വേനൽ കത്തിനിന്ന ഇക്കഴിഞ്ഞ മേയ് മാസത്തിലെ ഒരു ദിവസം, ഗോത്തം ഹനീമി റെഡ്‌ഡി നുസേന്ദ്ല മണ്ഡലിലെ ത്രിപുരാപുരം ഗ്രാമത്തിൽനിന്ന് ഗുണ്ടൂരിലേയ്ക്ക് 105 കിലോമീറ്റർ ട്രാക്കിൽ യാത്രചെയ്തു. അഞ്ചേക്കർ വരുന്ന തന്റെ കൃഷിയിടത്തിൽ വിളഞ്ഞ 8 ക്വിൻറ്റൽ മുളക് വിൽക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു ആ യാത്ര. ഈ വർഷത്തെ അവസാനത്തെ വിളവായിരുന്നു അത്. ഇതിനുമുൻപ് ഏപ്രിലിൽ മൂന്നുതവണ ചന്തയിൽ വന്നപ്പോഴും, മുളകിന്റെ ഇനമനുസരിച്ച് - മിർച്ചി LCA334 അല്ലെങ്കിൽ ഗുണ്ടൂർ സന്നം - ക്വിൻറ്റലിന് 6,000 രൂപ മുതൽ 8,000 രൂപവരെ വെച്ച് - വിൽപ്പന നടത്താൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ പട്ടണത്തിലുള്ള എൻ.ടി.ആർ. അഗ്രിക്കൾച്ചറൽ മാർക്കറ്റ് കമ്മിറ്റി യാർഡിൽ വീണ്ടും എത്തിയ അദ്ദേഹം, വിലകൂടുന്നതനുസരിച്ച് തന്റെ കയ്യിലുള്ള മുളക്` വിൽക്കാമെന്ന പ്രതീക്ഷയിൽ 3 ദിവസമായി അവിടെ കഴിയുകയായിരുന്നു. 2017- 2018-ലെ കാർഷിക സീസണിലെ മുളകിന്റെ വില്പന അവസാനിക്കുന്ന ദിവസം, ചന്തയിൽ കർഷകർക്കായുള്ള ഭക്ഷണശാലയുടെ പുറത്തിരുന്ന് അദ്ദേഹം ഇങ്ങനെ പറഞ്ഞു: "ഇന്ന് മുളകിന്റെ വില പിന്നെയും ഇടിഞ്ഞിരിക്കുന്നു; കമ്മീഷൻ ഏജന്റുമാർ ക്വിൻറ്റലിന് 4,200 രൂപ മാത്രമാണ് നൽകുന്നത്. അവരെല്ലാവരും സംഘംചേർന്ന് തോന്നിയതുപോലെ വില നിശ്ചയിക്കുകയാണ്."
മറ്റ് മാർഗ്ഗങ്ങളൊന്നുമില്ലാത്തതിനാൽ, മുളകിന്റെ ലോഡ് തിരികെ കൊണ്ടുപോയി ശീതീകരിച്ച് സൂക്ഷിക്കാനോ അതല്ലെങ്കിൽ കുറഞ്ഞ വിലയ്ക്ക് വിൽക്കാനോ തീരുമാനിക്കാൻ റെഡ്‌ഡി ഇവിടെ നിർബന്ധിതനായി. "ശീതീകരണിയുടെ ചിലവ് എനിക്ക് താങ്ങാനാവില്ല; അതുകൂടാതെ, ഒരു ക്വിൻറ്റൽ - 50 കിലോവീതം കൊള്ളുന്ന രണ്ട് സഞ്ചികൾ – ഒരുതവണ കൊണ്ടുപോകാൻതന്നെ 1,000 രൂപയാണ്ചിലവ്", കുറഞ്ഞ വിലയ്ക്ക് മുളക് വിൽക്കാനുള്ള തന്റെ തീരുമാനം വിശദീകരിച്ചുകൊണ്ട് റെഡ്ഡി പറഞ്ഞു. സംസാരം ഇടയ്ക്കുവെച്ച് നിർത്തി, ശബ്ദംകുറച്ച് അദ്ദേഹം തുടർന്നു : "ബ്രോക്കർമാരും ശീതീകരണസംവിധാനം ഒരുക്കുന്നവരും തമ്മിലുള്ള കൂട്ടുകെട്ട് എല്ലാവർക്കും അറിയുന്ന കാര്യമാണ്. രണ്ടുകൂട്ടർക്കും ലാഭമുണ്ടാകുന്ന കച്ചവടമാണ് ഇത്."
വിത്ത്, വളം, കളനാശിനി, തൊഴിലാളികൾക്കുള്ള കൂലി എന്നിങ്ങനെ ഏക്കറൊന്നിന് 2 ലക്ഷം രൂപവീതം റെഡ്‌ഡി ചിലവിട്ടിരുന്നു. അതിന് പുറമേയായിരുന്നു അദ്ദേഹത്തിന്റെയും ഭാര്യയുടെയും അധ്വാനവും. ഇതിന്റെ ഫലമായി 2017-2018ലെ, ഒക്ടോബർ മുതൽ മാർച്ചുവരെ നീളുന്ന മുളക് സീസണിൽ, ഒരേക്കറിൽനിന്ന് 20 ക്വിൻറ്റൽ വീതം എന്നതോതിൽ അവർക്ക് വിളവ് ലഭിക്കുകയുണ്ടായി. ഏകദേശം 10 ലക്ഷം രൂപ ചിലവിൽ ആകെ 100 ക്വിൻറ്റൽ വിളവ്. മുൻവർഷങ്ങളിൽ അല്പമെങ്കിലും ലാഭം ഉറപ്പാക്കുന്ന കണക്കായിരുന്നു ഇത്. 2015-2016-ൽ ക്വിൻറ്റലിന് 12,000 - 15,000 രൂപവരെ വില ഉയർന്നതും (അന്താരാഷ്ട്രവിപണിയിൽ മുളകിന്റെ ആവശ്യകത വർധിച്ചതായിരുന്നു കാരണം) ചില വർഷങ്ങളിൽ ക്വിന്റലിന് 10,000 രൂപയെങ്കിലും ലഭിച്ചിരുന്നതുമെല്ലാംവെച്ച്, കർഷകർക്ക് മുതൽമുടക്കിയ തുകയെങ്കിലും തിരികെ ലഭിക്കുമെന്ന സ്ഥിതിയുണ്ടായിരുന്നു.








