“ഞങ്ങള്‍ എല്ലാവരും വളരെ ബുദ്ധിമുട്ടിയാണ് കഴിയുന്നത്, ഭക്ഷണം കഴിക്കുന്നത് വീട്ടുജോലി ചെയ്തും. പക്ഷെ ഇപ്പോള്‍ ജോലിയില്ല. എവിടെനിന്ന് ഞങ്ങള്‍ക്കു പണം ലഭിക്കും”, പൂനെ നഗരത്തിലെ കോഥ്‌റൂഡ് പോലീസ് സ്റ്റേഷന് സമീപമുള്ള ലക്ഷ്മി നഗര്‍ കോളനിയില്‍ താമസിക്കുന്ന അബോലി കാംബ്ലെ പറഞ്ഞു. “ഒരു റേഷനും ഇല്ല, ഭക്ഷണം ലഭ്യമല്ലെങ്കില്‍ കുട്ടികള്‍ എങ്ങനെ ജീവിക്കും?”
അബോലിയുടെ ദേഷ്യവും നിരാശയും അവരുടെ ശബ്ദത്തില്‍ വ്യക്തമായിരുന്നു. കോവിഡ്-19 ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് 5 ദിവസങ്ങള്‍ക്കു ശേഷം മാര്‍ച്ച് 30-നാണ് അവര്‍ താമസിക്കുന്ന ചേരി കോളനി ഞാന്‍ സന്ദര്‍ശിച്ചത്. “ഏറ്റവും കുറഞ്ഞത് ഇത്തരം സമയത്തെങ്കിലും റേഷന്‍ കടയില്‍ ഭക്ഷ്യ ധാന്യങ്ങള്‍ ലഭ്യമാക്കണം”, ആ 23-കാരി പറഞ്ഞു. “എല്ലാ സ്ത്രീകളും വീട്ടിലാണ്. പോലീസുകാര്‍ ഞങ്ങളെ പുറത്തുപോകാന്‍ അനുവദിക്കുന്നില്ല. പുറത്തുപോയി ജോലി ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ എങ്ങനെ ഞങ്ങള്‍ സാധനങ്ങള്‍ വാങ്ങും? വീട്ടുകാര്യങ്ങള്‍ എങ്ങനെ നടത്തും എന്ന കാര്യത്തില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. ഇത്തരം ബുദ്ധിമുട്ട് നിറഞ്ഞ ഒരു സമയത്ത് ഭക്ഷ്യ ധാന്യങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ പിന്നെ അതുകൊണ്ട് എന്തു പ്രയോജനം? റേഷന്‍ ലഭിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ തൂങ്ങി മരിക്കണോ?” അബോലിയുടെ കുടുംബം സോലാപൂരിലെ അകോലെകാട്ടി ഗ്രാമത്തില്‍ നിന്നും 1995-ലാണ് പൂനെ നഗരത്തില്‍ എത്തിയത്. അബോലി ഏപ്രില്‍ 16-ന് വിവാഹിതയാവേണ്ടതായിരുന്നു. പക്ഷെ അവരുടെ വിവാഹം നീട്ടിവച്ചിരിക്കുകയാണ്.
ഏഴ് ചാളകളിലായി (എന്‍.ജി.ഓ. സര്‍വ്വേകള്‍ പ്രകാരം) 850 ആളുകള്‍ താമസിക്കുന്ന പ്രസ്തുത കോളനി ഞാന്‍ സന്ദര്‍ശിച്ച സമയത്ത് ഭക്ഷണ-പണ ദൗര്‍ലഭ്യം പരിഹരിക്കുന്നതിനായി അവിടെയുള്ള സ്ത്രീകള്‍ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. അവരില്‍ ഭൂരിപക്ഷവും വീട്ടുജോലിക്കാര്‍ ആയിരുന്നു. ലക്ഷ്മി നഗറിലെ 190 കുടുംബങ്ങളില്‍ ഭൂരിപക്ഷവും അഹ്മദ്നഗര്‍, ബീഡ്, സോലാപൂര്‍, മഹാരാഷ്ട്രയിലെ ലാത്തൂര്‍ ജില്ല, തൊട്ടടുത്തുള്ള കര്‍ണ്ണാടകയുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. അവരില്‍ ഭൂരിപക്ഷവും ദളിതരായ മാതംഗ് സമുദായത്തില്‍ പെട്ടവരുമാണ്.
മഹാരാഷ്ട്രിയന്‍ പുതുവര്‍ഷമായ ഗുഢി പാഡ്വയുടെ തലേദിവസം രാത്രി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അവശ്യ സാധനങ്ങള്‍ തൊട്ടടുത്ത ദിവസം കിട്ടുമോ എന്നുള്ള കാര്യത്തില്‍ വ്യക്തത ഇല്ലായിരുന്നു. അതിനാല്‍ അപ്പോള്‍ പ്രവര്‍ത്തിച്ചിരുന്ന കടകളില്‍ നിന്നും കിട്ടുന്നതൊക്കെ വാങ്ങുന്നതിനായി ആളുകള്‍ തിക്കിത്തിരക്കി - പക്ഷെ വില നേരത്തെതന്നെ വര്‍ദ്ധിച്ചിരുന്നു.
ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കുമെന്ന് പിന്നീട് സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് (ബി.പി.എല്‍.) പൊതു വിതരണ സംവിധാനത്തില്‍ നിന്നും (പി.ഡി.എസ്.) മൂന്നു മാസത്തേക്ക് സൗജന്യ റേഷന്‍ ലഭ്യമാക്കുമെന്നും അറിയിച്ചു.




