ശാരീരിക അകലം പാലിക്കുമ്പോള്‍ തന്നെ ശക്തമായ സാമൂഹ്യ മൂല്യങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്ന പുതിയ കളികള്‍ പയിര്‍ എന്ന സംഘടനയുമായി ചേര്‍ന്ന് കുട്ടികള്‍ക്കു വേണ്ടി സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് മണിമാരന്‍. പെരമ്പളൂരിലെ ചില ഗ്രാമങ്ങളില്‍ ഗ്രാമ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പയിര്‍. “ഇതിനു വേണ്ടിയുള്ള ജോലികള്‍ ഞങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. പക്ഷെ കോവിഡ്-19-നെക്കുറിച്ച് ഞങ്ങളുടെ ഗ്രാമങ്ങളില്‍ അവബോധമുണ്ടാക്കുന്നതിലാണ് ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഇത് പുതിയതാണ്. ആളുകള്‍ക്ക് അതിനെക്കുറിച്ച് ഒരു അറിവുമില്ല. കുട്ടികള്‍ക്കുള്ള കളികളുമായി ബന്ധപ്പെട്ട ജോലികള്‍ ഞങ്ങള്‍ മണിമാരനും മഗിഴിനിയുമായി ചേര്‍ന്ന് ഉടന്‍ തുടങ്ങും”, പയിറിന്‍റെ മാര്‍ഗ്ഗദര്‍ശിയായ പ്രീതി സേവ്യര്‍ പറഞ്ഞു.
തങ്ങളെപ്പോലെ പരിപാടി അവതരിപ്പിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണെന്ന് മണിമാരന്‍ സമ്മതിക്കുന്നു. “നാടന്‍ കലാകാരന്മാര്‍ പ്രത്യേകിച്ച് ഏത് പ്രതിസന്ധി ഘട്ടത്തിലും ആളുകളോടൊപ്പം നില്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ തന്നെ ശാരീരിക അകലം പാലിക്കുന്നതും ഒറ്റപ്പെട്ടു നില്‍ക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.” ജോലി നഷ്ടപ്പെടുന്ന നാടന്‍ കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. “തിരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഞങ്ങള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയും. സാമ്പത്തികമായി നാടന്‍ കലാകാരന്മാരുടെ അവസ്ഥ തീര്‍ത്തും മോശമാണ്. സര്‍ക്കാര്‍ അതുപോലുള്ള എന്തെങ്കിലും പരിഗണിക്കണം”, അദ്ദേഹം ശക്തമായി പറഞ്ഞു.
പക്ഷെ, സഹായം ലഭിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ കൊറോണ വൈറസ് ഭീതി ഇല്ലാതാക്കുന്നതിനായി മണിമാരനും മഗിഴിനിയും എല്ലാദിവസവും പറ കൊട്ടുന്നതും പാട്ടു പാടുന്നതും തുടരും. “അവബോധമുള്ളവരാകണമെന്നു ഞങ്ങള്‍ ശഠിച്ചുകൊണ്ടേയിരിക്കും. വൈറസ് വ്യാപനം തടയാനായി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. അങ്ങനെ ഏറ്റവും അവസാനം നമ്മളെ കുമ്പിട്ടുകൊണ്ട് കൊറോണ പോകുമ്പോള്‍ പറ കൊട്ടി ഞങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്യും.”
കൊറോണ ഗാനത്തിന്‍റെ പരിഭാഷ
താന തന താന
താണ്ഡവമാടുന്നു കൊറോണ
അനേകരുണ്ട്
വെറുതെ കിംവദന്തി പരത്തുന്നവര്‍
കിംവദന്തികള്‍ വിശ്വസിക്കരുത്
അവമതിച്ചു സംസാരിക്കരുത്
ഉദാസീനത സഹായിക്കില്ല
ഭയം വേണ്ട
കൊറോണയുടെ കടന്നാക്രമണങ്ങള്‍
നിര്‍ത്താനുള്ള വഴി തേടുക
കൊറോണ അടുക്കാതെ
മൂക്കു മൂടുക
അവബോധം മാത്രമേ
കൊറോണയെ തുരത്തൂ
ശാരീരിക അകലം പാലിച്ചാല്‍
കൊറോണയും ഓടും
താന തന താന
താണ്ഡവമാടുന്നു കൊറോണ
വെറുതെ കിംവദന്തികള്‍ പരത്തരുത്, നിര്‍ത്തുക!
കൊറോണ പരക്കില്ല
മാംസാഹാരം കഴിക്കുന്നതിലൂടെ
കൊറോണ കൊല്ലാതിരിക്കില്ല
സസ്യാഹാരിയായാലും
എലാ രാജ്യങ്ങളും
ഞെട്ടലിലാണ്
വേരു കണ്ടെത്താന്‍
ഗവേഷണങ്ങളുണ്ട്
പ്രതിരോധ ശേഷി വളര്‍ത്താന്‍ ഭക്ഷണമുണ്ട്
സ്വയം പ്രതിരോധിക്കുക
കള്ളങ്ങള്‍ കളയുക
ചുമക്കുന്നവരില്‍ നിന്നും അകലം പാലിക്കുക
തുമ്മുന്നവരില്‍ നിന്നും മാറി നില്‍ക്കുക
കുറയാത്ത പനിയില്‍ ജാഗ്രതൈ
ശ്വാസംമുട്ടലില്‍ ജാഗ്രതൈ
എല്ലാം എട്ടു ദിവസങ്ങള്‍ നീണ്ടാല്‍
അത് കൊറോണയാണ്
കൊറോണയെ നിയന്ത്രിക്കാന്‍
വൈദ്യ സഹായം മാത്രം തേടുക
പരിഭാഷ: റെന്നിമോന്‍ കെ. സി.