തിങ്കളാഴ്ച ദിവസം രാവിലെ 11 മണിക്ക് മുനേശ്വർ മാഞ്ജി, തന്റെ കുമ്മായം തേക്കാത്ത, ശോചനീയമായ സ്ഥിതിയിലുള്ള വീടിന്റെ മുമ്പിലുള്ള ചായ്പിൽ വിശ്രമിക്കുകയാണ്. ആ തുറന്ന സ്ഥലത്ത്, വെയിലിൽനിന്ന് രക്ഷപ്പെടാൻ മുളങ്കാലുകളിൽ നീലനിറത്തിലുള്ള പോളിത്തീൻ ഷീറ്റുകൾ കെട്ടിവെച്ചിരുന്നു. പക്ഷേ അതുകൊണ്ട് അന്തരീക്ഷത്തിലെ വിങ്ങലിൽനിന്ന് രക്ഷപ്പെടാനാവില്ല. “കഴിഞ്ഞ 15 ദിവസമായി ഒരു ജോലിയും കിട്ടിയിട്ടില്ല”, പാറ്റ്ന നഗരത്തിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള കാകോ പട്ടണത്തിലെ മുസാഹരി തോലയിൽ താമസിക്കുന്ന മുനേശ്വർ പറയുന്നു.
മുസാഹരി തോലയിൽ 60-ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ദളിത് സമുദായമായ മുസാഹരികൾ താമസിക്കുന്ന സ്ഥലത്തിനാണ് മുസാഹരി തോല എന്ന് പറയുന്നത്. സമീപത്തുള്ള പാടത്ത് ജോലി ചെയ്ത് കിട്ടുന്ന ദിവസക്കൂലികൊണ്ടാണ് മുനേശ്വരും മറ്റുള്ളവരും ജീവിക്കുന്നത്. പക്ഷേ സ്ഥിരമായ ജോലിയൊന്നും കിട്ടാറില്ലെന്ന് മുനേശ്വർ പറയുന്നു. വിരിപ്പു വിളകളും റാബി വിളകളും വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്ന കൊല്ലത്തിലെ 3 - 4 മാസങ്ങൾ മാത്രമേ തൊഴിലുണ്ടാവാറുള്ളൂ. ഏറ്റവും ഒടുവിൽ ജോലി ചെയ്തത്, രജപുത് സമുദായത്തിലെ ഭൂവുടമയായ ഒരു ‘ബാബു സാബി’ന്റെ കൃഷിയിടത്തിലായിരുന്നു. “എട്ടു മണിക്കൂർ പണിയെടുത്താൽ 150 രൂപ കിട്ടും. കാശായിട്ടോ അരിയായിട്ടോ”. അദ്ദേഹം പറയുന്നു. കാശിന് പകരം കിട്ടുന്ന ധാന്യം കൊണ്ട് നാലഞ്ച് റൊട്ടിയും അരിയും പരിപ്പും ഒരു കറിയും കഴിക്കാനാവും.
ഭൂവുടമകൾ തങ്ങളുടെ ഭൂമിയുടെ ഒരു ഭാഗം ഭൂരഹിതർക്ക് സംഭാവനയായി കൊടുത്തിരുന്ന പഴയകാല ഭൂദാൻ പ്രസ്ഥാനത്തിന്റെ കാലത്ത് അദ്ദേഹത്തിന്റെ മുത്തച്ഛന് 3 ബിഗ കൃഷിസ്ഥലം (ഏകദേശം 0.75 ഹെക്ടർ) കിട്ടിയെങ്കിലും അതുകൊണ്ട് വലിയ ഗുണമൊന്നുമുണ്ടായില്ല. “ഞങ്ങൾ താമസിക്കുന്ന സ്ഥലത്തുനിന്ന് 3 കിലോമീറ്റർ അകലെയായിരുന്നു അത്. എന്തെങ്കിലും നട്ടുപിടിപ്പിച്ചാൽ, മൃഗങ്ങൾ വന്ന് അത് തിന്നുതീർക്കും. ഞങ്ങൾക്ക് നഷ്ടം മാത്രവും”, മുനേശ്വർ പറയുന്നു.
മുനേശ്വറിന്റെ കുടുംബവും മറ്റുള്ളവരും ജീവിച്ചുപോവുന്നത്, മഹുവാദാരു വാറ്റിയിട്ടും വിറ്റിട്ടുമാണ്. മഹുവ വൃക്ഷത്തിലെ പൂക്കളിൽനിന്നുണ്ടാക്കുന്ന മദ്യമാണ് മഹുവാദാരു.
ഇതൊരു അപകടം പിടിച്ച തൊഴിലാണ്. 2016-ലെ ബിഹാർ മദ്യനിരോധന, എക്സൈസ് ആക്ട് എന്ന കർശനമായ നിയമത്താൽ എല്ലാ മദ്യങ്ങളുടേയും ലഹരിപദാർത്ഥങ്ങളുടേയും നിർമ്മാണവും, കൈവശം വെക്കലും, വില്പനയും, ഉപഭോഗവും ബിഹാറിൽ കർശനമായി വിലക്കിയിട്ടുണ്ട്. ‘നാടൻ മദ്യം’, ‘പരമ്പരാഗത മദ്യം’ എന്ന വിഭാഗത്തിൽ വരുന്ന മഹുവാദാരുവും ഈ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.










