വീട്ടുകാർ ഇടയ്ക്കിടയ്ക്ക് വിളിച്ച് അന്വേഷിക്കുന്നുണ്ടെന്ന് സോമ കടാലി പറയുന്നു. “ഞാൻ സുഖമായിരിക്കുന്നു” എന്ന് 85 വയസ്സുള്ള അദ്ദേഹം അവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു.
അകോലെയിൽനിന്ന് (അകോല എന്നും വിളിക്കുന്നു) അഹമ്മദ്നഗറിലെ (അഹമ്മദനഗർ എന്നും വിളിക്കുന്നു) ലോണിലേക്ക് കർഷകർ നടത്തുന്ന മൂന്ന് ദിവസത്തെ പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുകയാണ് (ഏപ്രിൽ 26-28) അകോല താലൂക്കിലെ വാറംഘുഷി ഗ്രാമത്തിൽനിന്നുള്ള ഈ കർഷകൻ. “ജീവിതം മുഴുവൻ ഞാൻ പാടത്ത് ജീവിച്ചു”, ഈ പ്രായത്തിലും ഇവിടേക്ക് വരേണ്ടിവന്നതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
“70 വർഷം കൃഷിപ്പണി ചെയ്ത എനിക്ക് ഇതിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ഞാൻ ഒരിക്കലും കരുതിയില്ല” 2.5 ലക്ഷത്തിന്റെ കടബാധ്യതയുള്ള ആ മനുഷ്യൻ പറയുന്നു. മഹാദേവ് കോലി ആദിവാസി സമുദായാംഗമാണ് കടാലി. ഗ്രാമത്തിൽ അഞ്ചേക്കർ ഭൂമി സ്വന്തമായുണ്ട്. ഇത്രമാത്രം അപ്രവചനീയമായ ഒരു കാലാവസ്ഥ ഒരിക്കലും കണ്ടിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“സന്ധിവേദനയുണ്ട്. നടക്കുമ്പോൾ മുട്ട് വേദനിക്കുന്നു. രാവിലെ എഴുന്നേൽക്കാൻ തോന്നില്ല. എന്നാലും നടക്കുന്നു”, അദ്ദേഹം പറഞ്ഞു.
അകോലെയിൽനിന്ന് 2023 ഏപ്രിലിന് തുടങ്ങിയ മൂന്ന് ദിവസത്തെ പ്രതിഷേധമാർച്ചിൽ പങ്കെടുക്കുന്ന ഏകദേശം 8,000 കർഷകരിൽ ഒരാളാണ് കടാലി. പ്രകടനം സംഗമനേറിലേക്ക് നീങ്ങിക്കൊണ്ടിരുന്നപ്പോൾ ട്രക്കുകളിലും ബസ്സുകളിലുമായി കൂടുതൽ കർഷകർ വന്നുകൊണ്ടിരുന്നു. അതേദിവസം വൈകീട്ടോടെ പ്രകടനം അവിടെയെത്തുമ്പോൾ ഏകദേശം 15,000 ആളുകളുണ്ടാവുമെന്ന്, അഖിലേന്ത്യാ കിസാൻ സഭ കണക്കുകൂട്ടുന്നു (എ.ഐ.കെ.എസ്)
4 മണിക്ക് അകോലെയിൽവെച്ച് നടന്ന പടുകൂറ്റൻ പൊതുസമ്മേളനത്തിനുശേഷമാണ് പ്രകടനം തുടങ്ങിയത്. എ.ഐ.കെ.എസ് പ്രസിഡന്റ് ഡോ. അശോക് ധവാലെയും മറ്റ് സംഘടനാഭാരവാഹികളും അതിൽ സന്നിഹിതരായിരുന്നു. കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് അടുത്ത മൂന്ന് ദിവസവും ജാഥയിൽ പങ്കെടുക്കുന്ന പ്രശസ്ത പത്രപ്രവർത്തകൻ പി. സായ്നാഥായിരുന്നു ആദ്യം സംസാരിച്ചത്. പ്രശസ്ത സാമ്പത്തികവിദഗ്ദ്ധൻ ആർ. രാംകുമാറും, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (എ.ഐ.ഡി.ഡബ്ല്യു.എ) ജനറൽ സെക്രട്ടറി മറിയം ധവാലെയുമായിരുന്നു മറ്റ് പ്രഭാഷകർ
“വാഗ്ദാനങ്ങൾ കേട്ട് ഞങ്ങൾക്ക് മടുത്തു. നടപ്പാക്കുകയാണ് ഞങ്ങൾക്ക് വേണ്ടത്”, എ.ഐ.കെ.എസ് ജനറൽ സെക്രട്ടറി അജിത്ത് നവാലെ പറയുന്നു. ഈ പ്രതിഷേധങ്ങളിൽ അധികവും സംഘടിപ്പിച്ചത് അദ്ദേഹമായിരുന്നു.
മഹാരാഷ്ട്ര റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടിലിന്റെ ലോണിയിലെ വീടിന് മുമ്പിൽ, ഏപ്രിൽ 28-നാണ് പ്രകടനം സമാപിക്കുക. കടുത്ത ചൂടും 39-നോടടുക്കുന്ന അന്തരീക്ഷോഷ്മാവുമുണ്ടായിട്ടും ഇതിൽ അണിചേരാൻ തീരുമാനിച്ചുറച്ച് വന്ന ഏറെ പ്രായം ചെന്ന പൌരന്മാരുടെ സാന്നിധ്യത്തിൽനിന്നുതന്നെ, ഈ കർഷകരുടെ നിരാശയും അമർഷവും മനസ്സിലാക്കാവുന്നതേയുള്ളു.
'വാഗ്ദാനങ്ങൾ കേട്ട് ഞങ്ങൾക്ക് മടുത്തു. നടപ്പാക്കുകയാണ് ഞങ്ങൾക്ക് വേണ്ടത്', എ.ഐ.കെ.എസ് ജനറൽ സെക്രട്ടറി അജിത്ത് നവാലെ പറയുന്നു
റവന്യൂ മന്ത്രിയുടെ വീട്ടിലേക്ക് മാർച്ച് ചെയ്യുന്ന ആയിരക്കണക്കിന് കർഷകരുടെ ദൃശ്യം സംസ്ഥാന സർക്കാരിനെ അമ്പരപ്പിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ചർച്ച ചെയ്യാൻ നിലവിലെ സർക്കാരിൽനിന്നുള്ള മൂന്ന് മന്ത്രിമാർ - റവന്യൂ, ഗോത്രകാര്യ, തൊഴിൽ മന്ത്രാലയങ്ങൾ - സ്ഥലത്തെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
എന്നാൽ ഭാർതി മംഗയെപ്പോലെയുള്ള പലരേയും അത്രയെളുപ്പത്തിൽ തണുപ്പിക്കാനാവില്ല. “ഇത് ഞങ്ങളുടെ അവകാശത്തിനുവേണ്ടിയാണ്. ഞങ്ങളുടെ ചെറുമക്കൾക്കുവേണ്ടി”, എഴുപത് വയസ്സായ ആ കർഷക പറയുന്നു. പാൽഘർ ജില്ലയിലെ ഇബാധ്പാഡ ഗ്രാമത്തിൽനിന്ന്, 200 കിലോമീറ്റർ സഞ്ചരിച്ച് പ്രകടനത്തിനെത്തിയതായിരുന്നു അവർ.
മംഗയുടെ കുടുംബം വർളി സമുദായക്കാരാണ്. തലമുറകളായി അവർ ഒരു രണ്ടേക്കർ സ്ഥലം കൃഷിചെയ്യുന്നുണ്ട്. എന്നാൽ ആ സ്ഥലത്തെ വനപ്രദേശമായിട്ടാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്. അവർക്ക് അതിൽ ഒരവകാശവുമില്ല. “എന്റെ കുടുംബത്തിനെ ആ സ്ഥലത്തിന്റെ അവകാശികളായി കണ്ടിട്ടുവേണം എനിക്ക് മരിക്കാൻ”.
മൂന്ന് ദിവസത്തേക്കായി എത്ര റൊട്ടികൾ കെട്ടിവെച്ചിട്ടുണ്ടെന്ന് അവർക്കറിയില്ല. “ധൃതിപിടിച്ച് ഒരുക്കിയതാണ്”, അവർ തുടർന്നു. കർഷകർ അവരുടെ അവകാശങ്ങൾക്കായി പ്രകടനം നടത്തുന്നുവെന്നും താൻ അതിൽ ഒരു അംഗമാണെന്നും മാത്രമേ അവർക്ക് അറിയാമായിരുന്നുള്ളു.
ഇവിടെ തടിച്ചുകൂടിയിരിക്കുന്ന ഈ ആയിരക്കണക്കിന് കർഷകരുടെ ആവശ്യങ്ങളൊന്നും പുതുതല്ല. 2018-ൽ ഭൂരിഭാഗവും ആദിവാസികളടങ്ങുന്ന കർഷകർ നാസിക്കിൽനിന്ന് മുംബൈയിലേക്ക് നടത്തിയ 180 കിലോമീറ്റർ ദൈർഘ്യമുള്ള ചരിത്രപ്രസിദ്ധമായ കിസാൻ ലോംഗ് മാർച്ചിനുശേഷം കർഷകർ സംസ്ഥാനവുമായി നിരന്തരമായ പോരാട്ടത്തിലാണ് (വായിക്കാം: The march goes on… )
വർദ്ധിച്ച ഉത്പാദനച്ചിലവ്, വിളകളുടെ വിലയിലെ ഇടിവ്, കാലാവസ്ഥാ വ്യതിയാനം എന്നിവയുടെ മാരകമായ ചേരുവമൂലം കുമിഞ്ഞുകൂടിയ കാർഷികവായ്പകൾ എഴുതിത്തള്ളണമെന്നാണ് കർഷകരുടെ സർക്കാരിനോടുള്ള ആവശ്യം. വിളവെടുക്കുമ്പോൾ ചിലവാക്കിയ പണം പോലും തിരിച്ചുകിട്ടാൻ കർഷകർ ബുദ്ധിമുട്ടുന്നു. കഴിഞ്ഞ രണ്ട് മഴക്കാലത്തെ അമിതമഴമൂലമുണ്ടായ വിളനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെടുകയാണ് അവർ. സംസ്ഥാന സർക്കാർ ഈ ആവശ്യങ്ങൾ അംഗീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അതിനുള്ള നടപടിയായിട്ടില്ല.
2006-ലെ വനാവകാശനിയമം കാര്യക്ഷമമായി നടപ്പാക്കണമെന്ന് വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഗോത്രജില്ലകളിലെ ആദിവാസി കർഷകർ
കോവിഡ് 19-നുശേഷം ലിറ്ററിന് 17 രൂപവെച്ച് പാൽ വിൽക്കേണ്ടിവന്ന ക്ഷീരകർഷകരുടെ നഷ്ടം പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് കർഷകപ്രവർത്തകരും ആവശ്യപ്പെടുന്നുണ്ട്.
ഒരിക്കൽ അകോലെ താലൂക്കിലെ ഷെൽവ്ഹീറിലെ കർഷകനായിരുന്ന ഗുൽചന്ദ് ജാംഗ്‌ലെക്കും ഭാര്യ കൌസബായിക്കും അവരുടെ ഭൂമി വിൽക്കേണ്ടിവന്നു. എഴുപത് കഴിഞ്ഞ ആ ദമ്പതികൾ ഇപ്പോഴും പറ്റിയാൽ ദിവസക്കൂലിക്ക് കാർഷികപണിക്ക് പോവുന്നു. മകനെ അവർ ഈ തൊഴിലിൽനിന്ന് അകറ്റിനിർത്തിയിരിക്കുകയാണ്. “അവൻ പുനെയിൽ തൊഴിലാളിയായി ജോലി ചെയ്യുന്നു. ഈ കൃഷിപ്പണിയിൽനിന്ന് പുറത്ത് കടക്കാൻ ഞാനവനോട് പറഞ്ഞു. ഇതിൽ ഒരു ഭാവിയുമില്ല:, ജാംഗ്‌ലെ പാരിയോട് പറഞ്ഞു.
ഭൂമി വിറ്റതിനുശേഷം ജാംഗ്‌ലെയും ഭാര്യ കൌസാബായിയും ചേർന്ന് എരുമകളെ വളർത്തി പാൽ വിൽക്കുന്നു. “കോവിഡ് 19-നുശേഷം ജീവിക്കാൻ ബുദ്ധിമുട്ടായിത്തുടങ്ങി”, അദ്ദേഹം പറയുന്നു.
പ്രകടനത്തിൽ പങ്കെടുക്കണമെന്ന് നിശ്ചയിച്ചുറച്ച അദ്ദേഹം പറയുന്നു. “എന്റെ മൂന്ന് ദിവസത്തെ കൂലി വേണ്ടെന്ന് വെച്ചാണ് ഞാൻ ഈ പ്രതിഷേധമാർച്ചിന് വന്നത്. മൂന്ന് ദിവസം ഈ ചൂടുമേറ്റ് നടന്നതുകൊണ്ട് ഈ പ്രായത്തിൽ എനിക്ക് പെട്ടെന്ന് ജോലിക്ക് പോകാനും പറ്റില്ല. അഞ്ച് ദിവസത്തെ ജോലി നഷ്ടമായെന്ന് കണക്കാക്കാം”.
എന്നാൽ മറ്റുള്ള ആയിരങ്ങളെപ്പോലെ, തന്റെ ശബ്ദവും കേൾക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു. “ആയിരക്കണക്കിന് കർഷകർ തോളോടുതോൾ ചേർന്ന് നടക്കുന്നത് കാണുമ്പോൾ നമുക്കുതന്നെ സ്വയം ഒരു സന്തോഷം തോന്നും. ഒരു ചെറിയ പ്രതീക്ഷയും സമാശ്വാസവും അത് നമുക്ക് തരുന്നു. ഞങ്ങൾക്ക് അത്തരം അനുഭവങ്ങൾ അപൂർവ്വമാണ്”.
പിൻകുറിപ്പ്:
മാർച്ചിന്റെ രണ്ടാം ദിവസം, 27 ഏപ്രിൽ 2023-ന് കർഷകനേതാക്കളെ സംഗമനേറിൽവെച്ച് സന്ദർശിക്കാനും അവരുടെ ആവശ്യങ്ങൾ വിശദമായി ചർച്ചചെയ്യാനുമായി, മഹാരാഷ്ട്ര സർക്കാർ മൂന്ന് കാബിനറ്റ് മന്ത്രിമാരെ - റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖെ പാട്ടിൽ, തൊഴിൽവകുപ്പ് മന്ത്രി സുരേഷ് ഖാഡെ, ഗോത്രവികസന വകുപ്പ് മന്ത്രി വിജയ് കുമാർ ഗാവിറ്റ് എന്നിവരെ - അടിയന്തിരമായി നിയോഗിച്ചു.
ഒത്തുതീർപ്പിലെത്താനുള്ള സമ്മർദ്ദത്താലും, 15,000-ത്തോളം ആദിവാസി കർഷകർ റവന്യൂ മന്ത്രിയുടെ ലോണിലുള്ള വസതിയിലെത്തുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനുമായി അവർ മൂന്ന് മണിക്കൂറോളം നേരം ചർച്ച ചെയ്ത് കർഷകർ മുന്നോട്ടുവെച്ച ഒട്ടുമിക്ക ആവശ്യങ്ങളും അംഗീകരിച്ചു. അതനുസരിച്ച്, മാർച്ച് തുടങ്ങിയതിന്റെ പിറ്റേന്ന്, അഖിലേന്ത്യാ കിസാൻ സഭയും മറ്റുള്ളവരും പ്രതിഷേധ മാർച്ച് പിൻവലിക്കുകയും ചെയ്തു.
പരിഭാഷ: രാജീവ് ചേലനാട്ട്