കൊമ്പ് വിളിച്ചുകൊണ്ട് മരിക്കണമെന്നാണ് എം. കറുപ്പയ്യ ആഗ്രഹിക്കുന്നത്. യുദ്ധക്കളങ്ങളില്‍ യുദ്ധകാഹളം മുഴക്കുന്നതിനായി ഉപയോഗിച്ചു കൊണ്ടിരുന്ന ഉപകരണമായാണ് ചരിത്രത്തില്‍ ഇതിനെ കാണാവുന്നത്. മരിക്കുന്നതിനുള്ള സംഗീതം എന്ന് വേണമെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ പറയാം. പിച്ചള അല്ലെങ്കില്‍ ഓട് ഉപയോഗിച്ചുകൊണ്ട് ആനയുടെ തുമ്പിക്കൈയുടെ രൂപത്തില്‍ ഉണ്ടാക്കുന്ന ഈ കൊമ്പ് വിളിച്ചുകൊണ്ട് ലോകം വിടണമെന്ന് കറുപ്പയ്യ ആഗ്രഹിക്കുന്നതിനുള്ള കാരണം പക്ഷെ ഇതല്ല.
കറുപ്പയ്യയെ (49) സംബന്ധിച്ചിടത്തോളം കൊമ്പ് ഒരു മഹത്തായ കലാരൂപമാണ്. നാലാം തലമുറയില്‍പ്പെട്ട കൊമ്പുവിളിക്കാരനാണ് അദ്ദേഹം. ജീവിക്കുന്നതിനായി മധുരയിലെ തന്‍റെ ഗ്രാമത്തില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ നിര്‍ബ്ബന്ധിനാകുന്ന അദ്ദേഹം അതിനേക്കാള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഈ ഉപകരണത്തെയാണ്.
ഏകദേശം മൂന്ന് ദശകങ്ങള്‍ മുമ്പുവരെ ഈ കല “ഉയര്‍ന്ന” രൂപത്തിലായിരുന്നുവെന്ന് കറുപ്പയ്യ പറയുന്നു. 1991-ല്‍ മുഖ്യമന്ത്രി ജെ. ജയലളിതക്കുവേണ്ടി കൊമ്പ് വിളിച്ചത് അദ്ദേഹം ഓര്‍മ്മിച്ചു. “അവര്‍ ഞങ്ങളോട് ഒരിക്കല്‍ക്കൂടി വായിക്കാന്‍ പറഞ്ഞു. അവര്‍ക്കിതില്‍ വളരെയധികം മതിപ്പ് തോന്നിയിരുന്നു.”
പക്ഷെ നിലവില്‍ അദ്ദേഹത്തെയും മറ്റ് കൊമ്പുവിളി കലാകാരന്മാരെയും സംബന്ധിച്ചിടത്തോളം ഈ ജോലി തിരുപ്പാറന്‍കുണ്ട്രം ബ്ലോക്കിലെ മേളക്കുയില്‍കുടി ഗ്രാമത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നാണ്. നേരത്തെതന്നെ വളര്‍ച്ച കുറയുകയും നിലവിലെ ജനകീയ സംസ്കാരത്താല്‍ മാറ്റപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന ഈ താളാത്മക കലാരൂപം 2020 മാര്‍ച്ചില്‍ കോവിഡ്-19-നെത്തുടര്‍ന്ന് ആരംഭിച്ച ലോക്ക്ഡൗണുകള്‍ കാരണം വലിയ പ്രശ്നം നേരിടുന്നു. കലാകാരന്‍മാര്‍ക്ക് ജോലിയില്ല – പണവുമില്ല.
ജോലിയുള്ള സമയത്ത് – ക്ഷേത്രങ്ങളിലോ പൊതുപരിപാടികളിലോ ശവസംസ്കാര ചടങ്ങുകളിലോ കൊമ്പ് വിളിക്കുമ്പോള്‍ - ഒരു പ്രകടനത്തിന് 700 മുതല്‍ 1000 രൂപവരെ കറുപ്പയ്യയ്ക്ക് ലഭിക്കാറുണ്ട്. “കഴിഞ്ഞവര്‍ഷം മുതല്‍ ലോക്ക്ഡൗണ്‍ കാരണം അളഗര്‍ കോവില്‍ തിരുവിഴായ്ക്ക് ഞങ്ങള്‍ കൊമ്പ് വിളിച്ചിട്ടില്ല. ആ സമയത്ത് ഞങ്ങള്‍ക്ക് 8 ദിവസത്തെ ജോലി ലഭിക്കുമായിരുന്നു.” മധുര നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന അളഗര്‍ കോവില്‍ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിന് (ഏപ്രില്‍-മെയ്) കൊമ്പുവിളി കലാകാരന്മാര്‍ പ്രകടനം നടത്തുമായിരുന്നു. ലക്ഷക്കണക്കിന് ഭക്തര്‍ കൂടിച്ചേരുന്ന ഉത്സവമാണിത്.
“എല്ലാവര്‍ക്കും കൊമ്പ് വിളിക്കാന്‍ പറ്റില്ല. ഇതിന് വളരെ വൈദഗ്ദ്യം ആവശ്യമാണ്”, നാടന്‍ കലാകാരന്‍മാരെയും കലകളെയും പിന്തുണയ്ക്കുന്ന ആള്‍ട്ടര്‍നേറ്റീവ് മീഡിയ സെന്‍റര്‍ (എ.എം.സി.) എന്ന ചെന്നൈയിലുള്ള സംഘടനയുടെ സ്ഥാപകനായ ആര്‍. കാളീശ്വരന്‍ പറയുന്നു. ഒരു പരിപാടിയുടെ തുടക്കത്തിലും പിന്നീട് ഇടയ്ക്ക് പല സമയങ്ങളിലുമാണ് ഉപകരണം വായിക്കുന്നത്, തുടര്‍ച്ചയായല്ല. അതിനാല്‍ കലാകാരന്മാര്‍ സാധാരണയായി 15 മിനിറ്റ് ഉപകരണം വായിക്കുകയും പിന്നീട് 5 മിനിറ്റ് വിശ്രമിക്കുകയും ചെയ്തശേഷം വീണ്ടും 15 മിനിറ്റ് വായിക്കുന്നു. “കലാകാരന്‍ നന്നായി ശ്വാസം എടുത്തശേഷം അതിലേക്കു [കൊമ്പിലേക്ക്] ഊതുന്നു.” ശ്വാസോച്ഛ്വാസത്തിലുള്ള അവരുടെ പ്രാവീണ്യത്തിന് നന്ദി. നൂറ് വയസ്സിനടുത്ത് പ്രായമുള്ള കലാകാരന്മാര്‍ ഇപ്പോഴുമുണ്ടെന്ന് കാളീശ്വരന്‍ ചൂണ്ടിക്കാണിച്ചു.











