അന്ന് രാത്രിയില്‍ മലയൊന്നാകെ താഴേക്ക് പൊട്ടിയൊലിച്ചു വന്നു.

ഏകദേശം രാത്രി 11.00 ആയിക്കാണും സമയം. അനിത ബാക്കഡേ ഉറങ്ങുകയായിരുന്നു, തൊട്ടടുത്ത 4-5 വീടുകളിലായി അവരുടെ പതിനേഴംഗ കൂട്ടുകുടുംബത്തിലെ എല്ലാവരും തന്നെ ഉറങ്ങുകയായിരുന്നു. “ഒരു ഉഗ്രമായ മുഴക്കം കേട്ടാണ് ഞങ്ങൾ ഉണർന്നത്, പെട്ടെന്നു തന്നെ സംഭവിക്കുന്നതെന്തെന്ന് ഞങ്ങൾ മനസ്സിലാക്കി”, അവർ പറയുന്നു. “ഞങ്ങൾ ഇരുട്ടിൽ പുറത്തേക്കോടാൻ തുടങ്ങി, അപ്പോഴേക്കും അടുത്തുള്ള വീടുകളെല്ലാം നിലം പതിച്ചിരുന്നു.”

മഹാരാഷ്ട്രയിലെ സാത്താറ ജില്ലയിൽ പാടൺ താലൂക്കിലെ സഹ്യാദ്രി നിരകളിൽ സ്ഥിതി ചെയ്യുന്ന മിർഗാവിനെയാകെ ബാധിച്ച ആ ഉരുൾപൊട്ടലിൽ നിന്ന് അനിതയുടെ വീട് രക്ഷപ്പെട്ടു. പക്ഷേ അവരുടെ കാർഷിക കൂട്ടുകുടുംബത്തിലെ 11 പേരെ ഈ വർഷം ജൂലൈ 22-ന് രാത്രി അവർക്ക് നഷ്ടമായി. മരുമകൻ 7 വയസ്സുകാരൻ യുവരാജായിരുന്നു അതിൽ ഏറ്റവും ഇളയവൻ, അകന്ന ബന്ധുവായ 80-കാരി യശോദ ബാക്കഡേ ആകട്ടെ ഏറ്റവും പ്രായം കൂടിയ വ്യക്തിയും.

അടുത്ത ദിവസം രാവിലെ തന്നെ രക്ഷാപ്രവർത്തകരുടെ സംഘം എത്തി. ഉച്ചയായപ്പോഴേക്കും 43-കാരി അനിതയെയും മറ്റ് ഗ്രാമവാസികളെയും 6 കിലോ മീറ്ററുകളോളം അപ്പുറമുള്ള കൊയ്‌ന നഗർ ഗ്രാമത്തിലെ ജില്ലാ പരിഷദ് സ്കൂളിലേക്ക് മാറ്റി. ഭീമൻ കൊയ്‌ന ഡാമിൽ നിന്നും ജലവൈദ്യുത പദ്ധതിയിൽ നിന്നും ഏതാണ്ട് 5 കിലോ മീറ്റർ മാത്രം അകലെയാണ് മിർഗാവ്.

Anita’s house escaped the landslide that hit her village Mirgaon on July 22, but she lost 11 members of her joint family
PHOTO • Hrushikesh Patil
Anita’s house escaped the landslide that hit her village Mirgaon on July 22, but she lost 11 members of her joint family
PHOTO • Ganesh Shelar

ജൂലൈ 22- ന് മിർഗാവിനെയാകെ ബാധിച്ച ആ ഉരുൾപൊട്ടലിൽ നിന്ന് അനിതയുടെ വീട് രക്ഷപ്പെട്ടു . പക്ഷേ കൂട്ടുകുടുംബത്തിലെ 11 പേരെ അവർക്ക് നഷ്ടമായി

“വൈകുന്നേരം 4 മണിക്ക് ഉണ്ടായ ചെറിയ ഉരുൾപൊട്ടലിന് ശേഷം 7.00 ആയപ്പോഴേക്കും ഞങ്ങൾ ആളുകളെയെല്ലാം ഒഴിപ്പിക്കാൻ തുടങ്ങിയിരുന്നു, അത്രയേ ഉണ്ടാവൂ എന്നാണ് കരുതിയത്. പക്ഷെ, 11.00 ആയപ്പോഴാണ് ഈ ഭയാനക സംഭവം ഉണ്ടാകുന്നതും നിമിഷങ്ങൾക്കുള്ളിൽ ഗ്രാമമാകെ തകർന്നു തരിപ്പണമായതും,” ഗ്രാമത്തിലെ പോലീസ് കോൺസ്റ്റബിൾ സുനിൽ ശേലാർ പറഞ്ഞു.

ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ട 11 പേരടക്കം മിർഗാവിലെ 285 താമസക്കാർ (സെൻസസ് 2011) , ശക്തമായ മഴയോടും ചെറിയ മണ്ണിടിച്ചിലുകളോടും പരിചിതരാണ്. പക്ഷേ ജൂലൈ 22 ലെ സംഭവവികാസങ്ങൾ അപ്രതീക്ഷിതമായിരുന്നുവെന്ന് അവർ പറയുന്നു. ആ ദിവസം കൊയ്‌ന ഡാം തടത്തിലും പരിസരങ്ങളിലും റെക്കോർഡ് മഴ (746 മില്ലിമീറ്റർ) ലഭിച്ചു എന്ന് വിവിധ വാർത്താക്കുറിപ്പുകൾ വ്യക്തമാക്കുന്നു. ആ ആഴ്‌ച, മഹാരാഷ്ട്രയിലെ വിവിധ ഇടങ്ങളിൽ വലിയ വെള്ളപ്പൊക്കങ്ങളുണ്ടായി.

“ജൂലൈ 21 ഉച്ചക്ക് ശേഷം മഴ ആരംഭിച്ചു,” ജില്ലാ പരിഷദ് സ്കൂളിൽ വെച്ച് 45-കാരി ജയശ്രീ സപകാൽ എന്നോട് പറഞ്ഞു. “ഞങ്ങൾ പരിഭ്രാന്തരായിരുന്നില്ല, കാരണം എല്ലാ വർഷവും ഈ സമയം ശക്തമായ മഴ സാധാരണമാണ്. പക്ഷെ അടുത്ത രാത്രി 11 മണിക്ക്  ഉഗ്രശബ്ദം കേട്ടാണ് ഞങ്ങൾ എഴുന്നേൽക്കുന്നത്. നിമിഷങ്ങൾക്കുള്ളിൽ, കുന്ന് താഴോട്ടിടിഞ്ഞു വീണു.  ഭാഗ്യം കൊണ്ട് ഞങ്ങൾ അടുത്തുള്ള ക്ഷേത്രത്തിലേക്കോടി രക്ഷപ്പെട്ടു.”

“കുന്നിടിഞ്ഞു എന്നു പറഞ്ഞുകൊണ്ട് ചില ഗ്രാമനിവാസികൾ ഞങ്ങളുടെ വീട്ടിലേക്കോടി വന്നു,” 21-കാരിയായ കോമൾ ശേലാർ കൂട്ടിച്ചേർത്തു . “ഞങ്ങൾ മറുത്തൊന്ന് ചിന്തിക്കാതെ ഞൊടിയിടയിൽ വീട് വിട്ടിറങ്ങി. വെളിച്ചമുണ്ടായിരുന്നില്ല, ചളിയിലൂടെ അരപ്പൊക്കം വെള്ളത്തിൽ ഒന്നും തന്നെ കാണാൻ കഴിയാതെ എങ്ങനെയോ ഞങ്ങൾ അമ്പലത്തിലെത്തി, ആ രാത്രി അവിടെ കഴിച്ചുകൂട്ടി.”

Neera and Lilabai Sapkal (inside) at the school. Uttam Shelar (right): 'There are cracks in the mountains in the Koyna area. We live under constant threat'
PHOTO • Ganesh Shelar
Neera and Lilabai Sapkal (inside) at the school. Uttam Shelar (right): 'There are cracks in the mountains in the Koyna area. We live under constant threat'
PHOTO • Ganesh Shelar

നീരയും ലീലാബായ് സപകാലും ( ഉള്ളിൽ ) സ്കൂളിൽ . ഉത്ത o ശേലാർ ( വലത് ) : ‘ കൊയ്‌ന പ്രദേശത്തെ മലകളിൽ വിള്ളലുകൾ ഉണ്ട് . ഞങ്ങളുടെ ജീവൻ സ്ഥിരമായ ഭീഷണിയിലാണ്

വീടുകളുടെ നാശവും, മനുഷ്യജീവനുകളുടെ ഹത്യയും കൂടാതെ, മഴയും മണ്ണിടിച്ചിലും ചേർന്ന് കൃഷിയിടങ്ങളും വിളകളും കൂടെ നശിപ്പിച്ചിട്ടുണ്ട്. “സംഭവത്തിന് ഏതാനും ദിവസങ്ങൾ മുമ്പാണ് ഞാൻ നെല്ല് വിതച്ചത്, നല്ല വിളവ് ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു,” 12 വീടുകൾ നഷ്ടമായ കൂട്ടുകുടുംബത്തിലെ 46-കാരൻ രവീന്ദ്ര സപകാൽ പറയുന്നു. “പക്ഷെ എന്‍റെ തോട്ടമൊന്നാകെ നശിച്ചു. എല്ലായിടവും ചളിയാണ്. എനിക്കറിയില്ല ഇനിയെന്തു ചെയ്യണമെന്ന്, എന്‍റെ കുടുംബമാകെ ആശ്രയിച്ചിരുന്നത് നെല്ലിനെയാണ്.”

മിർഗാവിലെ മുതിർന്ന താമസക്കാർക്ക് ജില്ലാ പരിഷദ് സ്കൂളിലേക്കുള്ള ഈ മാറ്റം മൂന്നാമത്തെ മാറിപ്പാർക്കലാണ്. 60-കളുടെ തുടക്കത്തിൽ കൊയ്‌ന ഡാം നിർമ്മാണസമയത്തായിരുന്നു ആദ്യത്തേത്. കുടുംബങ്ങൾ ഉയർന്ന പ്രദേശത്തേക്ക് മാറി താമസിക്കുകയും, യഥാർത്ഥ മിർഗാവ് വെള്ളത്തിലാവുകയും ചെയ്തു. പിന്നീട് 1967 ഡിസംബർ 11-ന് ഒരു വൻ ഭൂകമ്പം കൊയ്‌ന പ്രദേശത്തെ ബാധിക്കുകയും അയൽ ഗ്രാമങ്ങളിലെ ആളുകൾ രക്ഷാ ക്യാമ്പുകളിലേക്ക് മാറുകയും ചെയ്തു - പുതിയ മിർഗാവില്‍ ഉണ്ടായിരുന്നവരെപ്പോലെ. അവസാനം ഈ ജൂലൈ 22-ന് ഉരുൾപൊട്ടിയ പ്രദേശത്തേക്കു തന്നെ അവർ തിരിച്ചെത്തുകയായിരുന്നു.

“ഡാമിന്‍റെ നിർമാണ ഘട്ടത്തിൽ സർക്കാർ ഞങ്ങൾക്ക് കൃഷിയിടവും ജോലിയും ഉറപ്പു തന്നിരുന്നു,” 42-കാരനായ ഉത്തം ശേലാർ പറഞ്ഞു. “ഇപ്പോൾ 40 വർഷങ്ങൾ കഴിഞ്ഞു, ഞങ്ങൾക്കിതുവരെ ഒന്നും കിട്ടിയിട്ടില്ല. നിങ്ങൾ കൊയ്‌നയിലൂടെ പോകുമ്പോൾ അവിടെ മലകളിൽ വലിയ വിള്ളലുകൾ കാണാം, അവ അടുത്ത മഴയിൽ താഴേക്ക് പതിക്കും.  ഞങ്ങളുടെ ജീവിതം സ്ഥിരമായി ഭീഷണിയിലാണ്.”

Beside damaging houses and claiming lives, the rain and landslide destroyed Mirgaon's farmlands and crops too
PHOTO • Ganesh Shelar
Beside damaging houses and claiming lives, the rain and landslide destroyed Mirgaon's farmlands and crops too
PHOTO • Ganesh Shelar

വീടുകളുടെ നാശത്തിനും ആളുകളുടെ മരണത്തിനും കാരണമായതു കൂടാതെ മിർഗാവിലെ കൃഷിയിടങ്ങളും വിളകളും നശിക്കുന്നതിനും മഴയും മണ്ണിടിച്ചിലും കാരണമായി

മഹാരാഷ്ട്ര സർക്കാർ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ഉരുൾപൊട്ടലുകളിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായി ജൂലൈ 23-ലെ വാർത്താക്കുറിപ്പുകൾ വ്യക്തമാക്കുന്നു. അനിത ബാക്കഡേയുടെ കുടുംബത്തിന് ഈ തുക ലഭിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 2 ലക്ഷത്തിനായി ഇവർ ഇപ്പോഴും കാത്തിരിപ്പ് തുടരുകയാണ്.

പക്ഷേ ഇതുവരെയും മണ്ണിടിച്ചിലിൽ കൃഷിയിടവും വീടും നഷ്ടപ്പെട്ടവർക്ക് ഒരു സഹായവും പ്രഖ്യാപിച്ചിട്ടില്ല.

“റെവന്യൂ വകുപ്പ് ഞങ്ങളെക്കൊണ്ട് ആഗസ്റ്റ് 2-ന് നഷ്ടപരിഹാരത്തിനായി ഒരു ഫോറം പൂരിപ്പിച്ചു, പക്ഷെ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല,” തന്‍റെ കൃഷിയിടത്തെ മൂടിയ ചളിയും അവശിഷ്ടങ്ങളും കാണിച്ചു കൊണ്ട് 25-കാരനായ ഗണേശ് ശേലാർ പറയുന്നു. കോവിഡ് മൂലം നവി മുംബൈയിലെ തന്‍റെ മെക്കാനിക്കൽ എഞ്ചിനീയർ ജോലി ഒഴിവാക്കി, കുടുംബത്തെ നെൽ കൃഷിയിൽ സഹായിക്കാൻ ഗ്രാമത്തിൽ തിരിച്ചെത്തിയതായിരുന്നു ഗണേശ്. കണ്ണീരടക്കാൻ ശ്രമിച്ചു കൊണ്ട് അദ്ദേഹം പകുതിക്ക് വെച്ചു നിർത്തി. “ഞങ്ങളുടെ 10 ഏക്കർ കൃഷിയിടം പൂർണമായും നഷ്ടപ്പെട്ടു, വിളകളെല്ലാം നശിച്ചു. സർക്കാരിൽ നിന്ന് ഇതിനെന്തെങ്കിലും കിട്ടുമോ എന്നതിൽ എനിക്ക് ആശങ്കയാണ്.”

അതേസമയം, ഉരുൾപൊട്ടൽ ഉണ്ടായി ആഴ്ചകൾക്ക് ശേഷവും മിർഗാവുകാർ സർക്കാരും വിവിധ സന്നദ്ധ സംഘടനകളും  നൽകുന്ന ആഹാരത്തെയും മറ്റു സാമഗ്രികളെയും ആശ്രയിച്ചു കൊണ്ട് ജില്ലാ സ്കൂളിൽ തന്നെ കഴിയുകയാണ്. സ്ഥിരവും വേണ്ട രീതിയിലുള്ളതുമായ പുനരധിവാസത്തിനായി അവരോരോരുത്തരും ആഗ്രഹിക്കുന്നു. “ഞങ്ങളുടെ ഗ്രാമം ഇല്ലാതായി. ഇനി സുരക്ഷിതമായൊരിടത്തേക്ക് പുനരധിവാസം എന്നതാണ് ഞങ്ങളുടെ ആവശ്യം,” പോലീസ് കോൻസ്റ്റബിൾ സുനിൽ ശേലാർ പറഞ്ഞു.

'The revenue department made us fill a form [for compensation] but nothing has been announced yet', says Ganesh Shelar, who is helping out at the school
PHOTO • Hrushikesh Patil
'The revenue department made us fill a form [for compensation] but nothing has been announced yet', says Ganesh Shelar, who is helping out at the school
PHOTO • Hrushikesh Patil

റെവന്യൂ വകുപ്പ് ഞങ്ങളെക്കൊണ്ട് നഷ്ടപരിഹാരത്തിനായി ഒരു ഫോറം പൂരിപ്പിച്ചു, പക്ഷെ ഒന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല ’, സ്കൂളിൽ സഹായപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഗണേശ് ശെലർ പറയുന്നു

“ആർക്കും മിർഗാവിലെ വീടുകളിലേക്ക് തിരിച്ചു പോകണമെന്നില്ല. ഞങ്ങൾക്ക് ഇനി ഈ പ്രദേശത്തു തന്നെ ജീവിക്കണമെന്നില്ല, പൂർണമായ പുനരധിവാസം വേണം ഞങ്ങൾക്ക്,” ഉത്തം ശേലാർ കൂട്ടിച്ചേർത്തു.

“സ്വാതന്ത്ര്യദിനത്തിനു (ആഗസ്റ്റ് 15) മുൻപായി താൽക്കാലിക വീടുകൾ പണിതു തരാമെന്ന് സർക്കാർ ഞങ്ങൾക്ക് വാക്ക് തന്നിരുന്നു, പക്ഷേ അവർ അത് പാലിച്ചില്ല. ഇനി എത്ര കാലം ഞങ്ങൾ ഈ സ്കൂളിൽ കഴിയണം?” ദുരന്തത്തെ അതിജീവിച്ച - അനിതയുടെ മാതൃ സഹോദരിയുടെ മകൻ - സഞ്ജയ് ബാക്കഡേ പറഞ്ഞു. സ്‌കൂളിൽ സ്ത്രീകൾക്കായുള്ള ശുചിമുറികൾ പര്യാപ്തമല്ല, കുടിവെള്ളവും പ്രശ്നമാണ്. “ഞങ്ങൾ മറ്റൊരു ജില്ലയിലേക്ക് തന്നെ മാറാനും തയ്യാറാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു, “പക്ഷേ സമ്പൂർണ്ണ പുനരധിവാസം കൂടിയേ തീരൂ.”

ആഗസ്റ്റ് 14-ന് വൈകുന്നേരം ഏകദേശം 4 മണിക്ക് സ്കൂളിലുള്ളവരെല്ലാം ഒത്തുകൂടി ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ട 11 പേരുടെയും പേരുരുവിട്ട് അവരെ സ്മരിക്കുകയും, കുറച്ചു നേരത്തേക്ക് മൗനമാചരിക്കുകയും ചെയ്തു. എല്ലാവരുടെയും കണ്ണുകൾ അടഞ്ഞിരുന്നു. എന്നാൽ അനിതയുടേത് മാത്രം തുറന്നിരുന്നു, ഒരു പക്ഷെ 11 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതിന്‍റെ ആഘാതത്തിലായിരിക്കാം.

അനിതയും, മറ്റുള്ളവരെപ്പോലെ, കർഷകരായ തന്‍റെ ഭർത്താവിനും മകനുമൊപ്പം ഇപ്പോഴും സ്കൂളിൽത്തന്നെയാണ്. “ഞങ്ങളുടെ കുടുംബം പോയി, വീടുകൾ പോയി, എല്ലാം പോയി. ഇനി ഞങ്ങൾ ഞങ്ങളുടെ ഗ്രാമത്തിലേക്ക് തിരിച്ചു പോകില്ല.” ഏതാനും ചില കുടുംബാംഗങ്ങളോടൊത്ത് ഹാളിന്‍റെ മൂലയിൽ  തറയിലിരുന്ന് അവർ പറഞ്ഞു. ധാരയായൊഴുകിയ കണ്ണീരിൽ അവർക്ക് വാക്കുകൾ മുഴുമിപ്പിക്കാനായില്ല.

കവർ ചിത്രം : ഗണേശ് ശേലാർ

പരിഭാഷ: അഭിരാമി ലക്ഷ്​മി

Hrushikesh Patil

हृषीकेश पाटील सावंतवाडीस्थित मुक्त पत्रकार आणि कायद्याचे विद्यार्थी आहेत. वातावरण बदलांचा वंचित समुदायांवर कसा परिणाम होतो याचं वार्तांकन ते करतात.

यांचे इतर लिखाण Hrushikesh Patil
Translator : Abhirami Lakshmi

Abhirami Lakshmi is a graduate in Journalism (Hons) from Delhi University. She is trained in Carnatic Music and interested in media researches on Art and Culture.

यांचे इतर लिखाण Abhirami Lakshmi