രാധയുടെ ധൈര്യത്തിന് അവർ വളർത്തിയ നായകൾക്ക് വിലകൊടുക്കേണ്ടി വന്നു. ആദ്യത്തേതിന്‍റെ തല മുറിച്ചുകളഞ്ഞു. രണ്ടാമത്തേതിന് വിഷം നൽകി. മൂന്നുമത്തേതിനെ കാണാതായി. നാലാമത്തേതിനെ അവരുടെ സാന്നിദ്ധ്യത്തിൽ കൊന്നു. "എന്‍റെ ഗ്രാമത്തിലെ പ്രബലരായ നാല് പുരുഷന്മാർ എന്നോടു ചെയ്ത പ്രവൃത്തി നിമിത്തം ഇപ്പോൾ ജയിലിലാണ്”, അവർ പറഞ്ഞു. "ബലാൽസംഗ കേസ് ഒത്തുതീർപ്പാക്കത്തതിൽ അവരെന്നെ വെറുത്തു.”
ഏകദേശം 6 വർഷങ്ങൾക്കു മുൻപാണ് 4 പുരുഷന്മാർ രാധയെ (അവരുടെ യഥാർത്ഥ പേരല്ല) ലൈംഗികമായി ആക്രമിച്ചത്. തന്‍റെ ഗ്രാമത്തിൽനിന്നും (ബീഡ് ജില്ലയിൽ, 100 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന) ബീഡ് നഗരത്തിലേക്ക് പോവുകയായിരുന്ന സമയത്താണ് ലിഫ്റ്റ് നൽകാമെന്ന വ്യാജ്യേന ഒരു സ്വകാര്യ വാഹനത്തിന്‍റെ ഡ്രൈവര്‍ അവരെ തട്ടിക്കൊണ്ടു പോയത്. അയാളും അതേ ഗ്രാമത്തിൽ നിന്നു തന്നെയുള്ള മൂന്നു സുഹൃത്തുക്കളും ചേർന്ന് പിന്നീടവരെ ബലാൽസംഗം ചെയ്തു.
"അതിനുശേഷം ആഴ്ചകളോളം ഞാൻ അസ്വസ്ഥയായിരുന്നു”, 40-കാരിയായ രാധ താൻ നേരിട്ട ആഘാതത്തെക്കുറിച്ച് പറഞ്ഞു. "നിയമം മുഖേന അവരെ ശിഷിക്കാൻ ഞാൻ തീരുമാനിച്ചു, അങ്ങനെ ഞാൻ പോലീസിൽ പരാതി നൽകി.”
തനിക്കു നേരെ ആക്രമണം നടന്ന സമയത്ത് രാധ ബീഡ് നഗരത്തിൽ ഭർത്താവിനോടും കുട്ടികളോടുമൊപ്പം താമസിക്കുകയായിരുന്നു. "എന്‍റെ ഭർത്താവ് അവിടെയൊരു ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. ഞങ്ങളുടെ കൃഷിയിടം നോക്കാൻ ഞാൻ ഇടയ്ക്ക് ഗ്രാമത്തിലേക്ക് പോകുമായിരുന്നു”, അവർ പറഞ്ഞു.
പരാതി നൽകിയതിനുശേഷം കേസ് പിൻവലിക്കാൻ രാധയ്ക്കുമേൽ സമ്മർദ്ദമേറി. കുറ്റവാളികളും അവരുടെ ബന്ധുക്കളും ഗ്രാമ പഞ്ചായത്ത് അംഗങ്ങളുമായി അടുത്ത ബന്ധമുള്ളവരും ഗ്രാമത്തിലെ സ്വാധീനമുള്ള ആളുകളുമായിരുന്നു. "ഞാൻ സമ്മർദ്ദം നേരിട്ടു. പക്ഷെ ഗ്രാമത്തിൽനിന്ന് മാറിയായിരുന്നു ഞാൻ താമസിച്ചിരുന്നത്. നഗരത്തിൽ എന്നെ പിന്തുണയ്ക്കുന്നവരുണ്ടായിരുന്നു. എനിക്ക് എന്തൊക്കെയോ സുരക്ഷിതത്വവും ആത്മവിശ്വാസവും തോന്നി.”
പക്ഷെ, 2020 മാർച്ചിൽ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം അവരുടെ സുരക്ഷയുടെ മറ അഴിഞ്ഞുവീണു. ദേശീയ വ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനുശേഷം അവരുടെ ഭർത്താവ് മനോജിന് (യഥാർത്ഥ പേരല്ല) ജോലി നഷ്ടപ്പെട്ടു. "പ്രതിമാസം 10,000 രൂപ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു”, രാധ പറഞ്ഞു. "വാടകയ്ക്കെടുത്ത ഫ്ലാറ്റിലായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. പക്ഷേ മനോജിന് ജോലി പോയതിനുശേഷം ഞങ്ങൾക്ക് വാടക കൊടുക്കാൻ പറ്റാതായി. കഴിഞ്ഞുകൂടാൻ ബുദ്ധിമുട്ടായിത്തീർന്നു."
മറ്റൊരു മാർഗ്ഗവുമില്ലാതെ രാധയും മനോജും കുട്ടികളും വിമുഖതയോടെ ഗ്രാമത്തിലേക്ക് താമസത്തിനായി വന്നു – രാധ ബലാൽസംഗം ചെയ്യപ്പെട്ട അതേ സ്ഥലം. "ഞങ്ങൾക്കിവിടെ മൂന്നേക്കർ ഭൂമിയുണ്ട്, അതുകൊണ്ട് ഞങ്ങളിവിടെ താമസിക്കാൻ വന്നു. മറ്റൊന്നും ഞങ്ങൾക്ക് ചിന്തിക്കാൻ കഴിഞ്ഞില്ല”, അവർ പറഞ്ഞു. സ്വന്തം സ്ഥലത്ത് ഒരു കുടിലിലാണ് കുടുംബം ഇപ്പോഴവർ താമസിക്കുന്നത്. രാധ അവിടെ പരുത്തിയും മണിച്ചോളവും കൃഷി ചെയ്യുന്നു.
ഗ്രാമത്തിലേക്ക് അവർ നീങ്ങിയ നിമിഷംതന്നെ കുറ്റം ചെയ്തവരുടെ കുടുംബം രാധയെ ലക്ഷ്യമിട്ടിരുന്നു. "കേസ് തുടരുകയായിരുന്നു. പിൻവലിക്കാനുള്ള സമ്മർദ്ദം വളരെ വർദ്ധിച്ചു”, അവർ പറഞ്ഞു. പക്ഷെ, അവർ പിൻവാങ്ങാൻ വിസമ്മതിച്ചപ്പോൾ സമ്മർദ്ദം തുറന്ന ഭീഷണിയായി മാറി. "ഗ്രാമത്തിൽ ഞാനവരുടെ മുന്നിൽത്തന്നെ ഉണ്ടായിരുന്നു. ഇത് എന്നെ ഭീഷണിപ്പെടുത്തുന്നതും ബുദ്ധിമുട്ടിക്കുന്നതും എളുപ്പമാക്കിത്തീർത്തു”, രാധ പറഞ്ഞു. അവർ ഭീഷണിക്ക് വഴങ്ങിയില്ല.




