“നിങ്ങള്‍ വളരെ നേരത്തെ ഇവിടെ വന്നിരിക്കുന്നു. ഞായറാഴ്ചകളില്‍ അവര്‍ വൈകുന്നേരം 4 മണിക്കു മുന്‍പ് വരാറില്ല. ഞാനിവിടെ എത്തിയിട്ടുള്ളത് ഹാര്‍മോണിയം വായിക്കാനാണ്”, ബ്യൂട്ടി പറഞ്ഞു.
‘ഇവിടെ’ എന്നു പറഞ്ഞിരിക്കുന്നത് ചതുര്‍ഭുജ്സ്ഥാന്‍ എന്ന സ്ഥലത്തെക്കുറിച്ചാണ്. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയിലെ മുസഹരി ബ്ലോക്കിലെ ഒരു പഴയ ലൈംഗിക തൊഴില്‍ കേന്ദ്രമാണിത്. രാവിലെ 10 മണി കഴിഞ്ഞ ‘ഈ സമയത്താണ്’ ഞാനും അവളും കണ്ടുമുട്ടിയത്. ‘അവര്‍’ എന്നു പറഞ്ഞിരിക്കുന്നത് ബ്യൂട്ടിയെ വൈകുന്നേരം സന്ദര്‍ശിക്കാന്‍ വരുന്നവരെക്കുറിച്ചാണ്. ബ്യൂട്ടി എന്നതാണ് തൊഴില്‍ രംഗത്ത് അവള്‍ക്കു താത്പര്യമുള്ള പേര്. ഈ 19-കാരി കഴിഞ്ഞ 5 വര്‍ഷമായി ലൈംഗിക തൊഴിലാളിയാണ്. ഇപ്പോള്‍ അവള്‍ 3 മാസം ഗര്‍ഭിണിയും ആണ്.
ഇപ്പോഴും അവള്‍ ജോലി ചെയ്യുന്നു. അവള്‍ ഹാര്‍മോണിയം വായിക്കാനും പഠിക്കുന്നു. എന്തുകൊണ്ടെന്നാല്‍ “അമ്മി [അവരുടെ അമ്മ] പറഞ്ഞത് സംഗീതം എന്‍റെ കുട്ടിയുടെ മേല്‍ നല്ല ഗുണം ഉണ്ടാക്കും” എന്നാണ്.
സംസാരിക്കുമ്പോള്‍ അവളുടെ കൈവിരലുകള്‍ ഹാര്‍മോണിയത്തിന്‍റെ കട്ടകളിലൂടെ ഓടിക്കൊണ്ടിരുന്നു. “ഇതെന്‍റെ രണ്ടാമത്തെ കുട്ടി ആയിരിക്കും. എനിക്ക് നേരത്തെതന്നെ രണ്ടുവയസ്സുകാരനായ ഒരു മകന്‍ ഉണ്ട്.”
ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്ന മുറിയില്‍ തറയുടെ ഏതാണ്ട് പകുതിയോളം വരുന്ന ഒരു മെത്തയുണ്ടായിരുന്നു. അതിന്‍റെ പിന്നില്‍ 6 അടി നീളവും 4 അടി വീതിയുമുള്ള ഒരു കണ്ണാടി തിരശ്ചീനമായി ഭിത്തിയില്‍ സ്ഥാപിച്ചിരുന്നു. സന്ദര്‍ശകര്‍ക്ക് ഇരുന്നോ ചാരിക്കിടന്നോ പെണ്‍കുട്ടികള്‍ മുജ്ര ചെയ്യുന്നത് കാണുന്നതിനായി കിടക്കയില്‍ കുഷ്യനുകളും തലയണകളും ഇട്ടിരുന്നു. കൊളോണിയലിസത്തിന് മുമ്പുണ്ടായിരുന്ന ഇന്ത്യയില്‍ ഉണ്ടായതെന്ന് കരുതപ്പെടുന്ന ഒരു നൃത്തരൂപമാണ് മുജ്ര. ചതുര്‍ഭുജ്സ്ഥാന്‍ തന്നെ മുഗള്‍ സമയംമുതല്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ലൈംഗിക തൊഴില്‍ കേന്ദ്രത്തിലെ എല്ലാ പെണ്‍കുട്ടികളും സ്ത്രീകളും മുജ്ര ചെയ്യാന്‍ അറിയുന്നവരും ചെയ്യുന്നവരും ആയിരിക്കണം. ബ്യൂട്ടിയും തീര്‍ച്ചയായും അങ്ങനെ തന്നെ.












