എസ്. രാമസ്വാമി എന്നെ അദ്ദേഹത്തിന്റെ പഴയ സുഹൃത്തിനെ പരിചയപ്പെടുത്തുന്നു. തന്റെ സുഹൃത്തിനെ നിത്യവും തേടിവരുന്ന സന്ദർശകരെക്കുറിച്ച് അദ്ദേഹം വാചാലനായി, ടി.വി. ചാനലുകൾ, ഐ.എ.എസ്., ഐ.പി.എസ് ഉദ്യോഗസ്ഥർ, അങ്ങിനെ ധാരാളമാളുകൾ. വിശദാംശങ്ങൾ വിട്ടുപോകാതിരിക്കാൻ അദ്ദേഹം ശ്രദ്ധിവെക്കുന്നു. ഒന്നുമില്ലെങ്കിലും അദ്ദേഹം സംസാരിക്കുന്നത് ഒരു വിശിഷ്ടവക്തിയെക്കുറിച്ചാണ്. ഒരു പ്രമുഖൻ.

അദ്ദേഹത്തിന്റെ ഈ സുഹൃത്ത് 200 വർഷം പഴക്കമുള്ള ഒരു വൃക്ഷമാണ്. മാലിംഗാം‌പട്ടിലെ, വലിയ ആയിരം‌കാച്ചി.

ആയിരം‌കാച്ചി ഒരു പഴവൃക്ഷമാണ്. ഒരു പ്ലാവ്. വീതിയും ഉയരവും ഫലഭൂയിഷ്ടവുമായ ഒന്ന്. അതിന്റെ ചുറ്റും ഒരുവട്ടം നടക്കാൻ 25 സെക്കന്റ് എടുക്കും. അതിന്റെ പുരാതനമായ ശാഖകളിൽനിന്ന് നൂറോളം ചക്കകൾ തൂങ്ങിക്കിടക്കുന്നു. അത്തരമൊരു വൃക്ഷത്തിന്റെ മുൻപിൽ നിൽക്കാൻ കഴിയുക എന്നതുതന്നെ ഒരു വലിയ കാര്യമാണ്. അതിന്റെ ചുറ്റും നടക്കാൻ കഴിയുക എന്നത് ഒരു വിശേഷാവകാശവും. എന്റെ മുഖഭാവം കണ്ട്, രാമസ്വാമി പുഞ്ചിരിക്കുന്നു. സന്തോഷവും അഭിമാനവുംകൊണ്ട് അദ്ദേഹത്തിന്റെ മീശയെ ഉയർന്ന് കണ്ണുവരെ എത്തി. തന്റെ 71 വർഷങ്ങൾക്കിടയിൽ ഇതുപോലെയുള്ള നിരവധി സന്ദർശകർ ഇവിടെവന്ന് ആദരവോടെ നിന്നിട്ടുള്ളത് അദ്ദേഹം കണ്ടിട്ടുണ്ട്. അദ്ദേഹം എന്നോട് കൂടുതൽ കാര്യങ്ങൾ പറഞ്ഞു..

“നമ്മൾ ഗൂഡല്ലൂർ ജില്ലയിലെ, പാൻ‌രുട്ടി ബ്ലോക്കിലെ മലിംഗാം‌പട്ട് ഊരിലാണ്”, കാവി മുണ്ടും, ചുമലിൽ ഒരു തോർത്തുമിട്ട്, ആ വൃക്ഷത്തിന്റെ മുമ്പിൽനിന്ന് അദ്ദേഹം തുടർന്നു. “ഈ വൃക്ഷം നട്ടത് എന്റെ പൂർവ്വികരാണ്. അഞ്ച് തലമുറ മുൻപ്. ഞങ്ങൾ ഇതിനെ ‘ആയിരം‌കാച്ചി‘ എന്ന് വിളിക്കുന്നു. ആയിരം ഫലങ്ങളെ തരുന്നത് എന്നർത്ഥം. ശരിക്കും ഇത്, എല്ലാ വർഷവും 200 മുതൽ 300 ഫലങ്ങൾവരെ ഇതിൽ ഉണ്ടാവാറുണ്ട്. 8-10 ദിവസങ്ങൾക്കുള്ളിൽ പഴുക്കും. അതിന്റെ ചുളകൾ നല്ല രുചിയുള്ളതാണ്. കാണാൻ നല നിറവും. പഴുക്കാത്തവരെ ബിരിയാണിയിൽ ഉപയോഗിക്കുകയും ചെയ്യാം. അരമിനിറ്റിനുള്ളിൽ അദ്ദേഹം അതിന്റെ ഗുണഗണങ്ങൾ വിസ്തരിച്ചു. ആ വൃക്ഷത്തെപ്പോലെ അദ്ദേഹത്തിന്റെ സംസാരവും കാ‍ലം‌കൊണ്ട് മൂർച്ചപ്പെട്ടതുപോലെ തോന്നി. ദശാബ്ദങ്ങളിലൂടെ രൂപപ്പെട്ടതുപോലെ.

PHOTO • M. Palani Kumar

രാമസ്വാമി തന്റെ പ്രിയപ്പെട്ട സ്നേഹിതൻ, 200 വർഷം പഴക്കമുള്ള ആയിരംകാച്ചിയോടൊപ്പം തന്റെ തോട്ടത്തിൽ

2022 ഏപ്രിൽ മധ്യത്തിലാണ്, ചക്ക കർഷകരേയും വ്യാപാരികളേയും കാണുന്നതിനായി പാരി ആദ്യമായി തമിഴ്നാട്ടിലെ ഗൂഡല്ലൂർ ജില്ലയിലെ പാൻ‌രുട്ടി ബ്ലോക്കിൽ വന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചക്ക ഉത്പാദിപ്പിക്കുന്ന – വിശേഷിച്ചും ഫെബ്രുവരി മുതൽ ജൂലായ് വരെയുള്ള മാസങ്ങളിൽ - ഈ പട്ടണത്തിൽ, ഇത് വിൽക്കുന്ന കടകൾ നിരനിരയായി കാണാം. വഴിവക്കിലെ കടകളിലും ട്രാഫിക് ജങ്ഷനുകളിലും, ചക്ക മുറിച്ചും, ചുളകളായും വിൽക്കുന്നു. ഏകദേശം ഇരുപത്തിനാലോളം കടകൾ, ഇവിടെ ചക്കയുടെ മൊത്തവില്പന കേന്ദ്രങ്ങളെന്ന നിലയിൽ പ്രവർത്തിക്കുന്നു. സമീപത്തുള്ള ഗ്രാമങ്ങളിൽനിന്ന് ടൺകണക്കിന് ചക്ക വണ്ടികളിൽ വന്ന്, ചെന്നൈ, മധുരൈ, സേലം എന്നിവിടങ്ങളിലേക്കും, ആന്ധ്രപ്രദേശിലേക്കും എന്തിന്, മഹാരാഷ്ട്രയിലെ മുംബൈയിലേക്കുപോലും യാത്രചെയ്യുന്നു.

ആർ.വിജയകുമാറിന്റെ ഉടമസ്ഥതയിലുള്ള അത്തരമൊരു മൊത്തവില്പനകേന്ദ്രത്തിൽ‌വെച്ചാണ് ഞാൻ രാമസ്വാമിയെക്കുറിച്ചും അദ്ദേഹത്തിന്റെ പൈതൃകവൃക്ഷത്തെക്കുറിച്ചും കേട്ടത്. “പോയി അദ്ദേഹത്തെ കാണൂ, അദ്ദേഹം എല്ലാം വിസ്തരിച്ച് പറഞ്ഞുതരും”, വിജയകുമാർ എനിക്ക് ഉറപ്പുതന്നു. വഴിവക്കിലുള്ള കടയിൽനിന്ന് അദ്ദേഹം എനിക്കൊരു ചായ സത്ക്കരിക്കുകയായിരുന്നു. തൊട്ടടുത്ത് ഒരു ബഞ്ചിലിരുന്ന പ്രായമായ ഒരു കർഷകനെ ചൂണ്ടിക്കാണിച്ചുകൊണ്ട് “ഇദ്ദേഹത്തെയും കൂടെ കൂട്ടിക്കോളൂ” എന്നും വിജയകുമാർ പറഞ്ഞു.

ഏകദേശം അഞ്ച് കിലോമീറ്റർ അപ്പുറത്തായിരുന്നു മലിംഗാം‌പട്ട്. കാറിൽ ഒരു 10 മിനിറ്റ് ദൂരം. കർഷകൻ കൃത്യമായി വഴി കാണിച്ചുതന്നു. “വലത്തേക്ക് തിരിയൂ, ആ വഴി പോവൂ, ഇവിടെ നിർത്തൂ, ഇതാണ് രാമസ്വാമിയുടെ സ്ഥലം”, കറുപ്പും വെളുപ്പും നിറമുള്ള ഒരു വലിയ നായ കാവൽ നിൽക്കുന്ന ഒരു വലിയ വീടിനുനേരെ അദ്ദേഹം വിരൽ ചൂണ്ടി. വരാന്തയിൽ ഒരു ഊഞ്ഞാലും, കുറച്ച് കസേരകളും ഉണ്ടായിരുന്നു. മുൻ‌വശത്ത്, നല്ല കൊത്തുപണികളുള്ള ഒരു വാതിലും. വരാന്തയിൽ നിരവധി ചാക്കുകളിലായി പറമ്പിൽനിന്നുള്ള വിളകൾ കൂട്ടിവെച്ചിരിക്കുന്നു. ചുമരിൽ നിറയെ ഫോട്ടോകളും, കൌതുകവസ്തുക്കളും കലണ്ടറുകളും.

രാമസ്വാമി ഞങ്ങളെ പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഞങ്ങളെ ക്ഷണിച്ചിരുത്തി, അകത്തുപോയി, കുറേ പുസ്തകങ്ങളും ചിത്രങ്ങളും എടുത്തുകൊണ്ടുവന്നു. ധാരാളം ആളുകൾ സന്ദർശിക്കുന്ന ഒരു വിദഗ്ദ്ധൻ എന്ന നിലയിൽ, കൌതുകംകൊണ്ട് വരുന്ന ആളുകളെ അദ്ദേഹത്തിന് പരിചയമുണ്ട്. ചൂടുള്ള ആ ഏപ്രിലിലെ പൂർവ്വാഹ്നത്തിൽ, ഒരു പ്ലാസ്റ്റിക്ക് കസേരയിലിരുന്ന്, അദ്ദേഹം എനിക്ക് പല കാര്യങ്ങളും പറഞ്ഞുതന്നു. തൊട്ടടുത്ത് രണ്ട് സ്ത്രീകൾ ഉണക്കമത്സ്യം വിൽക്കുന്നുണ്ടായിരുന്നു.

*****

PHOTO • Aparna Karthikeyan
PHOTO • M. Palani Kumar

ഗൂഡല്ലൂർ ജില്ലയിലെ പാൻ‌രുട്ടി ബ്ലോക്കിലെ മാലിഗാം‌പട്ട് ഊരിൽ, ലോകത്തിലെ ഏറ്റവും വലിയ ഫലവർഗ്ഗങ്ങളിലൊന്നായ ചക്ക കൃഷി ചെയ്യുകയാണ് രാമസ്വാമി. അഞ്ച് തലമുറ മുൻപ് അദ്ദേഹത്തിന്റെപൂർവ്വികർ നട്ടുവളർത്തിയതാണ് ആയിരംകാച്ചി എന്ന ഈ ഏറ്റവും പഴക്കമുള്ള പ്ലാവ്

നാടൻ ഭാഷയിൽ ചക്ക എന്ന് വിളിക്കപ്പെടുന്ന, ഏറ്റവും വലിയ ഫലങ്ങളിലൊന്നായ ഇത്, ദക്ഷിണേന്ത്യയിലെ പശ്ചിമഘട്ടത്തിൽനിന്നാണ് വരുന്നത്. ജാക്ക് ഫ്രൂട്ട് എന്ന ഇംഗ്ലീഷ് വാക്കിന്റെ ഉത്ഭവം, പോർത്തുഗീസ് വാക്കായ ‘ ജാക്ക ‘യിൽനിന്നാണ്. ആ പോർത്തുഗീസ് വാക്ക് വന്നത്, മലയാളത്തിലെ ചക്ക യിൽനിന്നും. ഇതിന്റെ ശാസ്ത്രീയനാമം, അല്പം സങ്കീർണ്ണമാണ്. അർട്ടോകാർപ്പസ് ഹെറ്റെറോഫൈലസ് .

അന്താരാഷ്ട്രസമൂഹം ഈ മുള്ളുകളുള്ള ഹരിതനിറത്തിലുള്ള ഫലവർഗ്ഗത്തെ ശ്രദ്ധിക്കുന്നതിനും മുൻപ്, തമിഴ് കവികൾ ഇതിനെ കണ്ടിരുന്നു. പാലപ്പഴം എന്നുവിളിക്കുന്ന ഈ വലിയ പഴം, 2000 വർഷംമുമ്പ് എഴുതപ്പെട്ട ചില പ്രണയകവിതകളിലെ കൗതുകകരമായ സാന്നിധ്യമായിരുന്നു.

നിറഞ്ഞുതുളുമ്പിയ നിൻ കണ്ണുകൾ പിന്നിട്ട്
വിളഞ്ഞ ചക്കകൾ നിറഞ്ഞ കുന്നുകളുള്ള
സ്വന്തം നാട്ടിലേക്കവൻ പോവുന്നു
മാംസളമായ ആ സുഗന്ധ ഫലങ്ങൾ
പാറയിടുക്കുകളിൽ വീണ്
ആ മാധുര്യമാകെ അവിടെ ചിതറുന്നു

അകനാനൂറ് – 214, സംഘകാല കവിത

‘കപിലരുടെ മനോഹരമായ കവിത’ എന്ന് പരിഭാഷകനായ സെന്തിൽനാഥൻ വിശേഷിപ്പിക്കുന്ന മറ്റൊരു കവിതയിൽ, ചക്ക പഴുക്കുന്നതിനെ മഹത്തായ പ്രണയത്തിനോടാണ് ഉപമിക്കുന്നത്.

ഭാരിച്ച വലിയ ഫലം തൂങ്ങിയാടുന്ന
ദുർബ്ബലമായ കമ്പുപോലെ
ചെറിയ ജീവിതമായിരുന്നെങ്കിലും,
അവളുടെ പ്രണയം
മഹത്തരമായിരുന്നു

കുറുംതൊഗൈ 18, സംഘകാല കവിത

400 ബി.സി.ഇ.യിലെ ബുദ്ധ-ജൈന സാഹിത്യങ്ങളും, പഴം, മുന്തിരി, നാരങ്ങ തുടങ്ങിയ മറ്റ് ഫലങ്ങളൊടൊപ്പം ചക്കയെ പരാമർശിക്കുന്നുണ്ടെന്ന് ഇന്ത്യൻ ഫുഡ് : ഹിസ്റ്റോറിക്കൾ കമ്പാനിയൻ എന്ന പുസ്തകത്തിൽ കെ.ടി.ആചാര്യ സൂചിപ്പിക്കുന്നു.

PHOTO • M. Palani Kumar

തോട്ടത്തിൽ, നൃത്തം ചെയ്യുന്ന നിഴലുകളുടെയിടയിൽ നിന്ന് രാമസ്വാമി, പുറം‌ലോകത്തേക്ക് നോക്കുന്നു

ഇനി 16-ആം നൂറ്റാണ്ടിലേക്ക് ഒന്ന് വരാം. ഇവിടെയെത്തുമ്പോൾ ബാബർ ചക്രവർത്തി (‘കൃത്യമായി ഡയറി എഴുതിയിരുന്ന‘യാൾ) ഹിന്ദുസ്ഥാനിലെ ഫലവർഗ്ഗങ്ങളെ “കൃത്യതയോടെ വിവരിക്കുന്നുണ്ട്“ എന്ന് ആചാര്യ എഴുതുന്നു. ചക്കയുടെ വലിയ ആരാധകനൊന്നുമായിരുന്നില്ല ബാബർ എന്ന് തോന്നുന്നു. കാരണം, അദ്ദേഹം അതിനെ താരത‌മ്യം ചെയ്യുന്നത്, ‘പുഡ്ഡിംഗ് നിറച്ച ആടിന്റെ ആമാശയ”ത്തോടാണ്. ‘മട്ടിക്കുന്ന മധുരം’ എന്നും അദ്ദേഹം അതിനെക്കുറിച്ച് പറയുന്നു.

തമിഴ്നാട്ടിൽ, ഈ ഫലവർഗ്ഗം വളരെ പ്രിയപ്പെട്ടതാണ്. ഈ ‘മൂന്ന് കനി‘കളെക്കുറിച്ചുള്ള – മാങ്ങ, ചക്ക, വാഴപ്പഴം - സമസ്യകളും പഴഞ്ചൊല്ലുകളുംകൊണ്ട് മധുരിക്കുന്ന ഒന്നാണ് തമിഴ് ഭാഷ. ചക്കപ്പഴത്തെക്കുറിച്ചുള്ള മനോഹരവും വിശദവുമായ ‘പലാമരം: ദ് കിംഗ് ഓഫ് ഫ്രൂട്ട്സ്’ എന്ന പുസ്തകത്തിൽ, ഇര.പഞ്ചവർണ്ണം നിരവധി പഴഞ്ചൊല്ലുകൾ സൂചിപ്പിക്കുന്നുണ്ട്. ഒരു മനോഹരമായ വരി ചോദിക്കുന്നു:

മുള്ളുകളുള്ള മുത്തുകളുടെ വിളവ്, എന്താണത്? ചക്ക

ഈയടുത്തായി പത്രങ്ങളും ഈ ഫലവർഗ്ഗത്തെക്കുറിച്ച് ധാരാളമായി എഴുതിയിട്ടുണ്ട്. ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസിലെ 2019-ലെ ഒരു പ്രബന്ധത്തിൽ ആർ.എ.എസ്.എൻ. റാണാസിംഗെ പറയുന്നു: “ചക്ക, ഇലകൾ, തൊലി, തുടങ്ങി, പ്ലാവിന്റെ വിവിധ ഭാഗങ്ങൾക്ക് നീർക്കെട്ട്, അണുബാധ, കാൻസർ, പുഴുക്കടി തുടങ്ങി, നിരവധി രോഗങ്ങളെ പ്രതിരോധിക്കാനുള്ള ഔഷധവീര്യമുണ്ട്”. എന്നിട്ടും, “അത് ധാരാളമായി വളരുന്ന സ്ഥലങ്ങളിൽപ്പോലും, കമ്പോളതലത്തിൽ അതിനെ അധികം ഉപയോഗിക്കുന്നില്ല“.

*****

PHOTO • M. Palani Kumar
PHOTO • M. Palani Kumar

ഇടത്ത്: രാമസ്വാമിയുടെ തോട്ടത്തിൽ നട്ട ഒരു ഇളം പ്ലാവ്. വലത്ത്: മുള്ളുകളുള്ള പച്ചനിറത്തിലുള്ള ഫലങ്ങൾ മരങ്ങളിൽനിന്ന് തൂങ്ങാൻ തുടങ്ങുകയും അധികം താമസിയാതെ, സീസണിൽ, പ്ലാവുകളുടെ തായ്ത്തടിയെ മൂടുകയും ചെയ്യുന്നു.

തമിഴ്നാടിന്റെ ചക്ക തലസ്ഥാനമാണ് ഗൂഡല്ലൂരിലെ പാൻ‌രുട്ടി ബ്ലോക്ക്. ചക്കയെക്കുറിച്ചും അതിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ചുമുള്ള രാമസ്വാമിയുടെ അറിവാകട്ടെ, അഗാധവും. ഈ വൃക്ഷങ്ങൾ ഏറ്റവും നന്നായി വളരുന്നത് എവിടെയാണെന്ന് അദ്ദേഹം പറയുന്നു. അതായത്, ഭൂഗർഭ ജലം 50 അടിയിൽത്താഴെയുള്ള സ്ഥലം. മഴവെള്ളത്തിൽ, ആ നിരപ്പ് ഉയർന്നാൽ, വേരുകൾ ചീയും. “കശുമാങ്ങയും മാങ്ങകളും വെള്ളം വലിച്ചെടുക്കും. ചക്കയ്ക്ക് സാധിക്കില്ല”, അദ്ദേഹം വിവരിക്കുന്നു. വെള്ളം നിറഞ്ഞാൽ, മരത്തിന്റെ കാര്യം തീർന്നു. മരിക്കും.

അദ്ദേഹത്തിന്റെ കണക്കുപ്രകാരം, തന്റെ ഊരായ മലിംഗം‌പട്ടിലെ 20 കിലോമീറ്റർ ചുറ്റളവിലുള്ള കൃഷിസ്ഥലത്തിന്റെ നാലിലൊരു ഭാഗം ചക്കക്കൃഷിക്ക് കൊടുത്തിരിക്കുന്നു. തമിഴനാട് സർക്കാരിന്റെ 2022-23ലെ കാർഷികനയരേഖയനുസരിച്ച് , സംസ്ഥാനത്തിൽ 3,180 ഹെക്ടറിൽ ചക്ക കൃഷി ചെയ്യുന്നു. അതിൽ 718 ഹെക്ടർ ഗൂഡല്ലൂർ ജില്ലയിലാണ്.

2020-21-ൽ ഇന്ത്യയിൽ 191,000 ഹെക്ടറിൽ ച്ക്ക കൃഷി ചെയ്തിരുന്നു. ഗൂഡല്ലൂർ ജില്ല അത്ര ശക്തനൊന്നുമല്ലെങ്കിലും, തമിഴ്നാട്ടിൽ, ചക്ക തന്നെയാണ് പ്രധാന കൃഷി. മാത്രമല്ല, തമിഴ്നാട്ടിലെ നാല് ചക്കകളിൽ ഒന്ന് , ഈ പ്രദേശത്തുനിന്ന് വരുന്നതാണ്.

ഒരു പ്ലാവിന്റെ സാമ്പത്തികമൂല്യം എന്താണ്? രാമസ്വാമി അതിനെക്കുറിച്ച് അല്പം വിവരിക്കുന്നു. 15-20 വർഷം പഴക്കമുള്ള ഒരു മരം ഒരുവർഷത്തേക്ക് പാട്ടത്തിന് കൌത്താൽ 12,500 രൂപ കിട്ടും. “അഞ്ചുവർഷം പഴക്കമുള്ള മരങ്ങൾക്ക് ഈ വില കിട്ടില്ല. അവയിൽ നാലോ അഞ്ചോ ചക്കകൾ മാത്രമേ ഉണ്ടാവൂ. അതേസമയം, 40 വർഷം പഴക്കമുള്ളവയിൽ 50 ചക്കകളിൽക്കൂടുതൽ ഉണ്ടാവും”.

മരം വളരുംതോറും വിളവും കൂടും

പ്ലാവിലെ ചക്കകളിൽനിന്നുള്ള വരുമാനം കുറച്ചുകൂടി സങ്കീർണ്ണമാണ്. അസ്ഥിരവും. അന്ന് രാവിലെ പാൻ‌രുട്ടിയിൽ, ഒരു കൂട്ടം കർഷകർ ചന്തയിലിരുന്ന് കണക്കുകൂട്ടി വിവരിച്ചുതന്നിരുന്നു. ഓരോ നൂറ് മരത്തിൽനിന്നും 2 ലക്ഷത്തിനും 3 ലക്ഷത്തിനുമിടയിൽ അവർ സമ്പാദിക്കുന്നുണ്ടെന്ന്. ഇതിൽ, വളത്തിനും പണിക്കൂലിക്കും ഗതാഗതത്തിനും കമ്മീഷനുമുള്ള ചിലവുകളും – 50,000 രൂപമുതൽ 70,000 വരെ - ഉൾപ്പെടും.

രാമസ്വാമിയുടെ ശേഖരത്തിലുള്ള 200 വർഷം പഴക്കമുള്ള മാലിംഗം‌പട്ടിലെ ആയിരംകാച്ചിയുടെ ചിത്രങ്ങൾ

പക്ഷേ കണക്കുകളൊക്കെ മാറിമറിയാം. ഓരോ മരത്തിലേയും വിളവ്, ഒരു ചക്കയുടെ വില, ഒരു ടൺ ചക്കയുടെ വില, ഒന്നും പ്രവചിക്കാനാവില്ല. ഇത് നോക്കാം: ഓരോ ചക്കയ്ക്കും 150 മുതൽ 500 രൂപവരെ കിട്ടും. ചക്കയുടെ കാലമാണോ, അല്ലേ എന്നതിനനുസരിച്ച്. വലിപ്പത്തിനനുസരിച്ചും വിലവ്യത്യാസം വരാം. പാൻ‌രുട്ടിയിലെ സാധാരണ ചക്കയ്ക്ക് 8-15 കിലോഗ്രാംവരെ ഭാരമുണ്ടാവാറുണ്ട്. ചിലതിന് 50-ഉം അപൂർവ്വമായി 80 കിലോഗ്രാംവരെയും അതിന്വ്യത്യാസം വരാം. 2022 ഏപ്രിൽ മാസത്തിൽ ഒരു ടൺ ചക്കയ്ക്ക് 30,000 രൂപയായിരുന്നു. എല്ലായ്പ്പോഴുമല്ലെങ്കിലും, ചിലപ്പോൾ ഒരു ടണ്ണിൽ 100 ചക്കവരെ ഉണ്ടാവുകയും ചെയ്തേക്കാം.

ഇനി, പ്ലാവിന്റെ തടിയുടെ കാര്യം. 40 വർഷം പഴക്കമുള്ള ഒരു മരം “പണിയാവശ്യത്തിനായി വിൽക്കുകയാണെങ്കിൽ 40,000 രൂപവരെ ലഭിക്കും’ എന്ന് രാമസ്വാമി പറയുന്നു. പണിയാവശ്യത്തിന് ഏറ്റവും ഉത്തമം പ്ലാവാണ്. ബലമുള്ളതും വെള്ളത്തെ പ്രതിരോധിക്കുന്നതും ‘തേക്കിനേക്കാൾ നല്ലതും’ ആന് പ്ലാവുകൾ. നല്ല മരമാവണമെങ്കിൽ, മരത്തിന് 6 അടി ഉയരം വേണം, ഇത്ര (രാമസ്വാമികൈകൊണ്ട് അളവ് കാണിക്കുന്നു) വീതിയും. കേടുകളുണ്ടാവരുത്. മരം കണ്ടതിനുശേഷമേ ആവശ്യക്കാർ വില പറയൂ. ജനൽ ചട്ടക്കൂടിന് ഉപയോഗിക്കാവുന്ന തരത്തിലുള്ള കൊമ്പുകളുണ്ടെങ്കിൽ (തന്റെ പിന്നിലുള്ള ജനൽക്കൂട് കാണിക്കുന്നു), കൂടുതൽ വിലകിട്ടും.

പൂർവ്വികന്മാർ പണിത വീട്ടിൽ, പ്രധാനവാതിലിന്റെ ചട്ടക്കൂട് പ്ലാവിന്റെ മരംകൊണ്ട് നിർമ്മിച്ചതാണ്. അദ്ദേഹം താമസിക്കുന്ന പിന്നിലുള്ള പുതിയ വീട്ടിലെ അലങ്കാരവാതിലുകളാകട്ടെ, സ്വന്തം കൃഷിയിടത്തിലെ തേക്കുകൊണ്ട് നിർമ്മിച്ചവയും. “പഴയത് അകത്തുണ്ട്” അദ്ദേഹം പറയുന്നു. പിന്നീട് അദ്ദേഹം അതെനിക്ക് കാണിച്ചുതരികയും ചെയ്തു. മരത്തിന്റെ രണ്ട് തടിച്ച ചട്ടക്കൂടുകൾ. പ്രായംകൊണ്ട് അവ ദ്രവിച്ച്, വരകൾവീൺ, വീടിന്റെ പിൻ‌ഭാഗത്ത് ഉപേക്ഷിച്ച നിലയിലാണ്. “ഇവയ്ക്ക് 175 വർഷം പഴക്കമുണ്ട്”, ചെറിയൊരു അഭിമാനത്തോടെ അദ്ദേഹം പറയുന്നു.

അടുത്തതായി അദ്ദേഹം എനിക്ക് ഗഞ്ചിറ, എന്ന പ്ലാവിന്റെ മരംകൊണ്ട് നിർമ്മിച്ച സംഗീതവാദ്യം കാണിച്ചുതന്നു. അതിന്റെ വശങ്ങളിൽ ഇലത്താളവും ഘടിപ്പിച്ചിട്ടുണ്ട്. അതിന്റെ തോൽ ഉണ്ടാക്കുന്നത്, ഉടുമ്പിന്റെ തോലുകൊണ്ടാണ്. വീണ, മൃദംഗം തുടങ്ങിയ സംഗീതവാദ്യങ്ങളുണ്ടാക്കാനും പ്ലാവിന്റെ മരം ഉപയോഗിക്കുന്നു. “ഇത് എന്റെ അച്ഛന്റെ ഗഞ്ചിറയാണ്”, ഗഞ്ചിറ കൈയ്യിൽ‌വെച്ച് അദ്ദേഹം കാണിച്ചുതന്നു. ഇലത്താളങ്ങൾ പതുക്കെ സംഗീതാത്മകമായി കുലുങ്ങുന്നുണ്ടായിരുന്നു.

വൃക്ഷങ്ങളേയും കൃഷിയേയുംകുറിച്ചുള്ള അറിവിന് പുറമേ, രാമസ്വാമിക്ക് നാണയങ്ങളെക്കുറിച്ചും നല്ല അറിവുണ്ട്. ഒരു വലിയ നാണയശേഖരവും അദ്ദേഹത്തിനുണ്ട്. കൊല്ലവും അപൂർവ്വതയും കണക്കാക്കി, അദ്ദേഹം പുസ്തകങ്ങളെ ആൽബങ്ങളിൽ ക്രമീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. ആളുകൾ 65,000-ഉം 85,000-വും വില പറഞ്ഞ ചില അപൂർവ്വ നാണയങ്ങളും അദ്ദേഹം കാണിച്ചുതന്നു. “പക്ഷേ ഞാൻ ഇവയെ വിറ്റില്ല” അദ്ദേഹം പുഞ്ചിരിക്കുന്നു. ഞാൻ നാണയങ്ങളെ അത്ഭുതത്തോടെ നോക്കിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ പലഹാരങ്ങൾ കൊണ്ടുവന്നു. അവയിൽ രുചിയുള്ള കശുവണ്ടിയും ഇളന്തപ്പഴവും ഉണ്ടായിരുന്നു. രുചിയും, ഉപ്പും കാണാൻ മാദകത്വവുമുള്ളവ. അവയും എനിക്ക് തൃപ്തി നൽകി. സന്ദർശനംപോലെത്തന്നെ.

*****

PHOTO • M. Palani Kumar

ചക്കപ്പഴം വിളവെടുക്കുന്നത് സങ്കീർണ്ണവും സൂത്രവിദ്യ ആവശ്യമുള്ളതുമാണ്. ഒരാൾ ചക്ക പറിക്കുന്നതിന് മുകളിൽ കയറുന്നു

PHOTO • M. Palani Kumar

വലിയ ചക്കകളും, ഉയരത്തിലുമാണെങ്കിൽ, അത് വെട്ടി, കയറുപയോഗിച്ച് മെല്ലെ താഴത്തെത്തിക്കണം

ഒരു ഭേദപ്പെട്ട വ്യാപാരിക്ക് പാട്ടത്തിന് കൊടുത്തിരിക്കുകയാണ് ആയിരംകാച്ചി. “എന്നാലും, കുറച്ച് ചക്ക ഞങ്ങളെടുത്താലും അവർ കാര്യമാക്കാറില്ല. മുഴുവൻ എടുത്താൽ‌പ്പോലും”, അദ്ദേഹം ചിരിക്കുന്നു. ആയിരംകാച്ചി (അഥവാ, ആയിരം ഫലങ്ങളുള്ളത്) എന്നാണ് പേരെങ്കിലും, അതിന്റെ മൂന്നോ നാലോ ഭാഗം മാത്രമേ വർഷത്തിൽ കിട്ടാറുള്ളു. എന്നാലും ആ വൃക്ഷം പ്രസിദ്ധമാണ്. അതിലെ ചക്കകൾക്കും നല്ല ആവശ്യക്കാരുണ്ട്. ഒരു ഇടത്തരം വലിപ്പമുള്ള ചക്കയിൽ, ഏകദെശം 200 ചുളകളുണ്ടാവും. “കഴിക്കാനും, പാചകം ചെയ്യാനും നല്ല രുചിയാണവയ്ക്ക്”, രാമസ്വാമി സന്തോഷത്തോടെ പറയുന്നു.

പ്രായമാകുന്തോറും പ്ലാവിന്റെ തായ്ത്തടിക്ക് ബലമേറുകയും വൃക്ഷത്തിൽ കൂടുതൽ കനികളുണ്ടാവുകയും ചെയ്യുമെന്ന് രാമസ്വാമി പറയുന്നു. “മരങ്ങളെ പരിപാലിക്കുന്നവർക്ക് അറിയാം, ഓരോ മരത്തിലും പാകമാകാൻ പാകത്തിൽ, എത്ര ചക്കകൾ ബാക്കിനിർത്തണമെന്ന്. ഒരു ഇളം‌പ്ലാവിൽ ധാരാളം ചക്കകളുണ്ടായാൽ, എല്ലാം ചെറിയ ചക്കകളായിരിക്കും,“ (കൈകൊണ്ട് ഒരു നാളികേരത്തിന്റെ വലിപ്പം.കാണിച്ച്) അദ്ദേഹം പറയുന്നു. സാധാരണയായി ഒരു കർഷകൻ, ചക്ക കൃഷിചെയ്യാനായി രാസവളങ്ങൾ ഉപയോഗിക്കാറുണ്ട്. പൂർണ്ണമായും ജൈവരീതിയിൽ വിളവുണ്ടാക്കാൻ അസാധ്യമൊന്നുമല്ലെങ്കിലും, ബുദ്ധിമുട്ടാണെന്ന് രാമസ്വാമി സൂചിപ്പിക്കുന്നു. “ഓരോ വലിയ മരത്തിലും കുറച്ച് ചക്കകൾ മാത്രം വളരാൻ അനുവദിച്ചാൽ, കൂടുതൽ വലിപ്പമുള്ള ചക്കകൾ കിട്ടും. പക്ഷേ നഷ്ടസാധ്യതകളുമുണ്ട്. പുഴുശലവും, മഴകൊണ്ട് ചീഞ്ഞുപോകലും കാറ്റിൽ വീണുപോകലും ഒക്കെ ഉണ്ടാവാം. ഞങ്ങൾക്ക് ആർത്തിയൊന്നുമില്ല”, അദ്ദേഹം ചിരിക്കുന്നു.

അദ്ദേഹം ചക്കയെക്കുറിച്ചുള്ള ഒരു പുസ്തകം തുറന്ന് എന്നെ ചില ചിത്രങ്ങൾ കാണിച്ചുതന്നു. ‘നോക്കൂ, അവരെങ്ങനെയാണ് വലിയ പഴങ്ങൾ എങ്ങിനെയാണ് സൂക്ഷിച്ചുവെക്കുന്നതെന്ന്..അവർ പഴം വെക്കാൻ ഒരു കൊട്ടയുണ്ടാക്കി അത് മുകളിലെ കൊമ്പിൽ ശ്രദ്ധിച്ച് കയറുപയോഗിച്ച് കെട്ടിവെക്കുന്നു. ഈവിധത്തിൽ, പഴം താഴെ വീഴാതെ നിൽക്കുന്നു. പഴം വെട്ടിയെടുക്കുമ്പോൾ, അത് കയറുപയോഗിച്ച് മെല്ലെ താഴത്തിറക്കുന്നു”, ഒരാളുടെ വലിപ്പവും വണ്ണവുമുള്ള ഒരു ചക്ക രണ്ടാളുകൾ ചേർന്ന് ഇറക്കുന്ന ഒരു ചിത്രം കാണിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. എല്ലാ ദിവസവും രാമസ്വാമി ചെന്ന് ഏതെങ്കിലും ചക്കയുടെ തണ്ടുകൾ ചീത്തയായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നു. “എന്നിട്ട്, അപ്പോൾത്തന്നെ ഒരു കയറിന്റെ കൊട്ട ഉപയോഗിച്ച് അതിന്റെ പഴത്തിന്റെ താഴത്ത് കെട്ടിവെക്കുന്നു”.

ഇത്രയൊക്കെ മുൻ‌കരുതലെടുത്താലും ചില ചക്കകൾ താഴത്ത് വീണ് പൊട്ടും. “ആ ചക്കകൾ കണ്ടോ? അത് താഴത്ത് വീണ് ചീത്തയായി. എന്റെ പശുക്കളും ആടുകളും അത് സന്തോഷത്തോടെ തിന്നും”. ഉണക്കമത്സ്യങ്ങൾ ഉണ്ടാക്കുന്ന സ്ത്രീകൾ അവരുടെ വില്പന അവസാനിച്ചിരുന്നു. മീനെല്ലാം തൂക്കിനോക്കി, അടുക്കളയിലേക്ക് അവർ കൊണ്ടുപോയി. കച്ചവടക്കാർക്കെല്ലാം ദോശ വിളമ്പി. അവർ ഭക്ഷണം കഴിച്ചുകൊണ്ട് ഇടയ്ക്ക് ഞങ്ങളുടെ സംഭാഷണവും ശ്രദ്ധിച്ച് അവിടെയിരുന്നു. “ഒരു ചക്ക തരൂ, കുട്ടികൾക്ക് കഴിക്കാൻ ആഗ്രഹമുണ്ട്”, അവർ രാമസ്വാമിയൊട് പറഞ്ഞു. “അടുത്ത മാസം വന്ന് ഒന്നെടുത്തൊളൂ”, രാമസ്വാമി അവരോട് പറയുന്നു.

PHOTO • Aparna Karthikeyan

രാമസ്വാമിയുടെ തോട്ടത്തിനുമുൻപിൽ, ഒരു അയൽക്കാരനായ കർഷകൻ, ചക്കകളെല്ലാം നിരത്തിവെക്കുന്നു

ചക്കകൾ വിളവെടുത്തുകഴിഞ്ഞാൽ അവ ചന്തയിലെ കമ്മീഷൻ ഏജന്റുമാർക്ക് അയച്ചുകൊടുക്കുന്നു. “ഏതെങ്കിലും ആവശ്യക്കാർ വന്നാൽ, ഏജന്റുമാർ ഞങ്ങളെ വിളിച്ച്, വില അറിയിക്കും. ഞങ്ങൾക്ക് സമ്മതമാണെങ്കിൽ അത് വിറ്റ്, ഓരോ 1000 രൂപയുടെ വില്പനയ്ക്കും അവർ 50 രൂപയോ, 10 ശതമാനം കമ്മീഷനോ എടുക്കും. “കർഷകർക്ക് ഇതുമൂലം തലവേദനയില്ല, ആവശ്യക്കാർ വരുന്നതുവരെ ഞങ്ങൾക്ക് അവിടെ നിൽക്കേണ്ട ആവശ്യവുമില്ല. ചിലപ്പോൾ ഒന്നോ രണ്ടോ ദിവസമെടുക്കും. ഞങ്ങൾക്ക് വേറെ കാര്യങ്ങൾ ചെയ്യാനില്ലേ..പാൻ‌രുട്ടി പട്ടണത്തിൽ ചെന്ന് കാത്തിരിക്കാൻ പറ്റില്ലല്ലോ”, രാമസ്വാമി പറയുന്നു.

രണ്ട് ദശാബ്ദങ്ങൾക്ക് മുമ്പ്, ജില്ലയിൽ വേറെയും വിളകളുണ്ടായിരുന്നുവെന്ന് രാമസ്വാമി പറയുന്നു. “ഞങ്ങൾ ധാരാളം കപ്പയും നിലക്കടലയും കൃഷി ചെയ്തിരുന്നു. കശുവണ്ടി ഫാക്ടറികൾ ധാരാളമായി വന്നപ്പോൾ തൊഴിലാളികളെ കിട്ടാതായി. ആ പ്രശ്നം മറികടക്കാനായി, ധാരാളം കർഷകർ ചക്കക്കൃഷിയിലേക്ക് തിരിഞ്ഞു. “ചക്ക കൃഷി ചെയ്യാൻ തൊഴിലാളികൾക്ക് അധികം ദിവസം അദ്ധ്വാനിക്കേണ്ടിവരാറില്ല. ആ പണി ചെയ്യാൻ ആളുകൾക്ക് ഇഷ്ടവുമാണ്”, ഉണക്കമത്സ്യം വിൽക്കുന്ന രണ്ട് സ്ത്രീകളെ ചൂണ്ടിക്കൊണ്ട് രാമസ്വാമി പറഞ്ഞു. “അവർ മറ്റ് ഗ്രാമങ്ങളിൽനിന്നുള്ളവരാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

പക്ഷേ ആളുകൾ ചക്കയിൽനിന്ന് അകന്നുപോവുകയാണെന്ന് രാമസ്വാമി സൂചിപ്പിച്ചു. അഞ്ചേക്കറിലായി 150-ഓളം പ്ലാവുകൾ അദ്ദേഹത്തിനുണ്ട്. ആ സ്ഥലത്ത്, കശുമാവും, മാവും, പുളിമരവുമൊക്കെ ഇടകലർത്തി വളർത്തുന്നുണ്ട്. “പ്ലാവും കശുമാവും പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ഞങ്ങൾ മാങ്ങയും പുളിയും വിളവെടുക്കുന്നു”, അദ്ദേഹം പറയുന്നു. പ്ലാവുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുകയാണ് രാമസ്വാമി. “കാറ്റുകാരണമാണ്. തേനി കൊടുങ്കാറ്റിൽ, എനിക്ക് 200നടുത്ത് മരങ്ങൾ നഷ്ടമായി. അതുകൊണ്ട് അത് ഒഴിവാക്കേണ്ടിവന്നു..ഈ പ്രദേശത്ത് ധാരാളം പ്ലാവുകൾ വീണു. ഇപ്പോൾ ചക്കയുടെ സ്ഥാനത്ത് ഞങ്ങൾ കശുമവുകൾ വളർത്തുകയാണ്”.

കശുമാവും മറ്റ് കൃഷികളെപ്പോലെ കാറ്റിനെ അതിജീവിക്കുന്നതുകൊണ്ടല്ല അതെന്ന് അദ്ദേഹം പറഞ്ഞു. “മറിച്ച്, ആദ്യത്തെ വർഷത്തിൽ അത് ഒരു വിളവ് തരുന്നു. കശുമാവ് പരിപാലിക്കാൻ അധികം അദ്ധ്വാനം ആവശ്യമില്ല. ഗൂഡല്ലൂർ ജില്ലയിൽ കൊടുങ്കാറ്റ് സാധാരണമാണ്. എല്ലാ പത്തുവർഷം കൂടുമ്പോഴും ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടാവാറുണ്ട്. 15 വർഷത്തിലേറെ പഴക്കമുള്ള, ധാരാളം ചക്കകളുണ്ടാവാറുള്ള മരങ്ങളാണ് ആദ്യം വീഴുക. അത് സങ്കടകരമാണ്”, തലകുലുക്കി, ആംഗ്യം കൊണ്ട് നഷ്ടത്തെ സൂചിപ്പിച്ച് അദ്ദേഹം പറയുന്നു.

PHOTO • Aparna Karthikeyan
PHOTO • Aparna Karthikeyan

ഇടത്ത്: ചക്കയെക്കുറിച്ച് വർഷങ്ങളെടുത്ത് രാമസ്വാമി സ്വരുക്കൂട്ടിയ വലിയ പുസ്തകശേഖരത്തിൽ ചില അപൂർവ്വമായ പുസ്തകങ്ങളുമുണ്ട്. വലത്ത്: നാ‍ണയശേഖരത്തിൽ താത്പര്യമുള്ള അദ്ദേഹത്തിന്റെ പക്കൽ അവയുടെ വലിയൊരു സമ്പാദ്യവുമുണ്ട്

ഗൂഡല്ലൂരിലെ ജില്ലാ ഡയഗ്നോസ്റ്റിക്ക് റിപ്പോർട്ട് ഒരു വിശദീകരണം നൽകുന്നുണ്ട് : വലിയൊരു ഭാഗം തീരദേശമുള്ള ഈ ജില്ലയിൽ “ചുഴലിക്കാറ്റുമൂലമുള്ള ന്യൂനമർദ്ദത്തിനും തദ്ഫലമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യത കൂടുതലാണ്”.

തേനി കൊടുങ്കാറ്റിലുണ്ടായ നാശനഷ്ടങ്ങളുടെ വിവരണം നൽകുന്നുണ്ട് 2012-ലെ പത്രവാർത്തകൾ. 2011 ഡിസംബർ 11-ന് അത് ഗൂഡല്ലൂർ ജില്ലയിൽ ആഞ്ഞടിച്ചു. ബിസിനസ്സ് ലൈനിലെ വാർത്തകൾപ്രകാരം, “മറ്റ് നഷ്ടങ്ങളുടെകൂടെ, രണ്ട് കോടിയിലധികം ചക്കയും, മാങ്ങയും വാഴപ്പഴവും നാളികേരവും കശുമാവുകളും നശിച്ചുപോയി“ എന്നാണ് കണക്ക്. മരങ്ങൾ ആവശ്യമുള്ളവരോട് വന്ന് ആവശ്യമുള്ളത്ര കൊണ്ടുപോയിക്കൊള്ളാൻ പറഞ്ഞതായി രാമസ്വാമി ഓർക്കുന്നു. “ഞങ്ങൾക്ക് പൈസയൊന്നും വേണ്ടായിരുന്നു. മരങ്ങൾ വീണുകിടക്കുന്നത് കാണാൻ സഹിച്ചില്ല..ധാരാളമാളുകൾ വന്ന്, മരങ്ങൾ കൊണ്ടുപോയി, വീടുകൾ പുതുക്കിപ്പണിയാനും മറ്റും”.

*****

രാമസ്വാമിയുടെ വീട്ടിൽനിന്ന് അല്പദൂരമേയുള്ളു ചക്കത്തോട്ടത്തിലേക്ക്. അയൽക്കാരനായ ഒരു കർഷകൻ ചക്ക വെട്ടിയിട്ട് നിരത്തിവെക്കുന്നുണ്ടായിരുന്നു. കുട്ടികളുടെ കളിതീവണ്ടിപോലെയുള്ള ചെറിയ ചെറിയ പെട്ടികൾപോലെ തോന്നിച്ചു അത്. ഒന്നിനുപിന്നിലൊന്നായി..ചന്തയിലേക്ക് കൊണ്ടുപോകാനുള്ള വണ്ടിക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു അവ. തോട്ടത്തിലേക്ക് കടന്നയുടൻ അന്തരീക്ഷതാപം നന്നായികുറഞ്ഞു. എത്രയോ ഡിഗ്രി താഴത്തെത്തിയപോലെ തോന്നി.

രാമസ്വാമി നടന്നുകൊണ്ട് സംസാരിക്കുകയായിരുന്നു, മരങ്ങളെക്കുറിച്ചും, ചെടികളെക്കുറിച്ചും കായ്കനികളെക്കുറിച്ചും. ഈ തോട്ടത്തിലേക്കുള്ള് യാത്ര ഒരു പഠനയാത്രപോലെ, വിനോദയാത്രപോലെ ഞങ്ങൾക്ക് തോന്നി. അദ്ദേഹം പല പഴങ്ങളും ഞങ്ങൾക്ക് ആസ്വദിക്കാൻ തന്നു. മാംസളവും ചാറുള്ളതുമായ കശുമാങ്ങകൾ, പഞ്ചസാരയുടെകൂടെ പാക്ക് ചെയ്ത് ഹണി ആപ്പിളുകൾ, മാംസളവും പുളിയും മധുരവുമുള്ള പുളികൾ..എല്ലാം.

അടുത്തതായി, അദ്ദേഹം കറുവയിലകൾ പൊട്ടിച്ച് ഞങ്ങൾക്ക് മണമാസ്വദിക്കാൻ തന്നു. വെള്ളം രുചിച്ചുനോക്കണമോ എന്ന് ചോദിച്ചു. മറുപടി പറയുന്നതിനുമുൻപ്, അദ്ദേഹം തോട്ടത്തിന്റെ ഒരു മൂലയിലേക്ക് പോയി മോട്ടോർ പ്രവർത്തിപ്പിച്ചു. വണ്ണമുള്ള പൈപ്പുകളിലൂടെ, ഉച്ചവെയിലിൽ വജ്രം‌പോലെ തിളങ്ങുന്ന വെള്ളം കുതിച്ചുചാടാൻ തുടങ്ങി. കൈകൾ കുമ്പിളാക്കി ഞങ്ങൾ ബോർവെല്ലിലെ വെള്ളം നുകർന്നു. മധുരമില്ലെങ്കിലും നല്ല രുചിയുണ്ടായിരുന്നു ആ വെള്ളത്തിന് – നഗരത്തിലെ ടാപ്പുകളിൽനിന്ന് വരുന്ന ക്ലോറിൻ കലർന്ന വെള്ളമായിരുന്നില്ല അത്. ഒരു പുഞ്ചിരിയോടെ അദ്ദേഹം മോട്ടോർ ഓഫ് ചെയ്തു. ഞങ്ങളുടെ നടത്തം തുടർന്നു.

PHOTO • M. Palani Kumar

മാലിംഗാം‌പട്ടിലെ ഊരിലെ തന്റെ വീട്ടിൽ രാമസ്വാമി

ഞങ്ങൾ ആയിരംകാച്ചിയുടെ സമീപത്തേക്ക് തിരികെ ചെന്നു. ജില്ലയിലെ ഏറ്റവും പ്രായമുള്ള വൃക്ഷം. അതിന്റെ തണൽ വലുതും സാന്ദ്രവുമായിരുന്നു. അത്ഭുതകരമായിരുന്നു അത്. എന്നാലും, തായ്ത്തടി അതിന്റെ പ്രായം വെളിവാക്കി. അവിടെയവിടെ മുഴകളും, പൊള്ളയായ ഭാഗങ്ങളുമുണ്ടായിരുന്നുവെങ്കിലും, അതിന്റെ താഴത്ത്, ഒരു ഉടയാടപോലെ നിരവധി ചക്കകൾ തൂങ്ങിനിൽക്കുന്നുണ്ടായിരുന്നു. “അടുത്തമാസം, ഇത് കാണാൻ നല്ല മനോഹരമായിരിക്കും”, രാമസ്വാമി ഉറപ്പുതന്നു.

തോട്ടത്തിൽ ധാരാളം ഗംഭീരങ്ങളായ വൃക്ഷങ്ങളുണ്ടായിരുന്നു. “ആ ഭാഗത്തുള്ളത് 43 ശതമാനവും തേൻ‌വരിക്കച്ചക്കകളാണ്. ഞാൻ പരിശോധിപ്പിച്ചു”, അദ്ദേഹം പറഞ്ഞു. എന്നിട്ട്, മറ്റൊരു ഭാഗത്തേക്ക് നടന്നു. നിഴലുകൾ നൃത്തം ചെയ്യുകയും, ശാഖകൾ മർമ്മരം പൊഴിക്കുകയും, പക്ഷികൾ പാട്ടുപാടുകയും ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ താഴത്ത് കിടന്ന് ലോകത്തെ കാണാനുള്ള പ്രലോഭനമുണ്ടായി. പക്ഷേ രാമസ്വാമി വിവിധതരം മരങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു. അതിശയിപ്പിക്കുന്ന മരങ്ങളായിരുന്നു അവ. വ്യത്യസ്ത രുചികളുള്ള നീലം, ബെംഗളുര മാങ്ങകൾ ഉണ്ടാക്കുന്നതുപോലെ എളുപ്പമല്ല, ചക്കകളുടെ വൈവിധ്യങ്ങളുണ്ടാക്കാൻ.

“ഉദാഹരണത്തിന് എനിക്ക് ആ വൃക്ഷത്തിന്റെ ഒരു പകർപ്പ് ഉണ്ടാക്കണമെന്നുണ്ടെങ്കിൽ, വിത്തുകളെ ആശ്രയിക്കാൻ പറ്റില്ല”, നല്ല മധുരമുള്ള ഒരു ജാതിയെ ചൂണ്ടിക്കാണിച്ച് അദ്ദേഹം പറഞ്ഞു. ‘കാരണം, ഒരു പഴത്തിന്റെയകത്ത് 100 വിത്തുകളുണ്ടെങ്കിലും അവയൊന്നും അതിന്റെ യഥാർത്ഥ പഴത്തിന്റെ അതേ സ്വഭാവമായിരിക്കില്ല”, എന്താന് കാരണം? സങ്കര പരാഗണം (പരപരാഗണം). ഒരു വൃക്ഷത്തിൽനിന്നുള്ള പരാഗങ്ങൾ മറ്റൊന്നിൽ പ്രവേശിച്ച് അതിന്റെ ഗുണത്തെ വ്യത്യസ്തമാക്കും.

“200 അടി ചുറ്റളവിൽ മറ്റ് ചക്കകൾ ഇല്ലെന്ന് ഉറപ്പായാൽ, സീസണിലെ ആദ്യത്തെയോ അവസാനത്തെയോ പഴം ഞങ്ങളെടുക്കും – വിത്തെടുക്കാൻ അതിനെ മാത്രമാണ് ഉപയോഗിക്കുക. അതല്ലെങ്കിൽ, ആവശ്യമുള്ള ഘടകങ്ങൾ ലഭിക്കാൻ - ചുളയുടെ മധുരമോ, ബലമോ – കർഷകർ, ഒട്ടിക്കുന്ന മാർഗ്ഗം (ഗ്രാഫ്റ്റിംഗ്) അവലംബിക്കും“, രാമസ്വാമി പറയുന്നു.

സങ്കീർണ്ണതയുടെ മറ്റൊരു തലവുമുണ്ട്. ഒരേ ഇനത്തിലുള്ള പഴങ്ങൾ വ്യത്യസ്ത സമയങ്ങളിൽ (45-ഓ, 55-ഓ, 70 ദിവസങ്ങളിൽ) വിളവെടുത്താൽ, വ്യത്യസ്ത രുചിയായിരിക്കും. അദ്ധ്വാനം അധികം ആവശ്യമുള്ള കൃഷിയല്ല ചക്ക, എങ്കിലും, അതിന്റെ ഹ്രസ്വമായ ആയുസ്സ് നോക്കിയാൽ, കൌശലം ആവശ്യമായ കൃഷിയാണ്. “ഞങ്ങൾക്കാവശ്യം ഒരു ശീതസംഭരണി സംവിധാനമാണ്”, ചക്ക ഉത്പാദകരും വ്യാപാരികളും സ്ഥിരമായി ഉയർത്തുന്ന ഒരാവശ്യമാണ് അത്. “മൂന്നോ, അഞ്ചോ ദിവസം കഴിഞ്ഞാൽ അതിന്റെ ആയുസ്സ് തീർന്നു”, രാമസ്വാമി പറയുന്നു. “നോക്കൂ, കശുവണ്ടിയാണെങ്കിൽ എനിക്ക് സൂക്ഷിച്ചുവെച്ച് അടുത്ത വർഷം വിൽക്കാം. എന്നാൽ ഇതാകട്ടെ, ഒരാഴ്ചപോലും നിൽക്കില്ല!“.

ആയിരംകാച്ചിക്ക് ഇതുകേട്ട് ചിരി വരുന്നുണ്ടാവും. ഒന്നുമില്ലെങ്കിലും, 200 വർഷം ജീവിച്ചതല്ലേ അത്..

PHOTO • M. Palani Kumar

ഇടത്ത്: ആയിരംകാച്ചിയുടെ പഴയൊരു ഫോട്ടോ, രാമസ്വാമിയുടെ ശേഖരത്തിൽനിന്ന്. വലത്ത്: അതേ വൃക്ഷം 2022-ൽ

റിസർച്ച് ഫണ്ടിംഗ് പ്രോഗ്രാം 2020-ന്റെ ഭാഗമായി അസിം പ്രേംജി സർവ്വകലാശാല ഫണ്ട് ചെയ്ത ഗവേഷണമാണ് ഇത്.

കവർ ചിത്രം : എം . പളനികുമാർ

പരിഭാഷ: രാജീവ് ചേലനാട്ട്

Aparna Karthikeyan

अपर्णा कार्थिकेयन स्वतंत्र मल्टीमीडिया पत्रकार आहेत. ग्रामीण तामिळनाडूतील नष्ट होत चाललेल्या उपजीविकांचे त्या दस्तऐवजीकरण करतात आणि पीपल्स अर्काइव्ह ऑफ रूरल इंडियासाठी स्वयंसेवक म्हणूनही कार्य करतात.

यांचे इतर लिखाण अपर्णा कार्थिकेयन
Photographs : M. Palani Kumar

एम. पलनी कुमार २०१९ सालचे पारी फेलो आणि वंचितांचं जिणं टिपणारे छायाचित्रकार आहेत. तमिळ नाडूतील हाताने मैला साफ करणाऱ्या कामगारांवरील 'काकूस' या दिव्या भारती दिग्दर्शित चित्रपटाचं छायांकन त्यांनी केलं आहे.

यांचे इतर लिखाण M. Palani Kumar
Editor : P. Sainath

पी. साईनाथ पीपल्स अर्काईव्ह ऑफ रुरल इंडिया - पारीचे संस्थापक संपादक आहेत. गेली अनेक दशकं त्यांनी ग्रामीण वार्ताहर म्हणून काम केलं आहे. 'एव्हरीबडी लव्ज अ गुड ड्राउट' (दुष्काळ आवडे सर्वांना) आणि 'द लास्ट हीरोजः फूट सोल्जर्स ऑफ इंडियन फ्रीडम' (अखेरचे शिलेदार: भारतीय स्वातंत्र्यलढ्याचं पायदळ) ही दोन लोकप्रिय पुस्तकं त्यांनी लिहिली आहेत.

यांचे इतर लिखाण साइनाथ पी.
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat