ഒരു കാലത്ത് അയാൾ ഏകാധിപതിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായിരുന്നു; വിശ്വസ്ത മിത്രവും ഉപദേശകനുമായിരുന്നു. സ്നേഹത്തെയും ഭക്ഷണത്തെയും പറ്റിയുള്ള കഥകൾ അവർ പങ്കുവച്ചു. രാജസദസ്സിന്‍റെ ഉയിര് തന്നെയായിരുന്നു അയാൾ. പിന്നെ എവിടെയാണ് അയാൾക്ക് പിഴച്ചത്? എപ്പോഴാണ് ഇതെല്ലാം സംഭവിച്ചത്? ഇരുട്ടുറഞ്ഞ ജയിൽ മുറിയിലിരുന്ന് വിദൂഷകൻ, തനിക്കും രാജാവിനും ഇടയിൽ പൊടുന്നനെ സംഭവിച്ചത് എന്തെന്ന് ചുഴിഞ്ഞ് ആലോചിച്ചു കൊണ്ടിരുന്നു. തിരുമനസ്സിന് നീരസം ഉണ്ടാക്കിയത് എന്താണ്? ഒരു വിശദീകരണം പോലും നൽകേണ്ടതില്ലാത്ത തരത്തിലേയ്ക്ക് അകന്നു പോയോ തങ്ങൾ? തന്‍റെ ജീവിതത്തിൽ ഉണ്ടായ പരിഹാസ്യമായ ഈ പതനമോർത്ത് എന്തുകൊണ്ടോ വിദൂഷകന് ചിരിക്കാൻ കഴിഞ്ഞില്ല.
എന്നാൽ തലസ്ഥാനത്ത് നാടകീയമായ മാറ്റങ്ങൾ സംഭവിച്ചു കഴിഞ്ഞിരുന്നു. അവിടം പ്ലേറ്റോയുടെ റിപ്പബ്ലിക്കോ ഓഷ്യാനിയയോ ഇന്ത്യയോ എന്നത് പ്രസക്തമായിരുന്നില്ല. എല്ലായിടത്ത് നിന്നും എല്ലാ തരത്തിലുമുള്ള ചിരിയും തുടച്ചു നീക്കണമെന്ന രാജശാസനം മാത്രമായിരുന്നു മുഴങ്ങിയിരുന്നത്. ആക്ഷേപഹാസ്യം, ശുഭാന്തനാടകം, ഹാസ്യാനുകരണം, തമാശകൾ, കാർട്ടൂണുകൾ, ഹാസ്യപരമ്പരകൾ, പാരഡികൾ എന്നുവേണ്ട നർമ്മകവിതകളും ഹാസ്യം കലർന്ന ദ്വയാർത്ഥ പ്രയോഗങ്ങളും പോലും നിരോധിക്കപ്പെട്ടിരുന്നു.
ഭരണകൂടം അടിച്ചിറക്കുന്ന ചരിത്രങ്ങൾക്കും യഥാർത്ഥ നേതാക്കന്മാരുടെ ജീവചരിത്രങ്ങൾക്കും പുറമേ, യഥാർത്ഥ ദൈവങ്ങളെയും ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയ, ദേശഭക്തരായ വീരന്മാരെയും പ്രകീർത്തിക്കുന്ന മഹാകാവ്യങ്ങൾ (അതും അധികാരികമായതും ചിരിപ്പോലീസ് പരിശോധിച്ച് അംഗീകരിച്ചവയും മാത്രം) മാത്രമേ പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നുള്ളൂ. വായനക്കാരുടെ മനസ്സിനെ ത്രസിപ്പിക്കുന്ന, വികാരവിചാരങ്ങളെ ഉണർത്തിയെടുക്കുന്ന ഒന്നും തന്നെ പുറത്തിറക്കാൻ അനുമതിയുണ്ടായിരുന്നില്ല. ചിരി എന്നത് ബാലിശമായി മുദ്രകുത്തപ്പെട്ടു- കോടതി മുറികളിൽ നിന്നും പാർലമെന്‍റ് മന്ദിരങ്ങളിൽ നിന്നും തീയേറ്ററുകളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ടെലിവിഷനുകളിൽ നിന്നും ഫോട്ടോഗ്രാഫുകളിൽ നിന്നും കുഞ്ഞുങ്ങളുടെ മുഖങ്ങളിൽ നിന്നുമെല്ലാം നിരോധിക്കേണ്ട ഒന്ന്…



