കണ്ണീര്‍ പിടിച്ചു നിര്‍ത്താനാവാതെ ദ്രൗപതി സാബര്‍ സാരിത്തലപ്പ് കൊണ്ട് തന്‍റെ കണ്ണുകള്‍ തുടച്ചു. ഒഡീഷയിലെ ഗുഡഭേലി ഗ്രാമത്തിലെ അവരുടെ വീടിന് പുറത്ത് കൊച്ചുമക്കളായ 3 വയസ്സുകാരന്‍ ഗിരീഷും 9 മാസം പ്രായമുള്ള വിരാജും ശാന്തമായി കളിക്കുന്നു. കൊച്ചുമകളായ തുള്‍സയുടെ മരണത്തില്‍ തകര്‍ന്നു വിലപിക്കുന്ന 65 വയസ്സുള്ള ആ സ്ത്രീയെ  കുടുംബാംഗങ്ങള്‍ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു.

“ആരെ ഞങ്ങളിനി ‘ഞങ്ങടെ കൊച്ചുമോളെ’ എന്നു വിളിക്കും’?” പ്രത്യേകിച്ചാരോടുമല്ലാതെ അവര്‍ ചോദിച്ചു.

നുവാപാഡ ജില്ലയിലെ ഖഡിയാര്‍ ബ്ലോക്കില്‍, പാതിപണിത ഇഷ്ടിക വീടിന്‍റെ മുന്നിലെ പ്ലാസ്റ്റിക് പായയില്‍ ഇരിക്കുന്ന തുള്‍സയുടെ കുടുംബം തങ്ങള്‍ക്കുണ്ടായ ആകസ്മിക നഷ്ടവുമായി പൊരുത്തപ്പെടാന്‍ ശ്രമിക്കുകയാണ്. ഈ കുടുംബം സാബര്‍ ആദിവാസി കുടുംബത്തില്‍ പെടുന്നു. അവളുടെ മാതാപിതാക്കള്‍ (അമ്മ പദ്മിനിയും അച്ഛന്‍ ദേബാനന്ദും) മകളുടെ ശിശുക്കളായ കുട്ടികളെ, പ്രത്യേകിച്ച് അവള്‍ മരിക്കുന്ന സമയത്തും മുലപ്പാല്‍ നല്‍കിയിരുന്ന വിരാജിനെ, ഓര്‍ത്ത് ദുഃഖിതരാണ്. “എന്‍റെ മരുമകള്‍ പദ്മിനിയും ഞാനും മാറി മാറിയാണ് ഈ കുട്ടികളെ നോക്കിയിരുന്നത്”, ദ്രൗപതി പറഞ്ഞു.

കുട്ടികളുടെ പിതാവും തുള്‍സയുടെ ഭര്‍ത്താവുമായ ഭോസിന്ധു അവിടെയില്ല. 500 കിലോമീറ്റര്‍ തെക്ക് തെലങ്കാനയിലെ പെദ്ദപല്ലി ജില്ലയിലെ രംഗപൂര്‍ ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയില്‍ അദ്ദേഹം പണിയെടുക്കുകയാണ്. 2021 ഡിസംബറില്‍ തന്‍റെ അമ്മയോടും തുള്‍സയുടെ ഇളയ സഹോദരി ദീപാഞ്ജലിയോടുമൊപ്പം 6 മാസത്തേക്ക് ഇഷ്ടികചൂളയില്‍ പണിയെടുക്കാന്‍ അദ്ദേഹം പോയതാണ്. പ്രതിദിനം അവര്‍ക്ക് 200 രൂപ ഉണ്ടാക്കണമായിരുന്നു.

2022 ജനുവരി 24-ന് രാത്രിയില്‍ ഗുഡഭേലിയിലുള്ള മാതാപിതാക്കളുടെ വീട്ടില്‍ നിന്നും 20 കിലോമീറ്റര്‍ മാറി ചനടമാല്‍ ഗ്രാമത്തിലെ വീട്ടിലായിരുന്നു 25-കാരിയായ തുള്‍സ സാബര്‍. രാത്രി 8 മണിയോടെ കടുത്ത വയറുവേദനയുണ്ടെന്ന് അവള്‍ പരാതിപ്പെട്ടു. “ഞാനവളെ ഖഡിയാറിലെ [പട്ടണത്തിലെ] സബ്-ഡിവിഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി”, അവളുടെ ഭര്‍തൃ പിതാവായ 57-കാരന്‍ ദസ്മു സാബര്‍ പറഞ്ഞു. “അവസ്ഥ ഗുരുതരമാണെന്നും നുവാപാഡയിലെ ജില്ല ഹെഡ് ക്വാര്‍ട്ടര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അവിടുത്തെ ഡോക്ടര്‍ പറഞ്ഞു. പക്ഷെ ഞങ്ങള്‍ അവിടെയെത്തിപ്പോഴേക്കും അവള്‍ മരിച്ചിരുന്നു.”

Draupadi Sabar wipes her tears, talking about her late granddaughter Tulsa. Next to her are Tulsa's infant sons Girish and Viraj
PHOTO • Purusottam Thakur

മരിച്ചുപോയ കൊച്ചുമകള്‍ തുള്‍സയെക്കുറിച്ച് പറയുമ്പോള്‍ ദ്രൗപതി സാബര്‍ കണ്ണുകള്‍ തുടയ്ക്കുന്നു. അവരുടെ തൊട്ടടുത്തുള്ളത് തുള്‍സയുടെ ശിശുക്കളായ പുത്രന്മാര്‍ ഗിരീഷും വിരാജും ആണ്

ഒരു ആശുപത്രിയില്‍ എത്താനായി കുടുംബം സഞ്ചരിച്ച ദൂരം (ഖഡിയാറില്‍ നിന്നും 20 കിലോമീറ്ററും അവിടെനിന്നും നുവാപാഡയിലേക്ക് 50 കിലോമീറ്ററും) ഒഡീഷയിലെ ആദിവാസി മേഖലകളില്‍ നിന്നും പൊതു ആരോഗ്യ സംവിധാനങ്ങളിലേക്ക് എത്താനായി ശ്രമിക്കുന്ന ആളുകള്‍ക്ക് അസാധാരണ കാര്യമല്ല. ഗ്രാമീണ ഒഡീഷയിലെ ഈ പ്രദേശങ്ങളിലുള്ള 134 സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ കുറവ് ആളുകളെ അടിയന്തിര സാഹചര്യങ്ങളില്‍ ബ്ലോക്ക്, ജില്ല ഭരണ സിരാകേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുന്നു.

2019-2020-ലെ ഗ്രാമീണ ആരോഗ്യ സ്ഥിതിവിവര കണക്കനുസരിച്ച് ഒഡീഷയിലെ ആദിവാസി മേഖലകളിലെ സി.എച്.സികളില്‍ ഏറ്റവും കുറഞ്ഞത് 536 വിദഗ്ദ്ധ ഡോക്ടര്‍മാര്‍ (ഫിസീഷ്യന്മാര്‍, സര്‍ജന്മാര്‍ ഗൈനക്കോളജിസ്റ്റുകള്‍, ശിശുരോഗ വിദഗ്ദ്ധര്‍) വേണ്ടതാണ്. പക്ഷെ 461-ന്‍റെ കുറവാണുള്ളത്. ഒരു സി.എച്.സി. (ത്രിതല ഗ്രാമീണാരോഗ്യ ഘടനയിലെ ഏറ്റവും ഉയര്‍ന്നത്) ഇവിടെ ശരാശരി ലക്ഷക്കണക്കിന് ആളുകള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്.

അജിതയുടെ ഭര്‍ത്താവ് തെലങ്കാനയിലായിരുന്നു എന്ന യാഥാര്‍ത്ഥ്യമാണ് ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങള്‍ക്കുണ്ടായ ആകസ്മിക നഷ്ടം വര്‍ദ്ധിപ്പിച്ചത്.

ഭോസിന്ധുവിന് (27) ഭാര്യയുടെ അവസാന ചടങ്ങുകള്‍ ചെയ്യാനായി തിരിച്ചെത്താന്‍ കഴിഞ്ഞില്ല. “ഭാര്യയുടെ മരണത്തെക്കുറിച്ച് ഞാന്‍ മകനോട് പറഞ്ഞപ്പോള്‍ അവന്‍ തൊഴിലുടമയോട് അവധി ചോദിച്ചു. പക്ഷെ ലഭിച്ചില്ല”, ദസ്മു പറഞ്ഞു. പെദ്ദപല്ലിയില്‍ നിന്നും കുടുംബത്തെ തിരിച്ചെത്തിക്കാനുള്ള കാര്യങ്ങള്‍ ക്രമീകരിക്കണമെന്ന് പ്രാദേശിക തൊഴില്‍ കരാറുകാരനോട്‌ (സര്‍ദാര്‍) അപേക്ഷിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല.

മറ്റ് 60 പേരോടൊപ്പം ഭോസിന്ധുവിനെ ഗ്രാമത്തില്‍ നിന്നും തെലങ്കാനയിലെ ഇഷ്ടിക ചൂളകളിലേക്കയച്ച സര്‍ദാര്‍ ഈ കുടുംബത്തിന് നല്‍കിയ 111,000 രൂപ തിരിച്ചു ചോദിച്ചു. ഇഷ്ടിക ചൂള ഉടമ കുറ്റപ്പെടുത്തി പണം തിരിച്ചു ചോദിക്കുമെന്ന് അയാള്‍ പറഞ്ഞു.

*****

ഭോസിന്ധുവിനെപ്പോലെ നുവാപാഡയിലെ സാബര്‍ സമുദായത്തില്‍ നിന്നുള്ള നിരവധിപേര്‍ ചെറുതോ വലുതോ ആയ കാലയളവിലേക്കോ കാലികമായോ ലഭിക്കുന്ന ജോലിക്കായി കുടിയേറുന്നു, പ്രത്യേകിച്ച് വലിയ ചിലവുകള്‍ക്ക് പണം കണ്ടെത്തേണ്ടി വരുമ്പോള്‍. ജില്ലയുടെ പകുതിയോളം ഭാഗം വനമാണ്. ഇവിടെയുള്ള ആദിവാസി സമുദായങ്ങള്‍ പരമ്പരാഗതമായി മഹുവ പൂക്കള്‍, ചിരോഞ്ഞി (മൂങ്ങാപ്പേഴ്) എന്നിവ പോലുള്ള തടിയേതര വനവിഭവങ്ങള്‍ (Non-Timber Forest Produce - NTFP) വിറ്റ് കിട്ടുന്ന വരുമാനത്തെയാണ് ആശ്രയിക്കുന്നത്. മഴക്കാല വിളകളെ ആശ്രയിച്ചുള്ള ഉപജീവന കൃഷിയും അവര്‍ ചെയ്തിരുന്നു. എന്നിരിക്കിലും വനവിഭവങ്ങള്‍കൊണ്ട് സാമ്പത്തിക നേട്ടമില്ലാതാവുകയും വരള്‍ച്ചയും മഴയില്ലായ്മയും മഴക്കാല വിളകളെ ബാധിക്കുകയും ചെയ്തു. ജലസേചനം ജില്ലയില്‍ ഏതാണ്ടില്ലെന്നു തന്നെ പറയാം.

A framed photo of Bhosindhu and Tulsa
PHOTO • Purusottam Thakur
Dasmu Sabar at his home in Chanatamal
PHOTO • Purusottam Thakur

ഇടത്: ഭോസിന്ധുവിന്‍റെയും തുള്‍സയുടെയും ഫ്രെയിം ചെയ്ത ഫോട്ടൊ. തുള്‍സ മരിച്ചപ്പോള്‍ ഭോസിന്ധു തെലങ്കാനയിലെ ഒരു ഇഷ്ടിക ചൂളയില്‍ പണിയെടുക്കുകയായിരുന്നു. വലത്: ദസ്മു സാബര്‍ ചനടമാലിലെ തന്‍റെ വീട്ടില്‍

ഖരീഫ് കാലത്തിനുശേഷം സ്ഥിരമായ കാര്‍ഷികവൃത്തി ഇല്ലാതാകുമ്പോള്‍ ഞങളുടെ ഒരേയൊരു പ്രതീക്ഷ എം.ജി.എന്‍.ആര്‍.ഇ.ജി.എയാണ്. പക്ഷെ വേതനം ലഭിക്കുന്നതിലുള്ള കാലതാമസം മറ്റ് മാര്‍ഗ്ഗങ്ങള്‍ തിരഞ്ഞെടുക്കാന്‍  ജങ്ങളെ നിര്‍ബന്ധിക്കുന്നു”, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമ പദ്ധതിയുടെ കീഴില്‍ തന്‍റെ കുടുംബം നേരിടുന്ന അനുഭവത്തെപ്പറ്റി ദസ്മു പറഞ്ഞു. “റോഡ്‌ മെച്ചപ്പെടുത്തുന്ന ജോലിയില്‍ എന്‍റെ മകനും അവന്‍റെ ഭാര്യയും ഏര്‍പ്പെട്ടിരുന്നു. പക്ഷെ അവരുടെ വേതനം ഇനിയും ലഭിച്ചിട്ടില്ല. മൊത്തം തുക ഏതാണ്ട് 4,000  രൂപ വരും”, അദ്ദേഹം പറഞ്ഞു.

ഖരീഫ് കാലത്തുപോലും തൊഴില്‍ സാദ്ധ്യതകള്‍ കുറവാണ്. “അതുകൊണ്ടാണ് ഈ പ്രദേശത്തെ ചെറുപ്പക്കാര്‍ എല്ലാവര്‍ഷവും നവംബറില്‍ കുടിയേറുന്നത്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സമയത്ത് ഈ ഗ്രാമത്തില്‍ നിന്നും ജോലിക്കായി പോകുന്ന 60 പേരില്‍ 20-ഓളം പേര്‍ ചെറുപ്പക്കാരാണ്”, അദ്ദേഹം പറഞ്ഞു.

നുവാപാഡയിലെ സാബര്‍ സമുദായത്തിലെ 53 ശതമാനം പേര്‍ മാത്രമാണ് സാക്ഷരരായിട്ടുള്ളത്. ഇത് ഗ്രാമീണ ഒഡീഷയിലെ 70 ശതമാനത്തില്‍ താഴെയാണ്. സ്ക്കൂള്‍ വിദ്യാഭ്യാസം ലഭിച്ചവര്‍ മുംബൈലേക്ക് പോകുന്നു. ഭോസിന്ധുവെനെപ്പോലുള്ള മറ്റുള്ളവര്‍ കുടുംബത്തില്‍ നിന്നുള്ള മറ്റുള്ളവരേയും ചേര്‍ത്ത് ദിവസ വേതനത്തിനായി ഇഷ്ടിക ചൂളകളില്‍ പണിയെടുക്കുന്നു. അവിടെയവര്‍, ഒട്ടും മാനുഷികമല്ലാത്ത സാഹചര്യങ്ങളില്‍, ചൂടുള്ള ഇഷ്ടിക ദിവസം 12 മണിക്കൂറോളം തലയില്‍ ചുമക്കുന്നു.

അവിദഗ്ദ്ധ തൊഴിലാളികള്‍ക്ക് വേതനത്തിന്‍റെ കുറച്ചുഭാഗം മുന്‍കൂട്ടി കൊടുത്തുകൊണ്ട് പ്രാദേശിക സര്‍ദാര്‍മാര്‍ അവര്‍ക്ക് ഇഷ്ടിക ചൂളകളില്‍  തൊഴില്‍ തരപ്പെടുത്തുന്നു. ഭോസിന്ധുവിന്‍റെ കുടുംബത്തിന് അവരുടെ വീട് പണി പൂര്‍ത്തിയാക്കാന്‍ പണം വേണമായിരുന്നു. അങ്ങനെ അവര്‍ തൊഴിലിനായുള്ള പട്ടികയില്‍ ചേര്‍ന്നു.

പ്രധാനമന്ത്രി ഗ്രാമീണ ആവാസ യോജനയുടെ കീഴില്‍ തങ്ങള്‍ക്ക് ഒരുവീട് അനുവദിച്ചുവെന്ന് ദംസു പറഞ്ഞു,“പക്ഷെ അനുവദിച്ച തുകയായ 1.3 ലക്ഷം പണി പൂര്‍ത്തിയാക്കാന്‍ തികയുമായിരുന്നില്ല”. 2020 ജൂണ്‍ വരെ ലഭിച്ച എം.ജി.എന്‍.ആര്‍.ഇ.ജി.എ. വേതനമായ 19,752 രൂപ കുടുംബം സൂക്ഷിച്ചു വച്ചിരുന്നു. പക്ഷെ അവര്‍ക്ക് വീണ്ടും ഒരുലക്ഷംരൂപകൂടി വേണമായിരുന്നു. “ഞങ്ങള്‍ ഒരു വായ്പയെടുത്തു, പക്ഷെ അത് തിരിച്ചടയ്ക്കാന്‍ സര്‍ദാറിന്‍റെ കൈയില്‍ നിന്നും പണം വേണ്ടിവന്നു”, അദ്ദേഹം പറഞ്ഞു.

Grandmother Draupadi have been taking care of her two children after her sudden death
PHOTO • Purusottam Thakur
Tulsa's mother Padmini (holding the baby)
PHOTO • Purusottam Thakur

തുള്‍സയുടെ ആകസ്മിക മരണത്തിനു ശേഷം അമ്മ പദ്മിനിയും (കുട്ടിയെ പിടിച്ചിരിക്കുന്നത്) മുത്തശ്ശി ദ്രൗപതിയുമാണ്‌ അവളുടെ രണ്ട് കുഞ്ഞുങ്ങളെയും നോക്കുന്നത്

അത് 2021-ല്‍ കുടുംബത്തിന്‍റെ ആദ്യ വായ്പ ആയിരുന്നില്ല. തുള്‍സയുടെ ഗര്‍ഭധാരണം കുഴപ്പം പിടിച്ചതാവുകയും അവള്‍  അസുഖബാധിതയാവുകയും ചെയ്തു. വിരാജ് മാസം തികയുന്നതിനു മുന്‍പ് ജനിച്ചതാണ്. ജനിച്ച ശേഷമുള്ള ആദ്യ 3 മാസങ്ങളില്‍ അമ്മയേയും കുഞ്ഞിനേയും രണ്ട് ആശുപത്രികളില്‍ ചികിത്സിച്ചു – നുവാപാഡയിലെ ജില്ല ഹെഡ്ക്വാര്‍ട്ടര്‍ ആശുപത്രിയിലും 200 കിലോമീറ്റര്‍ മാറി സമ്പല്‍പൂരുള്ള വീര്‍ സുരേന്ദ്ര സായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലും.

“മെഡിക്കല്‍ ചിലവുകള്‍ക്കായി ഞങ്ങളുടെ ഒന്നരയേക്കര്‍ സ്ഥലം 35,000  രൂപയ്ക്ക് പണയം വയ്ക്കുകയും തുള്‍സി അവളുടെ സ്വയംസഹായ സംഘത്തിലൂടെ (എസ്.എച്.ജി.) ഒരു ബാങ്കില്‍ നിന്നും 30,000 രൂപ വായ്പ എടുക്കുകയും ചെയ്തു”, ദസ്മു പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തെലങ്കാനയിലേക്ക് പോകുന്നതിനായി കരാറുകാരനില്‍ നിന്നും വാങ്ങിയ മുന്‍‌കൂര്‍ തുക തിരിച്ചുനല്‍കിയ വകയില്‍ കുടുംബത്തിനുണ്ടായ കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിനായിരുന്നു ഇത്.

ഒഡീഷയിലെ ഏറ്റവും ദരിദ്രമായ ജില്ലകളില്‍ ഒന്നാണ് നുവാപാഡ. ഇവിടെനിന്നും സംസ്ഥാനത്തിന്‍റെ മറ്റ് തെക്ക്-പടിഞ്ഞാറന്‍ ജില്ലകളില്‍ നിന്നുമുള്ള ആളുകള്‍ ആന്ധ്രാപ്രദേശ്, ഛത്തീസ്‌ഗഢ്, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നുവെന്ന് ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റത്തെക്കുറിച്ചുള്ള 2020-ലെ ഒരു പഠനം പറയുന്നു. ഒഡീഷയില്‍ നിന്നും ഏതാണ്ട് 5 ലക്ഷം തൊഴിലാളികള്‍ കുടിയേറുന്നു. അതില്‍ 2 ലക്ഷം പേര് ബലാംഗിര്‍, നുവാപാഡ, കലാഹാണ്ഡി, ബൗദ്ധ്, സോന്‍പൂര്‍, ബര്‍ഗഢ് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണെന്ന് ഒരു പ്രാദേശിക എന്‍.ജി.ഓ. ശേഖരിച്ച വിവരങ്ങള്‍ ഉദ്ധരിച്ച് ഈ പഠനം പറയുന്നു.

സമ്പല്‍പൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ഇനീഷ്യേറ്റീവ് ഒഡീഷയുടെ സ്ഥാപകനും ശ്രദ്ധേയനായ പ്രവര്‍ത്തകനുമായ രഞ്ചന്‍ പാണ്ഡ വളരെ ശ്രദ്ധയോടെ കുടിയേറ്റ തൊഴിലാളികളുടെ പ്രശ്നം നിരീക്ഷിച്ചിട്ടുണ്ട്. “ഈ പ്രദേശത്തുനിന്നുള്ള ജനങ്ങള്‍ പരസ്പരബന്ധിതമായ നിരവധി ഘടകങ്ങള്‍, പ്രത്യേകിച്ച് കാലാവസ്ഥ വ്യതിയാനം, നിമിത്തം അപകടങ്ങളും പ്രശ്നങ്ങളും നേരിടുന്നു”, അദ്ദേഹം പറഞ്ഞു. “പ്രകൃതി വിഭവങ്ങളുടെ സ്ഥിരമായ അപചയവും തൊഴില്‍ പദ്ധതികളുടെ പരാജയവുമുണ്ട്.”

*****

“നിങ്ങള്‍ അവളെ കണ്ടിട്ടുണ്ടായിരിക്കണം. അവള്‍ സുന്ദരിയായിരുന്നു”, ദ്രൗപതി തന്‍റെ കൊച്ചുമകളെക്കുറിച്ച് കണ്ണീരോടെ പറഞ്ഞു.

മരിക്കുന്നതിനു മുന്‍പ് സംസ്ഥാനത്ത് 2022-ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ (ഫെബ്രുവരി 16 മുതല്‍ 24 വരെ) അരഡ പഞ്ചായത്തിലെ ഗ്രാമങ്ങള്‍ കയറിയിറങ്ങി വോട്ട് അഭ്യര്‍ത്ഥിക്കുകയായിരുന്നു തുള്‍സ. പ്രധാനമായും ആദിവാസി ഗ്രാമമായ ചനടമാല്‍ അരഡ പഞ്ചായത്തിലാണ് ഉള്‍പ്പെടുന്നത്. അവള്‍ സമിതി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയായിരുന്നു. സീറ്റ് ആദിവാസി വിഭാഗത്തിലെ വനിതയ്ക്കായി സംവരണം ചെയ്തതായിരുന്നു. ഗ്രാമത്തില്‍നിന്നും സ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഒരേയൊരു ആദിവാസി വനിത ആയിരുന്നതിനാലും ഒരു സ്വയംസഹായ സംഘത്തെ നയിച്ചിരുന്നതിനാലും തുള്‍സിക്കായിരുന്നു പ്രധാന പരിഗണന. “ഞങ്ങളുടെ ബന്ധുക്കള്‍ അവളെ മത്സരിക്കാന്‍ പ്രോത്സാഹിപ്പിച്ചു”, ദസ്മു പറഞ്ഞു.

Tulsa's father Debanand at the doorstep of the family's home in Gudabheli. He and the others are yet to come to terms with their loss
PHOTO • Purusottam Thakur

ഗുഡഭേലിയിലെ കുടുംബവീടിന്‍റെ വാതില്‍ പടിയില്‍ തുള്‍സയുടെ അച്ഛന്‍ ദേബാനന്ദ്. തങ്ങള്‍ക്ക് സംഭവിച്ച നഷ്ടവുമായി അദ്ദേഹവും മറ്റുള്ളവരും ഇനിയും പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ

തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ദ്രൗപതി തുള്‍സിയെ ഉപദേശിച്ചിരുന്നു. “വെറും 6 മാസങ്ങള്‍ക്കു മുന്‍പ് അവള്‍ അവളുടെ ആരോഗ്യം വീണ്ടെടുത്തതെ ഉണ്ടായിരുനുള്ളൂ, അതുകൊണ്ട് ഞാന്‍ അതിനെതിരായിരുന്നു”, ദുഃഖിതയായ മുത്തശ്ശി പറഞ്ഞു. “അതുകൊണ്ടാണ് അവള്‍ മരിച്ചത്.”

കുടിയേറ്റം തിരഞ്ഞെടുപ്പുളേയും ബാധിച്ചുവെന്ന് പ്രാദേശിക നേതാവായ സഞ്ജയ്‌ തിവാരി പറഞ്ഞു. അദ്ദേഹം ഖഡിയാര്‍ ബ്ലോക്കിലെ ബര്‍ഗാവ് ഗ്രാമപഞ്ചായത്തില്‍ സര്‍പ്പഞ്ച് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. സമ്മതിദായകരുടെ എണ്ണം കുറഞ്ഞു, പ്രത്യേകിച്ച് ദരിദ്രമായ ഭാഗങ്ങളില്‍, എന്ന് അദ്ദേഹം പറഞ്ഞു. നുവാപാഡ ജില്ലയില്ലെ ഒരുലക്ഷത്തിലധികം കുടിയേറ്റക്കാര്‍ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞില്ലെന്ന കാര്യവും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിലെ 300 പേര് ബര്‍ഗാവില്‍ നിന്നുള്ള സ്ത്രീകള്‍ ആയിരുന്നുവെന്നും അദ്ദേഹം കണക്കുകൂട്ടി.

“നമ്മുടെ രാജ്യത്ത് തിരഞ്ഞെടുപ്പുകള്‍ ഉത്സവങ്ങളാണെന്നാണ് അവകാശപ്പെടുന്നത്. പക്ഷെ ഭോസിന്ധുവിനെയും അയാളുടെ അമ്മയേയും പോലുള്ള കുടിയേറ്റക്കാരെ അവര്‍ക്ക് ഏറ്റവും അടുപ്പമുള്ളവരും പ്രിയപ്പെട്ടവരുമായവരുടെ അന്ത്യകര്‍മ്മം ചെയ്യാന്‍ വീട്ടില്‍ തിരിച്ചെത്താന്‍ പോലും അനുവദിച്ചില്ല. ഇതിനര്‍ത്ഥം ഒന്നുകൊണ്ടും കാര്യമില്ലെന്നാണ്”, തിവാരി പറഞ്ഞു.

കോവിഡ്-19-നെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ജില്ലയിലെ തോഴിലവരങ്ങള്‍ കുറച്ചെന്നും അത് കുടിയേറ്റം നടത്താന്‍ ഭോസിന്ധുവിനെ പ്രേരിപ്പിച്ചെന്നും അദ്ദേഹത്തിന്‍റെ അയല്‍വാസിയായ സുബാഷ് ബെഹെറ വിശ്വസിക്കുന്നു. “ഇവിടെ തൊഴിലവസരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഭാര്യയെ ഒറ്റയ്ക്ക് വിട്ടിട്ട് അദ്ദേഹം ചൂളകളിലേക്ക് പോവില്ലായിരുന്നു”, സുബാഷ് പറഞ്ഞു.

“എന്‍റെ പ്രിയപ്പെട്ടവളെ, നീ എവിടെപ്പോയി? എന്തിന് നീ ഞങ്ങളെ പിരിഞ്ഞു?”

തുള്‍സയെക്കുറിച്ച് ദ്രൗപതി പറഞ്ഞത് വലിയൊരു സമുദായത്തിന്‍റെ വാക്കുകളെ ധ്വനിപ്പിക്കുന്നു.

*****

പിന്‍കുറിപ്പ്: തുള്‍സ മരിച്ച് ഒരാഴ്ചയ്ക്കു ശേഷം പത്രപ്രവര്‍ത്തകനായ അജിത്‌ പാണ്ഡ ഒഡീഷ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വൃന്ദങ്ങളെയും നുവാപാഡ ജില്ല കളക്ടറെയും രാമഗുണ്ഡം പോലീസ് കമ്മീഷണറെയും ടാഗ് ചെയ്ത് കുടുംബത്തിന്‍റെ അവസ്ഥ ട്വീറ്റ് ചെയ്തിരുന്നു. പോലീസ് 24 മണിക്കൂറിനകം ഭോസിന്ധുവും അമ്മയും ദീപാഞ്ജലിയും എവിടുണ്ടെന്ന് കണ്ടെത്തുകയും അവരെ 24 മണിക്കൂറിനകം ഛത്തീസ്‌ഗഢിലെ റായ് പൂരിലേക്ക് അയയ്ക്കാന്‍ ഇഷ്ടികചൂള ഉടമയോട് ആവശ്യപ്പെടുകയും ചെയ്തു. മറ്റു രണ്ടുപേരും തിരിച്ചു വരുമെന്നുറപ്പിക്കാന്‍ ദീപാഞ്ജലി അവിടെത്തന്നെ തുടരണമെന്ന് അയാള്‍ ശഠിച്ചു. പക്ഷെ, അവസാനം ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയനായി അയാള്‍ എല്ലാവരേയും പോകാന്‍ അനുവദിച്ചു.

അവരെ അങ്ങോട്ടയച്ച സര്‍ദാര് തുള്‍സയുടെ കുടുംബത്തില്‍ നിന്നുള്ള ആ മൂന്ന് പേരേയും റായ് പൂരില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗം ഒഡീഷയിലെ ബലാംഗിര്‍ ജില്ലയിലെ കാന്താബഞ്ചി സ്റ്റേഷനില്‍ എത്തിച്ചു. ചനടമാലിലെ അവരുടെ വീട്ടില്‍നിന്നും 25 കിലോമീറ്ററോളം മാറിയാണ് ഈ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത്. മുന്‍കൂറായി വാങ്ങിയ പണം തിരികെ കിട്ടുന്നതിനായി അതേ ഇഷ്ടിക ചൂളയിലേക്ക് ജോലിക്കായി തിരിച്ചെത്തുമെന്ന് സമ്മതിച്ചുകൊണ്ട് അവരോട് ഒരു വെള്ള കടലാസില്‍ ഒപ്പിടാന്‍ റയില്‍വേ സ്റ്റേഷനില്‍ വച്ച് ആവശ്യപ്പെട്ടെന്ന് ദസ്മു പറഞ്ഞു.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Purusottam Thakur

पुरुषोत्तम ठाकूर २०१५ सालासाठीचे पारी फेलो असून ते पत्रकार आणि बोधपटकर्ते आहेत. सध्या ते अझीम प्रेमजी फौडेशनसोबत काम करत असून सामाजिक बदलांच्या कहाण्या लिहीत आहेत.

यांचे इतर लिखाण पुरुषोत्तम ठाकूर
Ajit Panda

Ajit Panda is based in Khariar town, Odisha. He is the Nuapada district correspondent of the Bhubaneswar edition of 'The Pioneer’. He writes for various publications on sustainable agriculture, land and forest rights of Adivasis, folk songs and festivals.

यांचे इतर लिखाण Ajit Panda
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

यांचे इतर लिखाण Rennymon K. C.