ആദ്യമായിട്ടാണ് മൻവാര ബേവയുടെ ബക്കറ്റ് ശൂന്യമാകുന്നത്. ഫാക്ടറി അടഞ്ഞുകിടക്കുന്നു, മുൻഷിയെ കാണാതായിട്ട് 20 ദിവസത്തിലേറെയായി, അവളുടെ കുടുംബത്തെ പോറ്റാൻ കൈയ്യിൽ പണമില്ല. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ചിലർ ഒരു 'കറുത്ത വസ്തുവിനെതിരെ' പോരാടുന്നുണ്ടെന്നും അതാണ് തന്റെ ദുരിതത്തിന് കാരണമെന്ന് തനിക്കറിയാമെന്നും മൻവാര പറയുന്നു.
17 വർഷമായി, ബീഡി ചുരുട്ടിയാണ് 45-കാരിയായ മൻവാര കുടുംബത്തിനെ പോറ്റുന്നത്. 1000 ബീഡികൾ ചുരുട്ടിയാൽ 126 രൂപയാണ് കിട്ടുക. ഭർത്താവിനെ നഷ്ടപ്പെട്ടതോടെയാണ് അവർ ഈ ജോലി ചെയ്യാൻ തുടങ്ങിയത്; ഭൂരഹിതരായ ആ ദമ്പതികൾക്ക് രണ്ടാൺമക്കളുണ്ടായിരുന്നു, ഇളയ കുട്ടിക്ക് അന്ന് ആറുമാസം മാത്രം പ്രായം. ചെറുപ്പകാലത്ത്, ദിവസവും 2000 ബീഡികൾവരെ ചുരുട്ടാൻ കഴിഞ്ഞിരുന്നു അവർക്ക്; എന്നാലിപ്പോൾ അവർക്കുണ്ടാക്കാൻ കഴിയുന്നത് 500 എണ്ണം മാത്രമാണ്.
സംസ്ഥാന സർക്കാരിന്റെ തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് പശ്ചിമ ബംഗാളിലെ 70 ശതമാനത്തിലധികം ബീഡിത്തൊഴിലാളികളും സ്ത്രീകളാണ്. ബീഡിനിർമാണത്തിൽ പരിശീലനം ലഭിച്ചില്ലെങ്കിൽ യുവതിക്ക് നല്ലൊരു ഭർത്താവിനെ കണ്ടെത്തുകപോലും പ്രയാസമാണെന്ന് മുൻഷിയായ മനീറുൾ ഹഖ് പറഞ്ഞു. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ജാംഗിപുർ സബ്ഡിവിഷനിലുള്ള ഒരു ബീഡി നിർമ്മാണ യൂണിറ്റിന്റെ കരാറുകാരനായ അദ്ദേഹം തൊഴിലാളികളുടെ വീടുകളിൽ അസംസ്‌കൃതവസ്തുക്കളെത്തിച്ച് പൂർത്തിയായ ഉത്പന്നം ശേഖരിക്കുന്നു.
പശ്ചിമ ബംഗാളിലെ പ്രമുഖ ബീഡി ബ്രാൻഡുകളുടെ രജിസ്റ്റർ ചെയ്ത 90 ഓളം നിർമാതാക്കൾക്കുവേണ്ടി ഏകദേശം 20 ലക്ഷം ബീഡി തൊഴിലാളികൾ (വ്യാവസായികവും ഗാർഹികവുമായി) ജോലി ചെയ്യുന്നു. ജംഗിപുർ എന്ന ഒരൊറ്റ സബ്‌ഡിവിഷനിൽ മാത്രം, 10 ലക്ഷം തൊഴിലാളികളും 18 വൻകിട ഫാക്ടറികളും 50 ചെറുകിട ഫാക്ടറികളും പ്രവർത്തിക്കുന്നുണ്ടെന്ന് സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിന്റെ പ്രാദേശിക ഓഫീസ് പറയുന്നു. ഈ വ്യവസായത്തിന്റെ നാഡീകേന്ദ്രമാണ് ജംഗിപുർ. ഇതിൽ 90 ശതമാന തൊഴിലാളികളും വീടുകളിലിരുന്നാണ് ജോലിചെയ്യുന്നത്.
നവംബർ 8-ലെ നോട്ടുനിരോധനം ഇതിനെയെല്ലാം സാരമായി ബാധിച്ചു. പ്രധാന ബീഡി ഫാക്ടറികളെല്ലാം അവരുടെ കടകൾ പൂട്ടി. അതിലൂടെ ബീഡിത്തൊഴിലാളികളിൽ പകുതിപേർക്കും ജോലിയും വരുമാനവും വീട്ടിൽ ഭക്ഷണവുമില്ലാതായി. ഇപ്പോഴും ജോലിയുള്ളവർക്കാകട്ടെ, ഓർഡറുകൾ കുറഞ്ഞു, പ്രതിവാര വേതനം സ്തംഭിച്ചു. ഉദാഹരണത്തിന്, ഇവിടുത്തെ ഏറ്റവും വലിയ ബ്രാൻഡായ പതാക ബീഡിയും തൊഴിൽ സഹമന്ത്രി ജാക്കീർ ഹുസൈന്റെ ഉടമസ്ഥതയിലുള്ള ശിവ് ബിരി ഫാക്ടറിയും നോട്ടുനിരോധനം വന്ന് ഒരാഴ്ചയ്ക്കുള്ളിൽ അടച്ചുപൂട്ടി.
പണമില്ലായ്മ മൂലം ഇപ്പോൾ പ്രവർത്തിക്കുന്ന കുറച്ച് ഫാക്ടറികളും ഉടനെത്തന്നെ അടച്ചുപൂട്ടാൻ പദ്ധതിയിടുകയാണ്. ഇവിടെ പണമായാണ്
എല്ലാവർക്കും വേതനം നല്കുന്നത്. “എനിക്ക് ആഴ്ചതോറും 1-1.5 കോടി രൂപ ഓരോ മുൻഷികൾ വഴി തൊഴിലാളികൾക്ക് നൽകണം. പക്ഷെ എന്റെ കറണ്ട്
അക്കൗണ്ടിൽനിന്ന് പ്രതിദിനം 50,000 രൂപ മാത്രമേ പിൻവലിക്കാൻ ബാങ്ക് എന്നെ അനുവദിക്കൂ. എന്നാൽ അതും
അനിശ്ചിതത്വത്തിലാണ്”, ജംഗിപൂരിലെ ഔറംഗബാദിലെ ജഹാംഗീർ ബിരി ഫാക്ടറിയുടെ ഉടമ ഇമാനി ബിശ്വാസ് പറഞ്ഞു ''എനിക്ക് എങ്ങനെ എന്റെ ബിസിനസ്സ് നടത്താനാകും? എങ്ങനെയൊക്കെയോ ഞാൻ കൈകാര്യം ചെയ്യുന്നു... എന്നാൽ ഈ പണമില്ലാത്ത സാഹചര്യത്തിൽ
ഫാക്ടറി പ്രവർത്തിപ്പിക്കുക സാധ്യമല്ല, കുറച്ച് ദിവസങ്ങൾക്കുശേഷം ഫാക്ടറി അടച്ചുപൂട്ടാൻ ഞാൻ നിർബന്ധിതനാകും”.
മുർഷിദാബാദ് ബീഡിവ്യവസായത്തിൽ പണിയെടുക്കുന്ന ഗാർഹിക തൊഴിലാളികൾക്ക് ആഴ്ചതോറുമാണ് ശമ്പളം നൽകുന്നത്. അവർ ചുരുട്ടുന്ന ഓരോ 1,000 ബീഡികൾക്കും 126 രൂപയാണ് വേതനം. ജോലി ചെയ്യുന്ന മണിക്കൂറിനനുസരിച്ച് ഒരു തൊഴിലാളിക്ക് ആഴ്ചയിൽ 600- മുതൽ 2,000 രൂപ വരെ ലഭിക്കും. ഉത്പാദനത്തോത് നിലനിർത്താൻ ഇവിടെയുള്ള എല്ലാ ഫാക്ടറികളിലെയും മുഴുവൻ തൊഴിലാളികൾക്കുമായി ആഴ്ചയിലെ ആകെ വേതനത്തുകയായ് 35 കോടി രൂപ വരെ മുൻഷിമാരിലൂടെ നൽകാറുണ്ടായിരുന്നുവെന്ന് ഔറംഗബാദ് ബീഡി ഓണേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി രാജ്കുമാർ ജെയിൻ പറഞ്ഞു.
എന്നാൽ, കുറച്ചുപേർ ഈ അവസരത്തെ ഇപ്പോൾ മുതലെടുക്കുന്നു. മുർഷിദാബാദ് ജില്ലയിലെ ജംഗിപുർ, ദുലിയൻ, സംസർഗഞ്ച് എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിൽ, സർക്കാരിന്റെ മിനിമം വേതനനിരക്ക് ലംഘിച്ച്, തൊഴിലാളികൾക്ക് ഇപ്പോൾ 1,000 ബീഡികൾ ഉണ്ടാക്കുന്നതിന് 90 രൂപ മാത്രമാണ് നൽകുന്നത്.
ബീഡികളുടെ ഉത്പാദനം കുറഞ്ഞുവെന്നുമാത്രമല്ല, പണത്തിന്റെ ക്ഷാമം വില്പനയേയും ബാധിച്ചു. ഔറംഗബാദ് ബീഡി ഓണേഴ്സ് അസോസിയേഷന്റെ കണക്കുകൾപ്രകാരം മുർഷിദാബാദിൽനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്ന ബീഡികളുടെ അളവ് ഇതിനകംതന്നെ 50 ശതമാനത്തോളം കുറഞ്ഞു. നിരവധി ഫാക്ടറി ഗോഡൗണുകളിൽ വിറ്റുപോകാത്ത ബീഡികൾ നിറച്ച ചാക്കുകൾ കൂട്ടിയിട്ടിരിക്കുകയാണ്.
ഈ മേഖലയിലെ നഷ്ടങ്ങൾ താഴെക്കിടയിലെ തൊഴിലാളികളുടെ ജീവിതങ്ങളെ ഏറെ ബാധിച്ചിരിക്കുന്നു. '' ബീഡി ഉത്പാദനത്തെ മാത്രം ആശ്രയിച്ച ജീവിതമായിരുന്നു ഞങ്ങളുടേത്. ജില്ലയുടെ ഈ ഭാഗത്തുള്ള ഒട്ടുമിക്ക കുടുംബങ്ങളുറ്റേയും ഏക വരുമാനമാർഗ്ഗമാണിത്. മാത്രമല്ല ഇവിടെയുള്ള ജനങ്ങൾ ഭൂരഹിതരും കൃഷിയെക്കുറിച്ച് അറിവില്ലാത്തവരുമാണ്. ഇവിടെ മറ്റൊരു വ്യവസായവുമില്ല, 30 വർഷമായി ജഹാംഗീർ ബിരി ഫാക്ടറിയിൽ ജോലി ചെയ്യുന്ന 68 വയസ്സുള്ള മുൻഷിയായ മുഹമ്മദ് സൈഫുദ്ദീൻ പറയുന്നു ''തൊഴിലാളികൾക്ക് പഴയ 500, 1,000 നോട്ടുകൾ നൽകി ആദ്യ ആഴ്ച ഉത്പാദനം തുടരാൻ ഞങ്ങൾക്ക് കഴിഞ്ഞു. എന്നാൽ ഇനിയത് പ്രായോഗികമല്ല. ഫാക്ടറികളിൽനിന്ന് ഓർഡർ പോലും ലഭിക്കുന്നില്ല. അതിനാൽ ജോലിയില്ല, കഴിഞ്ഞ മൂന്നാഴ്ചയായി തൊഴിലാളികൾക്ക് കൂലിയില്ല. അവർ കടുത്ത ദുരിതം അനുഭവിക്കുന്നു”.
മൂന്ന് പതിറ്റാണ്ടിനിടയിൽ ഇത്തരമൊരു പ്രതിസന്ധി നേരിടേണ്ടിവന്നിട്ടില്ലെന്ന് സൈഫുദ്ദീൻ പറയുന്നു. ''ഞങ്ങളുടെ ഫാക്ടറി ഇതുവരെ അടച്ചിട്ടില്ല, പക്ഷേ ഉത്പാദനം ഗണ്യമായി കുറഞ്ഞു. പരിമിതമായ ഓർഡറുകളുടെ അസംസ്‌കൃത വസ്തുക്കളുമായി ഞാൻ ഗ്രാമങ്ങളിലേക്ക് പോകുമ്പോൾ, ആളുകൾ എന്റെ പിന്നാലെ കൂടും. അവരുടെ കുടുംബത്തെ പോറ്റാൻ എന്തെങ്കിലും ജോലി വേണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ ഞാൻ നിസ്സഹായാനാണ്”.
ജോലിയും വേതനവും ലഭിക്കാതെ ആഴ്ചകൾ പിന്നിട്ടതോടെ മുർഷിദാബാദിലെ ബീഡിത്തൊഴിലാളികളിൽ പലരും ദുരിതത്തിലാണ്. അവരുടെ സമ്പാദ്യം അതിവേഗം തീരുന്നതിനാൽ താഹിറ ബീബിയെപ്പോലെയുള്ള ചിലർ ഇപ്പോൾ പ്രതിദിനം ഒരു നേരത്തെ ഭക്ഷണം കൊണ്ട് ത്യപ്തിപ്പെടുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ടതിനുശേഷം കഴിഞ്ഞ 50 വർഷമായി അവർ ബീഡി ചുരുട്ടിയാണ് ജീവിക്കുന്നത്. ചെന്നൈയിൽ കുടിയേറ്റത്തൊഴിലാളിയായി ജോലി ചെയ്യുമ്പോൾ കാലിന് പരിക്കേറ്റ് കുറച്ചുവർഷങ്ങൾക്കുമുമ്പ് തിരിച്ചെത്തിയ മകനെ ഇപ്പോൾ സംരക്ഷിക്കുന്നത്, 58 വയസ്സായ ഈ സ്ത്രീയാണ്. അവരുടെ മകൾ ഇതുവരെ വിവാഹിതയായിട്ടില്ല. ബീഡി ചുരുട്ടലാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം. ദിവസവും 1,000 മുതൽ 1,200 വരെ റോളുകൾ താഹിറ ചുരുട്ടുന്നു. പുകയിലയുടെ സമ്പർക്ക മൂലം അടുത്തിടെ അവർക്ക് ക്ഷയരോഗം കണ്ടെത്തി. “എനിക്ക് അസുഖമുണ്ട്, പക്ഷേ ബീഡി ഇല്ല എന്നുപറഞ്ഞാൽ, ഭക്ഷണമില്ല എന്നാണർത്ഥം”, അവർ പറയുന്നു. “എനിക്കിപ്പോൾ ഉറക്കമില്ലാത്ത രാത്രികളാണ്”, അവർ പറഞ്ഞുനിർത്തി.
ചിത്രങ്ങൾ: അരുണാവ പത്ര
പരിഭാഷ: അനിറ്റ് ജോസഫ്