ഇരുട്ടോ, ഇടവിട്ടിടവിട്ടുള്ള തീവണ്ടികളുടെ ശബ്ദമോ ഒന്നും, ഒരു പുരുഷൻ സൂക്ഷിച്ച് നോക്കുന്നുണ്ട് എന്ന പേടിയോളം വരില്ല.
രാത്രി, കക്കൂസിൽ പോകണമെന്നുണ്ടെങ്കിൽ തീവണ്ടി ട്രാക്കുകൾ മാത്രമാണ് ആശ്രയം. 17 വയസ്സുള്ള നീതു കുമാരി പറഞ്ഞു.
ദക്ഷിണ-മധ്യ പാറ്റ്നയിലെ യാർപുർ ഭാഗത്തെ ചേരിയിലെ 9-ാം നമ്പർ വാർഡിലാണ് നീതുവിന്‍റെ താമസം. ചേരിയിലെ വീടുകളുടെ നടുക്ക്, ഒരു സിമന്‍റ് ചത്വരമുള്ളതിൽ നിരനിരയായി വെള്ള ടാപ്പുകളുണ്ട്. അവിടെ രണ്ട് പുരുഷന്മാർ ഏതാണ്ട് നഗ്നരായിത്തന്നെ വിശദമായി സോപ്പൊക്കെ തേച്ച് കുളിക്കുന്നു. വഴുക്കലുള്ള ആ സിമന്‍റ് ചത്വരത്തിൽ പത്തുപന്ത്രണ്ട് ആൺകുട്ടികൾ വെള്ളത്തിൽ കുത്തിമറിഞ്ഞ് കളിക്കുകയും പരസ്പരം ഉന്തിയിട്ട് വീഴ്ത്തി ആർത്തുചിരിക്കുകയും ചെയ്യുന്നു.
50 മീറ്റർ അകലെ, ഉപയോഗശൂന്യമായ ഒരു കക്കൂസ് കെട്ടിടമുണ്ട് – ചേരിയിലെ ഒരേയൊരു ശൗചാലയ കെട്ടിടം. അതിലെ പത്ത് കക്കൂസുകളും പൂട്ടിയിട്ടിരിക്കുന്നു. കോവിഡ് മഹാവ്യാധി കാരണം പൊതുജനത്തിന് തുറന്നുകൊടുത്തിട്ടില്ല. അതിന്‍റെ ചവിട്ടുപടിയിൽ ആടുകളുടെ ഒരു കൂട്ടം വിശ്രമിക്കുന്നുണ്ട്. അതിന്‍റെ പിന്നിൽ, തീവണ്ടി ട്രാക്കിൽ മാലിന്യത്തിന്‍റെ കൂമ്പാരം. 10 മിനിറ്റ് നടന്നാലെത്തുന്ന ദൂരത്താണ് ഉപയോഗിക്കാൻ കഴിയുന്ന ഒരേയൊരു പൊതു ശൗചാലയം. യാർപുരിന്‍റെ മറ്റേ അറ്റത്തുള്ള മറ്റൊരു പൊതുകക്കൂസിലേക്ക് ചിലർ തീവണ്ടിപ്പാളം മുറിച്ച് കടന്ന് പോകാറുണ്ട്.
“ആൺകുട്ടികൾക്ക് എപ്പോഴും എവിടെയും വെളിക്കിരിക്കാം. പെൺകുട്ടികൾക്ക് രാത്രി മാത്രമേ പോകാൻ പറ്റൂ”, ബി.എ. ആദ്യവർഷത്തിന് പഠിക്കുന്ന നീതു പറഞ്ഞു (ഈ കഥയിലെ എല്ലാ പേരുകളും സാങ്കല്പികമാണ്). പക്ഷേ, പ്രദേശത്തെ മറ്റ് പെൺകുട്ടികളേക്കാൾ ഭാഗ്യവതിയാണ് താനെന്ന് അവൾ പറയുന്നു. 200 മീറ്റർ അപ്പുറത്തുള്ള അമ്മായിയുടെ വീട്ടിലെ കക്കൂസുപയോഗിക്കാൻ അവൾക്ക് അനുവാദമുണ്ട്.
“വീട്ടിൽ ഞങ്ങൾക്ക് രണ്ട് മുറികളുണ്ട്. ഒന്നിൽ ചെറിയ അനിയനും, മറ്റൊന്നിൽ ഞാനും അമ്മയും. അതുകൊണ്ട് ആർത്തവ പാഡുകൾ ഉപയോഗിക്കാനും മാറ്റാനുമുള്ള സ്വകാര്യത എനിക്കുണ്ട്. മറ്റ് പല പെൺകുട്ടികൾക്കും സ്ത്രീകൾക്കും തീവണ്ടിപ്പാളത്തിനടുത്ത് പോയി സാനിറ്ററി പാഡുകൾ മാറ്റാനോ കളയാനോ രാത്രിയാകുന്നതുവരെ കാത്തിരിക്കണം”, നീതു പറഞ്ഞു.










