല്ലാം മുക്ത സാധാരണയായി അവതരിപ്പിക്കുക. കാമുകിക്കുവേണ്ടി കാത്തിരിക്കുന്ന ഒരുവനെക്കുറിച്ചുള്ള രാതി രാതി എന്ന അസമീസ് ഗാനം, മുക്ത അതിമനോഹരമായി അവതരിപ്പിച്ചു. ഒരു യൂട്യൂബ് ചാനലും ആയിരക്കണക്കിന് ആസ്വാദകരും മാത്രമാണ് അയാൾക്കില്ലാതെപോയതെന്ന് ഞങ്ങൾക്ക് തോന്നി.
മേക്കപ്പ് കല സ്വന്തമായി പഠിച്ചെടുത്ത ആർട്ടിസ്റ്റുകൾ കഴിഞ്ഞ ഒരു ദശകക്കാലമായി യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ടിക്ക്ടോക്കിലും നിറയെ കടന്നുവന്നിട്ടുണ്ട്. അത്തരം ആയിരക്കണക്കിനാളുകളെ പ്രശസ്തരാക്കാനും, ആളുകളെ മേക്കപ്പിന്റെ വിവിധ വശങ്ങളെക്കുറിച്ച് പഠിപ്പിക്കാനും ആ പ്ലാറ്റ്ഫോമുകൾ സഹായിച്ചിരിക്കുന്നു. ഈ വീഡിയോകളിൽ മിക്കതിലും, ഈ കലാകാരന്മാർ, മേക്കപ്പ് ചെയ്യുന്നതോടൊപ്പം, പാടുകയും, നൃത്തം വെക്കുകയും സിനിമകളിലെ രംഗങ്ങൾ അഭിനയിച്ചുകാണിക്കുകയും ചെയ്യുന്നു.
“അവൻ നല്ലൊരു നടനാണ്. അവന്റെ അഭിനയം കാണാൻ ഞങ്ങൾക്കിഷ്ടമാണ്”, അവന്റെ അടുത്ത സുഹൃത്തും, റൂമിയുടെ രൂപാന്തരം കാണാൻ അപ്പോൾ മുറിയിൽ സന്നിഹിതയുമായിരുന്ന 19-കാരി ബനമാലി ദാസ് പറയുന്നു. “നൈസർഗ്ഗികമായ കഴിവാണ് അവന്റേത്. അധികം റിഹേഴ്സലൊന്നും ആവശ്യമില്ല. സ്വായത്തമായി കിട്ടിയ കഴിവാണ്”.
കർട്ടന് പിറകിൽ നിന്നുകൊണ്ട് അമ്പതുകളുടെ മധ്യത്തിലുള്ള ഒരു സ്ത്രീ ഞങ്ങളെ നോക്കി പുഞ്ചിരിക്കുന്നു. മുക്ത അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തി. “എന്റെ അമ്മ, പ്രേമ ഹസാരിക, എന്റെ അച്ഛന്റെ പേര് ഭായി ഹസാരിക എന്നാണ്. അവരാണ് എനിക്ക് ഏറ്റവുമധികം പിന്തുണ നൽകുന്നത്. എന്തെങ്കിലും ചെയ്യാൻ പറ്റില്ലെന്ന് അവരൊരിക്കലും എന്നോട് പറഞ്ഞിട്ടില്ല. എപ്പോഴും പ്രോത്സാഹനം തന്നിട്ടുണ്ട്”.
ഈ പണി ഇടയ്ക്കിടയ്ക്ക് കിട്ടാറുണ്ടോ, വരുമാനത്തിന് സഹായിക്കുന്നുണ്ടോ എന്നൊക്കെ ഞങ്ങൾ ചോദിച്ചറിഞ്ഞു. “വധുക്കളെ ചമയമൊരുക്കുന്നതിന് സാധാരണയായി, 10,000 രൂപ കിട്ടാറുണ്ട്. സ്ഥിരമായ ജോലിയുള്ളവരിൽനിന്ന് ഞാൻ 10,000 രൂപ വാങ്ങും. കൊല്ലത്തിലൊരിക്കലോ മറ്റോ അത്തരം ജോലി കിട്ടാറുണ്ട്”, അയാൾ പറഞ്ഞു. “അതിന് സാധിക്കാത്തവരോട്, അവർക്കിഷ്ടമുള്ളത് തരാൻ പറയും“, മുക്ത കൂട്ടിച്ചേർത്തു. പട്‌ല , അഥവാ, ചെറിയ മേക്കപ്പിന് മുക്ത 2,000 രൂപവരെ മേടിക്കും. “”ഇത് പൂജകൾക്കോ, കല്ല്യാണങ്ങൾക്കോ, പാർട്ടികൾക്കോ ആണ് ആവശ്യം വരിക”.
ഒരു കൃത്രിമ കൺപീലി വെച്ചുകൊടുത്ത്, മുടി ചുരുട്ടി കൊണ്ടപോലെ കെട്ടി, മുഖത്തിന് ചുറ്റും, തീരെച്ചെറിയ പൊട്ടുകൾ കുത്തി, മുക്ത റൂമിയുടെ മേക്കപ്പ് അവസാനിച്ചു. അത് കഴിഞ്ഞതോടെ, റൂമി, അതിസുന്ദരിയായി കാണപ്പെട്ടു. “നല്ല ഭംഗി തോന്നുന്നു..ഞാൻ ധാരാളം തവണ ചെയ്യിപ്പിച്ചിട്ടുണ്ട്”, നാണത്തോടെ അവൾ പറയുന്നു.
ഞങ്ങൾ യാത്രയാകുമ്പോൾ മുക്തയുടെ അച്ഛൻ, 56 വയസ്സുള്ള ഭായി ഹസാരിക, ഹാളിൽ, പൂച്ചയേയും ലാളിച്ച് ഇരിക്കുന്നുണ്ടായിരുന്നു. റൂമിയുടെ മേക്കപ്പിനെക്കുറിച്ചും, മുക്തയുടെ കഴിവുകളെക്കുറിച്ചും ഞങ്ങൾ അദ്ദേഹത്തോട് ചോദിച്ചു. “എനിക്ക് എന്റെ മകനെക്കുറിച്ചും, അവൻ ചെയ്യുന്ന കാര്യങ്ങളോർത്തും അഭിമാനമുണ്ട്”, അദ്ദേഹം പറയുന്നു.
*****
കുറച്ച് ദിവസങ്ങൾക്കുശേഷം, കമലാബാരിഘട്ടിലെ അയാളുടെ റസ്റ്ററന്റിൽവെച്ച്, മുക്ത അയാളുടെ ഒരു ദിവസത്തെ ജോലികളെക്കുറിച്ച്, ഇതിനകം ഞങ്ങൾക്ക് പരിചിതമായ ആ മനോഹരമായ ശബ്ദത്തിൽ വിവരിച്ചുതന്നു.
ബ്രഹ്മപുത്രയുടെ തീരത്തുള്ള മജൂലിയിൽനിന്ന് പുറത്തേക്കും മജൂലിയിലേക്കുമായി ദിവസവും ആയിരക്കണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന ഘട്ടിലേക്ക് എത്തുന്നതിനുമുമ്പേ തുടങ്ങും, ഹോട്ടലിലേക്ക് വേണ്ടിയുള്ള മുക്തയുടെ ഒരുക്കങ്ങൾ. എല്ലാ ദിവസവും രാവിലെ 5.30-ന് തന്റെ ബൈക്കിൽ രണ്ട് ലിറ്റർ കുടിവെള്ളവും, പരിപ്പും, ഗോതമ്പുപൊടിയും, പഞ്ചസാരയും, പാലും, മുട്ടയും വഹിച്ച്, ഘട്ടിൽനിന്ന് 10 മിനിറ്റ് അകലെയുള്ള ഖൊരഹോള എന്ന ഗ്രാമത്തിൽനിന്ന് മുക്ത പുറപ്പെടും. ഏഴ് വർഷമായിട്ട് ഇതാണ് പതിവ്. രാവിലെ തുടങ്ങുന്ന ഓട്ടം, വൈകീട്ട് 4.30-ന് അവസാനിക്കും.
ഹോട്ടൽ ഹസാരികയിൽ ഭക്ഷണമുണ്ടാക്കാൻ ഉപയോഗിക്കുന്ന മിക്ക വസ്തുക്കളും കുടുംബത്തിന്റെ ഒരേക്കർ പാടത്ത് സ്വന്തമായി കൃഷി ചെയ്ത് ഉണ്ടാക്കുന്നതാണ്. “അരി, തക്കാളി, ഉരുളക്കിഴങ്ങ്, സവാള, വെളുത്തുള്ളി, കടുക്, മത്തങ്ങ, കാബേജ്, മുളക് എന്നിവയൊക്കെ ഞങ്ങൾ കൃഷി ചെയ്യുന്നുണ്ട്”, മുക്ത പറയുന്നു. “പാൽച്ചായ വേണമെന്നുള്ളവർ ഇവിടെ വരും”, അയാൾ അഭിമാനത്തോടെ പറയുന്നു. സ്വന്തം ഫാമിലുള്ള 10 പശുക്കളിൽനിന്നാണ് പാൽ എടുക്കുന്നത്.
ഫെറിയിൽ ടിക്കറ്റ് വിൽക്കുന്ന കർഷകൻ രോഹിത് ഫുക്കൻ മുക്തയുടെ ഭക്ഷണശാലയിലെ സ്ഥിരം സന്ദർശകനാണ്. അയാൾ സാക്ഷ്യപ്പെടുത്തുന്നു. “നല്ലൊരു ഹോട്ടലാണത്. നല്ല വൃത്തിയുള്ളത്”.
“‘മുക്ത, നീ നന്നായി ഭക്ഷണമുണ്ടാക്കുന്നു’ എന്ന് ആളുകൾ പറയാറുണ്ട്. അത് കേൾക്കുമ്പോൾ സുഖം തോന്നും. ഹോട്ടൽ നടത്തുന്നതി അഭിമാനവും”, ഹോട്ടൽ ഹസാരികയുടെ അഭിമാനിയായ ഉടമസ്ഥൻ പറയുന്നു.
പക്ഷേ ഇത്തരമൊരു ജീവിതമായിരുന്നില്ല മുക്ത ഭാവി കണ്ടിരുന്നത്. “മജൂലി കൊളേജിൽനിന്ന് സോഷ്യോളജിയിൽ ബിരുദമെടുത്തപ്പോൾ, സർക്കാർ ജോലി വേണമെന്ന് ഞാൻ ആഗ്രഹിച്ചു. പക്ഷേ അത് നടന്നില്ല. അതുകൊണ്ട് ഹോട്ടൽ ആരംഭിച്ചു”, ഞങ്ങൾക്കുവേണ്ടി ചായ ഉണ്ടാക്കിക്കൊണ്ട് മുക്ത പറയുന്നു. “ആദ്യമൊക്കെ കൂട്ടുകാർ കടയിൽ വരുമ്പോൾ എനിക്ക് ലജ്ജ തോന്നിയിരുന്നു. അവർക്കൊക്കെ സർക്കാർ ജോലിയുണ്ട്. ഞാനാകട്ടെ, കുശിനിക്കാരനും. അതേസമയം, മേക്കപ്പ് ചെയ്യുമ്പോൾ എനിക്ക് ലജ്ജ തോന്നുന്നില്ല. പാചകം ചെയ്യുമ്പോൾ പണ്ട് ലജ്ജ തോന്നിയിരുന്നു. മേക്കപ്പിൽ അതില്ല”, മുക്ത പറയുന്നു.
അങ്ങിനെയെങ്കിൽ എന്തുകൊണ്ട് ഗുവാഹട്ടിപോലുള്ള വലിയ നഗരങ്ങളിൽ പോയി ആ തൊഴിലിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൂടാ? “എനിക്ക് പറ്റില്ല. ഇവിടെ മജൂലിയിൽ എനിക്ക് ഉത്തരവാദിത്തങ്ങളുണ്ട്”, ഒന്ന് നിർത്തി, വീണ്ടും മുക്ത തുടരുന്നു. “എന്തിനാ് അങ്ങോട്ടൊക്കെ പോവുന്നത്? ഇവിടെ താമസിച്ച്, മജൂലിയിലെ പെൺകുട്ടികളെ സുന്ദരികളാക്കാനാണ് എനിക്കിഷ്ടം”.
സർക്കാർ ജോലി കിട്ടിയില്ലെങ്കിലും താൻ സംതൃപ്തനാണെന്ന് മുക്ത പറയുന്നു. “ലോകം മുഴുവൻ സഞ്ചരിച്ച് എന്താണ് അത് എനിക്കായി കരുതിവെച്ചിരിക്കുന്നതെന്ന് കാണാൻ ആഗ്രഹമുണ്ട്. പക്ഷേ എനിക്ക് മജൂലി വിട്ടുപോകാൻ ഇഷ്ടമല്ല. മനോഹരമായ സ്ഥലമാണിത്”. അയാൾ പറഞ്ഞുനിർത്തി.
പരിഭാഷ: രാജീവ് ചേലനാട്ട്