ഒറ്റ നോട്ടത്തിൽ പെരുവെമ്പ ഒരു തുകല്‍ സംസ്കരണശാലയാണെന്നു തോന്നും. പശു, എരുമ, ആട് എന്നിങ്ങനെയുള്ള മൃഗങ്ങളുടെ തോലുകൾ ഗ്രാമത്തിലെ മുറ്റങ്ങളില്‍ ഉണങ്ങാനിട്ടിരിയ്ക്കുന്നത് കണ്ടാൽ തോലുകൾ വിൽപ്പനയ്ക്കായി സംസ്കരിയ്ക്കുന്നതാണെന്നു തോന്നും. പക്ഷേ മുറ്റം കടന്നാല്‍ വീടുകൾക്കകത്ത് സംസ്കരിയ്ക്കാത്ത തോലുകൾ കടച്ചി കൊല്ലൻ സമുദായത്തിൽപ്പെട്ട കൈത്തൊഴില്‍ വിദഗ്ധര്‍ ഉയർന്ന ഗുണമേന്മയുള്ള താളവാദ്യോപകരണങ്ങളായി പരിവർത്തനപ്പെടുത്തിക്കൊണ്ടിരിയ്ക്കുകയാണ്.
ദക്ഷിണേന്ത്യ മുഴുവനുമുള്ള മേളവാദ്യക്കാരും മോഹിയ്ക്കുന്ന തോൽ ഉപകരണങ്ങൾ ആണ് കേരളത്തിലെ പാലക്കാട് നഗരത്തിൽ നിന്നും 14 കി.മീ. മാറി സ്ഥിതി ചെയ്യുന്ന പെരുവമ്പ ഗ്രാമത്തിൽ ഉണ്ടാക്കുന്നവ. “ഉപകരണങ്ങൾ വായിയ്ക്കാനറിയാവുന്ന സംഗീതജ്ഞരല്ല ഞങ്ങൾ, പക്ഷേ നല്ല ഗുണമേന്മയുള്ള ഉപകരണങ്ങൾ നിർമ്മിയ്ക്കാനുള്ള ശ്രുതി [microtonal units] ഞങ്ങൾക്കറിയാം”, കടച്ചിക്കൊല്ലൻ മൃദംഗം-നിർമ്മാതാവായ 44-കാരനായ കെ. മണികണ്ഠൻ പറയുന്നു. “ഓർഡർ കിട്ടിക്കഴിഞ്ഞതിനു ശേഷം മാത്രമേ ഞങ്ങൾ ഉപകരണം നിർമ്മിയ്ക്കൂ. വാങ്ങുന്നയാളുടെ ആവശ്യം അനുസരിച്ച് ഞങ്ങൾ ഉപകരണത്തില്‍ മാറ്റം വരുത്തിയാണ് നിര്‍മ്മിയ്ക്കുന്നത്. കടകൾക്കോ വാണിജ്യാടിസ്ഥാനത്തിൽ ചില്ലറ വില്പന നടത്തുന്നവർക്കോ ഞങ്ങൾ ഉപകരണങ്ങൾ വില്‍ക്കാറില്ല.
മൃദംഗം, മദ്ദളം, ചെണ്ട, തബല, ധോൾ, ഗഞ്ചിറ എന്നു തുടങ്ങി കർണ്ണാട സംഗീതത്തിലും ക്ഷേത്ര സംഗീതത്തിലും കൂടുതലായി ഉപയോഗിയ്ക്കുന്ന മറ്റു മേളവാദ്യോപകരങ്ങളും പെരുവെമ്പയിലെ കടച്ചി കൊല്ലൻമാർ രൂപകല്പന ചെയ്യുകയും നിർമ്മിച്ചു നല്‍കുകയും ചെയ്യുന്നു. ഇരുന്നൂറിൽപ്പരം വർഷങ്ങളായി ഈ സമുദായം മേളവാദ്യോപകരണങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു. അതിനുമുമ്പ് കാർഷിക ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ലോഹ പണിക്കാരായിരുന്നു അവരെന്നും മണികണ്ഠൻ പറയുന്നു. കർണ്ണാടക സംഗീതത്തിന്റെ ഒരു കേന്ദ്രമെന്ന നിലയില്‍ പാലക്കാടിനുള്ള സ്ഥാനമാണ് പെരുവെമ്പ ഗ്രാമത്തിലെ (ഇപ്പോൾ അത് പാലക്കാട് ജില്ലയിലെ പെരുവെമ്പ പഞ്ചായത്തിന് കീഴിൽ വരുന്നു) കടച്ചി കൊല്ലന്മാരെ കൂടുതൽ വരുമാനം നേടുന്നതിനായി സംഗീത ഉപകരണങ്ങൾ നിർമ്മിയ്ക്കുന്നതിലേയ്ക്ക് മാറാൻ പ്രേരിപ്പിച്ചത്.
പിന്നീട്, മൃദംഗ ആചാര്യനായ പാലക്കാട് ടി. എസ്. മണി അയ്യർ (1912-1981) ഇവിടെ നിന്നും നിർമ്മിച്ച ഉപകരണങ്ങളിൽ തന്റെ പ്രാഗദ്ഭ്യം തെളിയിച്ചപ്പോൾ പെരുവെമ്പയുടെ പേര് കേരളത്തിനു പുറത്തുള്ള കർണ്ണാടക സംഗീത വലയങ്ങളിലേയ്ക്കും പടർന്നു. മദ്രാസിൽ (ഇപ്പോൾ ചെന്നൈ) നിന്നുള്ള സംഗീതജ്ഞരെ അദ്ദേഹം പെരുവെമ്പ ഗ്രാമം സന്ദർശിയ്ക്കാൻ ക്ഷണിയ്ക്കുകയും അവരിൽ പലരും കടച്ചി കൊല്ലൻ കൈത്തൊഴില്‍ വിദഗ്ധരുടെ സ്ഥിരം ഉപഭോക്താക്കളാവുകയും ചെയ്തു. മണികണ്ഠന്റെ അച്ഛനായ കൃഷ്ണൻ മറുതലപറമ്പായിരുന്നു അയ്യരുടെ സ്വന്തം മൃദംഗങ്ങൾ ഒക്കെ ഉണ്ടാക്കിയിരുന്നത്. അദ്ദേഹവുമായി അയ്യർ വളരെ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു.








