ഗ്രാമീണ സ്ത്രീകള്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരുപാട് തരത്തിലുള്ള ജോലികള്‍ ചിത്രീകരിച്ചിട്ടുള്ള ദൃശ്യമായ ജോലി, അദൃശ്യരായ സ്ത്രീകള്‍, ഒരു ചിത്ര പ്രദര്‍ശനം എന്ന പ്രദര്‍ശനത്തിന്‍റെ ഭാഗമാണ് ഈ പാനല്‍. ഈ ചിത്രങ്ങള്‍ മുഴുവന്‍ 1993 മുതല്‍ 2002 വരെയുള്ള കാലഘട്ടത്തില്‍ വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും പി. സായ്‌നാഥ് എടുത്തതാണ്. നിരവധി വര്‍ഷങ്ങളോളം രാജ്യത്തിന്‍റെ മിക്കഭാഗത്തും പര്യടനം നടത്തിയ യഥാര്‍ത്ഥ പ്രദര്‍ശനത്തെ പാരി ഇവിടെ ക്രിയാത്മകമായി ഡിജിറ്റൈസ് ചെയ്തിരിക്കുന്നു.
ജീവിതകാലം മുഴുവന്‍ നടുവ് നിവര്‍ക്കാതെ ജോലി ചെയ്യുമ്പോൾ
വിജയനഗരത്തിലെ അസഹ്യമായ ഉച്ചവെയിൽ കാരണം അവർ ഒന്നു നിർത്തി. പക്ഷെ കുനിഞ്ഞു തന്നെ നിന്നു. കുറച്ചു നിമിഷങ്ങള്‍ക്കകം ജോലി തുടരുമെന്ന് അവർക്കറിയാമായിരുന്നു – അതേ നിലയിൽത്തന്നെ.
അവരുടെ ഗ്രാമത്തിൽ നിന്നുള്ള മറ്റ് രണ്ട് സംഘങ്ങളും അതേ കശുമാവിൻ തോട്ടത്തിൽ പണിയെടുക്കുന്നുണ്ടായിരുന്നു. ഒരു സംഘം പാടത്തേക്ക് രണ്ടു കിലോമീറ്റർ സഞ്ചരിച്ച് ഉച്ചഭക്ഷണവും വെള്ളവും എത്തിച്ചു. മറ്റേ സംഘം വിപരീത ദിശയിൽ നിന്നും ജോലി തുടങ്ങി. എല്ലാവരും കുനിഞ്ഞു നിന്നിരുന്നു.
ഒഡിഷയിലെ റായ്ഗഢ് ജില്ലയിൽ പുരുഷന്മാരും പാടത്ത് പണിയുന്നുണ്ട്. ലെൻസിലൂടെയുള്ള നോട്ടം കൂടുതൽ ഗംഭീരമായിരുന്നു. എല്ലാ പുരുഷന്മാരും നിൽക്കുകയായിരുന്നു. സ്ത്രീകളെല്ലാം കുനിഞ്ഞും. ഒഡിഷയിലെ നുവാപാഡയിൽ മഴ ആ സ്ത്രീയെ കള പറിക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചില്ല. നടുവിന്‍റെ ഭാഗത്തു നിന്നും കുനിഞ്ഞു നിന്നുകൊണ്ട് അവർ പണി തുടർന്നു. ഒരു കുടയുടെ കീഴിൽ.








