‘ദ് ലാസ്റ്റ് ഹീറോസ്’ എന്ന എന്റെ പുസ്തകത്തിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പ്രായം ചെന്ന സ്വാതന്ത്ര്യസമരപ്പോരാളിയായ തേലു മഹാത്തോ പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലെ പിറ ഗ്രാമത്തിലെ തന്റെ വീട്ടിൽ‌വെച്ച് ശനിയാഴ്ച വൈകീട്ട് നിര്യാതനായി. പുസ്തകം പ്രസിദ്ധീകൃതമായപ്പോൾ ജീവിച്ചിരുന്ന ആ ചുരുക്കം ചില സ്വാതന്ത്ര്യസമരപ്പോരാളികളിൽനിന്ന് ആദ്യത്തെയാളാണ് ഇപ്പോൾ നമ്മെ വിട്ടുപോയത്. 1942-ൽ പുരുളിയയിലെ 12 പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ, ചരിത്രപ്രസിദ്ധവും ഇപ്പോൾ വിസ്മരിക്കപ്പെട്ടതുമായ ആ പ്രതിഷേധ മാർച്ചിൽ പങ്കെടുത്തവരിലെ അവസാനത്തെ ആളായിരുന്നു അദ്ദേഹം. 103-നും 105-നും ഇടയിലെവിടെയോ ആയിരുന്നു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം.

നമ്മുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതുകയും ഇന്ത്യയെ ഒരു സ്വതന്ത്ര രാജ്യമാക്കാൻ സഹായിക്കുകയും ചെയ്ത ഒരു സുവർണ്ണ തലമുറയുടെ അപ്രത്യക്ഷമാവലിലേക്ക്, നമ്മൾ ഒരു ചുവടുകൂടി ഈ മരണത്തിലൂടെ അടുത്തുകഴിഞ്ഞു. ഇന്ത്യയെ സ്വതന്ത്രരാഷ്ട്രമാക്കാൻ പൊരുതിയ ഒരാൾപോലും അടുത്ത അഞ്ചോ ആറോ വർഷത്തിനുള്ളിൽ ജീവനോടെ നമുക്കിടയിലുണ്ടാവില്ല. ഇനി വരുന്ന തലമുറയ്ക്ക് അത്തരത്തിലൊരാളെ കാണാനോ കേൾക്കാനോ ഉള്ള ഭാഗ്യമുണ്ടാവില്ല. തങ്ങൾ ആരായിരുന്നുവെന്നും, എന്തിനായിരുന്നു പൊരുതിയതെന്നും - സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയത് എന്തിനായിരുന്നുവെന്ന് – ഇനി അവർക്ക് പറഞ്ഞുകൊടുക്കാൻ ആരും ബാക്കിവരില്ല.

തങ്ങളുടെ കഥകൾ പറയാൻ തേലു മഹാത്തോവിനും അദ്ദേഹത്തിന്റെ ജീവിതത്തിലെ സന്തത സഹചാരിയായിരുന്ന ലോഖി മഹാത്തോവിനും ഇഷ്ടവുമായിരുന്നു. തങ്ങളുടെ രാജ്യത്തിനുവേണ്ടി നിവർന്നുനിന്ന് പൊരുതാൻ കഴിഞ്ഞതും അതിൽ അഭിമാനിക്കുന്നതും പുതിയ തലമുറ മനസ്സിലാക്കണമെന്ന് അവർ ഏറെ ആഗ്രഹിച്ചിരുന്നു. തേലുവിന് ഇനി ആ കഥ പറയാനാവില്ല. അടുത്ത 5-6 വർഷങ്ങൾക്കുള്ളിൽ ആ തലമുറയിൽ ഭൂമിയിൽ ഇല്ലാതാവും.

ഭാവിയിലെ ഇന്ത്യൻ യുവതയ്ക്ക് എന്തൊരു വലിയ നഷ്ടമായിരിക്കും അത്. നമ്മുടെ കാലത്ത് ജീവിച്ചിരിക്കുന്ന തേലുമാരെക്കുറിച്ചും അവരുടെ ത്യാഗത്തെക്കുറിച്ചും അറിയാനോ, സ്വന്തം ഭാഗധേയം നിർണ്ണയിക്കുന്നതിൽ അത്തരം കഥകൾ കേൾക്കുന്നത് നിർണ്ണായകമാണെന്നോ തിരിച്ചറിയാൻ കഴിയാതെ പോവുന്നത് അവരെസംബന്ധിച്ചിടത്തോളം ഇപ്പോൾത്തന്നെ ഒരു വലിയ നഷ്ടമാണ്.

പ്രത്യേകിച്ചും, ഇന്ത്യൻ സ്വാതന്ത്ര്യസമരകഥകൾ വളച്ചൊടിക്കാനും കെട്ടിച്ചമക്കാനും നിർബന്ധപൂർവ്വം അടിച്ചേൽ‌പ്പിക്കാനുമുള്ള തീവ്രശ്രമങ്ങൾ ഇന്ന് നടക്കുമ്പോൾ. മോഹൻ‌ദാസ് കരം‌ചന്ദ് ഗാന്ധിയുടെ വധത്തെക്കുറിച്ചുള്ള യാഥാർത്ഥ്യങ്ങൾപോലും പൊതുബോധത്തിൽനിന്നും മാധ്യമവാർത്തകളിലെ ഉള്ളടക്കങ്ങളിൽനിന്നും, ഭയപ്പെടുത്തുന്ന വിധത്തിൽ സ്കൂൾ പാഠപുസ്തകങ്ങളിൽ‌നിന്നും മായ്ച്ചുകളയപ്പെടുന്നു.

Thelu Mahato's home in Pirra village of Puruliya district, West Bengal where he passed away on April 6, 2023. Thelu never called himself a Gandhian but lived like one for over a century, in simplicity, even austerity.
PHOTO • P. Sainath
PHOTO • P. Sainath

2023 ഏപ്രിൽ 6-ന് നിര്യാതനായ തേലു മഹാത്തോവിന്റെ, പശ്ചിമ ബംഗാളിലെ പുരുളിയ ജില്ലയിലുള്ള പിറ ഗ്രാമത്തിലെ വീട്. ഒരു ഗാന്ധിയനായി അദ്ദേഹം ഒരിക്കലും സ്വയം വിശേഷിപ്പിച്ചിരുന്നില്ലെങ്കിലും, ലാളിത്യത്തിലും മിതവ്യയത്തിലും ഒരു ഗാന്ധിയനായിത്തന്നെ ഒരു നൂറ്റാണ്ടോളം കാലം തേലു ജീവിച്ചു. വലത്ത്: തേലുവിനും അദ്ദേഹത്തിന്റെ ആജീവനാന്ത സഖാവായ ലോഖി മഹാത്തോവിനും എപ്പോഴും അവരുടെ കഥകൾ പറയാൻ താത്പര്യമായിരുന്നു

തേലു മഹാത്തോ ഒരിക്കലും തന്നെ ഗാന്ധിയെന്ന് സ്വയം വിശേഷിപ്പിച്ചില്ല. എങ്കിലും ഒരു ഗാന്ധിയന്റെ ജീവിതമായിരുന്നു അദ്ദേഹം നയിച്ചത്. ഒരു നൂറ്റാണ്ടിലധികം കാലം. ലാളിത്യത്തിലായാലും ശരി, മിതവ്യയത്തിലായാലും ശരി. 1942 സെപ്റ്റംബർ 29, 30 തീയ്യതികളിൽ പുരുളിയയിലെ 12 പൊലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ പ്രകടത്തിൽ പങ്കെടുത്തവരിൽ ഒരാളായിരുന്നു അദ്ദേഹം. സ്വയം ഒരു ഇടതുപക്ഷക്കാരനും വിപ്ലവകാരിയുമായി കണ്ടിരുന്നുവെങ്കിലും, നിരപരാധികളായ ആളുകളുടെ രക്ഷയ്ക്കുവേണ്ടിയും സ്വയരക്ഷയ്ക്കുമായല്ലാതെ ഒരിക്കലും അഹിംസ കൈവെടിയില്ലെന്ന് പ്രതിജ്ഞയെടുത്ത ഒരാൾകൂടിയായിരുന്നു തേലു മഹാത്തോ

പക്ഷേ, അക്രമം അരങ്ങേറിയ ആ പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ താങ്കൾ പങ്കെടുക്കുകയുണ്ടായില്ലേ എന്ന് 2022-ൽ പിറ ഗ്രാമത്തിൽ‌വെച്ച് ഞാനദ്ദേഹത്തോട് ചോദിച്ചു. അക്രമം വന്നത് ബ്രിട്ടീഷുകാരുടെ ഭാഗത്തുനിന്നാണെന്ന് അദ്ദേഹം തിരിച്ചടിച്ചു പൊലീസ് സ്റ്റേഷനുകളിൽ ഇന്ത്യൻ പതാക ഉയർത്താൻ പോയ ആളുകൾക്കുനേരെ “പൊലീസ് കണ്ണടച്ച് നിറയൊഴിച്ചു”. “സ്വന്തം സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഖാക്കളും കണ്മുന്നിൽ വെടിയേറ്റ് വീഴുമ്പോൾ തീർച്ചയായും ആളുകൾ തിരിച്ചടിക്കും”, അദ്ദേഹം പറഞ്ഞു.

ആശയങ്ങളോടും സ്വാധീനങ്ങളോടും എത്രമാത്രം തുറന്ന സമീപനമായിരുന്നു അവരുടെ തലമുറയ്ക്കുണ്ടായിരുന്നതെന്നും എന്നിട്ടും ആ ആശയങ്ങൾ അവരെ എത്രമാത്രം സങ്കീർണ്ണമായ വ്യക്തികളാക്കി പരിവർത്തിപ്പിച്ചുവെന്നും ഞങ്ങൾ മനസ്സിലാക്കിയത്, തേലു മഹാത്തോയും അദ്ദേഹത്തിന്റെ ആയുഷ്കാല സഖാവായിരുന്ന ലോഖി മഹാത്തയുമായുള്ള സംഭാഷണത്തിൽനിന്നായിരുന്നു. കലർപ്പില്ലാത്ത ഇടതുപക്ഷാഭിമുഖ്യമായിരുന്നു തേലുവിന്റെ അഭിനിവേശവും രാഷ്ട്രീയവും. ലോഖിയുടേത് ഇപ്പോഴും അതുതന്നെയാണ്; ധാർമ്മികമൂല്യങ്ങളും ജീവിതരീതിയും ഗാന്ധിയുടേതായിരുന്നു. പ്രതിബദ്ധതയിലും വിശ്വാസത്തിലും ഇടതുപക്ഷക്കാർ. വ്യക്തിത്വത്തിലാകട്ടെ, ഗാന്ധിയന്മാരും. ഇരുവരും പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമുള്ളവരാണ്.

അവരുടെ വീരനായകൻ സ്വാഭാവികമായും അവരുടെ നാട്ടുകാരൻ‌തന്നെയായിരുന്നു – അതങ്ങിനെത്തന്നെയാവുമല്ലോ – നേതാജി സുഭാഷ് ചന്ദ്ര ബോസ്. തേലുവിന്റെയും ലോഖിയുടേയും ലോകം അതായിരുന്നു. ഒരിക്കലും കാണാനിടവന്നിട്ടില്ലാത്ത ഗാന്ധി അവരെ സംബന്ധിച്ചിടത്തോളം ദൂരെ നിന്നുകൊണ്ട്, ഭയഭക്തിബഹുമാനങ്ങൾ ഉളവാക്കുന്ന ഒരു ബൃഹദ്രൂപമായിരുന്നു. അവരുടെ പ്രാദേശിക വീരനായകന്മാരകട്ടെ, മൂന്ന് കൊള്ളക്കാരായിരുന്നു. റോബിൻ ഹുഡ് മാതൃകയിലുള്ള മൂന്നുപേർ. ബിപിൻ, ദിഗംബർ, പീതാംബർ സർദാർ എന്നിവർ. ഭയങ്കരമായി അക്രമാസക്തരാകാൻ കഴിവുള്ളവരും, എന്നാൽ അതേസമയം, ഭൂപ്രഭുക്കളിൽനിന്നും ചൂഷകരിൽനിന്നും രക്ഷ തേടി ആളുകൾ അഭയം പ്രാപിക്കുന്നവരുമായിരുന്നു ആ മൂന്ന് സാമൂഹ്യഭ്രഷ്ടരും. “നിഷ്ഠുരവും അതേസമയം, സാമൂഹിക, സാമ്പത്തിക ക്രമത്തെ വെല്ലുവിളിക്കുന്നതും”, എന്ന് എറിക് ഹോബ്സ്ബാം വിശേഷിപ്പിച്ചവിധത്തിലുള്ള കവർച്ചാരീതിയാണത്.

PHOTO • P. Sainath
PHOTO • P. Sainath

ആശയങ്ങളോടും സ്വാധീനങ്ങളോടും തങ്ങളുടെ തലമുറയ്ക്കുണ്ടായിരുന്ന സമീപനം എത്രത്തോളം തുറന്നതായിരുന്നുവെന്ന് തേലുവും ലോഖിയും ഞങ്ങൾക്ക് കാണിച്ചുതന്നു. തേലു തന്നെത്തന്നെ കണ്ടിരുന്നത്, അഹിംസയിലടിയുറച്ച ഒരു ഇടതുപക്ഷക്കാരനും വിപ്ലവകാരിയുമായിട്ടായിരുന്നു

ഈ വിവിധ അടരുകളിൽ ഒരു വൈരുദ്ധ്യവും കാണാൻ കഴിഞ്ഞില്ല തേലുവിനും ലോഖിക്കും. കവർച്ചക്കാരോടുള്ള അവരുടെ നിലപാട്, വെറുപ്പും ബഹുമാനവും കൂടിക്കലർന്ന ഒന്നായിരുന്നു. അവരെ ബഹുമാനിക്കുമ്പോഴും അവരുടെ അക്രമരീതി അവരിരുവരും പിന്തുടർന്നില്ല. സ്വാതന്ത്ര്യം കിട്ടി പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും അവർ ഭൂമിക്കുവേണ്ടിയും മറ്റുമുള്ള രാഷ്ട്രീയ സമരങ്ങളിൽ സജീവമായി പ്രവർത്തിച്ചു. ഗാന്ധിയൻ ജീവിതം നയിക്കുന്ന സ്വതന്ത്ര ഇടതുപക്ഷക്കാർ എന്ന നിലയിൽ.

തേലു മഹാത്തോ ഒരു കുറുമിയായിരുന്നു. ജംഗൽ‌മഹൽ എന്ന പോരാട്ടഭൂമിയിലെ വിവിധ സമരങ്ങളിൽ പങ്കെടുത്ത സമുദായമാണ് കുറുമികൾ. 1931-ൽ അവരുടെ ഗോത്രപദവി എടുത്തുകളഞ്ഞ് ബ്രിട്ടീഷുകാർ അവരെ ശിക്ഷിച്ചു. ആ ആദിവാസി പദവി തിരിച്ചെടുക്കുക എന്നതായിരുന്നു അവരുടെ എക്കാലത്തേയും ഏറ്റവും വലിയ ലക്ഷ്യം. യാദൃച്ഛികമെന്ന് പറയട്ടെ, ജംഗൽ‌മഹലിൽ ആ ആവശ്യം നേടിയെടുക്കാനുള്ള പ്രക്ഷോഭം പുതിയൊരു ഘട്ടത്തിലേക്ക് കടന്ന അതേ ദിവസമായിരുന്നു തേലുവിന്റെ മരണം.

സ്വാതന്ത്ര്യ സമര പെൻഷനോ, സ്വാതന്ത്ര്യസമരത്തിലെ തന്റെ പങ്കിന് എന്തെങ്കിലും വിധത്തിലുള്ള അംഗീകാരമോ തേലുവിന് കിട്ടിയില്ല. ഏറ്റവുമൊടുവിൽ ഞങ്ങൾ അദ്ദേഹത്തെ കാണുമ്പോൾ, 1,000 രൂപ വാർദ്ധക്യകാല പെൻഷൻ മാത്രമായിരുന്നു അദ്ദേഹത്തിന് കിട്ടിക്കൊണ്ടിരുന്നത്. തകരപ്പാട്ടകൾകൊണ്ട് പണിത, തകർന്നുതുടങ്ങിയ ഒരു ഒറ്റമുറി വീട്ടിലായിരുന്നു താമസം. അധികം ദൂരത്തല്ലാതെ ഒരു കിണറുണ്ടായിരുന്നു. അഭിമാനത്തോടെ അദ്ദേഹം പറയാറുണ്ടായിരുന്ന, സ്വന്തം കൈകൊണ്ട് നിർമ്മിച്ച ഒരു കിണർ. അതിന്റെ സമീപത്തുനിന്നുകൊണ്ടുള്ള ഒരു ഫോട്ടോ എടുക്കാൻ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു.

തേലു നിർമ്മിച്ച കിണർ അവശേഷിക്കുന്നു. എന്നാൽ, ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതിയവരെക്കുറിച്ചുള്ള ഓർമ്മകൾ കൂടുതൽ വറ്റിത്തുടങ്ങിയിരിക്കുന്നു.

തേലു, ലോഖി എന്നിവരെക്കുറിച്ചും മറ്റ് 14 സ്വാതന്ത്ര്യസമരപ്പോരാളികളെക്കുറിച്ചും, പി. സായ്നാഥ് എഴുതി, 2022 നവംബറിന് പെൻ‌ഗ്വിൻ പ്രസിദ്ധീകരിച്ച “ദ് ലാസ്റ്റ് ഹീറോസ്: ഫുട്ട് സോൾജേഴ്സ് ഓഫ് ഇന്ത്യൻ ഫ്രീഡം’ എന്ന പുസ്തകത്തിൽ വായിക്കാം.

ഫ്രീഡം ഫൈറ്റേഴ്സ് ഗാലറി യിലും, പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയിലും (പാരി) അവരുടെ ഫോട്ടോ ആൽബങ്ങളും വീഡിയോകളും കാണാവുന്നതാണ്.

ലേഖനം ആദ്യം അച്ചടിച്ചത് ദ് വയർ എന്ന പ്രസിദ്ധീകരണത്തിലാണ്.

പരിഭാഷ : രാജീവ് ചേലനാട്ട്

पी. साईनाथ पीपल्स अर्काईव्ह ऑफ रुरल इंडिया - पारीचे संस्थापक संपादक आहेत. गेली अनेक दशकं त्यांनी ग्रामीण वार्ताहर म्हणून काम केलं आहे. 'एव्हरीबडी लव्ज अ गुड ड्राउट' (दुष्काळ आवडे सर्वांना) आणि 'द लास्ट हीरोजः फूट सोल्जर्स ऑफ इंडियन फ्रीडम' (अखेरचे शिलेदार: भारतीय स्वातंत्र्यलढ्याचं पायदळ) ही दोन लोकप्रिय पुस्तकं त्यांनी लिहिली आहेत.

यांचे इतर लिखाण साइनाथ पी.
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat