“എത്ര കത്തികളെന്നുവച്ചാണ് ഒരു വർഷം എനിക്ക് വിൽക്കുവാൻ സാധിക്കുക?”, കോട്ടഗിരി പട്ടണത്തിലെ ഇടവഴികളിലൊന്നിൽ തകരമേൽക്കൂരയുള്ള തന്റെ ആലയിലിരുന്നുകൊണ്ട് എൻ. മോഹന രംഗൻ ചോദിക്കുന്നു. “തേയില പറിക്കാൻ അവർക്ക് ചെറിയ കത്തികളേ ആവശ്യമുള്ളു. കൃഷിപ്പണിക്കാണെങ്കിൽ ഇരുമ്പുക്കൊണ്ടുണ്ടാക്കിയ കയ്യിൽപ്പിടിക്കാവുന്ന വലിയ കലപ്പകളും വാരുക്കോലും വേണ്ടിവരും. എന്നാൽ ഈയിടെയായി കൃഷി കുറവാണ്, തേയിലത്തോട്ടങ്ങൾ അധികവും. ചില ദിവസങ്ങളിൽ ഞാൻ ആലയിൽ വരുമ്പോൾ ഇവിടെ ചെയ്യാൻ ഒരു ജോലിയും കാണില്ല…”
കോത്ത ഗോത്രവർഗ്ഗത്തിലെ ശേഷിക്കുന്ന കൊല്ലന്മാരിൽ (ഇരുമ്പുപണിക്കാർ) ഒരാളാണ് 44-കാരനായ രംഗൻ. തമിഴ്നാട്ടിലെ നീലഗിരിയിൽ സ്ഥിതിചെയ്യുന്ന കോട്ടഗിരിയിൽനിന്നും ഏതാനും കിലോമീറ്റർ അകലെയുള്ള ഒരു ചെറുഗ്രാമമായ പുദ്ദു കോട്ടഗിരിയിലാണ് അദ്ദേഹം താമസിക്കുന്നത്. "27 വർഷമായി ഞാൻ ഈ പണി ചെയ്യുന്നു. എനിക്ക് മുന്നേ എന്റെ പിതാവും മുത്തശ്ശനും അദ്ദേഹത്തിന്റെ പിതാവും മുതുമുത്തശ്ശന്മാരും ഇതേ തൊഴിൽതന്നെയാണ് ചെയ്തിരുന്നത്," അദ്ദേഹം പറയുന്നു. "എനിക്ക് ഓർക്കാവുന്നതിനും എത്രയോ തലമുറകൾക്കും മുമ്പേ ഞങ്ങളുടെ കുടുംബം ചെയ്തുവരുന്ന തൊഴിലാണിത്."
എന്നാൽ തലമുറകളുടെ പഴക്കമുള്ള ഈ തൊഴിൽ തേയിലത്തോട്ടങ്ങളുടെ വ്യാപനത്തോടെ നഷ്ടമാവുകയാണ് – ഇന്ത്യൻ ടീ അസോസിയേഷന്റെ കണക്കുപ്രകാരം, 1971 മുതൽ 2008വരെ (ലഭ്യമായ കണക്കിലെ ഒടുവിലത്തെ വർഷം) നീലഗിരിയിലെ തേയിലക്കൃഷിയുടെ വിസ്തൃതി 22,651 ഹെക്ടറിൽനിന്നും 66,156 ഹെക്ടറിലേക്ക് മൂന്നിരട്ടിയായി വർദ്ധിച്ചു. ഇത് പതിയെ ഇരുമ്പുപണി വ്യാപാരത്തിന്റെ വീഴ്ച്ചയ്ക്ക് കാരണമായി.






