മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുള്ള എന്റെ നിംബവലി ഗ്രാമത്തിലെ ഏതാനും മദ്ധ്യവയസ്കർ ഒരു വൃക്ഷത്തിന് ചുവട്ടിൽ ഒത്തുകൂടി. ഏകദേശം പത്തുവർഷം മുമ്പ് നടന്നതും ഇന്നും അവരെ ബാധിക്കുന്നതുമായ ചില സംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്യാനായിരുന്നു ആ കൂടിയിരിക്കൽ. വർഷങ്ങൾക്ക് മുൻപ്, കടലാസ്സുകളും അളക്കുന്ന ഉപകരണങ്ങളും സ്കെയിലുകളും ടേപ്പുകളുമായി ഒരു കൂട്ടം സർക്കാർ ഉദ്യോഗസ്ഥരുടെ സംഘം ഒരു വലിയ കാറിൽ ഗ്രാമത്തിൽ വന്നിറങ്ങി. ഭൂഗർഭജലം ലഭ്യമാവുന്ന സ്ഥലങ്ങൾ കണ്ടെത്തി കുഴിക്കാൻ ലക്ഷ്യമിട്ടാണ് അന്നവർ വന്നതെന്ന് എന്റെ അച്ഛൻ 55 വയസ്സുള്ള പരശുറാം പരേദ് ഓർത്തെടുത്തു.
“എനിക്കവരെ നല്ല ഓർമ്മയുണ്ട്. അവരെന്തിനാണ് വന്നതെന്ന് ഞങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോൾ, “നിങ്ങൾക്ക് വെള്ളം വേണ്ടേ?” എന്നാണ് അവർ തിരിച്ച് ഞങ്ങളോട് ചോദിച്ചത്. വേണമെന്ന് ഞങ്ങളും പറഞ്ഞു. ആർക്കാണ് വെള്ളം വേണ്ടാത്തത്”, അച്ഛൻ അവരോട് ചോദിച്ചുവത്രെ. വെള്ളത്തിന് ക്ഷാമമുള്ള ഒരു പ്രദേശത്ത്, സഹായിക്കാൻ സർക്കാർ മുന്നോട്ട് വരുന്നത് സ്വാഗതാർഹമാണല്ലോ. പക്ഷേ ഗ്രാമീണരുടെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.
മാസങ്ങൾക്കുശേഷം, വാഡ തലൂക്കിലെ നിംബവലി ഗ്രാമത്തിലെ വാര്ലിക്കാർക്ക് സ്ഥലം ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് ലഭിച്ചു. ജലപദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. പകരം, മുംബൈ-വഡോദര നാഷണൽ എക്സ്പ്രസ് ഹൈവേയ്ക്കുവേണ്ടി ആ ഗ്രാമത്തിന്റെ ഭൂമി അടയാളപ്പെടുത്തുകയായിരുന്നു സർക്കാർ ചെയ്തത്.
“അപ്പോൾ മാത്രമാണ് ദേശീയപാതയെക്കുറിച്ച് ഞങ്ങൾ അറിയുന്നത്”, 50 വയസ്സുള്ള ബാൽകൃഷ്ണ ലിപട് പറഞ്ഞു. ഇത് 2012-ലാണ് നടന്നത്. പത്ത് വർഷത്തിനുശേഷം ഇന്നും, ആ വഞ്ചനാപരമായ ഭൂമി ഏറ്റെടുക്കലുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഞങ്ങളുടെ ഗ്രാമം. വ്യവസ്ഥിതിയുമായി മല്ലിട്ട് ജയിക്കാൻ പറ്റില്ലെന്ന് എല്ലാവർക്കും നിശ്ചയമുള്ളതിനാൽ, ഇന്ന് ആളുകൾ ഒത്തുതീർപ്പിന് തയ്യാറായിരിക്കുന്നു. മാന്യമായ നഷ്ടപരിഹാരവും ഗ്രാമത്തിനെ മുഴുവൻ പുനരധിവസിപ്പിക്കാൻ പ്രാപ്തമായ പകരം സ്ഥലവും വേണമെന്നാണ് ഇന്നവർ ആവശ്യപ്പെടുന്നത്.
മഹാരാഷ്ട്ര, ഗുജറാത്ത്, ദാദ്ര-നഗർ ഹവേലി എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന 379 കിലോമീറ്റർ ദൈർഘ്യവും 8 വരികളുമുള്ള ഹൈവേയ്ക്കുവേണ്ടി സ്ഥലമേറ്റെടുക്കാൻ കേന്ദ്രത്തിലെ ഭാരതീയ ജനതാ പാർട്ടി സർക്കാർ തീരുമാനിക്കുകയായിരുന്നു. മഹാരാഷ്ട്രയിലൂടെ കടന്നുപോകുന്ന ഹൈവേ, പാൽഘർ ജില്ലയിലെ മൂന്ന് താലൂക്കുകളിലുള്ള 21 ഗ്രാമങ്ങളെയാണ് ബാധിക്കുക. അതിൽ വാഡ എന്നുപേരായ താലൂക്കിലാണ് 140 വീടുകളുള്ള നിംബവലി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്.
ഹൈവേയുടെ കഷ്ടി 5.4 കിലോമീറ്റർ മാത്രമാണ് നിംബവലിയിലൂടെ കടന്നുപോകുന്നത്. മൊത്തം, 71,035 ചതുരശ്ര മീറ്റർ ഇതിനായി കണ്ടെത്തുകയും ഏറ്റെടുക്കൽ നടപടി ആരംഭിക്കുകയും ചെയ്തപ്പോഴാണ് ഗ്രാമീണർ എതിർപ്പുമായി മുന്നോട്ട് വന്നത്.
പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നപ്പോൾ, വീടുകൾക്ക് മതിയായ നഷ്ടപരിഹാരം കിട്ടുമെന്നായിരുന്നു ഗ്രാമത്തിലെ മുതിർന്നവരെ പറഞ്ഞുബോധ്യപ്പെടുത്തിയത്. പുതിയ സ്ഥലം കണ്ടെത്താനും വീടുകൾ പണിയാനുമായിരുന്നു പണം വാഗ്ദാനം ചെയ്തത്. പക്ഷേ ഗ്രാമീണർ അത് തള്ളിക്കളയുകയും സൗകര്യപ്രദമായ സ്ഥലം നൽകിയാൽ മാത്രമേ വീടും സ്ഥലവും വിട്ടുകൊടുക്കൂ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
“ശരാശരി ഒമ്പത് ലക്ഷം രൂപ നഷ്ടപരിഹാരമായി കിട്ടുമെന്ന് അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഞങ്ങൾക്ക് ലഭിച്ചു”, 45 വയസ്സുള്ള ചന്ദ്രകാന്ത് പരേദ് പറഞ്ഞു. “ആ പണംകൊണ്ട് എന്ത് ചെയ്യാനാണ്? ഈ മരങ്ങൾ നോക്കൂ – മുരിങ്ങ, സീതപ്പഴം, സപ്പോട്ട, കരിപ്പട്ട. ഇതൊക്കെ ഞങ്ങൾ ഈ മണ്ണിൽ വെച്ച് പിടിപ്പിച്ചതാണ്. ഇതിനൊക്കെ അവർ എന്താണ് ഞങ്ങൾക്ക് തരുന്നത്. ഒന്നുമില്ല. ഒമ്പത് ലക്ഷത്തിന് ഭൂമി വാങ്ങി, വീട് വെച്ച്, ഇതെല്ലാം നട്ടുപിടിപ്പിക്കാൻ പറ്റുമോ?” അദ്ദേഹം ചോദിക്കുന്നു.
മറ്റൊരു പ്രശ്നവുമുണ്ടായിരുന്നു. ഗ്രാമത്തെ രണ്ടായി കീറിമുറിച്ചുകൊണ്ടാണ് ഹൈവേ വരാൻ പോയത്. “നിംബവലിയിലെ ജനങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം. കാലങ്ങളായി അങ്ങിനെയാണ് ഞങ്ങൾ കഴിയുന്നത്. ഇപ്പോഴുള്ള സ്ഥലത്തിന് പകരമായി ഞങ്ങൾക്ക് സ്ഥലം ലഭിക്കണം, പക്ഷേ എല്ലാ വീടുകളേയും നഷ്ടപരിഹാരത്തിൽ ഉൾപ്പെടുത്തുകയും വേണം. എല്ലാ ആളുകൾക്കും മാന്യമായ നഷ്ടപരിഹാരം കിട്ടുകയും വേണം. വികസനത്തിന്റെ അടയാളമായിട്ടാണോ നിങ്ങൾ ഈ റോഡ് നിർമ്മിക്കാൻ പോകുന്നത്? ചെയ്തോളൂ. ഞങ്ങൾക്ക് വിരോധമില്ല. പക്ഷേ ഞങ്ങളെ ഇല്ലാതാക്കുന്നത് എന്തിനാണ്?” വിനോദ് കാകഡ് ചോദിക്കുന്നു.
“ഈ പദ്ധതി ഞങ്ങളുടെ ജീവിതത്തെ അനിശ്ചിതാവസ്ഥയിലാക്കിയിരിക്കുന്നു. 49 വീടുകളിലായി 200-220 ആളുകളെയാണ് ഈ റോഡിന്റെ അളവെടുപ്പ് പ്രത്യക്ഷമായി ബാധിക്കുക. നാല് വീടുകൾ മാത്രം ഒഴിവായിട്ടുണ്ട്. പ്രതികൂലമായി ബാധിക്കുന്ന വീടുകളിൽ നാലിൽ മൂന്നും വനഭൂമിയിലാണ്. അവയ്ക്ക് നഷ്ടപരിഹാരത്തിനുള്ള അർഹതപോലും ഇല്ലെന്ന നിലപാടാണ് സർക്കാരിനുള്ളത്“.
“നൂറ്റാണ്ടുകളായി ഞങ്ങൾ വാര്ലി ഗോത്രക്കാർ ഈ മണ്ണിൽ ജീവിക്കുന്നു. ഇവിടെ വീടുകൾ വെക്കുക മാത്രമല്ല ഞങ്ങൾ ചെയ്തത്. ഭൂമിയുമായി ഞങ്ങൾക്ക് വളരെ അടുത്ത ബന്ധവുമുണ്ട്. കടുത്ത വേനൽക്കാലത്ത് ഈ ഭൂമിയിലെ മാവുകളുടേയും മറ്റ് വൃക്ഷങ്ങളുടേയും തണലുകളായിരുന്നു ഞങ്ങൾക്ക് ആശ്വാസം. വിറകും മറ്റും ഞങ്ങൾക്ക് കിട്ടിയിരുന്നത് സപര്യ മലയിൽനിന്നാണ്. ഇതെല്ലാം ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോവുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നുണ്ട്. സമുദായത്തെ പിളർത്തി, സ്വന്തം ആളുകളെ പിന്നിലുപേക്ഷിച്ച് പോകേണ്ടിവരുന്നത് വേദനാജനകമാണ്”
“സ്ഥലം അളക്കാൻ വന്ന ഉദ്യോഗസ്ഥർ ഞങ്ങളുടെ ഒത്തൊരുമ കണ്ട് അത്ഭുതപ്പെട്ടു. വീട് നഷ്ടപ്പെടുന്നവർക്ക് വേദന തോന്നുന്നത് മനസ്സിലാക്കാം. പക്ഷേ ഇവിടെ, കുടിയിറങ്ങേണ്ടിവരാത്തവർപോലും കരയുകയായിരുന്നു”, 45 വയസ്സുള്ള സവിത ലിപട് പറഞ്ഞു. “ഞങ്ങളുടെ വീടിന്റെ മുൻപിലും പിന്നിലുമുള്ള വീടുകൾ റോഡിനുവേണ്ടി ഏറ്റെടുക്കാൻ പോവുകയായിരുന്നു. ഞങ്ങളുടെ വീട് അതിന്റെ മധ്യഭാഗത്താണ്. ഈ റോഡ് ഞങ്ങൾക്ക് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ പോവുകയാണ്”.
പതിറ്റാണ്ടുകളായി ഒരുമിച്ച് കഴിയുന്ന ആളുകളെ ഈ റോഡ് വിഭജിക്കാൻ പോവുന്നു എന്നതിനേക്കാൾ സങ്കടകരമായ വസ്തുത, വരാൻ പോകുന്ന റോഡിന്റെ ഇരുഭാഗത്തുമുള്ള പല വീടുകളും ഔദ്യോഗികരേഖകളിലോ ഭൂപടത്തിലോ പെട്ടിട്ടില്ല എന്നതാണ്. അവയെ പൂർണ്ണമായി അവഗണിച്ചിരിക്കുന്നു. 3-4 വീടുകൾ നിർമ്മിച്ചിരിക്കുന്നതാകട്ടെ വനഭൂമിയിലും. എല്ലാവരേയും ഒരുമിച്ച് പുനരധിവസിപ്പിക്കണമെന്ന് ഗ്രാമീണർ ആവശ്യപ്പെട്ടിട്ടും വാര്ലിക്കാരുടെ ഈ കൂട്ടായ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കുകയാണ് ഉദ്യോഗസ്ഥർ.
“എത്രയോ വർഷങ്ങളായി ഞാനിവിടെ ജീവിക്കുന്നു. വീടിന്റെ ഈ പഴയ രസീതികൾ നോക്കൂ. എന്നാൽ ഇപ്പോൾ സർക്കാർ പറയുന്നത് ഞാൻ വനഭൂമി കൈയ്യേറിയെന്നും നഷ്ടപരിഹാരത്തിന് എനിക്ക് അർഹതയില്ലെന്നുമാണ്. ഞാനിനി എവിടെപ്പോവും?”, പഴയ ചില കടലാസ്സുകൾ ഉയർത്തിക്കാട്ടി, 80 വയസ്സുള്ള ദാമു പരേദ് ചോദിക്കുന്നു. എന്റെ മുത്തച്ഛന്റെ സഹോദരനാണ് അദ്ദേഹം. “എനിക്കിതൊന്നും മനസ്സിലാവുന്നില്ല. നിങ്ങളൊക്കെ ചെറുപ്പക്കാരും വിദ്യാഭ്യാസമുള്ളവരുമാണ്. ഇനി നിങ്ങൾ വേണം ഇത് ഏറ്റെടുക്കാൻ”, പറഞ്ഞവസാനിപ്പിച്ച് അദ്ദേഹം നിശ്ശബ്ദനായി.
വനഭൂമിയിൽ വീടുകൾ പണിഞ്ഞുവെന്ന് ആരോപിക്കപ്പെട്ടവരിൽ ചിലരാണ് 45 വയസ്സുള്ള ദർശന പരേദും 70 വയസ്സുള്ള ഗോവിന്ദ് കക്കാദും. ഇന്ദിര ആവാസ് യോജനപ്രകാരമാണ് അവരിരുവരുടേയും വീടുകൾ നിർമ്മിച്ചിട്ടുള്ളത്. എല്ലാ വർഷവും കൃത്യമായി നികുതി അടയ്ക്കുന്നുമുണ്ട്. സർക്കാർ അനുവദിച്ച വൈദ്യുത കണക്ഷനും അവർക്കുണ്ട്. എന്നാൽ ഭൂപടം തയ്യാറാക്കിയപ്പോൾ അവരുടെ വീടുകളെ വനഭൂമിയിലെ കൈയ്യേറ്റങ്ങളായിട്ടാണ് രേഖപ്പെടുത്തിയത്. അതിനർത്ഥം, അവർക്ക് യാതൊരു നഷ്ടപരിഹാരം കിട്ടാൻ പോവുന്നില്ലെന്ന് മാത്രമാണ്.
വർഷങ്ങളായി നീണ്ടുനിൽക്കുന്ന സങ്കീർണ്ണമായ പോരാട്ടമാണിത്. ആദ്യം അത് ആളുകളെ ഒരുമിപ്പിച്ചെങ്കിലും പിന്നീട് ആവശ്യങ്ങൾ വെവ്വേറെയായി. പദ്ധതിയോടുള്ള എതിർപ്പായി തുടങ്ങിയ പോരാട്ടം പിന്നീട് മാന്യമായ നഷ്ടപരിഹാരത്തിനുള്ള ആവശ്യമായി മാറുകയും പിന്നീട് നിംബവലിയിലെ എല്ലാ കുടുംബങ്ങൾക്കും അവകാശപ്പെട്ട ന്യായമായ പുനരധിവാസ ആവശ്യമായി മാറുകയും ചെയ്തു.
“വിവിധ രാഷ്ട്രീയകക്ഷികൾ, സംഘടനകൾ, യൂണിയനുകൾ എന്നിവയിൽനിന്നുള്ള ആളുകൾ സ്വതന്ത്രമായ ഒരു കൊടിക്കൂറയ്ക്ക് കീഴിൽ അണിചേർന്നു - ശേത്കരി കല്യാൺകാരി സംഘടനയിൽ. ഈ സംഘടന ആളുകളെ ഒരുമിച്ച് കൂട്ടുകയും, പ്രകടനങ്ങൾ നടത്തുകയും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും കൂടുതൽ ഉയർന്ന നഷ്ടപരിഹാരത്തിനായി സർക്കാരുമായി ചർച്ചയിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ അതിനുശേഷം സംഘടനയുടെ നേതാക്കൾ ഞങ്ങളെ ഞങ്ങളുടെ വിധിക്ക് വിട്ടുകൊടുത്ത് അപ്രത്യക്ഷരായി. ന്യായമായ പുനരധിവാസമെന്ന വിഷയം ഇപ്പോൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു”, ബാബ പറഞ്ഞു.
എന്നാൽ, ശേത്കരി കല്യാൺകാരി സംഘടനയുടെ മുൻ അദ്ധ്യക്ഷൻ കൃഷ്ണ ഭോയിർ ഈ ആരോപണം നിഷേധിക്കുന്നു. “മാന്യമായ നഷ്ടപരിഹാരത്തിനായി ഞങ്ങൾ ജനങ്ങളെ സംഘടിപ്പിച്ചു. ആളുകളുടെ നിത്യജീവിതത്തിനെ ബാധിക്കുന്ന വിഷയങ്ങളെക്കുറിച്ചും ഞങ്ങൾ ചോദ്യങ്ങളുയർത്തി. ഉദാഹരണത്തിന്, പാത വന്നുകഴിഞ്ഞാൽ, ആളുകൾ എങ്ങിനെ റോഡ് മുറിച്ചുകടക്കും, കുട്ടികൾ സ്കൂളുകളിലും കൊളേജുകളിലും എങ്ങിനെ പോവും, അരുവികളിൽനിന്നുള്ള വെള്ളം ഗ്രാമത്തിലും കൃഷിഭൂമികളിലും പൊങ്ങിയാൽ എന്ത് ചെയ്യും, തുടങ്ങിയ കാര്യങ്ങൾ. ഞങ്ങൾ ശക്തമായിത്തന്നെ പോരുതി. പക്ഷേ നഷ്ടപരിഹാരമായി കുറച്ച് പണം കിട്ടിയപ്പോൾ അവർ എല്ലാം മറന്നു”, അദ്ദേഹം വിശദീകരിച്ചു.
ഇതിനിടയ്ക്ക്, വാര്ലി സമുദായക്കാർ താമസിച്ചിരുന്ന ഗ്രാമത്തിലെ ചില സ്ഥലങ്ങൾ തന്റെ സ്വകാര്യഭൂമിയാണെന്ന അവകാശവാദവുമായി, ആദിവാസിയല്ലാത്ത, അരുൺ പാട്ടിൽ എന്ന ഒരു കുംബി കർഷകൻ മുന്നോട്ട് വന്നു. തനിക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നായിരുന്നു അയാളുടെ വാദം. എന്നാൽ അത് തെറ്റാണെന്ന് പിന്നീട് തെളിഞ്ഞു. “എല്ലാ ജോലിയും മാറ്റിവെച്ച്, ഞങ്ങൾ റവന്യൂ ഓഫീസിലേക്ക് നിരവധി തവണ പോയി. ഒടുവിൽ, ഞങ്ങളുടെ വീടുകളെല്ലാം സർക്കാർ പതിച്ചുതന്ന ഭൂമിയിലാണെന്ന് ഞങ്ങൾ തെളിയിച്ചു”, 64 വയസ്സുള്ള ദിലീപ് ലോഖണ്ഡെ ഓർത്തെടുത്തു.
നിംബവലിയിലെ ആദിവാസി ഗ്രാമമായ ഗരേൽപാഡയിൽ സർക്കാർ പതിച്ചുകൊടുത്ത അഞ്ചേക്കറിൽ കൂടുതലുള്ള സ്ഥലത്തായിരുന്നു ലോഖണ്ഡെയുടെ വീട്. സ്ഥലത്തിന്റെ കൃത്യമായ അളവ് വിവരങ്ങളറിയാൻ വാര്ലിക്കാർ ഭൂരേഖാ വകുപ്പിലേക്ക് അപേക്ഷ അയച്ചിരുന്നു. ഉദ്യോഗസ്ഥർ വന്നുവെങ്കിലും, വനവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തില്ലെന്ന കാരണം പറഞ്ഞ് ദൌത്യം പൂർത്തിയാക്കാതെ മടങ്ങിപ്പോയി.
നഷ്ടപരിഹാരത്തിന് അർഹതയുള്ളവർപോലും ഭാവിയെക്കുറിച്ച് ആശങ്കാകുലരാണ് ഇന്ന്. ഇത്ര തുച്ഛമായ പണം കൊണ്ട് മറ്റൊരു വീട് നിർമ്മിക്കൽ അസാധ്യമാണെന്ന് വീടുകളിലെ മുതിർന്നവർ പറയുന്നു. “വനഭൂമിയിൽ വീട് വെക്കാൻ ഞങ്ങൾക്ക് അനുവാദമില്ല. നിങ്ങളുടെ വികസന പദ്ധതികൾക്ക് സ്ഥലം വിട്ടുതന്ന് ഞങ്ങൾ ആദിവാസികൾ എവിടേക്ക് പോകാനാണ്?”, 52 വയസ്സുള്ള ബബന് തംബാഡി ചോദിക്കുന്നു.
സബ് ഡിവിഷണൽ ഉദ്യോഗസ്ഥനെ സമീപിക്കുന്ന നിംബവലിയിലെ ജനങ്ങൾഓരോ തവണയും ഉറപ്പുകളും വാഗ്ദാനങ്ങളുമായിട്ടാണ് തിരിച്ചുവരുന്നത്. “അതൊക്കെ സത്യമാവുന്നതും നോക്കി ഇരിക്കുകയാണ് ഞങ്ങൾ. അതുവരെ, ഭൂമിക്ക് വേണ്ടിയുള്ള സമരം തുടരുകയും ചെയ്യും”, ബാബ പറഞ്ഞു.
നിംബവലിയിലെ വാര്ലി സമുദായത്തിന് ദേശീയപാതകൊണ്ട് മെച്ചമൊന്നുമില്ലെങ്കിലും, പൂർണ്ണമായ പുനരധിവാസമോ പദ്ധതിയോ ഇല്ലാതെ, സർക്കാർ പതിച്ചുനൽകിയ സ്ഥലത്തുനിന്ന് കുടിയിറക്കപ്പെടുകയാണ് അവർ. വർഷങ്ങളായി അവരുടെ പോരാട്ടം ഞാൻ കാണുന്നുണ്ട്. തോൽക്കാൻ പോവുകയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവരിപ്പോഴും അവരുടെ പോരാട്ടം തുടരുന്നു.
സ്വതന്ത്ര മാധ്യമ പ്രവര്ത്തകയും കോളമിസ്റ്റും മാധ്യമ പ്രബോധകയുമായ സ്മൃതി കൊപ്പികറാണ് ഈ ലേഖനം എഡിറ്റ് ചെയ്തിരിക്കുന്നത്.
പരിഭാഷ: രാജീവ് ചേലനാട്ട്