സർക്കാർ ഉദ്യോഗസ്ഥരൊഴിച്ച് ഇവിടെ സൂചിപ്പിച്ചിട്ടുള്ള എല്ലാവരുടേയും പേരുകൾ, അവരുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മറച്ചുവെച്ചിരിക്കുന്നു. ഇതേ കാരണത്താൽ, ഗ്രാമങ്ങളുടെ പേരുകളും സൂചിപ്പിച്ചിട്ടില്ല. രണ്ട് ഭാഗങ്ങളുള്ള ഒരു കഥയുടെ ആദ്യഭാഗമാണ് ഇത്.
സമയം വൈകുന്നേരം അഞ്ചുമണിയായിട്ടും ആകാശത്ത് അല്പം വെളിച്ചമുള്ളപ്പോഴാണ് 16 വയസ്സുള്ള വിവേക് സിഗ് ബിഷ്ടിയും മറ്റ് ചിലരും സത്പേറിലെ തങ്ങളുടെ ക്യാമ്പിലേക്ക് മടങ്ങിയെത്തിയത് “കീട ജടി കണ്ടെത്താനായി ഒരു പത്തുദിവസം കൂടി ഞങ്ങൾ ഇവിടെയുണ്ടാകും. ഈ സീസൺ വലിയ മെച്ചമുണ്ടായില്ല”, അന്ന് താൻ ശേഖരിച്ച 26 കീടജടികൾ എന്നെ കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു.
ഞങ്ങളിപ്പോൾ കടൽനിരപ്പിൽനിന്നും 4,500 മീറ്റർ ഉയരെയുള്ള സത്പേർ പുൽപ്പരപ്പിലാണ്. മഞ്ഞിൽപ്പുതഞ്ഞ് കിടക്കുന്ന ചുറ്റുമുള്ള ചെരിവുകളിൽ, നീലനിറത്തിലുള്ള ഏകദേശം 35-ഓളം ടർപ്പോളിൻ ടെന്റുകൾ, കാറ്റത്ത് ശക്തിയായി ഇളകുന്നുണ്ടായിരുന്നു. ആ ടെന്റുകളിലുള്ളത്, വിവിധ ഗ്രാമങ്ങളിൽനിന്ന് വന്ന, വിവേകിനെപ്പോലെയുള്ള കീടജടി വേട്ടക്കാരായിരുന്നു, മേയ് മാസം മധ്യത്തോടെയാണ് അവരിവിടെ വന്ന് തമ്പടിക്കാൻ തുടങ്ങുക. ഇന്ത്യാ-നേപ്പാൾ അതിർത്തിയിൽനിന്ന് ഏതാനും കിലോമീറ്റർ അകലെയുള്ള പിതോറഗഡ് ജില്ലയിലെ ധാർചുല ബ്ലോക്കിലാണ് സത്പേർ സ്ഥിതി ചെയ്യുന്നത്.
നല്ലൊരു ദിവസമാണെങ്കിൽ ഒരാൾക്ക് 40 കീട ജടികൾവരെ വിളവെടുക്കാൻ സാധിക്കും. മോശം ദിവസമാണെങ്കിൽ ഒരുപക്ഷേ 10-ഉം. ജൂൺ മധ്യത്തോടെ ഉത്തരാഖണ്ഡിൽ കാലവർഷം ആരംഭിക്കുമ്പോൾ കീട ജടിയുടെ വിളവെടുപ്പ് കാലം ഏതാണ്ട് അവസാനിക്കും. കഴിഞ്ഞ വർഷം, ജൂണോടെ, വിവേകിന്റെ രക്ഷകർത്താക്കളും, മുത്തച്ഛനും മുത്തശ്ശിയും എട്ടുവയസ്സുള്ള അനിയത്തിയുമൊക്കെ 900 കീട ജടികളുമായി ഗ്രാമത്തിലേക്ക് മടങ്ങി. ഓരോ കീട ജടിക്കും അരഗ്രാമിന് താഴെ മാത്രമേ തൂക്കം വരൂ. വിൽക്കുമ്പോൾ ഓരോ കീട ജടിക്കും 150 മുതൽ 200 രൂപവരെ ലഭിക്കും.









