18 വയസ്സിൽ പന്ത്രണ്ടാം ക്ലാസ്സ് പൂർത്തിയാക്കിയ പാണ്ഡല ലക്ഷ്മണ റാവുവിന് പഠനം തുടരാനായില്ല. "അസ്വറാവുപേട്ട പട്ടണത്തിലെ കോളജിൽ പ്രവേശനത്തിന് ചെന്നപ്പോൾ അവർ എന്നോട് ജാതി സർട്ടിഫിക്കറ്റ് കാണിക്കാൻ പറഞ്ഞു. എനിക്ക് അങ്ങനൊന്നില്ലാത്തതു കാരണം പഠനം അവസാനിപ്പിക്കാൻ ഞാൻ നിർബന്ധിതനായി," അയാൾ പറഞ്ഞു.
ഇപ്പോൾ 23 വയസുള്ള ലക്ഷ്മണ തന്റെ കുടുംബത്തിന്റെ ഒരേക്കർ 'പൊടു' എന്ന് വിളിക്കുന്ന കൃഷിസ്ഥലത്ത് പണിയില്ലാത്തപ്പോൾ, നായകുലഗുഡം എന്ന ചെറുഗ്രാമത്തിൽ ഒരു കാർഷിക തൊഴിലാളിയായി ജോലിചെയ്യുകയാണ്. കൃഷിക്കായി ഉപയോഗിക്കുന്ന വനഭൂമിയെയാണ് 'പൊടു' എന്ന് വിളിക്കുന്നത്.
ആന്ധ്രാപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരി ജില്ലയിലെ, ടി. നരസപുരം, ചിന്തളപുഡി മണ്ഡലുകളിലെ, 30 ഗ്രാമങ്ങളിൽ വസിക്കുന്ന നായിക്പോഡ് ഗോത്രത്തിലെ ലക്ഷ്മണയെപ്പോലുള്ള ധാരാളം ചെറുപ്പക്കാർക്ക് സമാനമായ കഥകളാണ് പറയാനുള്ളത്. തങ്ങളുടെ ഗ്രാമത്തിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെ മാരിഗുഡം എന്ന സ്ഥലത്തുള്ള ട്രൈബൽ റസിഡൻഷ്യൽ വിദ്യാലയം പട്ടികവർഗ്ഗ സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞതിനാൽ 18 വയസുള്ള കുസിനി സീതയും, കുസിനി നാഗമണിയും അഞ്ചാംക്ലാസ്സിൽ പഠനം അവസാനിപ്പിച്ചു. "ഇനി പഠിക്കാൻ സാധിക്കാത്തതിനാൽ ഞങ്ങളുടെ കല്യാണം നേരത്തെ കഴിയും, ഞങ്ങൾ 'പൊടു' സ്ഥലത്തോ അല്ലെങ്കിൽ മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലോ കൃഷിപ്പണിക്കാരായി ജോലി ചെയ്യും," നാഗമണി പറഞ്ഞു.
ഈ ഗോത്രത്തിന്റെ പേരുനൽകിയിരിക്കുന്ന നായകുലഗുഡം എന്ന ചെറുഗ്രാമത്തിൽ ഏകദേശം 100 നായിക്പോഡ് കുടുംബങ്ങൾ വസിക്കുന്നുണ്ട്. അടുത്തുള്ള വനത്തിൽ അവർ നെല്ലും, രാജ്മ പയറും മറ്റുവിളകളും കൃഷിചെയ്യുന്നു. ഉപജീവനത്തിനുവേണ്ടി അവർ കാടിനെയാണ് ആശ്രയിക്കുന്നത്. തേൻ ശേഖരിക്കും, മാംസത്തിനായി മരപ്പട്ടികളെ വേട്ടയാടും. പിന്നീട് ഇവയെല്ലാം ടി. നരസപുരം പട്ടണത്തിലെ ആഴ്ചച്ചന്തയിൽ വിൽക്കും.






