"ശാലേത് ജായചയ് ... ശാലേത് ... വൈഭവ് ... വൈഭവ് ... ശാലേത് ... [സ്ക്കൂളിൽ പോകണം ... സ്ക്കൂളിൽ ... ].”
അവിടെയില്ലാത്ത സഹപാഠിയെ വിളിച്ചു കൊണ്ട് പ്രതീക് ഇത് വീണ്ടും വീണ്ടും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. അവൻ തന്‍റെ ഒറ്റമുറി മൺവീടിന്‍റെ വാതിൽപ്പടിയിൽ തൊട്ടടുത്ത് കുട്ടികൾ കളിക്കുന്നതും ചിരിക്കുന്നതും നോക്കിയിരിക്കുകയാണ്. ഈ പതിമൂന്നുകാരൻ രാവിലെ മുതൽ വൈകുന്നേരം വരെ അവിടെ ഇരിക്കുന്നു. അല്ലെങ്കിൽ മുറ്റത്തെ ഒരു മരത്തില്‍ ചാരി നിന്നുകൊണ്ട് തന്‍റെ ലോകത്തെ വീക്ഷിക്കുന്നു - ആ വാതില്‍പ്പടിക്കും മരങ്ങളും പശുത്തൊഴുത്തുമുള്ള മുറ്റത്തിനുമപ്പുറം 11 മാസമായി അപൂര്‍വ്വമായേ അവന്‍റെ ലോകം നീണ്ടിട്ടുള്ളൂ.
റാശിൻ ഗ്രാമത്തിലെ മറ്റു കുട്ടികൾ പ്രതീകിന്‍റെ കൂടെ കളിക്കില്ല. "അവൻ എന്താണു പറയുന്നതെന്ന് ഇവിടുത്തെ കുട്ടികൾക്കു മനസ്സിലാവില്ല. അവൻ ഒറ്റയ്ക്കാകുന്നു”, 32-കാരിയായ അവന്‍റെ അമ്മ ശാരദാ റൗത്ത് വിശദീകരിക്കുന്നു. പ്രതീക് ഗ്രാമത്തിലെ ആൺകുട്ടികളിൽ നിന്നും, തന്‍റെ മൂത്ത മകനിൽ നിന്നു പോലും, വ്യത്യസ്തനാണെന്നതിന്‍റെ സൂചനകൾ അവർ നേരത്തെതന്നെ ശ്രദ്ധിച്ചിരുന്നു. 10 വയസ്സാകുന്നതു വരെ സംസാരിക്കുന്നതിനോ സ്വയം കാര്യങ്ങൾ നോക്കുന്നതിനോ അവനു പറ്റുമായിരുന്നില്ല.
8 വയസ്സുള്ളപോൾ പ്രതീകിന് ജനിതക തകരാർ മൂലമുള്ള ചെറിയ മനസിക വൈകല്യത്തിന്‍റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരുന്നു. അഹ്മദ്നഗർ ജില്ലയിലെ കർജേത് താലൂക്കിലെ അവന്‍റെ ഗ്രാമത്തിൽ നിന്നും ഏകദേശം 160 കിലോമീറ്റർ മാറി സോളാപൂരിൽ സർക്കാർ ഉടമസ്ഥതയിലുള്ള ഛത്രപതി ശിവാജി മഹാരാജ് സർവോപചാർ രുഗ്ണാലയാ (ജനറൽ ആശുപത്രി) യിലാണ് ഇതു നിർണ്ണയിച്ചത്. "10 വയസ്സുവരെ അവനു സംസാരിക്കാൻ കഴിഞ്ഞില്ല”, ശാരദ ഓർമ്മിക്കുന്നു. “പക്ഷേ പിന്നീടവൻ സ്ക്കൂളിൽ പോകാൻ തുടങ്ങുകയും അപ്പോൾ മുതൽ എന്നെ ആയി [അമ്മ] എന്നു വിളിക്കാൻ തുടങ്ങുകയും ചെയ്തു. കക്കൂസിലും കുളിക്കാനുമൊക്കെ ഇപ്പോൾ തനിയെ പോകുന്നു. എന്‍റെ മകന് സ്ക്കൂൾ വളരെ പ്രധാനപ്പെട്ടതാണ്. അവൻ കുറച്ച് അക്ഷരങ്ങൾ പഠിച്ചു. അതു തുടരുകയാണെങ്കിൽ അവൻ മെച്ചപ്പെടും. പക്ഷേ ഈ മഹാമാരി [പാൻഡമിക്]!" അവർ വിഷമത്തോടെ പറഞ്ഞു.
2020 മാർച്ചിൽ കോവിഡ്-19-ന്‍റെ തുടക്കത്തിൽ പ്രതീക് പഠിച്ചിരുന്ന റെസിഡൻഷ്യൽ സ്ക്കൂൾ അടച്ചു പൂട്ടി. അവിടെയുണ്ടായിരുന്ന ബുദ്ധിവൈകല്യമുള്ള 25 വിദ്യാർത്ഥികളിൽ ഒരാളായിരുന്നു അവൻ. 6 മുതൽ 18 വയസ്സുവരെയുള്ള ആൺകുട്ടികളായിരുന്നു അവരെയെല്ലാം. സ്ക്കൂള്‍ പൂട്ടിയതോടെ എല്ലാവരെയും കുടുംബത്തിലേക്കു മടക്കിയയച്ചു.











