72 വയസ്സുള്ള ആദിലക്ഷ്മിയുടെ വീട്ടിലേക്കുള്ള വഴി കുത്തനെയുള്ള ഒരു കയറ്റമാണ്. കഴിഞ്ഞ വർഷം കാലിനു ശസ്ത്രക്രിയ കഴിഞ്ഞ ശേഷം അവർ അതുപോലും കയറാൻ ബുദ്ധിമുട്ടുകയാണ്. തെക്കേ ബംഗലൂരുവിലെ സുദ്ധഗുണ്ടേ പാളയ പ്രദേശത്തെ ഭവാനി നഗർ ചേരിയിലെ കോളനിയിലാണ് അവരുടെ ഒറ്റമുറി വീട്. മറ്റ് ആറംഗങ്ങൾ ഉള്ള കുടുംബവുമായി അവർ അവിടെയാണ് കഴിയുന്നത്.
ആദിലക്ഷ്മിയും ഭർത്താവ് കുന്നയ്യറാമും (83) മുപ്പത് വർഷങ്ങൾക്ക് മുൻപ് തമിഴ്‌നാട്ടിലെ മധുര ജില്ലയിൽ നിന്നും ജോലിതേടി ബംഗലൂരുവിലേക്ക് കുടിയേറിയവരാണ്. ഭർത്താവിന് ആശാരിയായി ജോലി കിട്ടിയപ്പോൾ ആദിലക്ഷ്മി രണ്ടു ആണ്മക്കളെയും രണ്ടു പെൺമക്കളെയും വളർത്തി.
“എനിക്ക് വയസ്സായി എന്നതുകൊണ്ട് എനിക്ക് ഭക്ഷണം കഴിക്കേണ്ട ആവശ്യമില്ല എന്നർത്ഥമുണ്ടോ?” അവർ ചോദിക്കുന്നു. ഇതേ ചോദ്യം തന്നെ നിർഭാഗ്യവശാൽ കഴിഞ്ഞ ആറു മാസമായി അവർ ആവർത്തിച്ചുകൊണ്ടേ ഇരിക്കുന്നു. അവർക്കും അവരുടെ ഭർത്താവിനും മാസം തോറും ലഭിക്കേണ്ട 7 കിലോ സൗജന്യ അരി ലഭിക്കാത്തതിനെ തുടർന്നാണിത്. അരിയോടൊപ്പം 150 രൂപ കൊടുത്തു ലഭിച്ചിരുന്ന സബ്‌സിഡി നിരക്കിലുള്ള ഉപ്പ്, പഞ്ചസാര, പാമോയിൽ, സോപ്പ് എന്നിവയും നിലച്ചിരിക്കുന്നു.
എന്തുകൊണ്ടാണ് ഈ വയോധിക ദമ്പതികൾക്ക് റേഷൻ നിഷേധിക്കപ്പെട്ടത്? വീട്ടിൽ നിന്നും 2 കിലോമീറ്റർ അകലെയുള്ള സ്ഥിരമായി അവർ പോകാറുള്ള റേഷൻ കടയിലെ യന്ത്രത്തിൽ രണ്ടുപേരുടെയും ആധികാരികമായ കൈവിരലടയാളം പ്രവർത്തിക്കുന്നില്ല എന്നതാണ് കാരണം. ബംഗലൂരുവിലെ 1800 ഓളം റേഷൻ കടകളിൽ ഇത്തരം ചെറിയ യന്ത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റേഷൻ കടയിലെ വിരലടയാളം പതിയാത്തതിനാൽ കുന്നയ്യറാമിനും ആദിലക്ഷ്മിക്കും കഴിഞ്ഞ ആറുമാസമായി സബ്സിഡി നിരക്കിലുള്ള റേഷൻ ലഭിച്ചിട്ടില്ല.







