ആര്‍. കൈലാസം സാധാരണയായി ആശയക്കുഴപ്പത്തോടെയാണ് ബാങ്ക് വിടാറുള്ളത്. “പാസ്ബുക്ക് പുതുക്കാനായി ബാങ്കില്‍ ചെല്ലുമ്പോഴൊക്കെ മെഷീന്‍ നന്നാക്കിക്കൊണ്ടിരിക്കുകയാണ്, മറ്റൊരു ദിവസം വരൂ എന്നൊക്കെ പറഞ്ഞുകൊണ്ട് അവര്‍ എന്നെ പറഞ്ഞയയ്ക്കുന്നു”, അദ്ദേഹം പറഞ്ഞു.
തന്‍റെ ഗ്രാമമായ ബംഗലമേട്ടില്‍നിന്നും രണ്ടു മണിക്കൂറോളം നടന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള കെ.ജി. കണ്ടിഗൈ പട്ടണത്തിലുള്ള ബാങ്കില്‍ എത്തുമ്പോഴാണ് അവര്‍ ഇങ്ങനെ പറയുന്നത്. (ഒരു വര്‍ഷം മുമ്പുവരെ പകുതിദൂരം ബസ് ലഭിക്കുമായിരുന്നു. ഇപ്പോള്‍ അത് നിര്‍ത്തലാക്കിയിരിക്കുന്നു.)
ബാങ്കിലാണ് അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ സമരം ആരംഭിക്കുന്നത്. തമിഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ കെ.ജി.കണ്ടിഗൈയിലുള്ള കാനറാ ബാങ്കിന്‍റെ ബ്രാഞ്ചില്‍ പാസ്ബുക്ക് പതിപ്പിക്കുന്നതിനായി സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു മെഷീന്‍ ഉണ്ട്. അതുപയോഗിക്കാന്‍ കൈലാസം ഒരിക്കലും പ്രാപ്തനായിരുന്നില്ല. “ഞാന്‍ ചെയ്യുമ്പോള്‍ അത് പ്രവര്‍ത്തിക്കുന്നില്ല”, അദ്ദേഹം പറഞ്ഞു.
ഒരുദിവസം രാവിലെ അദ്ദേഹം എന്നോട് ബാങ്കിംഗ് പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. തൊട്ടടുത്ത് തറയില്‍ ഒരു വേലിക്കാതന്‍ മരത്തിന്‍റെ (സാലിമരം) ചെറിയ തണലത്ത് ഇരിക്കുകയായിരുന്ന സ്ത്രീകളും സംസാരത്തില്‍ പങ്കുകൊണ്ടു. “ താത്താ [മുത്തശ്ശന്‍], നിങ്ങളുടെ കൈയിലുള്ള ബുക്കില്‍ ഒരു സ്റ്റിക്കര്‍ ഉണ്ടെങ്കിലേ പതിപ്പിക്കാന്‍ പറ്റൂ”, അവരിലൊരാള്‍ പറഞ്ഞു. അവര്‍ പറഞ്ഞത് ശരിയായിരുന്നു: മെഷീന്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഒരു ബാര്‍കോഡ് കൈലാസത്തിന്‍റെ പാസ്ബുക്കില്‍ ഇല്ലായിരുന്നു. “എന്തുകൊണ്ട് അവര്‍ സ്റ്റിക്കര്‍ തന്നില്ല എന്ന് എനിക്കറിയില്ല. ഇക്കാര്യങ്ങളൊന്നും എനിക്കറിയില്ല”, അദ്ദേഹം പറഞ്ഞു. സ്ത്രീകളും ഉറപ്പൊന്നുമില്ലാതെ ഊഹാപോഹങ്ങള്‍ പങ്കുവച്ചു: “നിങ്ങള്‍ക്ക് [എ.റ്റി.എം.] കാര്‍ഡ് കിട്ടുമ്പോള്‍ സ്റ്റിക്കറും കിട്ടേണ്ടതാണ്”, ഒരാള്‍ പറഞ്ഞു. “നിങ്ങള്‍ 500 രൂപ മുടക്കി പുതിയൊരു അക്കൗണ്ട് എടുക്കണം”, മറ്റൊരാള്‍ പറഞ്ഞു. “സീറോ അക്കൗണ്ട് ആണെങ്കില്‍ നിങ്ങള്‍ക്കത് കിട്ടില്ല”, മൂന്നാമത്തെ സ്ത്രീ പറഞ്ഞു. കൈലാസം ആശയക്കുഴപ്പത്തിലായി.
ബാങ്കിംഗ് യുദ്ധത്തില്‍ അദ്ദേഹം ഒറ്റയ്ക്കല്ല. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതും പണം പിന്‍വലിക്കുന്നതും വരുമാനം നോക്കുന്നതും ബംഗലമേട്ടിലുള്ള പലര്‍ക്കും എളുപ്പമുള്ള കാര്യമല്ല. തിരുത്തനി ബ്ലോക്കില്‍ കുറ്റിക്കാടുകളുള്ള ഒരു തുറന്ന സ്ഥലത്തിനു മദ്ധ്യേ ഒരു ഒറ്റത്തെരുവുമായി ബന്ധപ്പെട്ടാണ് – ഔദ്യോഗികമായി ചെറുക്കനൂര്‍ ഇരുളര്‍ കോളനി എന്നറിയപ്പെടുന്ന – അവരുടെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. തെരുവിന്‍റെ ഓരോവശത്തുമുള്ള ചെറുകുടിലുകളിലും കുറച്ചു മികച്ച വീടുകളിലുമായി 35 ഇരുള കുടുംബങ്ങള്‍ താമസിക്കുന്നു. (ഔദ്യോഗിക രേഖകളില്‍ സമുദായത്തിന്‍റെ പേര് ഇപ്പോള്‍ എഴുതുന്നത് ‘irular’ എന്നാണ്.)
അറുപതുകാരനായ കൈലാസവും 45-കാരിയായ കെ. സഞ്ജയമ്മയും ഓലമേഞ്ഞ ചെറിയൊരു കുടിലിലാണ് താമസിക്കുന്നത്. അവര്‍ക്ക് 4 ആടുകളുണ്ട്. സഞ്ജയമ്മയാണ് അവയെ പരിപാലിക്കുന്നത്. പ്രായപൂര്‍ത്തിയായ അവരുടെ 4 മക്കളും കുടുംബമായി മാറിത്താമസിക്കുന്നു. “ദിവസം മുഴുവന്‍ കുനിഞ്ഞു നിന്നാണ് ഞാന്‍ പാടത്ത് പണിയെടുക്കുന്നത്. അപ്പോള്‍ കടുത്ത നടുവു വേദനയുണ്ടാവുകയും എന്‍റെ അസ്ഥികള്‍ വേദനിക്കുകയും ചെയ്യും. ഞാന്‍ എരിവേലയാണ് [തടാകപ്പണി - എം.ജി.എന്‍.ആര്‍.ഇ.ജി.എ.യുടെ കീഴില്‍ പറയുന്ന പേര്] ഇപ്പോള്‍ ചെയ്യുന്നത്”, ദിവസവേതന ജോലിക്കാരനായ അദ്ദേഹം പറഞ്ഞു. 2005-ലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു വര്‍ഷം കുറഞ്ഞത് 100 തൊഴില്‍ ദിനങ്ങളെങ്കിലും നല്‍കണമെന്ന് പറയുന്നു. ബംഗലമേട്ടിലെ ഇരുളര്‍ക്ക് വളരെ അപൂര്‍വ്വമായാണ് 100 ദിവസം ലഭിക്കുന്നത്.
ഇരുളര്‍ വരുമാനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് ദിവസവേതന തൊഴിലിനെയാണ്. തമിഴ്‌നാട്ടില്‍ അവരെ ‘പ്രത്യേകിച്ച് ദുര്‍ബലരായ ഗോത്ര വിഭാഗ’ത്തില്‍ (Particularly Vulnerable Tribal Group - PVTG) പെടുത്തിയിരിക്കുന്നു. ബംഗലമേട്ടിലെ ആണുങ്ങള്‍ കാലികമായി നെല്‍പ്പാടങ്ങളിലും ഇഷ്ടിക ചൂളകളിലും നിര്‍മ്മാണ സ്ഥലങ്ങളിലും പ്രതിദിനം 350-400 രൂപയ്ക്ക് ജോലി ചെയ്യുന്നു. പണിയില്ലാത്ത ദിവസങ്ങളില്‍ അവര്‍ അടുത്തുള്ള കുറ്റിക്കാട്ടില്‍ പഴങ്ങളും കിഴങ്ങുകളും ശേഖരിക്കാന്‍ പോകുന്നു. കൂടാതെ അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്ന് ചെറുമൃഗങ്ങളായ എലി, മുയല്‍, അണ്ണാന്‍ എന്നിവയേയും പക്ഷികളേയും അവര്‍ ദൈനംദിന ഭക്ഷണത്തിനായി വേട്ടയാടുന്നു. ( Digging up buried treasures in Bangalamedu , On a different route with rats in Bangalamedu എന്നിവ കാണുക)
ഇഷ്ടികച്ചൂളകളിലെ കാലികമായ ജോലികള്‍ ഒഴിവാക്കിയാല്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ. ജോലികളാണ് ഗ്രാമത്തിലെ ഭൂരിപക്ഷം സ്ത്രീകളുടെയും ഒരേയൊരു വരുമാന മാര്‍ഗ്ഗം. (കാണുക Bangalamedu: ‘Where are the jobs for women?’ )
തടാകത്തട്ടുകള്‍ വൃത്തിയാക്കുന്നതിനും കുഴികള്‍ കുത്തുന്നതിനും മരങ്ങള്‍ നടുന്നതിനുമായി എം.ജി.എന്‍.ആര്‍.ഇ.ജി.എ. പണിസ്ഥലത്ത് ഇരുളര്‍ക്ക് ലഭിക്കുന്നത് പ്രതിദിനം 175 രൂപയാണ്. ഇത് നേരിട്ട് അവരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നു.
“ഈയാഴ്ച ഞാന്‍ പണിയെടുത്താല്‍ അടുത്തയാഴ്ച കഴിഞ്ഞുള്ള ആഴ്ചയായിരിക്കും എനിക്കു പണം കിട്ടുന്നത്”, കൈലാസം പറഞ്ഞു. എത്രയാണ് മാസാവസാനമാകുമ്പോള്‍ സമ്പാദിക്കാന്‍ പറ്റുന്നതെന്ന് അദ്ദേഹത്തിനറിയില്ല: “ഞങ്ങള്‍ക്ക് ഒരാഴ്ച 500 രൂപ വേണം [വീട്ടുചിലവുകള്‍ക്ക്]”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ബാക്കി ബാങ്കിലാണ്. ഒരിക്കല്‍ ബാങ്കില്‍ 3,000 രൂപ ഉണ്ടായിരുന്നു. അത് ഞാന്‍ എന്തോ വാങ്ങാന്‍ മകനു കൊടുത്തു.”
ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാന്‍ ഒരു അപേക്ഷ പൂരിപ്പിച്ചു നല്‍കണം. “ഒരു ചലാന്‍ നല്‍കാന്‍ അവര്‍ എന്നോടു പറയുന്നു. അതെങ്ങനെ ചെയ്യണമെന്ന് എനിക്കറിയില്ല”, അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിനും സഞ്ജയമ്മയ്ക്കും വായിക്കാനും എഴുതാനും അറിയില്ല. “ബാങ്ക് ജീവനക്കാര്‍ പറയുന്നത് അവര്‍ക്കിത് പൂരിപ്പിച്ചു തരാന്‍ കഴിയില്ല എന്നാണ്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “എനിക്കിത് ചെയ്തു തരുമോയെന്നു ചോദിക്കാന്‍ ആരെങ്കിലും വരുന്നതുവരെ ഞാന്‍ കാത്തിരിക്കും. എപ്പോള്‍ പോയാലും [2-3 മാസത്തിലൊരിക്കല്‍] 1,000 രൂപയില്‍ കൂടുതല്‍ ഞാന്‍ എടുക്കില്ല.
അദ്ദേഹം സഹായം തേടുന്നവരില്‍ ഒരാള്‍ ജി. മണികണ്ഠന്‍ ആണ്. ബാങ്കുമായി ബന്ധപ്പെട്ട ജോലികളില്‍ മണികണ്ഠന്‍ കൈലാസത്തെ സഹായിക്കുന്നു. ആധാര്‍ കാര്‍ഡുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനോ സര്‍ക്കാര്‍ ആനുകൂല്യങ്ങളും പെന്‍ഷനുകളും ലഭ്യമാക്കുന്നതിനോ അദ്ദേഹം മറ്റ് ഇരുളരേയും സഹായിക്കുന്നു.
“ഞാന്‍ എപ്പോള്‍ [ബാങ്കില്‍] ചെന്നാലും സഹായത്തിനാരെയെങ്കിലും കാത്ത് അഞ്ചോ ആറോ പേരുണ്ടാവും. ചലാനുകള്‍ ഇംഗ്ലീഷിലാണ്. കുറച്ച് ഇംഗ്ലീഷ് വായിക്കാന്‍ കഴിയുന്നതിനാല്‍ ഞാനവരെ സഹായിക്കും”, 9-ാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ 36-കാരനായ മണികണ്ഠന്‍ പറഞ്ഞു. കുട്ടികള്‍ക്ക് സ്ക്കൂള്‍ സമയത്തിനു ശേഷം ക്ലാസ്സുകള്‍ നടത്തുന്ന ഒരു പ്രാദേശിക ലാഭ-രഹിത സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് ആദ്ദേഹം. “ആദ്യം തെറ്റുകള്‍ വരുത്തുമോയെന്ന് എനിക്കു ഭയം ഉണ്ടായിരുന്നു”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “നമ്മള്‍ വെട്ടുകയോ തിരുത്തുകയോ ചെയ്‌താല്‍ അവര്‍ അത് കീറിക്കളയും. പിന്നീട് നമ്മള്‍ പുതിയ കടലാസില്‍ വീണ്ടുമെഴുതണം.” കഴിഞ്ഞ കുറച്ചു മാസങ്ങളായി തമിഴിലും ചലാനുകള്‍ ലഭ്യമാണ്.
എം.ജി.എന്‍.ആര്‍.ഇ.ജി.എ.യുടെ വേതനവും 1,000 രൂപ പ്രതിമാസ പെന്‍ഷനും ലഭിക്കുന്നതിനായി കൈലാസത്തിന്‍റെ അയല്‍വാസി 55-കാരിയായ ഗോവിന്ദമ്മാളിനും നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. വിധവയായ അവര്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. അവരുടെ മകളും രണ്ട് പുത്രന്മാരും അതേ ഗ്രാമത്തില്‍ സ്വന്തം വീട്ടില്‍ താമസിക്കുന്നു. “ഞാനെന്‍റെ വിരലടയാളമാണ് പതിക്കുന്നത്. അതുകൊണ്ട് ചലാന്‍ സമര്‍പ്പിക്കുമ്പോള്‍ സാക്ഷിയായി മറ്റൊരാളുടെ ഒപ്പ് കൂടിവേണമെന്ന് അവര്‍ [ബാങ്ക് ജീവനക്കാര്‍] പറയുന്നു. ഞാന്‍ സാധാരണയായി ആ ഫോറം പൂരിപ്പിച്ചു നല്‍കുന്ന ആളിനോടുതന്നെ ഒപ്പുംകൂടി ഇടാമോയെന്നു ചോദിക്കും”, അവര്‍ പറഞ്ഞു.
ചലാന്‍ പൂരിപ്പിക്കുന്ന ആള്‍ സ്വന്തം അക്കൗണ്ട് നമ്പരും എഴുതണം. മണികണ്ഠന്‍ ചിരിയോടുകൂടി ഒരു സംഭവം ഓര്‍മ്മിക്കുന്നു. “ഒരിക്കല്‍ ഞാന്‍ ആര്‍ക്കുവേണ്ടിയോ സാക്ഷിയായി എന്‍റെ അക്കൗണ്ട് നമ്പര്‍ എഴുതി. എന്‍റെ അക്കൗണ്ടില്‍ നിന്നുമാണ് പകരം ബാങ്ക് പണം ഈടാക്കിയത്. ഭാഗ്യത്തിന് തെറ്റ് അവരുടെ ശ്രദ്ധയില്‍ പെടുകയും എന്‍റെ പണം തിരിച്ചു കിട്ടുകയും ചെയ്തു.”
സ്വന്തം ബാങ്ക് ആവശ്യങ്ങള്‍ക്കായി മണികണ്ഠന്‍ എ.റ്റി.എം. കാര്‍ഡ് ഉപയോഗിക്കുന്നു. ഇടപാടുകള്‍ക്കായി സ്ക്രീനില്‍ തമിഴ് ആണ് ആദേഹം തിരഞ്ഞെടുക്കുന്നത്. മൂന്ന് വര്‍ഷം മുന്‍പ് കാര്‍ഡ് കിട്ടിയ അദ്ദേഹം അത് ഉപയോഗിച്ച് പരിചയമാവാന്‍ കുറച്ചു സമയം എടുത്തു. “പണം പിന്‍വലിക്കുന്നതും അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതും എങ്ങനെയെന്നറിയാന്‍ 20 തവണ എനിക്ക് കാര്‍ഡ് ഉപയോഗിക്കേണ്ടിവന്നു.”
എന്തുകൊണ്ട് കൈലാസവും ഗോവിന്ദമ്മാളും എ.റ്റി.എം. കാര്‍ഡ് ഉപയോഗിക്കുന്നില്ല? മണികണ്ഠന്‍ പറയുന്നത് കൈനാട്ടുകാര്‍ക്ക് - ഒപ്പിനുപകാരം വിരലടയാളം ഉപയോഗിക്കുന്നവര്‍ക്ക് - എ.റ്റി.എം. കാര്‍ഡുകള്‍ നല്‍കുന്നില്ല എന്നാണ്. പക്ഷെ കെ.ജി. കണ്ടിഗൈ പട്ടണത്തിലെ കാനറാ ബാങ്ക് ശാഖയുടെ മാനേജരായ ബി. ലിംഗമയ്യ പറഞ്ഞത് നേരത്തെ അങ്ങനെ ആയിരുന്നുവെങ്കിലും ഇപ്പോള്‍ അപേക്ഷിക്കുന്ന എല്ലാവര്‍ക്കും ബാങ്ക് എ.റ്റി.എം. കാര്‍ഡുകള്‍ നല്‍കുന്നുണ്ടെന്നാണ്. “ഇത് ജന്‍ധന്‍ [അക്കൗണ്ട്] ആണോ അവര്‍ വിരലടയാളം ആണോ ഉപയോഗിക്കുന്നത് എന്നതൊന്നും ഇപ്പോള്‍ പ്രശ്നമില്ല”, അദ്ദേഹം പറഞ്ഞു. പക്ഷെ ബംഗലമേട്ടിലെ ധാരാളം പേര്‍ക്കും ഈ സൗകര്യത്തെക്കുറിച്ച് അവബോധമില്ല.
‘ഞാനെന്‍റെ വിരലടയാളമാണ് പതിക്കുന്നത്. അതുകൊണ്ട് ചലാന്‍ സമര്‍പ്പിക്കുമ്പോള്‍ സാക്ഷിയായി മറ്റൊരാളുടെ ഒപ്പ് കൂടി വേണമെന്ന് അവര്‍ [ബാങ്ക് ജീവനക്കാര്‍] പറയുന്നു. ഞാന്‍ സാധാരണയായി ആ ഫോറം പൂരിപ്പിച്ചു നല്‍കുന്ന ആളിനോടുതന്നെ ഒപ്പുംകൂടി ഇടാമോയെന്നു ചോദിക്കും’, ഗോവിന്ദമ്മാള്‍ പറഞ്ഞു.
ബാങ്കിംഗ് സൗകര്യം എളുപ്പമാക്കുന്നതിനായി ബംഗലമേട്ടില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ നടന്നെത്താവുന്ന ചെറുക്കനൂരില്‍ കാനറാ ബാങ്ക് ഒരു ‘വളരെ ചെറിയ ശാഖ’ (‘ultra small branch’) സജ്ജീകരിച്ചിരിക്കുന്നു. ഈ ‘ചെറു ബാങ്ക്’ (അവിടെയുള്ളവര്‍ ഇതിനെ അങ്ങനെ വിളിക്കുന്നു) കരാറടിസ്ഥാനത്തില്‍ കമ്മീഷന്‍ വാങ്ങി ഒരാള്‍ വാടകയ്ക്ക് നടത്തുന്നതാണ്. ബിസിനസ്സ് ഇടപാട് നടത്തുന്നയാള്‍ (business correspondent) അഥവാ ബി.സി. (BC) ആയി പ്രവര്‍ത്തിക്കുന്ന പ്രസ്തുത വ്യക്തി ഒരു ബയോമെട്രിക് ഉപകരണം ഉപയോഗിച്ചുകൊണ്ട് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുന്നതിനും പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും ഉപഭോക്താക്കളെ സഹായിക്കുന്നു.
കൊണ്ടുനടക്കാവുന്ന ഒരു ബയോമെട്രിക് ഉപകരണത്തെ ബി.സി.യായ 42-കാരി ഇ. കൃഷ്ണാദേവി തന്‍റെ ഫോണിലെ ഇന്‍റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നു. പിന്നെ അവര്‍ ഉപഭോക്താക്കളുടെ അധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുന്നു. ഉപകരണം അവരുടെ വിരലടയാളം പരിശോധിച്ച് ഇടപാടിന് അംഗീകാരം കൊടുക്കുന്നു. “അവരുടെ അധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പണം ഞാന്‍ കൈയില്‍ സൂക്ഷിക്കുന്നു”, അവര്‍ പറഞ്ഞു. ഓരോ ദിവസത്തെയും അക്കൗണ്ടുകള്‍ ഉച്ചകഴിഞ്ഞ് 3:30-ഓടെ അവര്‍ ബാങ്കിലെത്തി തീര്‍പ്പാക്കുന്നു.
പക്ഷെ വിരലടയാളം രേഖപ്പെടുത്തുന്നതില്‍ പ്രശ്നം നേരിടുന്നവരും, ആധാര്‍ കാര്‍ഡ് ഇല്ലാത്തവരും, പാസ്ബുക്ക് പുതുക്കേണ്ടവരും അപ്പോഴും കെ.ജി. കണ്ടിഗൈയില്‍ തന്നെയുള്ള ബാങ്കില്‍ പോകണം.
“ചിലപ്പോള്‍ അവര്‍ [ബി.സി.] പറയും കൈയിലുള്ള പണം തീര്‍ന്നെന്ന്. ഒരു സ്ലിപ് ഞങ്ങള്‍ക്കു തന്നിട്ടു പറയും പണം വാങ്ങുന്നതിനായി പിന്നീടോ അടുത്ത ദിവസമോ അവരുടെ വീട്ടില്‍ ചെല്ലാന്‍. അപ്പോള്‍ ഞങ്ങള്‍ വീണ്ടു പോകും”, ഗോവിന്ദമ്മാള്‍ പറഞ്ഞു. പ്രദേശത്തെ തടാകത്തിന്‍റെ കരയിലൂടെ സുഹൃത്തുക്കളോടൊപ്പം മൂന്ന് കിലോമീറ്റര്‍ നടന്ന് ചെറുക്കനൂരിലേക്ക് പോവുകയാണ് അവര്‍. “ഞങ്ങള്‍ ഓഫീസിന് പുറത്ത് കാത്തിരിക്കും. അവര്‍ വരുന്നില്ലെങ്കില്‍ അവരുടെ വീട്ടിലേക്കു പോകും.”
സാധാരണയായി ബി.സി.മാര്‍ അവരുടെ വീട്ടില്‍ വച്ചുതന്നെയാണ് കാര്യങ്ങള്‍ നടത്തുന്നത്. പക്ഷെ ഉപയോഗിക്കാതെ കിടക്കുന്ന ഒരു ലൈബ്രറിയില്‍ രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് ഒരുമണിവരെ കൃഷ്ണാദേവി ഇരിക്കുന്നു. എം.ജി.എന്‍.ആര്‍.ഇ.ജി.എ.യുടേയോ പെന്‍ഷന്‍റെയോ പണം നല്‍കാനുള്ള ദിവസങ്ങളില്‍ അവര്‍ കൂടുതല്‍ സമയം അവിടെ ചിലവഴിക്കുന്നു. ആ സമയം കൂടാതെ ദിവസത്തില്‍ ഏതുസമയത്തും തന്നെ ലഭ്യമാണെന്ന് അവര്‍ പറയുന്നു. “ജോലിക്കു പോകുന്നവര്‍ എന്നെ വീട്ടില്‍വന്നു കാണുന്നു”, അവര്‍ പറഞ്ഞു.
ആഴ്ചയിലൊരിക്കല്‍, ചൊവ്വാഴ്ചകളില്‍, കൃഷ്ണാദേവി തന്‍റെ ബയോമെട്രിക് ഉപകരണം കെ.ജി. കണ്ടിഗൈയിലെ മുഖ്യ ശാഖയിലേക്ക് കൊണ്ടുപോകുന്നു. മറ്റു നാല് പഞ്ചായത്തുകളില്‍ നിന്നുള്ള ബി.സി.മാര്‍ ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ അവരുടെ ഊഴമനുസരിച്ച് അതേകാര്യത്തിനായി ശാഖയില്‍ എത്തുന്നു. അധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇടപാടുകള്‍ നടത്തേണ്ട എല്ലാ ഉപഭോക്താക്കള്‍ക്കും ഞായറാഴ്ച ഒഴിച്ചുള്ള എല്ലാദിവസവും ഉച്ചകഴിഞ്ഞ് ഏകദേശം 2 മണിവരെ ഉപകരണം ലഭ്യമാണ്. കൈലാസം പക്ഷെ അബദ്ധവശാല്‍ ധരിച്ചിരിക്കുന്നത് ചൊവ്വാഴ്ചകളില്‍ കെ.ജി. കണ്ടിഗൈയില്‍ മാത്രമെ ഉപകരണം ലഭിക്കൂ എന്നാണ്. “അപ്പോഴാണ് ചെറുക്കനൂരില്‍ നിന്നും ബി.സി. അവിടെത്തുന്നത്”, അദ്ദേഹം പറഞ്ഞു.
കൈലാസത്തെപ്പോലെ മിക്ക ഇരുള കുടുംബങ്ങള്‍ക്കും കാനറാ ബാങ്കില്‍ അക്കൗണ്ടുകള്‍ ഉണ്ട് - ഒരു ദശകത്തോളമായി ഇതായിരുന്നു ഇവിടെയുള്ള ഏക ബാങ്ക്. (കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് ആന്ധ്രാ ബാങ്ക് കെ.ജി.കണ്ടിഗൈയില്‍ ഒരു ശാഖ സ്ഥാപിച്ചു. ഇപ്പോള്‍ നാല് വിവിധ ബാങ്കുകളുടെ എ.റ്റി.എം.കള്‍ പട്ടണത്തിലുണ്ട്). കുറച്ചു പേര്‍ക്ക് സാധാരണ സേവിംഗ്‌സ് അക്കൗണ്ടുകള്‍ ഉള്ളപ്പോള്‍ മറ്റുള്ളവര്‍ക്ക് ‘സീറോ ബാലന്‍സ്’ അഥവാ ജന്‍ധന്‍ അക്കൗണ്ടുകള്‍ ആണുള്ളത്. അതിന് മിനിമം ബാലന്‍സ് ആവശ്യമില്ല.
എങ്കിലും ഞാന്‍ സംസാരിച്ച നിരവധിപേരും പറഞ്ഞത് പൂജ്യം ബാലന്‍സ് അക്കൗണ്ടുകളിലും കുറച്ചു പണം സൂക്ഷിക്കണമെന്ന് അവരോട് പറഞ്ഞു എന്നാണ്. “കെ.ജി. കണ്ടിഗൈയില്‍ അവര്‍ എന്നോട് എപ്പൊഴും കുറച്ചു പണം ഇടാന്‍ പറയുന്നു, 500-1,000 രൂപയെങ്കിലും. അപ്പോള്‍ മാത്രമെ എരിവേലയുടെ [എം.ജി.എന്‍.ആര്‍.ഇ.ജി.എ. തൊഴിലിന്‍റെ] പണം വരൂ. ഞാന്‍ അക്കൗണ്ടില്‍ 200-300 രൂപയിടും”, അത്തരം അക്കൗണ്ട് ഉള്ള ഗോവിന്ദമ്മാള്‍ പറഞ്ഞു.
2020 അവസാനം ഞാന്‍ കെ.ജി. കണ്ടിഗൈ ശാഖയിലെ അന്നത്തെ മാനേജര്‍ ആയിരുന്ന കെ. പ്രശാന്തിനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം വ്യക്തമാക്കിയത് ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ഇല്ലെന്നാണ്. “അവര്‍ക്ക് എല്ലാ ഇടപാടുകളോടും കൂടിയ കെ.വൈ.സി. കംപ്ലെയിന്‍റുള്ള അക്കൗണ്ട് വേണമെന്നുണ്ടെങ്കില്‍ അവര്‍ റെഗുലര്‍ അക്കൗണ്ട് തുറക്കണം, അതിന് മിനിമം ബാലന്‍സായ 500 രൂപ വേണം”, അദ്ദേഹം പറഞ്ഞു.
എന്നിരിക്കിലും ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്നില്ലെങ്കില്‍ ബാങ്ക് ജീവനക്കാര്‍ അവരില്‍ നിന്നും പണം ഈടാക്കുമെന്ന് ഇപ്പോഴത്തെ മാനേജരായ ബി. ലിംഗമയ്യ സമ്മതിക്കുന്നു. ഒരാള്‍ ജന്‍ധന്‍ അല്ലെങ്കില്‍ പൂജ്യം ബാലന്‍സ് അക്കൗണ്ട് എന്ന് പ്രത്യേകം പറഞ്ഞില്ലെങ്കില്‍ സ്വാഭാവികമായും സാധാരണ അക്കൗണ്ടാണ് തുറക്കുന്നത്.
ഗോവിന്ദമ്മാള്‍ മറ്റൊരു പ്രശ്നം ചൂണ്ടിക്കാണിക്കുന്നു. “തുടക്കത്തില്‍ അവര്‍ [ബാങ്കുകാര്‍] പറഞ്ഞത് അക്കൗണ്ടിനു ഞാന്‍ പണമൊന്നും നല്‍കേണ്ട എന്നാണ്. ഇപ്പോള്‍ എല്ലാ വര്‍ഷവും അവര്‍ 500 അല്ലെങ്കില്‍ 1000 ചോദിക്കുന്നു. പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറവ് പണമാണ് എല്ലാമാസവും എനിക്കു ബാങ്കില്‍ നിന്നും കിട്ടുന്നത്”, അവര്‍ പറഞ്ഞു.
ഫീസ് വാങ്ങി നല്‍കുന്ന ഓവര്‍ഡ്രാഫ്റ്റ് സൗകര്യങ്ങള്‍ മൂലമാണ് ഈയൊരു ആശയക്കുഴപ്പം ഉണ്ടാകുന്നതെന്ന് കെ. പ്രശാന്ത് പറയുന്നു. ജന്‍ധന്‍ അക്കൗണ്ടുകള്‍ക്കു പോലും ഈ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. “അവരുടെ [അക്കൗണ്ട് ഉടമകളുടെ] അക്കൗണ്ടില്‍ 2,000 രൂപ അവശേഷിക്കുന്നുണ്ടെന്നും അവര്‍ 3,000 രൂപ പിന്‍വലിക്കാന്‍ ശ്രമിക്കുന്നുവെന്നും കരുതുക. തുക പിന്‍വലിക്കാന്‍ ചിലരെ കമ്പ്യൂട്ടര്‍ സംവിധാനം അനുവദിക്കുന്നു. വ്യത്യാസം വരുന്ന 1,000 രൂപ പുതിയ നിക്ഷേപം ഉണ്ടാകുമ്പോള്‍ നികത്തപ്പെടുന്നു. അവര്‍ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ക്ക് അറിയില്ലെന്നു തോന്നുന്നു.”
ഗോവിന്ദമ്മാളിന്‍റെ വീട്ടില്‍നിന്നും തെരുവ് കടന്ന് എതിര്‍വശത്തു താമസിക്കുന്ന എസ്. സുമതി കഴിഞ്ഞ വര്‍ഷം ഓവര്‍ഡ്രാഫ്റ്റ് സൗകര്യത്തെക്കുറിച്ച് കേട്ടപ്പോള്‍ ഞെട്ടിപ്പോയി: “ആര്‍ക്കെങ്കിലും ഞങ്ങളോടിത് വിശദീകരിക്കാമായിരുന്നു. ഞങ്ങള്‍ വിചാരിച്ചത് ബാങ്കാണ് ഞങ്ങളുടെ പണം എടുക്കുന്നതെന്നാണ്.
എസ്.എം.എസ്. സേവനത്തിനും പണം നഷ്ടപ്പെടുന്നു. മൂന്നു മാസത്തിലൊരിക്കല്‍ 18 രൂപ വീതമാണ് ബാങ്ക് അതിനുവേണ്ടിയും ഈടാക്കുന്നത്. ഇവിടെല്ലാവര്‍ക്കും ഫോണില്ല, ബാലന്‍സ് ഇല്ലാത്തപ്പോള്‍ ആളുകള്‍ക്ക് സന്ദേശങ്ങളും ലഭിക്കില്ല. ബാങ്ക് എസ്.എം.എസ്. അയയ്ക്കുന്നത് തങ്ങള്‍ പണം പിന്‍വലിക്കുമ്പോള്‍ മാത്രമാണെന്ന് സുമതി പറയുന്നു. “ഞങ്ങളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കുമ്പോള്‍ അവര്‍ എന്തുകൊണ്ട് എസ്.എം.എസ്. അയയ്ക്കുന്നില്ല? അയച്ചാല്‍ അത് ഞങ്ങളെ പല പ്രശ്നങ്ങളില്‍ നിന്നും രക്ഷിക്കും.”
വര്‍ദ്ധിതമായ ഡിജിറ്റല്‍വത്കരണം കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ മറ്റു വെല്ലുവിളികളും നേരിടേണ്ടതുണ്ട്. 2020 നവംബറില്‍ മണികണ്ഠന്‍റെ ബന്ധുവായ 23-കാരന്‍ ആര്‍. ജോണ്‍സന് 1,500 രൂപ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്‍റെ ഭാര്യ 22-കാരിയായ ആര്‍. വനജയുടെ അക്കൗണ്ടില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ. വേതനം ലഭിച്ച വകയില്‍ സൂക്ഷിച്ചിരുന്ന 2,000 രൂപയുണ്ടായിരുന്നു. ജോണ്‍സന്‍ വനജയുടെ അക്കൗണ്ട് വിശദാംശങ്ങള്‍ ബാങ്ക് ജീവനക്കാരന്‍ എന്ന നാട്യത്തില്‍ വിളിച്ച, അവര്‍ക്കറിയില്ലാത്ത ഒരു വ്യക്തിക്ക് വെളിപ്പെടുത്തി. അതായിരുന്നു ആ ദമ്പതികള്‍ക്കുണ്ടായിരുന്ന ഒരേയൊരു അക്കൗണ്ട്. “അയാള്‍ ബാങ്ക് ഓഫീസറെപ്പോലെയാണ് തോന്നിച്ചത്. കാര്‍ഡ് ലോക്കായെന്നയാള്‍ പറഞ്ഞപ്പോള്‍ ലോക്കഴിക്കാനായി എനിക്ക് നമ്പര്‍ കൊടുക്കേണ്ടിവന്നു. അറിയാവുന്ന എല്ലാ നമ്പറുകളും ഞാന്‍ അയാള്‍ക്ക് കൊടുത്തു. രഹസ്യ നമ്പര്‍ [ഓ.റ്റി.പി.] പോലും. പിന്നെ 500 രൂപ മാത്രമാണ് ഞങ്ങളുടെ അക്കൗണ്ടില്‍ അവശേഷിച്ചത്.”
വിളിച്ചയാള്‍ ജോണ്‍സന്‍റെ കാര്‍ഡിന്‍റെ “ലോക്കഴിക്കാനായി” അമ്മാവനായ മണികണ്ഠന്‍റെ കാര്‍ഡ് വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടു. പലതവണ സംശയകരമായ ക്രയവിക്രയങ്ങള്‍ നടന്നതിനെത്തുടര്‍ന്ന് ബാങ്ക് മണികണ്ഠന് കരുതല്‍ സൂചന നല്‍കി. ആ സമയംകൊണ്ട് അദ്ദേഹത്തിന് 17,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഒരു ഭവന പദ്ധതിയിന്‍കീഴില്‍ പുതിയ വീട് നിര്‍മ്മിക്കുന്നതിനായി അടുത്ത സമയത്ത് അദ്ദേഹം കരുതിവച്ച തുകയുടെ ഒരു ഭാഗമായിരുന്നു അത്.
ജോണ്‍സനും മറ്റുള്ള ഇരുളരും ഡിജിറ്റല്‍ ലോകത്തിലൂടെ തങ്ങളുടെ വഴികണ്ടെത്താന്‍ ബുദ്ധിമുട്ടുന്നു. ബാങ്കിംഗ് സംവിധാനം അവരുടെ പ്രത്യേക പരിഗണനകള്‍ക്ക് ഒരു ഇടവും നല്‍കുന്നില്ല. കൈലാസത്തിന്‍റെ പാസ്ബുക്ക് ഇപ്പോഴും പുതുക്കിയിട്ടില്ല. എങ്കിലും ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് ആശ്വാസമുണ്ട്: “ കൈരേഖാ [ബയോമെട്രിക്] മെഷീന്‍ ഉപയോഗിക്കുമ്പോള്‍ ചലാന്‍ പൂരിപ്പിക്കാനൊന്നും ഇല്ലല്ലോ”
പരിഭാഷ: റെന്നിമോന്‍ കെ. സി.