“ഓ, നിങ്ങൾ കോൽക്കത്തയിൽ നിന്നാണോ?", അയാൾ എന്നെനോക്കി ചോദിച്ചു. അയാളുടെ കണ്ണുകൾ തിളങ്ങിയിരുന്നു. "ഞാൻ കോൽക്കത്തയിലും ഹൗറയിലും പോയിട്ടുണ്ട്. ഒരുപാടു തവണ. എല്ലായ്പ്പോഴും ജോലി തേടി. ചിലപ്പോൾ ഭാഗ്യമുണ്ടായിരുന്നു, ചിലപ്പോൾ ഇല്ലായിരുന്നു. അവസാനം ഞാനിവിടെത്തി.”
‘ഇവിടെ’ എന്നു പറയുന്നത് സമുദ്രനിരപ്പിൽനിന്നും 10,000 അടിക്കു മുകളിൽ ലഡാക്കിലാണ്. രാജു മുര്‍മു ഝാര്‍ഖണ്ഡിലെ തന്‍റെ വീട്ടില്‍നിന്നും ഏതാണ്ട് 2,500 കിലോമീറ്റര്‍ അകലെ, തന്‍റെ കൂടാരത്തിനു പുറത്ത് ഈ ഹിമാലയന്‍ മരുഭൂമിയില്‍ സന്ധ്യയായി ഊഷ്മാവ് കുത്തനെ കുറയുമ്പോള്‍, പരിചിതവും ശബ്ദമുഖരിതവുമായ ഒരു നഗരത്തിന്‍റെ ഓര്‍മ്മകളില്‍നിന്നും ഉന്മേഷം ഉൾക്കൊള്ളുന്നു. വൈദ്യതി ഇല്ലാത്തതിനാല്‍ രാജുവിന്‍റെയും സഹ കുടിയേറ്റ തൊഴിലാളികളുടെയും കൂടാരങ്ങളിൽ പെട്ടെന്ന് ഇരുള്‍ മൂടുന്നു.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന റോഡുകളില്‍ ചിലത് നിര്‍മ്മിക്കുന്നതിനായി 31-കാരനായ രാജു, മറ്റു പല തൊഴിലാളികളെയും പോലെ, ഝാർഖണ്ഡിലെ ദുംക ജില്ലയിലെ ബാബുപൂര്‍ ഗ്രാമത്തില്‍ നിന്നും സ്ഥിരമായി ലഡാക്കിലേക്ക് വരുന്നു. “ഇതെന്‍റെ നാലാമത്തെ വര്‍ഷമാണ്. കഴിഞ്ഞ വര്‍ഷവും ഞാന്‍ വന്നു. എന്തു ചെയ്യാന്‍? എന്‍റെ ഗ്രാമത്തില്‍ ജോലിയില്ല”, രാജു പറഞ്ഞു റോഡ് പണിയുന്ന സ്ഥലത്തുനിന്നും ഏതാനും കിലോമീറ്റര്‍ മാറി ഒരുചെറിയ കൂടാരത്തിലാണ് രാജുവും തന്‍റെ സംസ്ഥാനത്തു നിന്നുള്ള മറ്റുള്ള 9 പേരും താമസിക്കുന്നത്. സമുദ്ര നിരപ്പില്‍നിന്നും 17,582 അടി ഉയരത്തിള്ള ഖാര്‍ദുംഗ് ലായിക്കും (ഖാര്‍ദോംഗ് ഗ്രാമത്തിനു സമീപം) 10,000 അടി ഉയരത്തിലുള്ള നുബ്രു താഴ്വരയ്ക്കും ഇടയില്‍ ഒരു പാത നിര്‍മ്മിക്കുകയാണ് അവര്‍.
വിദൂരതയിൽ ഒറ്റപ്പെട്ടു കിടക്കുന്ന ലഡാക്ക് അതിര്‍ത്തി കടന്നുള്ള വ്യാപാരങ്ങൾ, മതത്തിന്‍റെയും സംസ്കാരത്തിന്‍റെയും കൊടുക്കല്‍ വാങ്ങലുകൾ എന്നിവ നിമിത്തം ചരിത്രപരമായി നിര്‍ണ്ണായകമായ പ്രദേശമാണ്. ഈ പ്രദേശം വളരെവേഗം ഝാര്‍ഖണ്ഡ്, ഛത്തീസ്‌ഗഢ്, ബീഹാര്‍, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നും രാജ്യത്തിന്‍റെ മറ്റുഭാഗങ്ങളില്‍ നിന്നുമുള്ള കുടിയേറ്റക്കാരുടെ ഒരു കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ലഡാക്കിന്‍റെ ഭരണപരമായ പുതിയ പദവി സ്വകാര്യ നിര്‍മ്മാതാക്കളുടെ പ്രദേശത്തേക്കുള്ള കടന്നുവരവ് സാദ്ധ്യമാക്കിയിരിക്കുന്നു. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനും കേന്ദ്രഭരണ പ്രദേശ ഭരണവും വാണിജ്യ, സൈനിക പ്രാധാന്യമുള്ള പ്രദേശങ്ങളിലെ അടിസ്ഥാന വികസന പദ്ധതികള്‍ ത്വരിതപ്പെടുത്തിയിരിക്കുന്നു. ഇത് ലഡാക്കിലേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നു.
റോഡിന്‍റെ ഓരങ്ങളില്‍ 11 x 8.5 അടിയിലധികം വലിപ്പമില്ലാത്ത കൂടാരങ്ങളില്‍ നിങ്ങള്‍ക്കവരെ കാണാം - ചിലപ്പോള്‍ കുടുംബങ്ങളോടൊപ്പം. നവീകരിക്കപ്പെട്ട ഈ ക്യാമ്പുകള്‍ റോഡ്‌പണി പുരോഗമിക്കുന്നതനുസരിച്ച് മാറ്റി സ്ഥാപിച്ചുകൊണ്ടിരിക്കുന്നു. തിങ്ങിനിറഞ്ഞ, നിറയെ ബാഗുകളും മറ്റു സാധനങ്ങളും പാത്രങ്ങളുമുള്ള, ഓരോ കൂടാരവും പത്തോളം ആളുകളുടെ അഭയമായി പ്രവര്‍ത്തിക്കുന്നു. തണുത്ത പ്രതലത്തില്‍ വെറും വിരിപ്പിലാണ് അവര്‍ ഉറങ്ങുന്നത്. വൈദ്യുതിയില്ലാതെ, കടുത്ത തണുപ്പിനോട് മല്ലിട്ട്, പലപ്പോഴും പൂജ്യത്തിനുതാഴെ ഊഷ്മാവില്‍, സുരക്ഷാമാര്‍ഗ്ഗങ്ങളൊന്നുമില്ലാതെ അവര്‍ ജീവിക്കുന്നു. കടുത്ത കാലാവസ്ഥ, അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ വർദ്ധിച്ചുവരുന്ന ചിലവ്, ഗുണമേന്മയുള്ള യന്ത്രോപകരണങ്ങളുടെ അഭാവം എന്നിവ, വലിയ ഭാരം യന്ത്രസഹായമില്ലാതെ ഉയർത്തുകയും ചുമക്കുകയും ചെയ്തുകൊണ്ട് റോഡുകൾ നിർമ്മിക്കുന്നതിനും പുനർനർമ്മിക്കുന്നതിനും തൊഴിലാളികളെ നിർബന്ധിതരാക്കുന്നു. ഇതെല്ലാം നടക്കുന്നത് സമുദ്രനിരപ്പിൽനിന്നും വളരെ ഉയർന്ന സ്ഥലത്താണ്. അവിടെ ഓക്സിജൻ നില കുറവാണ്. കഠിനമായ ജോലിക്കു ലഭിക്കുന്ന പ്രതിഫലം ഒരു കുടുംബത്തെ നിലനിർത്താൻ അപര്യാപ്തവുമാണ്.























