എഡിറ്ററുടെ കുറിപ്പ്: തമിഴ്‌നാട്ടിലെ ഏഴു വിളകളെക്കുറിച്ചുള്ള ‘അവര്‍ അരി കഴിക്കട്ടെ’ എന്ന പരമ്പരയിലെ ആദ്യത്തെ ലേഖനമാണിത്. രണ്ടു വര്‍ഷങ്ങള്‍കൊണ്ട് ഈ പരമ്പരയുടെ ഭാഗമായി പാരി 21 ബഹുമാദ്ധ്യമ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കും. അവ കര്‍ഷകരുടെ ജീവിതങ്ങളെ അവരുടെ വിളകളുടെ ലോകത്തിലൂടെ നോക്കിക്കാണാനായിരിക്കും ശ്രമിക്കുക. അപര്‍ണ്ണ കാര്‍ത്തികേയന്‍ തയ്യാറാക്കുന്ന ഈ പരമ്പരയ്ക്ക് ബംഗളുരുവിലെ അസിം പ്രേംജി സര്‍വ്വകലാശാല നല്‍കുന്ന ഗ്രാന്‍റിന്‍റെ സഹായമുണ്ട്.

തൂത്തുക്കുടിക്കു മുകളിൽ സ്വർണ്ണ നിറമാർന്ന്, മനോഹരമായി സൂര്യനുദിക്കുമ്പോൾ റാണി പണിസ്ഥലത്തുണ്ടാവും. നീളമുള്ള ഒരു തടി കൈക്കോട്ടുകൊണ്ട് ഏറ്റവും സാധാരണവും എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതുമായ അടുക്കള ഇനമായ ഉപ്പ് കൂട്ടിയിടുകയായിരിക്കും അവർ.

താൻ പണിയെടുത്തു കൊണ്ടിരിക്കുന്ന സമ ചതുരാകൃതിയിലുള്ള സ്ഥലത്തിന്‍റെ താഴത്തെഭാഗം ശബ്ദങ്ങൾ കേൾപ്പിച്ചുകൊണ്ട്  വടിച്ചെടുത്ത് വെളുത്ത പരലുകൾ അവർ ഒരുവശത്തേക്ക് കൂട്ടിയിടുന്നു. ഓരോ തവണയും കുറച്ചുവീതം, എന്നാൽ ബുദ്ധിമുട്ടി, കൂട്ടിയിടുമ്പോൾ പരൽക്കൂന വലുതായിക്കൊണ്ടിരിക്കുന്നു. അതനുസരിച്ച് ജോലിയും കൂടുതൽ ബുദ്ധിമുട്ടുള്ളതായി മാറുന്നു. കാരണം, ഓരോ തവണയും അങ്ങനെ ചെയ്യുമ്പോൾ ആ 60 വയസ്സുകാരി കൂനയിലേക്ക് വലിച്ചു കയറ്റുന്നത് ഈർപ്പം നിറഞ്ഞ 10 കിലോഗ്രാമിലധികം വരുന്ന ഉപ്പാണ് – അവരുടെ ശരീര ഭാരത്തിന്‍റെ നാലിലൊന്നിൽ കുറച്ച് താഴെമാത്രം.

120 x 40 അടി വലിപ്പത്തിലുള്ള സ്ഥലം പ്രഭാതത്തിലെ മഞ്ഞ നിറമുള്ള ആകാശത്തെ വെള്ളത്തിൽ പ്രതിഫലിപ്പിച്ചുകൊണ്ട് തന്‍റെ തന്നെ ചലിക്കുന്ന നിഴലാകുന്നിടം വരെ ഒരു ഇടവേളയുമില്ലാതെ അവർ ജോലി ചെയ്യുന്നു. 52 വർഷങ്ങളായി ഉപ്പിന്‍റെ ഈ ലോകം അവരുടെ തൊഴിലിടമാണ് - അവർക്കു മുൻപ് അവരുടെ അച്ഛന്‍റെയും നിലവിൽ മകന്റേതു കൂടിയാണിത്. ഇവിടെ വച്ചാണ് എസ്. റാണി അവരുടെ കഥ എന്നോടു പറയുന്നത് - തെക്കൻ തമിഴ്‌നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ 25,000 ഏക്കറുകൾ വരുന്ന ഉപ്പളങ്ങളുടെയും.

മാർച്ച് മുതൽ ഒക്ടോബർ മദ്ധ്യംവരെയുള്ള സമയം ചൂടുള്ളതും വരണ്ടതുമായതിനാൽ ഈ തീരദേശ ജില്ല ഉപ്പ് ഉത്പാദിപ്പിക്കാൻ പൂർണ്ണമായും യോജിക്കുന്നതാണ്. ഈ സമയത്ത് 6 മാസത്തിലധികം തുടർച്ചയായ ഉത്പാദനം ഉറപ്പാക്കാൻ പറ്റുന്നുണ്ട്. തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ ഉത്പാദനം നടക്കുന്നതിവിടെയാണ്. രാജ്യത്താകെ ഉത്പാദിപ്പിക്കുന്നതിന്‍റെ 11 ശതമാനമായ 2.4 ദശലക്ഷം ടൺ സംസ്ഥാനത്താണ് ഉത്പാദിപ്പിക്കുന്നത്. എന്നിരിക്കിലും ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഗുജറാത്തിലാണ്. രാജ്യത്താകെ ഉത്പാദിപ്പിക്കുന്ന 22 ദശലക്ഷം ടണ്ണിന്‍റെ 76 ശതമാനമായ 16 ദശലക്ഷo ടണ്ണാണ് അവിടെ ഉത്പാദിപ്പിക്കുന്നത്. 1974-ൽ രാജ്യം ഉത്പാദിപ്പിച്ച 1.9 എം.റ്റി. യിൽ നിന്നും വലിയൊരു മുന്നേറ്റമാണ് ഈ ദേശീയ കണക്ക്.

അത് 2021 സെപ്തംബർ പകുതിയായിരുന്നു. തൂത്തുക്കുടിയിലെ രാജ പാണ്ടി നഗറിനടുത്തുള്ള ഉപ്പളം പാരി ആദ്യമായി സന്ദർശിക്കുകയായിരുന്നു. റാണിയും സഹതൊഴിലാളികളും വയ്കുന്നേരം ഞങ്ങളോട് സംസാരിക്കാൻ ഒരു വേപ്പ് മരത്തിൻ കീഴിൽ വട്ടത്തിലിട്ടിരുന്ന കസേരകളിലിരുന്നു. അവരുടെ വീടുകളിൽ ചിലത് ഇഷ്ടികകൾകൊണ്ട് ഭിത്തികൾ തീർത്തതും ആസ്ബറ്റോസ് മേൽക്കൂരയുള്ളതുമായിരുന്നു. മറ്റു ചിലത് സാധാരണ മേച്ചിൽ താഴെവീണ കുടിലുകളായിരുന്നു. ഉപ്പളങ്ങൾ അഥവാ ഉപ്പ് നിർമ്മിക്കുന്ന സ്ഥലങ്ങൾ - തലമുറകളായുള്ള അവരുടെ തൊഴിലിടം - റോഡിനക്കരെയായിരുന്നു. സംഭാഷണം തുടങ്ങിയപ്പോൾ വെളിച്ചം മങ്ങാൻ തുടങ്ങിയിരുന്നു. സംഭാഷണം ഒരു ക്ലാസ്സായി മാറി – ദ്രുതഗതിയിലുള്ള ഒരു വിദ്യാഭാസം – സാങ്കേതികമായി പറഞ്ഞാൽ സോഡിയം ക്ലോറൈഡ് (NaCl) ഉത്പാദിപ്പിക്കുന്നതിനുള്ള സങ്കീർണ്ണമായ പ്രക്രിയയെക്കുറിച്ചുള്ളത്.

At dawn, Thoothukudi's salt pan workers walk to their workplace, and get ready for the long hard hours ahead (Rani is on the extreme right in a brown shirt)
PHOTO • M. Palani Kumar
At dawn, Thoothukudi's salt pan workers walk to their workplace, and get ready for the long hard hours ahead (Rani is on the extreme right in a brown shirt)
PHOTO • M. Palani Kumar

പ്രഭാതത്തിൽ തൂത്തുക്കുടിയിലെ ഉപ്പള തൊഴിലാളികൾ അവരുടെ ജോലി സ്ഥലത്തേക്ക് നടക്കുന്നു. പിന്നീട് , നീണ്ട കഠിനമായ മണിക്കൂറുകൾ ജോലി ചെയ്യാൻ തയ്യാറെടുക്കുകയും ചെയ്യുന്നു ( തവിട്ട് ഷർട്ട് ധരിച്ച് ഏറ്റവും വലതു വശത്ത് നിൽക്കുന്നതാണ് റാണി )

തൂത്തുക്കുടിയിലെ ഈ ‘വിളവ്’ മണ്ണിനടിയിലെ ഉപ്പുവെള്ളത്തിൽ നിന്നാണ് ഉണ്ടാക്കുന്നത്. അവിടെയാണ് ഉപ്പ് കൂടുതലായി അടങ്ങിയിരിക്കുന്നത് – കടൽ ജലത്തേക്കാൾ ഉപ്പ് നിറഞ്ഞതുമാണത്. കുഴൽക്കിണറിലൂടെയാണ് ഇത് പമ്പ് ചെയ്ത് എടുക്കുന്നത്. റാണിയും സുഹൃത്തുക്കളും പണി ചെയ്യുന്ന 85 ഏക്കർ ഉപ്പളത്തിൽ 7 കുഴൽക്കിണറുകളിൽ നിന്നായി നാലിഞ്ച് കനത്തിൽ സ്ഥലത്ത് വെള്ളം നിറയ്ക്കുന്നു. (ഒരോ ഏക്കറും ഏകദേശം 9 ഇടങ്ങളായി വിഭജിക്കുകയും ഏകദേശം 4 ലക്ഷം ലിറ്റർ ജലം ഉൾക്കൊള്ളുകയും ചെയ്യുന്നു. അതായത് 40 വലിയ 10,000 ലിറ്റർ ജല ടാങ്കറുകൾ വഹിക്കുന്നത്രയും.)

തന്‍റെ 56 വയസ്സിന്‍റെ ഭൂരിഭാഗവും ഉപ്പ് ജോലിക്കാരനായി ചിലവഴിച്ച ബി. ആന്തണി സാമിയേക്കാൾ നന്നായി ഉപ്പളത്തിന്‍റെ രൂപഘടന മനസ്സിലാക്കാനും വിശദീകരിക്കാനും കുറച്ചു പേർക്കെ കഴിയൂ. വിവിധ ഉപ്പളങ്ങളിൽ ജലനിരപ്പ് നിയന്ത്രിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ജോലി. സാമി ഉപ്പളങ്ങളെ ആൺപാത്തികൾ, പെൺപാത്തികൾ എന്നിങ്ങനെ വർഗ്ഗീകരിക്കുന്നു. ആൺപാത്തികൾ ‘ബാഷ്പീകരണോപാധികൾ’ അല്ലെങ്കിൽ വെറും കൃത്രിമ ഉപ്പളങ്ങളായി പ്രവർത്തിക്കുന്നു. അവിടെ വെള്ളം കൃത്രിമമായാണ് ഉണക്കുന്നത്. പെൺപാത്തികളാണ് ഉപ്പ് പരലുകൾക്ക് രൂപം നൽകിക്കൊണ്ട് ഉപ്പ് ഉണ്ടാക്കുന്നത്.

“ഉപ്പുവെള്ളം പമ്പ് ചെയ്തെടുത്ത് ആദ്യം ബാഷ്പീകരണോപാധികൾ നിറയ്ക്കുന്നു”, അദ്ദേഹം പറഞ്ഞു.

പിന്നെയദ്ദേഹം എല്ലാം സാങ്കേതികമായാണ് വിശദീകരിച്ചത്”.

ദ്രാവകങ്ങളുടെ വിശിഷ്ട ഗുരുത്വം (Specific Gravity) അളക്കുന്ന ഒരു ബോമെ ഹൈഡ്രോമീറ്ററിന്‍റെ (Baume Hydrometer) സഹായത്താൽ ഡിഗ്രി തോതിലാണ് ലവണത്വം അളക്കുന്നത്. സ്വേദീകരിച്ച ജലത്തിന്‍റെ 'ബോമെ ഡിഗ്രി’ പൂജ്യമാണ്. കടൽ ജലത്തിന് ഇത് 2 മുതൽ മൂന്ന് ഡിഗ്രി വരെയാണ്. കുഴൽക്കിണർ ജലം 5 മുതൽ 10 ഡിഗ്രി വരെയാകാം. ഉപ്പ് രൂപപ്പെടുന്നത് 24 ഡിഗ്രിയിലാണ്. "ജലം ബാഷ്പീകരിച്ച് ലവണത്വം വർദ്ധിക്കുന്നതോടെ അതിനെ പരൽവൽക്കരിക്കുന്ന സംവിധാനത്തിലേക്ക് അയയ്ക്കുന്നു ", സാമി പറഞ്ഞു.

The salinity is measured in degrees by a Baume hydrometer.
PHOTO • M. Palani Kumar
Carrying headloads from the varappu
PHOTO • M. Palani Kumar

ഇടത് : ഒരു ബോമെ ഹൈഡ്രോമീറ്ററിന്‍റെ (Baume Hydrometer) സഹായത്താൽ ഡിഗ്രി തോതിലാണ് ലവണത്വം അളക്കുന്നത്. വലത്: വരമ്പിൽനിന്നും തലച്ചുമടുകൾ കൊണ്ടു പോകുന്നു

അടുത്ത രണ്ടാഴ്ചകളിൽ ഇവിടുത്തെ സ്ത്രീകൾ  അസാധാരണമാംവിധം വലിപ്പമുള്ള വലിയ ഇരുമ്പ് വാരുകോലുകൾ തങ്ങളുടെ പിന്നിലൂടെ വലിച്ചുകൊണ്ട് എല്ലാ ദിവസവും രാവിലെ വെള്ളം ഇളക്കുന്നു. ഒരുദിവസം അവരിത് നീളത്തിൽ ഇളക്കുന്നു. അടുത്ത ദിവസം വീതിയിൽ ഇളക്കുന്നു. അതിനാൽ ഉപ്പ് പരലുകൾ കട്ട പിടിച്ചുറക്കില്ല, അഥവാ ഉപ്പളത്തിന്‍റെ അടിയിൽ പാളിയായി രൂപപ്പെടില്ല. ഏകദേശം 15 ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം സ്ത്രീകളും പുരുഷന്മാരും വലിയ തടി കൈക്കോട്ട് കൊണ്ട് ഉപ്പ് കൂട്ടിയിടുന്നു. അടുത്തതായി അവരിത് വരമ്പിൽ - ഉപ്പളങ്ങൾക്കിടയിലെ ഉയർത്തികെട്ടിയ പാത - ശേഖരിക്കുന്നു.

പിന്നീടാണ് യഥാർത്ഥത്തിൽ ഭാരമേറിയ ചുമട് വരുന്നത്: സ്ത്രീകളും പുരുഷൻമാരും വരമ്പിൽ നിന്നും തലച്ചുമുടായി ഉയർന്ന പ്രതലത്തിലേക്ക് അവ നീക്കുന്നു. ഓരോ ആൾക്കും വരമ്പിൽ ഒരു നിശ്ചിത സ്ഥലം വീതം നൽകുന്നു. അവിടെനിന്നും അവർ വലിയ അളവിൽ അവ, ഓരോ ദിവസവും 5-7 ടൺ ഉപ്പ് വരെ, തലച്ചുമടായി എടുക്കുന്നു. അതിനർത്ഥം ഒരു ദിവസം 150-ലധികം സ്ഥലങ്ങളിൽ നിന്ന് 35 കിലോഗ്രാം വരെ ഭാരം 150 മുതൽ 250 അടി വരെ ദൂരേക്ക് തലച്ചുമടായി നീക്കുന്നു എന്നാണ്. നിക്ഷേപിക്കുന്ന സ്ഥലത്തേക്ക് പലതവണയായി തലച്ചുമട് എത്തിക്കുമ്പോൾ അവിടുണ്ടാകുന്ന ചെറിയ കൂന വളരെ വേഗം വലിയൊരു മല പോലെയാകുന്നു. കടുത്ത വെയിലിൽ ഉപ്പ് (ഈ ചൂട് പിടിച്ച തവിട്ട് ഭൂമിയിലെ നിധി) വജ്റം പോലെ തിളങ്ങുന്നു.

*****

ഒരു പ്രണയിതാവിന്‍റെ പിണക്കം ഭക്ഷണത്തിന് ഉപ്പ് പോലെയാണ്. അത് കൂടുതലാകുന്നത് നന്നല്ല.

തിരുക്കുറലിൽ നിന്നുള്ള ഒരു ഈരടിക്ക് ചെന്തിൽ നാഥൻ നടത്തിയ പരിഭാഷയാണ് (പരാവർത്തനവും) ഇത്. ഇത് തമിഴ് കവിവര്യനായ തിരുവള്ളുവരുടെ തിരുക്കുറലിലെ 1,330 ഈരടികളിൽ ഒന്നാണ് . അദ്ദേഹം ബി.സി.ഇ. 4-ാം നൂറ്റാണ്ടു മുതൽ സി.ഇ. 5-ാം നൂറ്റാണ്ടുവരെയുള്ള കാലത്തിനിടയിൽ ജീവിച്ചിരുന്നുവെന്ന് വിവിധ ചരിത്രകാരന്മാർ വിശ്വസിക്കുന്നു.

ലളിതമായി പറഞ്ഞാൽ: ഉപ്പ് ഒരു ഉപമയും രൂപകവുമെന്ന നിലയിൽ രണ്ട് സഹസ്രാബ്ദങ്ങൾക്കു മുൻപ് തമിഴ് സാഹിത്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു പക്ഷെ അതിനും മുമ്പെ ഇപ്പോഴത്തെ തമിഴ്‌നാടിന്‍റെ തീരപ്രദേശങ്ങളിൽ ഉണ്ടാക്കിയിരിക്കണം.

2,000 വർഷം മുമ്പുള്ള സംഘകാലഘട്ടത്തിലെ ഉപ്പ് കൈമാറ്റത്തെപ്പറ്റി പരാമർശിക്കുന്ന ഒരു കവിത യും ചെന്തിൽ നാഥൻ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. എന്നിരിക്കിലും പ്രണയിതാക്കളെ കേന്ദ്രീകരിച്ച ഒരു വാക്കിലാണ് പരാമർശം കടന്നുവരുന്നത്.

ഭീക സ്രാവുകളെ വേട്ടയാടുന്നതിനിടയിലുണ്ടായ
മുറിവ് ഭേദമായ എന്‍റെ അച്ഛൻ
നീലക്കടലിലേക്ക് തിരിച്ചു പോയിരിക്കുന്നു.
എന്‍റെയമ്മ , അരികൊടുത്ത് ഉപ്പ് വാങ്ങാൻ
ഉപ്പളങ്ങളിലേക്ക് പോയിരിക്കുന്നു.
തണുത്ത നീണ്ട തീരത്തെ മനുഷ്യനോടു പോയി പറയുന്നതിനായി
ദീർഘ ദൂരവും മടുപ്പിക്കുന്ന നടപ്പും പ്രശ്നമാക്കാത്ത ഒരു സുഹൃത്തുണ്ടായിരിക്കുക
നല്ലതാണെന്നെനിക്ക് തോന്നുന്നു ,
അയാൾക്കെന്നെ കാണണമെന്നുണ്ടെങ്കിൽ ഇതാണ് വരാൻ പറ്റിയ സമയം.

PHOTO • M. Palani Kumar

വലിയൊരു തടികൈക്കോട്ട് കൊണ്ട് റാണി ഏറ്റവും സാധാരണവും , എന്നാൽ ഏറ്റവും പ്രധാനപ്പെട്ട തു മായ അടുക്കള ഇനം ഉപ്പ് - കൂട്ടിയിടുന്നു

ഉപ്പിനെക്കുറിച്ചുള്ള പറച്ചിലുകൾ സന്തോഷകരമായി തപ്പിനടക്കാൻ പറ്റിയ ഇടങ്ങളാണ് നാടോടിക്കഥകളും പഴഞ്ചൊല്ലുകളും. റാണി ഒരുകാര്യം എന്നോടു പറഞ്ഞു, പ്രശസ്തമായ ഒരു തമിഴ് പഴമൊഴി ഉപ്പില്ലാ പണ്ടം കുപ്പയിലേ : ഉപ്പില്ലാത്ത ഭക്ഷണം, അക്ഷരാർത്ഥത്തിൽ, കൊള്ളില്ല. അവരുടെ സമുദായത്തിൽ ഉപ്പിനെ ലക്ഷ്മിയായി – ഹിന്ദു ദേവ ഗണങ്ങളിലെ സമ്പത്തിന്‍റെ ദേവത - പരിഗണിക്കുന്നു. "ആരെങ്കിലും വീടു മാറുകയാണെങ്കിൽ ഞങ്ങളവരുടെ പുതിയ വീട്ടിലേക്ക് ഉപ്പും മഞ്ഞളും വെള്ളവും കൊണ്ടുപോയി വയ്ക്കുന്നു. ഇത് മംഗള സൂചകമാണ്”, റാണി പറഞ്ഞു.

ജനകീയ സംസ്കാരത്തിൽ ഉപ്പ് വിശ്വസ്തതയെ സൂചിപ്പിക്കുന്നു. എഴുത്തുകാരനായ ശിവസുബ്രഹ്മണ്യൻ നിരീക്ഷിക്കുന്നതുപോലെ: ‘ശമ്പളം’ എന്ന പദത്തിനു തുല്യമായ തമിഴ് പദം സമ്പളം എന്നാണ് – സമ്പ (നെല്ലിനെ കുറിക്കുന്ന പദം), ഉപ്പു അളം (ഉപ്പുണ്ടാക്കുന്ന സ്ഥലം) എന്നിവ ചേർന്നുണ്ടായ പദമാണിത്. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഉപ്പിട്ടവരൈ ഉള്ളളവും നെനൈ എന്ന ഒരു തമിഴ് പഴമൊഴി അദ്ദേഹം തന്‍റെ ശ്രദ്ധേയമായ ഉപ്പിട്ടവരൈ എന്ന പുസ്തകത്തിൽ (തമിഴ് സംസ്കാരത്തിൽ ഉപ്പ് എന്ന വിഷയത്തെക്കുറിച്ചുള്ള ഒരു മോണോഗ്രാഫ്) ചൂണ്ടിക്കാട്ടുന്നു. ഈ പഴമൊഴി ആത്യന്തികമായി ആവശ്യപ്പെടുന്നത് നിങ്ങളുടെ ഭക്ഷണത്തിൽ ഉപ്പ്ചേർത്ത വ്യക്തിയെ ഓർമ്മിക്കണമെന്നാണ്. അതായത് തൊഴിൽ ദാതാവിനെ ഓർമ്മിക്കണമെന്ന്.

മാർക് കുർലൻസ്കി തന്‍റെ ശ്രദ്ധേയമായ സാൾട്ട് : എ വേൾഡ് ഹിസ്റ്ററി എന്ന പുസ്തകത്തിൽ പറയുന്നതുപോലെ "വ്യാപാരത്തിനുള്ള ആദ്യ അന്താരാഷ്ട്ര ചരക്കുകളിലൊന്ന്; ആദ്യ വ്യവസായങ്ങളിലൊന്ന് ഇതിന്‍റെ ഉത്പാദനമായിരുന്നു, അനിവാര്യമാം വിധം ഭരണകൂടത്തിന്‍റെ ആദ്യ കുത്തകയും.”

ബ്രിട്ടീഷ് ഭരണകൂടം ഉപ്പിനുമേൽ ഏർപ്പെടുത്തിയ മർദ്ദക നികുതി ലംഘിച്ചുകൊണ്ട് അവ ശേഖരിക്കാനായി 1930 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഗുജറാത്തിലെ ദണ്ഡിയിലെ ഉപ്പളങ്ങളിലേക്ക് മഹാത്മാ ഗാന്ധി ജാഥ നടത്തിയപ്പോൾ ഈ ദൈനംദിന ചേരുവ ഇന്ത്യാ ചരിത്രത്തിന്‍റെ ഗതിതന്നെ മാറ്റാൻ സഹായകമായി. അതേ ഏപ്രിൽ അവസാനം അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ലെഫ്റ്റനന്‍റായ സി. രാജഗോപാലാചാരി തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ നിന്നും വേദാരണ്യത്തിലേക്ക് ഉപ്പ് സത്യാഗ്രഹം നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരദ്ധ്യായമായി ദണ്ഡി യാത്ര നിലനിൽക്കുന്നു.

*****

കഠിനമായ ജോലിക്ക് വളരെ കുറഞ്ഞ വേതനം
ആന്തണി സാമി , ഉപ്പള തൊഴിലാളി

റാണിയുടെ ആദ്യത്തെ ശമ്പളം ഒരുദിവസം 1.25 രൂപയായിരുന്നു. അത് 52 വർഷങ്ങൾക്ക് മുൻപായിരുന്നു - അവർക്ക് 8 വയസ്സുള്ളപ്പോൾ നീളൻ പാവാടയും ധരിച്ച് ഉപ്പളങ്ങളിൽ പണിയെടുത്ത സമയത്ത്. ആന്തണി സാമിയും അദ്ദേഹത്തിന്‍റെ ആദ്യദിവസം ഓർക്കുന്നു: 1.75 രൂപയായിരുന്നു അദ്ദേഹത്തിന് ലഭിച്ച കൂലി. വർഷങ്ങൾ കഴിഞ്ഞപ്പോൾ അത് 21 രൂപയായി. ഇന്ന് ദശകങ്ങൾ നീണ്ട തൊഴിൽ സമരങ്ങൾക്കു ശേഷം സ്ത്രീകൾക്ക് 395 രൂപയായും പുരുഷന്മാർക്ക് 405 രൂപയായും ദിവസവേതനം ഉയർത്തിയിരിക്കുന്നു. ഇത് “കഠിനമായ ജോലിക്ക് വളരെ കുറഞ്ഞ വേതനം” ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വീഡിയോ : ഭൂമിയുടെ ഉപ്പ്

നേരം ആയിട്ടു (താമസിക്കുന്നു), റാണിയുടെ മകൻ കുമാർ, അടുത്ത ദിവസം രാവിലെ 6 മണിക്ക്, തൂത്തുക്കുടിയിലെ വ്യതിരിക്തമായ തമിഴ് ശൈലിയിൽ വിളിച്ചു പറഞ്ഞു. ഞങ്ങൾ നേരത്തെതന്നെ ഉപ്പളത്തിലായിരുന്നു. ജോലിക്കിറങ്ങാൻ താമസിക്കുന്നതിൽ അദ്ദേഹം ആശങ്കപ്പെടുന്നു. അകലെനിന്ന് നോക്കുമ്പോൾ ഉപ്പളങ്ങൾ ചിത്രങ്ങൾ പോലെ തോന്നും – ആകാശം ചുവന്നും ഊതനിറത്തിലും സ്വർണ്ണ നിറത്തിലും കാണപ്പെടുന്നു; തൊട്ടിയിലെ വെള്ളം തിളങ്ങുന്നു; സൗമ്യമായ കാറ്റ്, അകലെയുള്ള ഫാക്ടറികൾ പോലും സൗമ്യമായി തോന്നുന്നു. മനോഹരമായ ഒരു ഭൂപ്രകൃതി. എന്നാൽ, ഇതെത്ര ഭീകരമാണെന്ന് അരമണിക്കൂറിനുള്ളിൽ എനിക്കു മനസ്സിലാകും – അവിടെ നിങ്ങൾ ജോലി ചെയ്യുമ്പോൾ.

ഉപ്പളത്തിന്‍റെ മദ്ധ്യഭാഗത്ത്, നിലവിൽ ഉപേക്ഷിക്കപ്പെട്ട പഴയ ഷെഡിനോട് ചേർന്ന് സ്ത്രീകളും പുരുഷന്മാരും ഒരുങ്ങുന്നു. സ്ത്രീകൾ അവരുടെ സാരിയുടെ പുറമെ ഷർട്ട് ധരിക്കുന്നു. ഭാരമുള്ള തലച്ചുമട് താങ്ങുന്നതിനായി തലയിൽ പരുത്തി തുണി കൊണ്ടുള്ള ചുമ്മാട് വയ്ക്കുന്നു. പിന്നീട് അലൂമിനിയം ചട്ടികൾ, ബക്കറ്റുകൾ, വെള്ളക്കുപ്പികൾ, ഭക്ഷണം (ഒരു സ്റ്റീൽ തൂക്കിനകത്ത് പഴങ്കഞ്ഞി) എന്നിവയൊക്കെ ചേർന്ന തങ്ങളുടെ സാധനങ്ങളും തൊഴിലാളികൾ എടുക്കുന്നു. “ഇന്ന് ഞങ്ങൾ വടക്കോട്ട് പോകുന്നു”, തന്‍റെ ഇടതു വശത്തേക്ക് ചൂണ്ടിക്കാട്ടി കുമാർ പറഞ്ഞു. അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ തീർക്കേണ്ട ഉപ്പളങ്ങളുടെ രണ്ടു നിരകളിലേക്ക് അദ്ദേഹത്തെ പിന്തുടർന്ന് ഒരു സംഘം എത്തുകയായിരുന്നു.

പെട്ടെന്ന് അവർ ജോലിക്ക് തയ്യാറാവുന്നു. സ്ത്രീകളും പുരുഷന്മാരും അവരുടെ വസ്ത്രങ്ങൾ - സാരികളും, പെറ്റിക്കോട്ടുകളും, മുണ്ടുകളും - മുട്ടിന്റെ ഭാഗത്തേക്ക് മടക്കുന്നു. രണ്ടടിയുള്ള വെളളമൊഴുക്ക് കടന്ന് - പനമരം കൊണ്ടുള്ള പാലത്തിന്നു മുകളിലൂടെ - അവർ ഒരു ബക്കറ്റുപയോഗിച്ച് ചട്ടിയിലേക്ക് ഉപ്പ് ഇടുന്നു. ചട്ടികൾ നിറഞ്ഞു കഴിഞ്ഞാൽ അവരതുയർത്തി ഓരോരുത്തരുടെയും തലയിൽ വയ്ക്കുന്നു. പിന്നെ, വലിച്ചു കെട്ടിയ കയറിൽ നടക്കുന്ന വിദഗ്ദരിൽ നിന്നു വ്യത്യസ്തരായി, ഇരുവശത്തും വെള്ളമുള്ള ഇടുങ്ങിയ പാതയിലൂടെ തലയിൽ 35 കിലോ വീതമുള്ള ഉപ്പിന്‍റെ ചുമടുമായി അവർ കയറിയിറങ്ങുന്നു – പനന്തടി പാലത്തിൽ കയറി ഒന്ന്, രണ്ട്, മൂന്ന്... ആറ് കാൽവയ്പുകൾ.

ഓരോ യാത്രയുടെയും അവസാനം മനോഹരമായ ഒരു ചലനത്തോടെ അവർ ചട്ടികൾ മണ്ണിലേക്കിടുന്നു, ഉപ്പ് വെളുത്ത മഴ പോലെ വീഴുന്നു, കൂടുതൽ ശേഖരിക്കാനായി അവർ തിരികെ പോകുന്നു. വീണ്ടും വീണ്ടും, അവരോരോരുത്തരും അതുതന്നെ ചെയ്യുന്നു, 150 അല്ലെങ്കിൽ 200 തവണ, ഉപ്പ്കൂന 10 അടി ഉയരവും 15 വിസ്താരവുമുള്ള ഒരു മലയാകുന്നതുവരെ. ഈ കൂന കടലിന്‍റെയും സൂര്യന്‍റെയും ദാനമാണ് – റാണിയുടേയും അവരുടെ ആളുകളുടെയും വിയർപ്പെന്ന നിലയിൽ.

ഉപ്പളത്തിന്‍റെ മറ്റൊരുവശത്ത് 53 കാരിയായ ഝാൻസി റാണിയും ആന്തണി സാമിയും തിരക്കിട്ട ജോലിയായിരുന്നു. അവർ വാരുകോൽ ഉപയോഗിച്ച് അത് ഇളക്കുന്നു, അദ്ദേഹം കൈക്കോട്ട് ഉപയോഗിച്ച് അവ കൂട്ടിയിടുന്നു. വെള്ളം കളകളാരവത്തോടെ ഒഴുകുന്നു, ഉപ്പ് പൊടിയുന്നു. പകൽ കൂടുതൽ ചൂടാകുന്നു, നിഴലുകൾ കൂടുതൽ ഇരുണ്ടതാകുന്നു, പക്ഷെ ആരും നിർത്തുന്നില്ല – നടുവ് നിവർക്കാനോ ശ്വാസം വിടാനോ പോലും. ആന്തണിയിൽ നിന്നും ഒരു കൈക്കോട്ട് വാങ്ങി, ഉയർത്തിയ സ്ഥലത്തേക്ക് ഉപ്പ് നീക്കാൻ ഞാൻ ശ്രമിച്ചു. അതൊരു കഠിനമായ ജോലിയായിരുന്നു. അഞ്ചുതവണ ചെയ്തതിനുശേഷം എന്‍റെ തോളുകളും നടുവും വേദനിക്കാൻ തുടങ്ങി. എന്‍റെ കണ്ണുകളിൽ വിയർപ്പ് നിറഞ്ഞു.

PHOTO • M. Palani Kumar

ഉപ്പളത്തിന്‍റെ മറ്റൊരുവശത്ത് 53 കാരിയായ ഝാൻസി റാണിയും ആന്തണി സാമിയും തിരക്കിട്ട ജോലിയായിരുന്നു. അവർ വാരുകോൽ ഉപയോഗിച്ച് അത് ഇളക്കുന്നു, അദ്ദേഹം കൈക്കോട്ട് ഉപയോഗിച്ച് അവ കൂട്ടിയിടുന്നു

ആന്തണി ശാന്തമായി കൈക്കോട്ട് പിന്നോട്ടെടുത്തു കൊണ്ട് ഉപ്പ് നീക്കുന്നു. ഞാൻ റാണിയുടെ ഉപ്പളത്തിലേക്ക് കടന്നു. അവർ അവസാനത്തേത് പൂർത്തിയാക്കുകയായിരുന്നു. അവരുടെ പേശികൾ വീണ്ടും വീണ്ടും ദൃഢമായി, വലിഞ്ഞു – ഉപ്പു മുഴുവൻ അവരെ പിന്തുടർന്നു ഒരു വശത്തേക്ക് എത്തുന്നതുവരെ. ഉപ്പളം നഗ്നമായി തവിട്ടുനിറത്തിൽ അവശേഷിച്ചു - പുതുതായി വെള്ളം നിറയ്ക്കപ്പെടുന്നതിനു വേണ്ടി, ഉപ്പ് മറ്റൊരു തവണകൂടി ഉണ്ടാക്കുന്നതിനുവേണ്ടി.

തന്‍റെ കൈയിലുള്ള കൈക്കോട്ട് കൊണ്ട് നിരപ്പല്ലാത്ത കൂന ഒരിക്കൽക്കൂടി അവർ നിരപ്പാക്കി. റാണി എന്നെ അവരുടെ കൂടെ ഇരിക്കാൻ ക്ഷണിച്ചു. അങ്ങനെ ഞങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന വെളുത്ത കൂനയുടെ സമീപത്തിരുന്ന് വളരെയകലെക്കൂടി കടന്നുപോയ ഒരു ചരക്കു തീവണ്ടി വീക്ഷിച്ചു.

"ഇവിടെയെത്തി ഉപ്പളങ്ങളിൽ നിന്ന് ഉപ്പ് ശേഖരിക്കുന്ന ചരക്ക് തീവണ്ടികൾ ഒരിക്കൽ ഉണ്ടായിരുന്നു”, വിരലുകളുപയോഗിച്ച് അന്തരീക്ഷത്തിൽ അത് കാണിച്ചുകൊണ്ട് റാണി പറഞ്ഞു. "കുറച്ച് ചുമടുകൾ അവർ പാതയിൽ ഇട്ടിട്ടു പോവുകയും പിന്നീട് എഞ്ചിൻ വന്ന് അവ ശേഖരിക്കുകയും ചെയ്യുമായിരുന്നു.” അവർ കാളവണ്ടികളേയും കുതിരവണ്ടികളേയും ഒരിക്കൽ ഉപ്പു ഫാക്ടറികൾ പ്രവർത്തിച്ചിരുന്ന ഷെഡുകളേയും കുറിച്ച് പറഞ്ഞു. ഇപ്പോൾ അവിടെ സൂര്യനും ഉപ്പും ജോലിയും മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും അവർ പറഞ്ഞു. പിന്നീടവർ തന്‍റെ അരക്കെട്ടിൽ നിന്നും ചരടുകൊണ്ട് വലിച്ചു മുറുക്കാവുന്ന മടിശ്ശീല പുറത്തെടുത്തു – അതിൽ രണ്ടു രൂപയുടെ ഒരു ചെറിയ അമൃതാഞ്ജനും ഒരു വിക്സ് ഇൻഹേലറും ഉണ്ടായിരുന്നു. "ഇതാണ് [പ്രമേഹത്തിനുള്ള ഗുളികകളും] എന്നെ മുന്നോട്ടുനയിക്കുന്നത്”, അവർ പുഞ്ചിരിച്ചു.

*****

ഒരു ദിവസം മഴ പെയ്താൽ ഒരാഴ്ച ഞങ്ങൾക്ക് ജോലിയില്ല
– തൂത്തുക്കുടിയിലെ ഉപ്പള തൊഴിലാളികൾ

കാലത്തിനനുസരിച്ച് ജോലിസമയവും മാറിയിട്ടുണ്ട്. രാവിലെ 8 മണി മുതൽ രാത്രി 5 മണി വരെയുള്ള പരമ്പരാഗത സമയത്തിൽ നിന്നും (ഒരു മണിക്കൂർ നീണ്ട ഉച്ചഭക്ഷണ ഇടവേള ഉൾപ്പെടെ) വ്യത്യസ്തമായി ചില സംഘങ്ങൾ രാവിലെ 2 മണി മുതൽ 8 മണി വരെയുള്ള സമയത്തും, മറ്റു ചിലർ രാവില 5 മണി മുതൽ 11 മണി വരെയുള്ള സമയത്തും ജോലി ചെയ്യുന്നു. ഇവയൊക്കെയാണ് ഒരുപാട് ജോലികൾ ചെയ്യാനുള്ളപ്പോഴുള്ള ഷിഫ്റ്റുകൾ. ഈ ജോലി സമയം കഴിഞ്ഞാലും മറ്റുചില ജോലികൾ കൂടി ചെയ്യേണ്ടതുണ്ട്. കുറച്ചു തൊഴിലാളികൾ ഇവ ചെയ്യാനായി നിൽക്കുന്നു.

"രാവിലെ 10 മണി കഴിഞ്ഞ് ഇവിടെ നിൽക്കുമ്പോൾ ഭയങ്കര ചൂടാണ്”, ആന്തണി സാമി പറഞ്ഞു. ഊഷ്മാവിന്‍റെയും കാലാവസ്ഥയുടെയും ക്രമംതെറ്റിയ മാറ്റങ്ങൾക്ക് അദ്ദേഹം നേരിട്ട് സാക്ഷ്യം വഹിക്കുകയും അവ അദ്ദേഹം നേരിട്ട് അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. ആഗോളതാപനത്തെക്കുറിച്ചുള്ള ന്യൂയോർക്ക് ടൈംസിന്‍റെ ഇന്ററാക്റ്റീവ് പോർട്ടലിൽ നിന്നുള്ള വിവരങ്ങൾ കാലാവസ്ഥ എങ്ങനെ മാറി എന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ നിരീക്ഷണങ്ങൾ സ്ഥിരീകരിക്കുന്നു.

For two weeks, the women drag behind them a very heavy iron rake with which they stir the water every morning. After about 15 days, both men and women gather the salt using a huge wooden paddle
PHOTO • M. Palani Kumar
For two weeks, the women drag behind them a very heavy iron rake with which they stir the water every morning. After about 15 days, both men and women gather the salt using a huge wooden paddle
PHOTO • M. Palani Kumar

അടുത്ത രണ്ടാഴ്ചകളിൽ ഇവിടുത്തെ സ്ത്രീകൾ അസാധാരണമാംവിധം വലിപ്പമുള്ള വലിയ ഇരുമ്പ് വാരുകോലുകൾ പിന്നിലൂടെ വലിച്ചുകൊണ്ട് എല്ലാ ദിവസവും രാവിലെ വെള്ളം ഇളക്കുന്നു . ഏകദേശം 15 ദിവസങ്ങൾ കഴിഞ്ഞതിനു ശേഷം സ്ത്രീകളും പുരുഷന്മാരും വലിയ തടി കൈക്കോട്ട് കൊണ്ട് ഉപ്പ് കൂട്ടിയിടുന്നു

ആന്തണി 1965-ൽ ജനിച്ചപ്പോൾ തൂത്തുക്കുടിയിൽ (അന്ന് ടുട്ടിക്കോറിൻ) ഒരുവർഷം 136 ദിവസങ്ങൾ 32 ഡിഗ്രിയിൽ കൂടുതൽ ചൂടുള്ള ദിവസങ്ങൾ പ്രതീക്ഷിക്കാമായിരുന്നു. വിവരങ്ങളനുസരിച്ച് ഇപ്പോഴത് ഒരു വര്‍ഷത്തില്‍ 258 ദിവസങ്ങള്‍ ആണ്. ഇത് അദ്ദേഹത്തിന്‍റെ ജീവിതകാലഘട്ടത്തിൽ തന്നെ ചൂടുള്ള ദിവസങ്ങൾ 90 ശതമാനം വർദ്ധിച്ചതായാണ് കാണിക്കുന്നത്.

അതോടൊപ്പം കാലം തെറ്റിയ മഴയും വർദ്ധിച്ചിരിക്കുന്നു.

“ഒരു ദിവസം മഴ പെയ്താൽ ഒരാഴ്ച ഞങ്ങൾക്ക് ജോലിയില്ല” തൊഴിലാളികൾ ഒരേ ശബ്ദത്തിൽ പറഞ്ഞു. ഉപ്പും അവസാദങ്ങളും ഉപ്പളം നിർമ്മിച്ചിട്ടുള്ള സാധനങ്ങളും മഴയത്ത് ഒഴുകിപ്പോകുന്നതിനെക്കുറിച്ചും ഒട്ടുംപണമില്ലാതെ വെറുതെ ഇരിക്കുന്നതിനെക്കുറിച്ചും അവർ സംസാരിച്ചു.

ക്രമരഹിതമായ അന്തരീക്ഷ വ്യതിയാനങ്ങളും കാലാവസ്ഥാ വ്യതിയാനങ്ങളും മൂലമുള്ള പ്രശ്നങ്ങൾക്കു പിന്നിൽ പ്രാദേശികമായ പരിവർത്തനങ്ങളുമുണ്ട്. തണൽ ശകലങ്ങൾ തന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റി; ഇപ്പോൾ മികച്ച ഫോട്ടോഗ്രാഫുകൾക്കു പറ്റുന്ന നഗ്നമായ നീലാകാശത്തിന് കീഴിൽ മാത്രമാണ് പണി. ഉപ്പളങ്ങളും ഇപ്പോൾ തൊഴിൽ സൗഹൃദമില്ലാത്തതായി മാറി. കാരണം “പണ്ട് ഉടമകൾ ഞങ്ങൾക്കായി വെള്ളം സൂക്ഷിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഞങ്ങൾ അവ വീട്ടിൽ നിന്നും കുപ്പിയിൽ കൊണ്ടുവരണം”, ഝാൻസി എന്നോടു പറഞ്ഞു. കക്കൂസുകളൊക്കെ എങ്ങനെയുണ്ടെന്ന് ഞാൻ ചോദിച്ചു. പരിഹാസപൂർവ്വം ചിരിച്ചുകൊണ്ട് സ്ത്രീകൾ പറഞ്ഞു, "ഉപ്പളത്തിന് പിന്നിൽ ഉള്ള സ്ഥലമാണ് ഞങ്ങൾ ഉപയോഗിക്കുന്നത്.” കാരണം അവിടെ കക്കൂസ് ഉണ്ടെങ്കിൽ അതിൽ ഉപയോഗിക്കാൻ വെള്ളമില്ല.

സ്ത്രീകൾ വീട്ടിൽ മറ്റു വെല്ലുവിളികളും നേരിടുന്നു – പ്രധാനമായും കുട്ടികളെ നോക്കുന്ന കാര്യത്തിൽ. മക്കൾ ചെറുതായിരുന്നപ്പോൾ റാണി അവരെ തന്നോടൊപ്പമെടുത്ത് പണിസ്ഥലത്ത് പോവുകയും ഷെഡ്ഡിൽ ഒരു തൊട്ടിൽ ഉണ്ടാക്കി അവരെ അതിൽ കിടത്തിയ ശേഷം ജോലി ചെയ്യുകയും ചെയ്യുമായിരുന്നു. "പക്ഷെ ഇപ്പോൾ എന്‍റെ കൊച്ചുമക്കളെ വീട്ടിൽ ആക്കിയിട്ട് വരേണ്ടിയിരിക്കുന്നു. അവർ പറയുന്നത് ഉപ്പളങ്ങൾ കുട്ടികൾക്കുള്ള സ്ഥലമല്ല എന്നാണ്.” ശരിയാണ്. പക്ഷെ അതിനർത്ഥം കുട്ടികളെ അയൽക്കാരുടെയോ ബന്ധുക്കളുടെയോ വീട്ടിൽ ആക്കേണ്ടി വരുമെന്നാണ് – അല്ലെങ്കിൽ ആരും നോക്കാനില്ലാതെ വീട്ടിലാക്കിയിട്ട് വരേണ്ടിവരും. "3 വയസ്സിനു ശേഷമേ കുട്ടികളെ നിങ്ങൾക്ക് ബാലവാടിയിലാക്കാൻ സാധിക്കൂ. ഇനി, ഏതു സാഹചര്യത്തിലായാലും അവിടുത്തെ പ്രവർത്തന സമയം (9 മണിക്ക് ശേഷം ആരംഭികുന്നത്) ഞങ്ങളുടെ സമയവുമായി യോജിക്കില്ല.”

*****

" എന്‍റെ കൈകൾ കാണൂ , മനസ്സിലാക്കൂ , അവ ആണിന്റേതുപോലെ അല്ലേ ?"
– ഉപ്പളത്തിലെ വനിതാ തൊഴിലാളികൾ

സ്ത്രീകൾ അവരുടെ ശരീരങ്ങളെക്കുറിച്ച് പറയുമ്പോൾ കൂടുതൽ ഊർജ്ജസ്വലരാണ്. കനത്ത വിലയാണ് അവർ തങ്ങളുടെ തൊഴിലിന് നൽകുന്നത്. റാണി കണ്ണുകളെക്കുറിച്ച് പറഞ്ഞു തുടങ്ങി. തിളങ്ങുന്ന വെളുത്ത പ്രദേശത്തേക്ക് സ്ഥിരമായി നോക്കിയിരിക്കുന്നത് അവരുടെ കണ്ണുകളിൽ നിന്നും വെള്ളം വരുന്നതിനും കണ്ണുകൾ വേദനിക്കുന്നതിനും കാരണമാകുന്നു. തെളിഞ്ഞ വെട്ടത്തിൽ അവരുടെ കാഴ്ചക്ക് പതർച്ചയുണ്ടാകുന്നു. "അവർ ഞങ്ങൾക്ക് ഇരുണ്ട ഗ്ലാസ്സുകൾ തന്നിരുന്നു, പക്ഷെ ഇപ്പോൾ കുറച്ചു പണമേ നൽകുന്നുള്ളൂ”, റാണി പറഞ്ഞു. ഗ്ലാസുകൾക്കും പാദരക്ഷകൾക്കുമായി പ്രതിവർഷം 300 രൂപ മാത്രം നൽകുന്നു.

PHOTO • M. Palani Kumar

വെളുത്ത ഭൂപ്രദേശത്തെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തിൽ നിന്നും കണ്ണുകളെ സംരക്ഷിക്കുന്നതിനായി ആരും കണ്ണടകൾ ധരിക്കുന്നില്ല

അടിഭാഗം പുനർ നിർമ്മിച്ചെടുത്ത - അതായത് അടിഭാഗത്ത് റബ്ബർ കഷണം തുന്നിച്ചേർത്ത - കറുത്ത കാലുറകൾ ചില സ്ത്രീകൾ ധരിക്കുന്നു. പക്ഷെ ഉപ്പുവെള്ളത്തിലുള്ള ഒരാൾ പോലും കണ്ണട ധരിക്കുന്നില്ല. "നല്ലൊരു ജോഡി വാങ്ങാൻ 1,000 രൂപയാകും, വിലകുറഞ്ഞതുകൊണ്ട് ഉപയോഗവുമില്ല, അവ കൂടുതൽ പ്രശ്നങ്ങളുമാണ്”, അവർ എല്ലാവരും എന്നോട് പറഞ്ഞു. 40 വയസ്സാകുമ്പോഴേക്കും എല്ലാവരുടെയും കാഴ്ചയ്ക്ക് കുഴപ്പമുണ്ടാകുമെന്നും അവർ ചൂണ്ടിക്കാണിച്ചു.

കൂടുതൽ സ്ത്രീകൾ റാണിയോടൊപ്പം ചേർന്നു. കഷ്ടിച്ച് മാത്രം ലഭിക്കുന്ന ഇടവേള, ഒരിക്കലും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്തത്, കടുത്ത വെയിൽ, കടുത്ത ചൂട്, തങ്ങളുടെ ശരീരത്തെ നശിപ്പിക്കുന്ന ഉപ്പുവെള്ളം എന്നിവയെക്കുറിച്ചൊക്കെ അവർ ഉറക്കെ പരാതിപ്പെട്ടു. “എന്‍റെ കൈകൾ കാണൂ, മനസ്സിലാക്കൂ, അവ ആണിന്റേതുപോലെ അല്ലേ?” അവർ ഉള്ളം കൈകളും പാദങ്ങളും വിരലുകളും എന്‍റെ നേർക്ക് നീട്ടി. പെരുവിരൽ നഖങ്ങൾ കറുത്ത് ശുഷ്കിച്ചിരുന്നു; കൈകളിൽ അരിമ്പാറ ഉണ്ടായിരുന്നു; കാലുകളിൽ അഴുക്കുകളും മുറിവുകളും ഉണ്ടായിരുന്നു; അവ ഭേദമാകാതെ ഓരോതവണ ഉപ്പുവെള്ളത്തിൽ ഇറങ്ങുമ്പോഴും നീറുമായിരുന്നു.

നമ്മുടെ ഭക്ഷണത്തെ സ്വാദിഷ്ടമാക്കുന്ന വസ്തു അവരുടെ മാംസം തിന്നുന്നു.

ശരീരത്തിനുള്ളിലെ പ്രശ്നങ്ങളെക്കുറിച്ചും – ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ, മൂത്രത്തിൽ കല്ല്, ആന്ത്രവീക്കം - അവർ പട്ടിക നിരത്തി. 29 വയസ്സുള്ള റാണിയുടെ മകൻ ദൃഢഗാത്രനും ശക്തനുമാണ്. പക്ഷെ പണി ചെയ്തുകൊണ്ടിരുന്നപ്പോൾ വലിയ ഭാരം എടുത്തത് ആന്ത്രവീക്കത്തിന് കാരണമായി. അദ്ദേഹത്തിന് ഒരു ശസ്ത്രക്രിയ നടത്തി, മൂന്ന് മാസം വിശ്രമിക്കുകയും ചെയ്തു. ഇപ്പോഴദ്ദേഹം എന്തു ചെയ്യുന്നു? "വലിയ ഭാരം ചുമക്കുന്നത് തുടരുന്നു”, മറ്റൊരു തിരഞ്ഞെടുപ്പ് അദ്ദേഹത്തിനില്ല. പട്ടണത്തിൽ വേറെ കാര്യമായൊന്നും ചെയ്യാനുമില്ല.

ഇവിടെയുള്ള ചില ചെറുപ്പക്കാർ ചെമ്മീൻ യൂണിറ്റുകളിലും പുഷ്പ ഫാക്ടറികളിലും ജോലി നോക്കുന്നു. പക്ഷെ ഉപ്പള തൊഴിലാളികൾ മിക്കവരും 30 വയസ്സ് കഴിഞ്ഞവരാണ്. അവർ ഇതേ രീതിയിൽ ദശകങ്ങളായി ജോലി ചെയ്യുന്നു. കുമാറിന്‍റെ പ്രശ്നം പക്ഷെ കൂലിയാണ്. "പാക്ക് ചെയ്യുന്നവർ കരാർ തൊഴിലാളികളെ പോലെയാണ്, ഞങ്ങൾക്ക് ബോണസ് പോലും ലഭിക്കുന്നില്ല. 25 പാക്കറ്റുകളിൽ ഓരോന്നിലും ഓരോ കിലോ ഉപ്പ് വീതം നിറയ്ക്കുന്നതിന് സ്ത്രീകൾക്ക് ലഭിക്കുന്നത് 1.70 രൂപയാണ് [ഒരു പാക്കറ്റിന് 7 പൈസയിൽ കുറവ്]. ഈ 25 പാക്കറ്റുകൾ ഒരു ചാക്കിലാക്കി കൈകൊണ്ട് തയിച്ച് വൃത്തിയാക്കി അടുക്കി ക്രമീകരിക്കുന്നതിന് പുരുഷനായ മറ്റൊരു തൊഴിലാളിക്ക് ലഭിക്കുന്നത് 2 രൂപയാണ്. ചാക്കുകൾ ഉയരുന്നതനുസരിച്ച് തൊഴിലാളിയുടെ ശരീരത്തിനു മേലുള്ള ബുദ്ധിമുട്ടും കൂടുന്നു. പക്ഷെ കൂലി മാറുന്നില്ല: അത് 2 രൂപ തന്നെ.

The women speak of hardly ever getting a break, never enough drinking water, the brutal heat, the brine that ruins their skin. As well as hysterectomies, kidney stones, hernias. Rani’s son Kumar (right) is stocky and strong. But the heavy lifting he did at work gave him a hernia that needed surgery
PHOTO • M. Palani Kumar
The women speak of hardly ever getting a break, never enough drinking water, the brutal heat, the brine that ruins their skin. As well as hysterectomies, kidney stones, hernias. Rani’s son Kumar (right) is stocky and strong. But the heavy lifting he did at work gave him a hernia that needed surgery
PHOTO • M. Palani Kumar

കഷ്ടിച്ച് മാത്രം ലഭിക്കുന്ന ഇടവേള , ഒരിക്കലും ആവശ്യത്തിന് കുടിവെള്ളം ലഭിക്കാത്തത് , കടുത്ത വെയിൽ , കടുത്ത ചൂട് , തങ്ങളുടെ ചർമ്മത്തെ നശിപ്പിക്കുന്ന ഉപ്പുവെള്ളം എന്നിവയെക്കുറിച്ചൊക്കെ സ്ത്രീകൾ ഉറക്കെ പരാതിപ്പെട്ടു . ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ , മൂത്രത്തിൽ കല്ല് , ആന്ത്രവീക്കം എന്നിവയെക്കുറിച്ചും അവർ പരാതിപ്പെട്ടു. റാണിയുടെ മകൻ കുമാർ ( വലത് ) ദൃഢഗാത്രനും ശക്തനുമാണ് . പക്ഷെ പണി ചെയ്തുകൊണ്ടിരുന്നപ്പോൾ വലിയ ഭാരം എടുത്തത് ആന്ത്രവീക്കത്തിന് കാരണമായി . അതിന് ശസ്ത്രക്രിയയും വേണ്ടിവന്നു

"വൈദ്യശാസ്ത്രപരമായി നോക്കിയാൽ, എത് തരത്തിലുള്ള പാദരക്ഷകൾ ധരിച്ചാലും എന്തൊക്കെ ഉപായങ്ങൾ അതിൽ കാണിച്ചാലും അതൊന്നും അരിച്ചുകയറുന്നതിൽനിന്നോ വിഷാംശത്തിൽ നിന്നോ സംരക്ഷണo നൽകുന്നില്ല. ഒന്നോ രണ്ടോ ദിവസങ്ങൾ ജോലി ചെയ്യുന്നത് കുഴപ്പമില്ല. പക്ഷെ ഇത് ജീവിതകാലം മുഴുവൻ ചെയ്യുന്ന ജോലിയാണെങ്കിൽ, ശാസ്ത്രീയമായി രൂപകല്പനചെയ്ത, കൃത്യമായ ഇടവേളകളിൽ മാറി ഉപയോഗിക്കുന്ന, ബൂട്ട്  നിങ്ങൾ ഉപയോഗിക്കണം. ഇത് ഉറപ്പാക്കുന്നില്ലെങ്കിൽ, നിങ്ങളുടെ പാദങ്ങളുടെ ആരോഗ്യത്തിന് ഒരുതരത്തിലും സംരക്ഷണം ലഭിക്കില്ല”, വാസ്കുലർ സർജനും തമിഴ്‌നാട് സംസ്ഥാന ആസൂത്രണ കമ്മീഷനിലെ അംഗവുമായ ഡോ. അമലോർപവനാഥൻ ജോസഫ് പറഞ്ഞു.

"കണ്ണടകൾ ഇല്ലാതെ ഇത്തരം പരിതസ്ഥിതിയിൽ ജോലി ചെയ്യുന്നതു മൂലം”, ഉപ്പിൽ നിന്നും പ്രതിഫലിക്കുന്ന കണ്ണഞ്ചിക്കുന്ന വെട്ടം കൂടാതെ, "കണ്ണിന് ധാരാളം പ്രശ്നങ്ങൾ ഉണ്ടാകും" എന്ന് അദ്ദേഹം വിശ്വസിക്കുന്നു. സ്ഥിരമായ വൈദ്യശാസ്ത്ര ക്യാമ്പുകളും തൊഴിലാളികൾക്ക് തുടർച്ചയായുള്ള രക്തസമ്മർദ്ദ പരിശോധനയുമാണ് അദ്ദേഹം ഉപദേശിച്ചത്. "ആർക്കെങ്കിലും 130/90-ൽ കൂടുതൽ കാഴ്ചയുടെ പ്രശ്നമുണ്ടെങ്കിൽ അവരെ ഉപ്പളത്തിൽ ജോലി ചെയ്യാൻ ഞാൻ സമ്മതിക്കില്ല.” അത്തരം പരിതസ്ഥിതിയിൽ ജോലി ചെയ്യുന്നതുകൊണ്ട് തൊഴിലാളികളുടെ ശരീരം ഉപ്പ് ആഗിരണം ചെയ്യാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദിവസേന അത്രയും ഉപ്പ് ചുമക്കുന്നതിന് ശരീരത്തിന് അഞ്ചോ ആറോ സംരക്ഷണ ഉപായങ്ങൾ ആവശ്യമാണ്. “ചെലവാക്കിയ ഊർജ്ജം നിങ്ങൾ കണക്കു കൂട്ടുകയാണെങ്കിൽ അത് അദ്ഭുതകരമാണ്.

ഈ തൊഴിലാളികൾ നാലോ അഞ്ചോ പതിറ്റാണ്ടുകളായി ഈ രീതിയിൽ തുടരുന്നവരാകാം. സാമൂഹ്യ സുരക്ഷിതത്വം, ശമ്പളത്തോട് കൂടിയ അവധി, ശിശുസംരക്ഷണ-ഗർഭകാല ആനുകൂല്യങ്ങൾ എന്നിവയൊന്നും ഇല്ലാത്ത തങ്ങളുടെ അവസ്ഥ കൂലിപ്പണിക്കാരേക്കാൾ ഒട്ടും മെച്ചപ്പെട്ടതല്ലെന്ന് ഉപ്പള തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നു.

*****

" ഉപ്പിന് 15,000- ത്തിലധികം ഉപയോഗങ്ങളുണ്ട്.
– എം. കൃഷ്ണമൂർത്തി, ജില്ലാ കോഓർഡിനേറ്റർ, അസംഘടിത മേഖല തൊഴിലാളി ഫെഡറേഷൻ, തൂത്തുക്കുടി

"അമേരിക്കക്കും ചൈനയ്ക്കും ശേഷം ഇന്ത്യയാണ് വലിപ്പത്തിൽ 3-ാം സ്ഥാനത്തുള്ള ഉൽപ്പാദക രാജ്യം”, കൃഷ്ണമൂർത്തി പറഞ്ഞു. "ഉപ്പ് ഇല്ലാതെ ജീവിക്കുക അസാദ്ധ്യമാണ്, എന്നിരിക്കിലും ഈ തൊഴിലാളികളുടെ ജീവിതം അവരുടെ വിളകൾ പോലെതന്നെ ഉപ്പുള്ളതാണ്!”

തൂത്തുക്കുടി ജില്ലയിൽ 50,000 ഉപ്പ് തൊഴിലാളികൾ ഉണ്ടെന്നാണ് കൃഷ്ണമൂർത്തിയുടെ കണക്കുകൂട്ടൽ. അതായത് ജില്ലയിൽ ഈ മേഖലയിലെ 7.48 ലക്ഷം തൊഴിലാളികളിലെ 15 പേരിൽ ഒരാൾ. ഫെബ്രുവരിക്കും സെപ്തംബറിനുമിടയിലെ ചൂടുള്ള ഏകദേശം 6-7 മാസങ്ങളിൽ അവർക്ക് മാത്രമെ തൊഴിലുള്ളൂ. കേന്ദ്ര സർക്കാർ നൽകുന്ന കണക്കുകൾ പ്രകാരം തമിഴ്‌നാട്ടിലാകെ 21,258 ഉപ്പ് തൊഴിലാളികള്‍ മാത്രമാണുള്ളത്. അവിടെയാണ് കൃഷ്ണമൂർത്തിയുടെ അൺഓർഗനൈസ്ഡ് വർക്കേഴ്സ് ഫെഡറേഷൻ കടന്നു വരുന്നത്. ഔദ്യോഗിക കണക്കെടുപ്പിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ള വലിയൊരു സംഖ്യ തൊഴിലാളികളുടെ എണ്ണം അവർ രേഖപ്പെടുത്തുന്നു.

Rani’s drawstring pouch with her Amrutanjan and inhaler.
PHOTO • M. Palani Kumar
A few women wear black socks with a rudimentary refurbished base
PHOTO • M. Palani Kumar

ഇടത് : അമൃതാഞ്ജനും ഇൻഹേലറും സൂക്ഷിച്ചിരിക്കുന്ന , ചരട് വലിച്ചു മുറുക്കാവുന്ന , റാണിയുടെ മടിശ്ശീല . വലത് : കുറച്ച് സ്ത്രീകൾ വളരെ സാധാരണ രീതിയിൽ അടിഭാഗം പുനർ നിർമ്മിച്ചിരിക്കുന്ന കറുത്ത കാലുറകൾ  ധരിക്കുന്നു

ഇവിടെയുള്ള ഓരോ ഉപ്പ് തൊഴിലാളിയും – പരലുകൾ വാരുന്നവർ, അവ ശേഖരിക്കുന്നവർ, അവ ചുമക്കുന്നവർ - 5 മുതൽ 7 ടൺ വരെ ഓരോ ദിവസവും നീക്കുന്നു. ഈ ഉപ്പിന്‍റെ മൂല്യം – നിലവിൽ ടണ്ണിന് 1,600 രൂപ എന്ന നിരക്കിൽ - 8,000 രൂപ മുതൽ മുകളിലോട്ടാണ്. പക്ഷെ അവർ പറയുന്നത് കാലികമല്ലാത്ത ഒരൊറ്റ മഴയ്ക്ക് ജോലി ഒരാഴ്ചത്തേക്ക് അല്ലെങ്കിൽ 10 ദിവസത്തേക്ക് തടസ്സപ്പെടുത്താൻ പറ്റും എന്നാണ്.

എന്നിരിക്കിലും അവരെ സംബന്ധിച്ച് ഏറ്റവും പ്രശ്നകാരിയായിട്ടുള്ളത് 1991-ന് ശേഷമുള്ള ഉദാരവൽക്കരണ നയങ്ങളാണ്. അത് അടുത്തകാലത്ത് തീവ്രമായിരിക്കുന്നു - "വലിയ, സ്വകാര്യ ഇടപാടുകാരെ വിപണിയിൽ ഇടപെടാൻ അനുവദിക്കുമ്പോൾ”. തലമുറകളായി, "പ്രധാനമായും ദളിതരും സ്ത്രീകളുമാണ് ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ പ്രദേശത്ത് ഉപ്പ് ഉണ്ടാക്കുന്നത്. 70 മുതൽ 80 ശതമാനം വരെ തൊഴിലാളികളും ഇത്തരം പാർശ്വവൽകൃത പശ്ചാത്തലത്തിൽ നിന്നുള്ളവരാണ്. ഉപ്പളങ്ങൾ എന്തുകൊണ്ട് അവർക്ക് നേരിട്ട് പാട്ടത്തിന് നൽകുന്നില്ല? തുറന്ന ലേലത്തിൽ അവർക്ക് എങ്ങനെ ഈ ഭൂമിയിൽ വലിയ കോർപ്പറേറ്റുകളുമായി മത്സരിക്കാൻ കഴിയും?"

കോർപ്പറേറ്റുകൾ രംഗത്ത് പ്രവേശിച്ച് വലിയ ഭൂമി കൈവശം വയ്ക്കുമ്പോൾ (പത്തിന്‍റെ ഗുണിതങ്ങൾ മുതൽ മുതൽ ആയിരങ്ങൾ വരെ) പ്രവർത്തനങ്ങൾ യന്ത്രവൽകൃതമാകുമെന്ന് കൃഷ്ണമൂർത്തിക്ക് ഉറപ്പാണ്. "50,000 ഉപ്പ് തൊഴിലാളികൾ അപ്പോൾ എന്ത് ചെയ്യും?"

ഒക്ടോബർ 15 മുതൽ ജനുവരി 15 വരെ (വടക്കുകിഴക്കൻ കാലവർഷം ശരിക്ക് തുടങ്ങുമ്പോൾ) എല്ലാ വർഷവും ജോലിയില്ല. ഈ മൂന്നു മാസങ്ങൾ ബുദ്ധിമുട്ടുകൾ നിറഞ്ഞതാണ് –കടം വാങ്ങി, സ്വപ്നങ്ങൾ കുഴിച്ചു മൂടിയാണ് വീടുകൾ കഴിയുന്നത്. ഒരു ഉപ്പള തൊഴിലാളിയായ 57-കാരൻ എം. വേലുസാമി ഉപ്പു നിർമ്മാണത്തിന്‍റെ മാറിയ രീതികളെപ്പറ്റി പറയുന്നു. "എന്‍റെ മാതാപിതാക്കളുടെ കാലത്ത് ചെറുകിട ഉൽപാദകർ ഉപ്പ് ഉല്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുമായിരുന്നു.”

രണ്ട് നയം മാറ്റങ്ങളാണ് അതെല്ലാം അവസാനിപ്പിച്ചത്. മനുഷ്യ ഉപഭോഗത്തിനുള്ള ഉപ്പിൽ അയഡിൻ ചേർക്കണമെന്ന് 2011-ൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. എല്ലാ ഉപ്പളങ്ങളുടേയും പാട്ട് കരാറുകളിൽ കുറച്ചു കഴിഞ്ഞ് സർക്കാർ മാറ്റം വരുത്തി. ഉപ്പ് ഭരണഘടനയുടെ കേന്ദ്ര ലിസ്റ്റിൽ വരുന്നതുകൊണ്ട് സർക്കാരിന് അങ്ങനെ ചെയ്യാനുള്ള അധികാരമുണ്ട്.

The sale pan workers may have been in this line for four or five decades, but still have no social security, no paid leave, no childcare or pregnancy benefits
PHOTO • M. Palani Kumar
The sale pan workers may have been in this line for four or five decades, but still have no social security, no paid leave, no childcare or pregnancy benefits
PHOTO • M. Palani Kumar

ഈ തൊഴിലാളികൾ നാലോ അഞ്ചോ പതിറ്റാണ്ടുകളായി ഈ രീതിയിൽ തുടരുന്നവരാകാം. പക്ഷെ , സാമൂഹ്യ സുരക്ഷിതത്വം , ശമ്പളത്തോട് കൂടിയ അവധി , ശിശുസംരക്ഷണ - ഗർഭകാല ആനുകൂല്യങ്ങൾ എന്നിവയൊന്നും ഇപ്പോഴും അവർക്കില്ല

2011-ലെ ഇന്ത്യാ ഗവൺമെന്റ് നിയമം ഇങ്ങനെ പ്രസ്താവിക്കുന്നു: "ഒരു വ്യക്തിയും സാധാരണ ഉപ്പ്, അതിൽ അയഡിന്‍ ചേര്‍ത്തില്ലെങ്കില്‍ , നേരിട്ടുള്ള മനുഷ്യോപഭോഗത്തിനു വേണ്ടി വിൽക്കാനോ, കൊടുക്കാനോ, കച്ചവടത്തിനായി പ്രദർശിപ്പിക്കാനോ, വിൽപ്പനയ്ക്കായി തന്‍റെ വളപ്പിൽ സൂക്ഷിക്കാനോ പാടുള്ളതല്ല. ഇതിനർത്ഥം സാധാരണ ഉപ്പ് ഒരു ഫാക്ടറി ഉൽപ്പന്നം മാത്രമായിരിക്കണം എന്നാണ്. (കല്ലുപ്പ് അഥവാ rock salt, കാരുപ്പ് അഥവാ black salt, ഇന്തുപ്പ് അഥവാ himalayan pink salt എന്നിങ്ങനെയുള്ള വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുന്നു). അതായത്, പരമ്പരാഗത ഉപ്പു നിർമ്മാതാക്കൾക്ക് അവരുടെ ഏജൻസി നഷ്ടപ്പെട്ടിരിക്കുന്നൂവെന്ന്. ഇതിനെ നിയമപരമായി ചോദ്യംചെയ്യുകയും സുപ്രീംകോടതി യഥാർത്ഥത്തിൽ ഈ നിയമത്തെ ശക്തമായി വിമർശിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ നിരോധനം ശക്തമായി നിലനില്‍ക്കുന്നു . ഭക്ഷണാവശ്യത്തിനായി ഉപയോഗിക്കുന്ന സാധാരണ ഉപ്പ് അയഡിൻ ചേർത്തില്ലെങ്കിൽ വിൽക്കാൻ പറ്റില്ല.

2013 ഒക്ടോബറിലാണ് രണ്ടാമത്തെ മാറ്റം സംഭവിച്ചത്. ഒരു കേന്ദ്ര വിജ്ഞാപനം ഇപ്രകാരം പറഞ്ഞിരിക്കുന്നു: "ദർഘസ് ക്ഷണിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്‍റെ ഭൂമി ഉപ്പ് ഉത്പാദനത്തിനായി പാട്ടത്തിന് നൽകും.” പുറമെ, നിലവിലുള്ള ഒരു പാട്ടവും പുതുക്കില്ല. പുതിയ ദർഘാസുകൾ ക്ഷണിക്കപ്പെടും. നിലവിലുള്ള പാട്ടം അവസാനിക്കുമ്പോൾ ആ പാട്ടക്കാർക്ക് "പുതുതായി താൽപ്പര്യപ്പെടുന്നവരുടെ കൂടെ പാട്ടമെടുക്കാനായി പങ്കെടുക്കാം.” ഇത് വളരെ വ്യക്തമായി വലിയ ഉൽപ്പാദകർക്ക് ഗുണകരമായിരിക്കുമെന്ന് കൃഷ്ണമൂർത്തി പറഞ്ഞു.

നാല് ദശകങ്ങൾക്ക് മുൻപ് തന്‍റെ മാതാപിതാക്കൾ ഭൂമി പുനർ പാട്ടത്തിന് എടുത്തിരുന്ന കാര്യം ഝാൻസി ഓർമ്മിച്ചു. ഒരു സാധാരണ കിണറ്റിൽ നിന്നും കപ്പിയും കയറും ഉപയോഗിച്ച് (പനയോല തൊട്ടിയുണ്ടാക്കി) വെള്ളം കോരി 10 ചെറിയ സ്ഥലങ്ങളിൽ അന്ന് ഉപ്പുണ്ടാക്കിയിരുന്നു. എല്ലാ ദിവസവും അവരുടെ അമ്മ 40 കിലോ ഉപ്പ് തലയിൽ (വീണ്ടും, പനയോല കൊണ്ടുണ്ടാക്കിയ കുട്ടയിൽ) ചുമന്ന് അവ വിൽക്കാനായി പട്ടണത്തിലേക്ക് നടക്കുമായിരുന്നു. "ഐസ് കമ്പനികൾ അവരുടെ ചുമട് മുഴുവൻ 25-30 രൂപയ്ക്ക് വാങ്ങുമായിരുന്നു”, അവർ പറഞ്ഞു. അമ്മയ്ക്ക് പോകാൻ സാധിക്കാത്തപ്പോൾ ചെറിയൊരു കുട്ടയുമായി അവർ ഝാൻസിയെ അയയ്ക്കുമായിരുന്നു. കുറച്ച് ഉപ്പ് 10 പൈസക്ക് വിറ്റത് പോലും അവർ ഓർമ്മിച്ചു. "ഞങ്ങളുടെ ഉപ്പളങ്ങൾ ഉണ്ടായിരുന്നിടത്തൊക്കെ ഇപ്പോൾ കെട്ടിടങ്ങളാണ് – താമസത്തിനുള്ള കെട്ടിടങ്ങൾ”, ഝാൻസി പറഞ്ഞു. "ഭൂമി ഞങ്ങളുടെ പക്കൽ നിന്നും എങ്ങനെ പോയെന്ന് എനിക്കറിയില്ല”, അവർ വിമ്മിഷ്ടത്തോടെ കൂട്ടിച്ചേർത്തു. അവരുടെ ശബ്ദം വിലപിച്ചിരുന്നു.

ജീവിതം എല്ലായ്പ്പോഴും ബുദ്ധിമുട്ടായിരുന്നുവെന്ന് ഉപ്പ് ജോലിക്കാർ പറഞ്ഞു. ദശകങ്ങളോളം അവരുടെ ഭക്ഷണം പ്രധാനമായും കപ്പയും ചോളവും (അരി അപൂർവമായിരുന്നു) ആയിരുന്നു – കൂട്ടത്തിൽ മീൻ ചാറും കാണുമായിരുന്നു. ഇപ്പോൾ സർവ്വസാധാരണമായ ഇഡ്ഡലി വർഷത്തിലൊരിക്കൽ ദീപാവലിക്ക് മാത്രമായിരുന്നു ഉണ്ടാക്കിയിരുന്നത്. ഉത്സവത്തിന്‍റെയന്ന് രാവിലെ ഇഡ്ഡലി കിട്ടും എന്നുള്ള സന്തോഷത്തിൽ തലേദിവസം രാത്രി സന്തോഷത്തോടെ ഉറങ്ങിയ കാര്യം ഝാൻസി ഓർമ്മിച്ചു.

രണ്ട് വലിയ ഉത്സവങ്ങളായ ദീപാവലിയും പൊങ്കലും മാത്രമായിരുന്നു അവർക്ക് പുതിയ സാധനങ്ങൾ കിട്ടിയിരുന്ന അവസരങ്ങൾ. അന്നുവരെ അവർ പഴയ കീറിയ വസ്ത്രങ്ങൾ ധരിക്കുമായിരുന്നു, പ്രത്യേകിച്ച് ആൺകുട്ടികൾ - “അവരുടെ നിക്കറിന് 16 തുളകൾ കാണുമായിരുന്നു, ഓരോന്നും സൂചിയും നൂലും ഉപയോഗിച്ച് തയിച്ചിരുന്നു”, ഝാൻസി പറഞ്ഞു. അതു പറയുമ്പോൾ അവരുടെ കൈകൾ അന്തരീക്ഷത്തിൽ ചാതുരിയോടെ തൈക്കുകയായിരുന്നു. മാതാപിതാക്കൾ പനയോലകൾ കൊണ്ടുണ്ടാക്കിയ പരന്ന പാദരക്ഷകൾ അവർ ധരിച്ചിരുന്നു. ചണനൂൽ ഉപയോഗിച്ചാണ് അവ തുന്നിയിരുന്നത്. ഉപ്പളങ്ങളിലെ ലവണത്വം ഇന്നുള്ളത്ര (ഉപ്പ് ഒരു വ്യാവസായിക ചരക്കായി മാറുകയും വീടുകളിലെ അവയുടെ ഉപഭോഗം ആകെ ഉപയോഗത്തിന്‍റെ ചെറിയൊരു ശതമാനം മാത്രമായി തീരുകയും ചെയ്യുമ്പോൾ) ശക്തമല്ലായിരുന്നതിനാൽ അന്ന് ഇത് മതിയായ സംരക്ഷണം നൽകിയിരുന്നു.

Life has always been hard, the salt workers say. They only get a brief break between work, to sip some tea, in their shadeless workplace
PHOTO • M. Palani Kumar
Life has always been hard, the salt workers say. They only get a brief break between work, to sip some tea, in their shadeless workplace
PHOTO • M. Palani Kumar

ജീവിതം എല്ലായ്പ്പോഴും ബുദ്ധിമുട്ടുകൾ നിറഞ്ഞതാണെന്ന് ഉപ്പ് തൊഴിലാളികൾ പറയുന്നു . തണലില്ലാത്ത ജോലിസ്ഥലത്ത് പണി യെടുക്കുമ്പോൾ ചായ കുടിക്കാനോ മറ്റോ ആണ് അവർക്ക് ചെറിയൊരു ഇടവേള ലഭിക്കുന്നത്

*****

" എനിക്കെന്‍റെ പേര് എഴുതാൻ കഴിയും , ബസ്സിലെ സ്ഥലങ്ങൾ വായിക്കാൻ കഴിയും , എം.ജി.ആർ . ഗാനങ്ങൾ പാടാൻ കഴിയും
– ഉപ്പള തൊഴിലാളിയും നേതാവുമായ എസ്. റാണി

വൈകുന്നേരം ജോലിക്കുശേഷം റാണി ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചു – ഉറപ്പുള്ള ഒരു ചെറിയ ഒറ്റമുറി. അവിടെ ഒരു സോഫയും സൈക്കിളും ഉണ്ടായിരുന്നു. ഒരു കയറിൽ കുറച്ചു തുണികൾ തൂക്കിയിട്ടിരുന്നു. ചൂടുള്ള ഒരു ചായ കുടിച്ചു കൊണ്ട് രജിസ്ട്രാർ ഓഫീസിൽ നടന്ന തന്‍റെ 29-ാം വയസ്സിലെ വിവാഹത്തെപ്പറ്റി അവർ പറഞ്ഞു തുടങ്ങി. ഗ്രാമത്തിലുള്ള ഒരു സ്ത്രീയെ സംബന്ധിച്ച് ആ വിവാഹം അക്കാലത്ത് അസാധാരണമായി താമസിച്ചായിരുന്നു. അവരുടെ കുടുംബത്തിലെ ദാരിദ്ര്യം ആയിരുന്നിരിക്കണം അതിനുള്ള ഏറ്റവും വലിയ കാരണം. റാണിക്ക് മൂന്ന് പെൺമക്കളാണ് – തങ്കമ്മാൾ, സംഗീത, കമല – ഒരു മകനും. മകനായ കുമാർ റാണിക്കൊപ്പമാണ് താമസിക്കുന്നത്.

അവർ വിവാഹിതയായപ്പോൾ പോലും "ചടങ്ങുകൾക്കായി ഞങ്ങൾക്ക് പണം ഇല്ലായിരുന്നു”, എന്നാണവർ പറഞ്ഞത്. പിന്നീടവർ ഞങ്ങളെ ഫോട്ടോ ആൽബങ്ങൾ കാണിച്ചു. അവരുടെ മകളുടെ വയസ്സറിയിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടത്, മറ്റൊരു മകളുടെ വിവാഹത്തിന്‍റേത്, കുടുംബാംഗങ്ങൾ മുഴുവൻ നല്ല വസ്ത്രങ്ങൾ ധരിച്ച്, മകനായ കുമാർ വൃത്തം ചെയ്യുന്നതും പാട്ടുപാടുന്നതും... ഉപ്പുണ്ടാക്കി ലഭിച്ചി പണമാണ് ഇതിനെല്ലാം വേണ്ടി ചെലവഴിച്ചിരുന്നത്.

ഞങ്ങൾ ചിരിച്ചുകൊണ്ട് അഭിപ്രായപ്രകടനങ്ങൾ നടത്തുന്ന സമയത്ത് റാണി ഒരു പച്ച വള്ളി ഉപയോഗിച്ചു കൈകൊണ്ട് ഒരു കൂടയുടെ നിർമ്മാണം പൂർത്തിയാക്കി – അതിന്‍റെ അരികുകൾ ഞൊറിയുകയും കൈപ്പിടി മുറുക്കുകയും ചെയ്തുകൊണ്ട്. നെല്ലിക്കയുടെ മാതൃക യൂട്യൂബ് വീഡിയോയിൽ നിന്നും പഠിച്ച് കുമാറാണ് ഇത് പുതുതായി നിർമ്മിച്ചെടുത്തത്. കുറച്ചു ദിവസങ്ങൾ അദ്ദേഹത്തിന് ഇതൊന്നും ചെയ്യാനുള്ള സമയം ഉണ്ടായിരുന്നില്ല. കുറച്ചുകൂടി വരുമാനം നേടുന്നതിനായി രണ്ടാമത്തെ ഷിഫ്റ്റിൽ മറ്റ് ഉപ്പളങ്ങളിൽ അദ്ദേഹം ജോലിക്ക് പോകുന്നു. സ്ത്രീകൾക്ക് വീട്ടിൽ എല്ലായ്പ്പോഴും രണ്ടാമതൊരു ഷിഫ്റ്റ് കാണുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "അവർക്ക് വിശ്രമിക്കാനുള്ള സമയമൊന്നും ലഭിക്കുന്നില്ല”.

റാണിക്ക് ഒരിക്കലും വിശ്രമിക്കാനുള്ള സമയം ലഭിച്ചിട്ടില്ല – അവർ വളരെ ചെറുപ്പമായിരുന്നപ്പോൾ പോലും. അമ്മയുടെയും സഹോദരിയുടെയും കൂടെ സർക്കസിനയിക്കുമ്പോൾ അവർക്ക് മൂന്ന് വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ടുട്ടിക്കോറിൻ സോളമൻ സർക്കസ് എന്നായിരുന്നു അതിനെ വിളിച്ചിരുന്നത്. എന്‍റെയമ്മ ‘ഹൈ-വീൽ’ [ഒറ്റ-ചക്രം] സൈക്കിൾ ചാമ്പ്യൻ ആയിരുന്നു. റാണി ദണ്ഡിൽ വിദഗ്ദയായിരുന്നു, അവരുടെ സഹോദരി ജാലവിദ്യയിലും. "വലിച്ചു കെട്ടിയ കയറിൽ എന്‍റെ സഹോദരിക്ക് നടക്കാൻ കഴിയുമായിരുന്നു. ഞാൻ പിന്നോട്ട് വളഞ്ഞ് വായ കൊണ്ട് കപ്പുകൾ എടുക്കുമായിരുന്നു. മധുര, മണപ്പറ, നാഗർകോവിൽ, പൊള്ളാച്ചി എന്നിവിടങ്ങളിലൂടെയൊക്കെ സർക്കസ് ട്രൂപ്പിനൊപ്പം അവർ യാത്ര ചെയ്തിരുന്നു.

എട്ടു വയസ്സ് ഉണ്ടായിരുന്നപ്പോൾ, എപ്പോഴൊക്കെയാണോ സർക്കസ് ട്രൂപ്പ് ടുട്ടിക്കോറിനിൽ തിരിച്ചെത്തിയിരുന്നത്, അപ്പോഴൊക്കെ റാണിയെ ഉപ്പളങ്ങളിൽ ജോലി ചെയ്യാൻ അയച്ചിരുന്നു. അന്നുമുതൽ ഉപ്പളങ്ങൾ റാണിയുടെ ലോകമായി തീർന്നു. ഏറ്റവും അവസാനമായി സ്ക്കൂളിൽ പോയ സമയവും അതായിരുന്നു. "3-ാം ക്ലാസ്സ് വരെ ഞാൻ പഠിച്ചു. എനിക്കെന്‍റെ പേരെഴുതാൻ കഴിയും, ബസിന്‍റെ വഴികൾ വായിക്കാൻ കഴിയും, എം.ജി.ആർ. ഗാനങ്ങൾ പാടാനും കഴിയും.” അന്നത്തെ ദിവസം നേരത്തെ മുതൽ അവർ നന്മ ചെയ്യുന്നതിനെപ്പറ്റി പറയുന്ന ഒരു എം.ജി.ആർ. ഗാനം റേഡിയോയിൽ കേൾക്കുന്നതിനൊപ്പം പാടാൻ തുടങ്ങിയതാണ്.

Rani and Jhansi with their heavy tools: just another day of backbreaking labour
PHOTO • M. Palani Kumar
Rani and Jhansi with their heavy tools: just another day of backbreaking labour
PHOTO • M. Palani Kumar

റാണിയും ഝാൻസി യും അവരുടെ വലിയ ഉപകരണങ്ങളുമായി : വളരെ ബുദ്ധിമുട്ടേറിയ പണി ചെയ്യുന്ന മറ്റൊരു മറ്റൊരു ദിവസം

റാണി ഒരു മികച്ച നർത്തകി ആണെന്ന് സഹ തൊഴിലാളികൾ കളിയായി പറയാറുണ്ട്. ഈ അടുത്ത സമയത്ത് ചെയ്ത കരഗാട്ടം നൃത്തത്തെക്കുറിച്ച് അവർ പരാമർശിച്ചപ്പോൾ റാണിയുടെ മുഖം തുടുത്തു. തൂത്തുക്കുടിയിൽ നിന്നുള്ള പാർലമെന്റംഗമായ കനിമൊഴി കരുണാനിധി അദ്ധ്യക്ഷം വഹിച്ച ഒരു പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ആ നൃത്തം. റാണി വേദിയിൽ സംസാരിക്കാനും പഠിക്കുന്നുണ്ട്. നേതൃസ്ഥാനത്തുള്ള (വനിതാ സ്വയംസഹായ സംഘത്തിന്‍റെയും ഉപ്പ് തൊഴിലാളികളുടെയും) ആളെന്ന നിലയിൽ സർക്കാരിന് നിവേദനങ്ങൾ നൽകാനായി അവർ യാത്ര ചെയ്യുന്നു. “ഈ ഉപ്പളങ്ങളുടെ റാണിയാണവർ”, സഹ തൊഴിലാളികൾ ഇങ്ങനെ പറയുമ്പോൾ അവർ പുഞ്ചിരിക്കുന്നു.

അത്തരം ഒരു യാത്രയിലായിരുന്നു അവർ ചെന്നൈയിലേക്ക് പോയത് - 2017-ൽ കൃഷ്ണമൂർത്തി സംഘടിപ്പിച്ച ഒരു യോഗത്തിൽ പങ്കെടുക്കുന്നതിനുവേണ്ടി. "ഞങ്ങളിൽ ഒരുപാടുപേർ അവിടെ മൂന്ന് ദിവസത്തേക്കു പോയി. അതൊരു സന്തോഷകരമായ യാത്രയായിരുന്നു! ഞങ്ങൾ ഒരു ഹോട്ടൽ മുറിയിൽ താമസിച്ചു, എം.ജി.ആർ. സമാധി, അതായത് അണ്ണാ സമാധി സന്ദർശിച്ചു. ഞങ്ങൾ നൂഡിൽസും ചിക്കനും ഇഡ്ഢലിയും പൊങ്കലും കഴിച്ചു. ഞങ്ങൾ മറീന ബീച്ചിൽ പോയപ്പോൾ ഇരുളാൻ തുടങ്ങിയിരുന്നു. പക്ഷെ, സംഭവം മികച്ചതായിരുന്നു.”

വീട്ടിൽ അവരുടെ ഭക്ഷണം ലളിതമാണ്. അവർ ചോറും ചാറുകറിയും ഉണ്ടാക്കുന്നു - മീൻ അല്ലെങ്കിൽ ഉള്ളി അല്ലെങ്കിൽ ബീൻസ് ചേർത്ത്. കൂടെ ഉണക്കമീനും പച്ചക്കറിയുമുണ്ടാകും – സാധാരണയായി കാബേജ് അല്ലെങ്കിൽ ബീറ്റ്റൂട്ട്. "പണം കുറവായിരിക്കുമ്പോൾ ഞങ്ങൾ കടുംകാപ്പിയാണ് കുടിക്കുന്നത്.” ഒരു ക്രിസ്ത്യാനി എന്ന നിലയിൽ അവർ പള്ളിയിൽ പോവുകയും കീർത്തനങ്ങൾ പാടുകയും ചെയ്യുന്നു. ഒരു അപകടത്തിൽ അവരുടെ ഭർത്താവ് സേസു മരണപ്പെട്ട ശേഷം മക്കൾ - പ്രത്യേകിച്ച് മകൻ - അവരെ നന്നായി നോക്കുന്നു. ഒന്നും കുറൈ സൊല്ല മുടിയാത് (ഒരു കുറവും പറയാനില്ല), “ദൈവം എനിക്ക് നല്ല മക്കളെ തന്നിരിക്കുന്നു.”

മക്കളെ ഗർഭിണിയായിരുന്ന സമയത്ത് പ്രസവത്തിന്‍റെ സമയം വരെ അവർ ജോലി ചെയ്തിരുന്നു - ഉപ്പളങ്ങളിൽ നിന്നും അവർ നേരിട്ട് ആശുപത്രിയിൽ പോകുമായിരുന്നു. "എന്‍റെ വയർ ഇവിടെയായിരുന്നു”, മുട്ടിനടുത്ത് തുടയുടെ ഭാഗത്ത് തട്ടിക്കൊണ്ട് അവർ പറഞ്ഞു. പിന്നീട് പ്രസവാനന്തരം 13 ദിവസങ്ങൾക്കു ശേഷം ഉപ്പളങ്ങളിൽ അവർ തിരിച്ചെത്തിയിരുന്നു. കുഞ്ഞ് വിശന്നു കരയുമ്പോൾ കൊടുക്കുന്നതിനായി അവർ കപ്പപ്പൊടി കൊണ്ട് നേർത്ത കഞ്ഞിയുണ്ടാക്കി കൊണ്ടുവരുമായിരുന്നു. രണ്ട് സ്പൂൺ അളവിൽ ആ പൊടി ഒരു തുണിയിൽ പൊതിഞ്ഞ്, വെള്ളത്തിൽ മുക്കി, തിളപ്പിച്ച്, റബ്ബർ നിപ്പിൾ ഘടിപ്പിച്ച പാൽക്കുപ്പിയിലാക്കി, അവർ തിരിച്ചെത്തി കുഞ്ഞിനു മുലകൊടുക്കുന്നതു വരെ, ആരെങ്കിലും അത് കുഞ്ഞിന് നൽകുമായിരുന്നു.

മാസമുറകളും അതേപോലെ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു. അത് ചൊറിച്ചിലും എരിച്ചിലും ഉണ്ടാക്കുമായിരുന്നു. "വൈകുന്നേരം, ചൂട് വെള്ളത്തിൽ കുളിച്ച ശേഷം, തുടകളിൽ ഞാൻ വെളിച്ചെണ്ണ തേക്കുമായിരുന്നു. അതുകൊണ്ട് അടുത്ത ദിവസം എനിക്ക് വീണ്ടും ജോലിക്ക് പോകാൻ കഴിയുമായിരുന്നു..."

വർഷങ്ങളായുള്ള അനുഭവ പരിചയം കൊണ്ട് – വെറുതെ നോക്കി മനസ്സിലാക്കിക്കൊണ്ട് - ഉപ്പ് നല്ല നിലവാരത്തിലുള്ള ആണോ അല്ലയോ എന്ന് അവർക്ക് പറയാൻ കഴിയും. നല്ല കല്ലുപ്പ് ഒരേ വലിപ്പമുള്ള പരലുകൾ ആയിരിക്കും, അവ ഒട്ടി പിടിക്കില്ല. "അത് തണുത്ത് ഒട്ടിപ്പിടിക്കുന്നതാണെങ്കിൽ സ്വാദ് ഉണ്ടായിരിക്കില്ല.” ബോമെ തെർമോമീറ്ററുകളുടെ സഹായത്താൽ വിപുലമായ ജലപാത സംവിധാനങ്ങളുപയോഗിച്ച് ശാസ്ത്രീയമായി ഉണ്ടാക്കുന്ന ഉപ്പ് ഒരേയൊരു ലക്ഷ്യത്തോടെയുണ്ടാക്കുന്നതാണ് - വൻതോതിൽ ഉത്പാദിപ്പിക്കുക. ആ ലക്ഷ്യം നേടാവുന്നതാണെന്ന് അവരെന്നോട് പറഞ്ഞു. പക്ഷെ അത്തരത്തിൽ ഉണ്ടാക്കുന്ന ഉപ്പ് വ്യാവസായിക ആവശ്യത്തിനായിരിക്കും കൂടുതൽ ചേരുക.

Rani at home, and with her son Kumar (right). During each pregnancy, she worked till the day of delivery – then walked to the hospital directly from the salt pans
PHOTO • M. Palani Kumar
During each pregnancy, she worked till the day of delivery – then walked to the hospital directly from the salt pans
PHOTO • M. Palani Kumar

റാണി തന്‍റെ മകനായ കുമാറിനൊപ്പം വീട്ടിൽ (വലത്). ഓരോ ഗർഭധാരണ സമയത്തും അവർ പ്രസവദിവസം വരെ ജോലി ചെയ്തു – പിന്നെ ഉപ്പളങ്ങളിൽ നിന്ന് നേരിട്ട് ആശുത്രിയിലേക്ക് നടന്നു

*****

" ഉപ്പളങ്ങ ളെ കൃഷിയായി പരിഗണിക്കണം , വ്യവസായങ്ങളായല്ല .”
– ജി. ഗ്രഹദുരൈ, പ്രസിഡന്‍റ്, തൂത്തുക്കുടി, സ്മോൾ സ്കേൽ സാൾട്ട് മാനുഫാക്ചറേഴ്സ് അസോസിയേഷൻ

തൂത്തുക്കുടിയിലെ ന്യൂ കോളനിയിലെ താപനില നിയന്ത്രിച്ച തന്‍റെ ഓഫീസിൽ വച്ച് ജി. ഗ്രഹദുരൈ ജില്ലയിലെ ഉപ്പ് വ്യവസായത്തെ പറ്റിയുള്ള ബൃഹത്തായ ഒരു ചിത്രം എനിക്കു നൽകി. അദ്ദേഹത്തിന്‍റെ സംഘടനയിൽ 175-നടുത്ത് അംഗങ്ങൾ ഉണ്ട്. ഓരോരുത്തർക്കും ഏകദേശം 10 ഏക്കറോളം സ്ഥലവുമുണ്ട്. ജില്ലയിലുടനീളം 25,000 ഏക്കർ വരുന്ന ഉപ്പളങ്ങളിൽ പ്രതിവർഷം 25 ലക്ഷം ടണ്ണിനടുത്ത് ഉപ്പ് ഉത്പാദിപ്പിക്കുന്നു.

ഓരോ ഏക്കറിലും പ്രതിവർഷം ശരാശരി 100 ടണ്ണുകൾ വീതം ഉത്പാദിപ്പിക്കുന്നു. കനത്ത മഴ പെയ്യുന്ന മോശം വർഷത്തിൽ അത് 60 ആയി കുറയുന്നു. "മണ്ണിനടിയിലുള്ള ഉപ്പുവെള്ളം കൂടാതെ നമുക്ക് വൈദ്യുതി ആവശ്യമുണ്ട് (വെള്ളം പമ്പ് ചെയ്യാൻ), കൂടാതെ കായികാദ്ധ്വാനവും വേണം, ഉപ്പ് ഉത്പാദിപ്പിക്കാൻ”, വർദ്ധിച്ചു വരുന്ന തൊഴിൽ ചിലവിനെപ്പറ്റി ഗ്രഹദുരൈ പറഞ്ഞു. "അത് കൂടി, കൂടി, കൂടി വരുന്നു. അതോടൊപ്പം തൊഴിൽ സമയം കുറഞ്ഞും വരുന്നു - കഴിഞ്ഞ വർഷം എട്ട് മണിക്കൂർ ആയിരുന്നതിൽ നിന്നും ഇപ്പോൾ വെറും നാല് മണിക്കൂർ ആയിരിക്കുന്നു. അവർ രാവിലെ 5 മണിയാകുമ്പോൾ വരുന്നു, 9 മണിയാകുമ്പോൾ തിരികെ പോകുന്നു. ഉടമകൾ അവിടെ ചെന്നാൽപോലും തൊഴിലാളികളെയൊന്നും കാണാൻ കഴിയില്ല. അയാൾ കണക്കു കൂട്ടുന്നതിൽ നിന്നും വളരെ വ്യത്യസ്തമായാണ് തൊഴിലാളികൾ ജോലിസമയം കണക്കു കൂട്ടുന്നത്.

ഉപ്പള തൊഴിലുമായി ബന്ധപ്പെട്ട അവസ്ഥകൾ വളരെ കടുത്തതാണെന്ന് ഗ്രഹദുരൈ സമ്മതിക്കുന്നു. "കക്കൂസും വെള്ളവും നൽകണം. പക്ഷെ, ഉപ്പളങ്ങൾ 100 കണക്കിന് കിലോമീറ്റർ സ്ഥലത്തായി സ്ഥിതി ചെയ്യുന്നതിനാൽ യുക്തിസഹമായി നോക്കുമ്പോൾ ഇതെളുപ്പമല്ല.”

തൂത്തുക്കുടി ഉപ്പിനുള്ള വിപണി കുറഞ്ഞു വരികയാണെന്ന് ഗ്രഹദുരൈ പറഞ്ഞു. "ഏറ്റവും ഭക്ഷ്യ യോഗ്യമായ ഉപ്പെന്ന നിലയിൽ ഇത് നേരത്തെ എല്ലായിടത്തും അറിയപ്പെട്ടിരുന്നതാണ്. പക്ഷെ ഇപ്പോഴിത് 4 തെക്കൻ സംസ്ഥാനങ്ങളിലേക്കു മാത്രമെ പോകുന്നുള്ളൂ. കുറച്ചുമാത്രം സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും കയറ്റുമതി ചെയ്യുന്നു. ഇവയിൽ കൂടുതലും വ്യാവസായങ്ങളിലാണ് ഉപയോഗിക്കുന്നത്. കാലവർഷത്തിനു ശേഷം ഉപ്പളങ്ങളിൽ നിന്നും ചുരണ്ടിയെടുക്കുന്ന ജിപ്സത്തിൽ നിന്നും ചെറിയൊരു വരുമാനം ലഭിക്കുന്നു. പക്ഷെ കാലാവസ്ഥയും, അതായത് ഏപ്രിൽ-മെയ് മാസങ്ങളിലെ മഴ, ഉപ്പ് ഉത്പാദനത്തെ വർദ്ധിതമാംവണ്ണം ബാധിച്ചിരിക്കുന്നു.”

"തൂത്തുക്കുടിയേക്കാൾ ചൂടുള്ളതും വരണ്ടതുമെന്ന നിലയിൽ” ഗുജറാത്തുമായി കടുത്ത മത്സരമാണുള്ളത്. "കൂടാതെ രാജ്യത്തെ ഉത്പാദനത്തിന്‍റെ 76 ശതമാനവും ആ പടിഞ്ഞാറൻ സംസ്ഥാനത്തു നിന്നാണ് വരുന്നത്. അവരുടെ ഉപ്പ് ഉത്പാദന സ്ഥലങ്ങൾ വളരെ വലുതാണ്. ഉത്പാദനം ഭാഗികമായി യന്ത്രവത്കൃതവും ഭാഗികമായി ബീഹാറിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ സേവനം [കുറഞ്ഞ കൂലിക്ക്] ലഭിക്കുന്നതുമാണ്.

PHOTO • M. Palani Kumar

ചെറിയ വിജയങ്ങൾ - ചെറിയ കൂലി വർദ്ധനവും ബോണസും - സംഭവിച്ചത് ഉപ്പള തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്കു വേണ്ടി പൊരുതിയതുകൊണ്ടാണ്

തൂത്തുക്കുടിയിൽ ഒരു ടൺ ഉപ്പ് ഉത്പാദിപ്പിക്കുന്നതിനുള്ള ചിലവ് 600 മുതൽ 700 രൂപ വരെയാണ്. "എന്നാലിത് ഗുജറാത്തിൽ 300 രൂപ മാത്രമാണ്”, അദ്ദേഹം അവകാശപ്പെട്ടു. "ഞങ്ങളെങ്ങനെ മത്സരിക്കാനാണ്, പ്രത്യേകിച്ച് ഒരു ടൺ ഉപ്പിന്‍റെ വില 2019-ൽ സംഭവിച്ചതുപോലെ പെട്ടെന്ന് 600 രൂപയിലേക്ക് താഴുമ്പോൾ?" ഈ നഷ്ടം തട്ടിക്കിഴിക്കുന്നതിനായി ഉപ്പ് ഉത്പാദനത്തെ കൃഷിയായിട്ടു വേണം പരിഗണിക്കാൻ, വ്യവസായമായിട്ട് ആവരുത്, എന്നാണ് ഗ്രഹാദുരൈയും മറ്റുള്ളവരും പറയുന്നത്. [അങ്ങനെയാണ് ഉപ്പിനെ ഒരു ‘വിള’ എന്ന നിലയിൽ കാണുന്ന ആശയമുണ്ടായത്]. കുറഞ്ഞ പലിശയ്ക്ക് വായ്പ, സബ്സിഡി നിരക്കിൽ വൈദ്യുതി, ഫാക്ടറി-തൊഴിൽ നിയമങ്ങളിൽ നിന്നുള്ള ഒഴിവാക്കൽ എന്നിവയൊക്കെയാണ് ചെറുകിട ഉപ്പ് ഉത്പാദകരുടെ ആവശ്യങ്ങൾ.

“ഈ വർഷം നേരത്തെ തന്നെ ഗുജറാത്തിൽ നിന്നുള്ള കപ്പലുകൾ തൂത്തുക്കുടിയിലെത്തി ഉപ്പ് വിറ്റു.”

*****

ഭീകരമായ എന്തെങ്കിലും സംഭവിക്കുമ്പോൾ മാത്രമേ അവർ ഞങ്ങളെക്കുറിച്ച് എഴുതൂ
– വനിതാ  ഉപ്പള തൊഴിലാളികൾ

ഉപ്പള തൊഴിലാളികളുടെ ഉപജീവനം ശക്തിപ്പെടുത്തുന്നതിനായി അൺഓർഗനൈസ്ഡ് വർക്കേഴ്സ് ഫെഡറേഷന്‍റെ കൃഷ്ണമൂർത്തി നിരവധി ആവശ്യങ്ങൾ മുന്നോട്ടു വയ്ക്കുന്നു. അടിസ്ഥാന സൗകര്യങ്ങൾ (ജലം, ശുചിത്വം, വിശ്രമ സ്ഥലം) കൂടാതെ തൊഴിലാളികൾ, തൊഴിൽ ദാതാക്കൾ, സർക്കാർ എന്നിവരുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന ഒരു കമ്മിറ്റി രൂപവത്കരിക്കാൻ അദ്ദേഹം ആവശ്യപ്പെടുന്നു. പരിഹരിക്കാതെ കിടക്കുന്നു പ്രശ്നങ്ങൾ വളരെ വളരെ പെട്ടെന്ന് പരിഹരിക്കുന്നതിനാണിത്.

"ഞങ്ങൾക്ക് ശിശു സുരക്ഷ സൗകര്യങ്ങൾ വളരെ അത്യാവശ്യമാണ്. ഇപ്പോൾ വരെ ഓഫീസ് സമയങ്ങളിൽ (9 മുതൽ 5 വരെ) മാത്രമാണ് അംഗൻവാടികൾ പ്രവർത്തിക്കുന്നത്. ഉപ്പ് തൊഴിലാളികൾ രാവിലെ അഞ്ചുമണിക്ക് വീട്ടിൽനിന്ന് ഇറങ്ങുന്നതാണ്, ചിലയിടങ്ങളിൽ അതിനുംമുമ്പേ. ഏറ്റവും മൂത്ത കുട്ടി (പ്രത്യേകിച്ച് അതൊരു പെൺകുട്ടി ആണെങ്കിൽ) പിന്നെ അമ്മയ്ക്കു വേണ്ടി കാത്തിരിക്കണം. അവളുടെ വിദ്യാഭ്യാസം നശിക്കും. ഈ അംഗൻവാടികൾ കുട്ടികളെ നോക്കുന്നതിനായി രാവിലെ 5 മണി മുതൽ 10 മണി വരെ പ്രവർത്തിക്കേണ്ടതല്ലേ?"

ചെറിയ വിജയങ്ങൾ - ചെറിയ കൂലി വർദ്ധനവും ബോണസും - ഉണ്ടായത് ഉപ്പള തൊഴിലാളികൾ അവരുടെ അവകാശങ്ങൾക്കുവേണ്ടി പൊരുതിയതുകൊണ്ടാണെന്ന് കൃഷ്ണമൂർത്തി വിശദീകരിക്കുന്നു. പുതിയ ഡി.എം.കെ. സർക്കാരിന്‍റെ 2021-ലെ തമിഴ്‌നാട് ബജറ്റ് ദീർഘകാലമായുള്ള ഒരു ആവശ്യം നിറവേറ്റിയിരിക്കുന്നു: കാലവർഷ സമയത്ത് സമാശ്വാസമായി 5,000 രൂപ. അസംഘടിത മേഖലയ്ക്ക് വളരെ എളുപ്പത്തിൽ സംഘടിതമാവാൻ കഴിഞ്ഞിട്ടില്ലെന്ന് കൃഷ്ണമൂർത്തിയും സാമൂഹ്യപ്രവർത്തകയായ ഉമാമഹേശ്വരിയും സമ്മതിക്കുന്നു. ആരോഗ്യ പ്രശ്നങ്ങൾ തൊഴിൽ സംബന്ധമായ ബുദ്ധിമുട്ടുകളാണ്. പക്ഷെ ഉറപ്പായും "ചില അടിസ്ഥാന സാമൂഹ്യ സുരക്ഷ നടപടികൾ ലഭ്യമാക്കാൻ കഴിയില്ലേ?", അവർ ചോദിക്കുന്നു.

എല്ലാം കഴിഞ്ഞാലും തൊഴിൽ ദാതാക്കൾ ലാഭമുണ്ടാക്കുമെന്ന് എല്ലാ സ്ത്രീകളും ചൂണ്ടിക്കാട്ടി. ഝാൻസി ഉപ്പളങ്ങളെ പനയോടാണ് താരതമ്യപ്പെടുത്തിയത്. രണ്ടും ശക്തമാണ്, കടുത്ത വെയിലിൽ അഭിവൃദ്ധി പ്രാപിക്കാൻ രണ്ടും പ്രാപ്തമാണ്. എല്ലായ്പ്പോഴും പ്രയോജനപ്രദവുമാണ്. ധുഡ്ഡ് (തുട്ട്) എന്ന് പണത്തെ അനൗപചാരികമായി വിളിക്കുന്ന പദം അവർ പലതവണ ആവർത്തിച്ചു. ഉപ്പളങ്ങൾ എല്ലായ്പ്പോഴും ഉടമകൾക്ക് പണം നൽകുന്നു.

"പക്ഷെ ഞങ്ങൾക്കില്ല. ആർക്കും ഞങ്ങളുടെ ജീവിതത്തെക്കുറിച്ചറിയില്ല”, ജോലിക്കുശേഷം ചെറിയ പേപ്പർ കപ്പിൽ ചായ കുടിച്ചുകൊണ്ട് സ്ത്രീകൾ എന്നോടു പറഞ്ഞു. "എല്ലായിടത്തും നിങ്ങൾ കർഷകരെക്കുറിച്ച് വായിക്കുന്നു. പക്ഷെ സമരം ചെയ്താൽ മാത്രമേ മാദ്ധ്യമങ്ങൾ ഞങ്ങളോട് സംസാരിക്കൂ. അവരുടെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു "എന്തെങ്കിലും ഭീകരമായി സംഭവിക്കുമ്പോൾ മാത്രമേ അവർ ഞങ്ങളെക്കുറിച്ച് എഴുതൂ. എന്നോടു പറയൂ, എല്ലാവരും ഉപ്പ് ഉപയോഗിക്കുന്നില്ലേ?", അവർ വാദിച്ചു.

2020 -ലെ ഗവേഷണ ധനസഹായ പദ്ധതിയുടെ ഭാഗമായി ബെംഗളുരുവിലെ അസിം പ്രേംജി സർവ്വകലാശാലയാണ് ഈ ഗവേഷണ പഠനത്തിനുള്ള ധനസഹായം നൽകിയിരിക്കുന്നത്.

പരിഭാഷ: റെന്നിമോന്‍ കെ. സി.

Reporting : Aparna Karthikeyan

अपर्णा कार्थिकेयन स्वतंत्र मल्टीमीडिया पत्रकार आहेत. ग्रामीण तामिळनाडूतील नष्ट होत चाललेल्या उपजीविकांचे त्या दस्तऐवजीकरण करतात आणि पीपल्स अर्काइव्ह ऑफ रूरल इंडियासाठी स्वयंसेवक म्हणूनही कार्य करतात.

यांचे इतर लिखाण अपर्णा कार्थिकेयन
Photos and Video : M. Palani Kumar

एम. पलनी कुमार २०१९ सालचे पारी फेलो आणि वंचितांचं जिणं टिपणारे छायाचित्रकार आहेत. तमिळ नाडूतील हाताने मैला साफ करणाऱ्या कामगारांवरील 'काकूस' या दिव्या भारती दिग्दर्शित चित्रपटाचं छायांकन त्यांनी केलं आहे.

यांचे इतर लिखाण M. Palani Kumar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

यांचे इतर लिखाण Rennymon K. C.