“ബ്യൂട്ടി പാർലറിൽ പോകേണ്ട ആവശ്യമെന്താണ്? അങ്ങാടിയിൽ കറങ്ങിനടക്കാനും പണം ചിലവഴിക്കാനുമുള്ള ഒരു കുറുക്കുവഴിമാത്രമാണത്”

തന്റെ ബ്യൂട്ടി പാർലർ സന്ദർശനത്തെ ഭർത്താവിന്റെ വീട്ടുകാർ സംശയത്തോടെയാണ് കാണുന്നതെന്ന് മോനിക കുമാരി പറയുന്നു. കിഴക്കൻ ബിഹാറിലെ ചെറുപട്ടണമായ ജമുയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഖൈർമ ഗ്രാമത്തിലാണ് നാലുപേരടങ്ങുന്ന കുടുംബം താമസിക്കുന്നത്. പക്ഷേ അവരുടെ അഭിപ്രായങ്ങൾ ഗൌനിക്കാതെ 25 വയസ്സുള്ള മോനിക തനിക്ക് തോന്നുമ്പോഴൊക്കെ, പുരികം ഭംഗിവരുത്താനും, മേൽച്ചുണ്ടിന് മുകളിലെ രോമം കളയാനും, മുഖം തിരുമ്മാനുമൊക്കെ ബ്യൂട്ടി പാർലറിൽ പോകാറുണ്ട്. പഞ്ചായത്തോഫീസിൽ ജോലി ചെയ്യുന്ന ഭർത്താവും വീട്ടുകാരുടെ അഭിപ്രായങ്ങളോട് യോജിക്കുന്നില്ല. മാത്രമല്ല, ഭാര്യയെ പാർലറിൽ കൊണ്ടുവിടാൻപോലും അയാൾ പോവാറുണ്ട്.

മോനിക മാത്രമല്ല, ജമുയിലും ജമുയി ജില്ലയിലെ ചുറ്റുമുള്ള പട്ടണങ്ങളിലെയും ഗ്രാമങ്ങളിലേയും മിക്ക പെൺകുട്ടികളും സ്ത്രീകളും അടുത്തുള്ള പാർലറുകളിൽ പോയി പതിവായി സ്വയം അണിഞ്ഞൊരുങ്ങുന്നത് പതിവാണ്.

“ഞാൻ ഇത് തുടങ്ങുന്ന കാലത്ത്, 10 പാർലറുകളുണ്ടായിരുന്നു ഇവിടെ. ഇപ്പോൾ ആയിരത്തിനടുത്തെങ്കിലും ഉണ്ടാവും”, പ്രമീള ശർമ്മ പറയുന്നു. കഴിഞ്ഞ 15 വർഷങ്ങളായി, ജമുയിൽ ബ്യൂട്ടി പാർലർ വ്യവസായം തഴച്ചുവളരുന്നത് കണ്ടിട്ടുണ്ട് പ്രമീള.

വിവ ലേഡീസ് ബ്യൂട്ടി പാർലറിന്റെ ഉടമസ്ഥയാണ് പ്രമീള. 87,357 ആളുകൾ താമസിക്കുന്ന ജമുയി പട്ടണത്തിലെ പ്രധാന റോഡിലാണ് അവരുടെ സ്ഥാപനം.

Pramila Sharma owns and runs the Vivah Ladies Beauty Parlour in Jamui town.
PHOTO • Riya Behl
There is a notice pinned outside stating ‘only for women’
PHOTO • Riya Behl

ജമുയി പട്ടണത്തിലെ വിവ ലേഡീസ് ബ്യൂട്ടി പാർലറിന്റെ ഉടമസ്ഥയും നടത്തിപ്പുകാരിയുമാണ് പ്രമീള ശർമ്മ. വലത്ത്: ‘സ്ത്രീകൾക്ക് മാത്രം’ എന്നെഴുതിയ ഒരു നോട്ടീസ് പുറത്ത് പതിപ്പിച്ചിട്ടുണ്ട്

ഒരു സൈക്കിൾ ഷോപ്പ്, ബാർബർ ഷോപ്പ്, തുന്നൽക്കട എന്നിവയുടെ നടുവിലായിട്ടാണ് ഈ പാർലർ. തലമുടി വെട്ടൽ, ത്രെഡിംഗ്, മൈലാഞ്ചി പുരട്ടൽ, വാക്സിംഗ്, തിരുമ്മൽ തുടങ്ങിയ വിവിധ സേവനങ്ങൾ നൽകുന്ന സ്ഥാപനത്തിലേക്ക്, 30 കിലോമീറ്റർ അകലെയുള്ള ലക്ഷ്മിപുർ, ഇസ്ലാംനഗർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നുപോലും സ്ത്രീകളെത്തുന്നു.

അംഗിക, മൈഥിലി, മഗധി തുടങ്ങിയ പ്രാദേശികഭാഷകളിലുള്ള തന്റെ അടിസ്ഥാന പരിചയംമൂലം സന്ദർശകർക്ക് അപരിചിതത്വം തോന്നുന്നില്ലെന്ന് പ്രമീള പറയുന്നു.

പുരുഷമേധാവിത്വത്തോട് കലഹിച്ചുകൊണ്ടുമാത്രമേ ബിഹാറിന്റെ ഈ ഭാഗത്ത് ഒരു ബ്യൂട്ടി പാർലർ നടത്താനാവൂ. “വിവാഹത്തിനുമുമ്പ് പെൺകുട്ടികൾ അച്ഛനമ്മമാരുടെ ഇഷ്ടാനുസരണമാണ് ജീവിക്കുന്നത്, വിവാഹം കഴിഞ്ഞാൽ ഭർത്താവിന്റേയും”, പ്രമീള പറയുന്നു. അതിനാൽ, അവരുടെ പാർലറിൽ പുരുഷസാന്നിധ്യം കർശനമായി നിരോധിച്ചിരിക്കുന്നു. സ്ഥാപനത്തിന്റെ പുറത്ത്, “സ്ത്രീകൾക്ക് മാത്രം എന്ന ബോർഡും കാണാം. അകത്ത് കടന്നാലുടൻ, സ്ത്രീകൾ മാത്രമുള്ള അന്തരീക്ഷത്തിൽ അവർക്ക് ഒരു സുരക്ഷിതത്വം തോന്നുന്നു. കുട്ടികളും പാചകക്കൂട്ടും ചൂടുപിടിച്ച് ചർച്ച ചെയ്യപ്പെടുന്നു. വിവാഹബന്ധങ്ങളെക്കുറിച്ചുള്ള സംസാരവും ചർച്ചകളും നടക്കുന്നു. ദാമ്പത്യപ്രശ്നങ്ങൾ  അനുഭാവപൂർണ്ണമായി ശ്രദ്ധിക്കപ്പെടുന്നു. “സ്ത്രീകൾക്ക് പലപ്പോഴും വീട്ടിൽ പലതും പങ്കുവെക്കാനാവില്ല. പക്ഷേ ഇവിടെ എന്തും ചർച്ച ചെയ്യാം”, അവർ സൂചിപ്പിച്ചു.

ഉപഭോക്താക്കളെ ഇവിടെ പിടിച്ചുനിർത്തുന്ന സവിശേഷതയാണ് അത്. “ജമുയിലെ ഒരു പാർലറിൽ പോകണമെന്ന് തോന്നിയാൽ, ഞങ്ങൾ ഒരേ സ്ഥലത്തേക്കുതന്നെ വരുന്നു”, തന്റെ പരിചിതമായ ഇടത്തെക്കുറിച്ച് പ്രിയാ കുമാരി പറയുന്നു. ബ്യൂട്ടി പാർലർ ഉടമയിൽനിന്ന് കേൾക്കുന്ന കളിയാക്കലുകളും സ്നേഹപൂർവ്വമുള്ള വഴക്കുമൊക്കെ അവരുടെ ഈ സ്ഥലവുമായുള്ള അടുപ്പം കൂട്ടുകയാണ് ചെയ്യുന്നത്. “അവർക്ക് ഞങ്ങളുടെ കഥയൊക്കെ അറിയാം, അതുകൊണ്ട് ഞങ്ങളുമായി തമാശ പങ്കിടും”, ജമുയി ബ്ലോക്കിലെ ഖൈർമ ഗ്രാമത്തിലെ 22 വയസ്സായ പ്രിയ പറയുന്നു.

Khushboo Singh lives in Jamui town and visits the parlour for a range of beauty services.
PHOTO • Riya Behl
Pramila in her parlour with a customer
PHOTO • Riya Behl

ഇടത്ത്: ജമുയി പട്ടണത്തിൽ താമസിക്കുന്ന ഖുശ്ബൂ സിംഗ് വിവിധ സൌന്ദര്യാവശ്യങ്ങൾക്കായി പാർലർ സന്ദർശിക്കുന്നു. വലത്ത്: പ്രമീള തന്റെ സ്ഥാപനത്തിൽ ഒരു ഉപഭോക്താവിനെ ഒരുക്കുന്നു

മഹാരാജഗഞ്ജ് പ്രധാനതെരുവിലെ തിരക്കുള്ള ഒരു വ്യാപാരസമുച്ചയത്തിൽ താഴത്തെ നിലയിലാണ് പ്രമീളയുടെ പാർലർ. ജനലുകളില്ലാത്ത ഈ ചെറിയ മുറിക്ക് മാസത്തിൽ 3,500 രൂപയാണ് വാടക. മൂന്ന് ചുമരുകളിലും ഓരോ നീളൻ കണ്ണാടികൾ. കണ്ണാടികളുടെ മുകൾഭാഗത്തുള്ള ചില്ലലമാരയിൽ, പിഗ്ഗി ബാങ്കുകളും, ടെഡ്ഡി ബെയറുകളും, സാനിറ്ററി പാഡുകളും മറ്റ് നിരവധി സൌന്ദര്യവർദ്ധകവസ്തുക്കളും നിറച്ചുവെച്ചിട്ടുണ്ട്. ഉത്തരത്തിൽനിന്ന് പ്ലാസ്റ്റിക്ക് പൂക്കൂടകൾ തൂങ്ങിനിൽക്കുന്നു; ഇളംതവിട്ട്, ഓറഞ്ച് നിറത്തിലുള്ള ചുമരുകളിൽ, പ്രമീള വിജയകരമായി പൂർത്തിയാക്കിയ സർട്ടിഫിക്കറ്റുകൾ പതിച്ചുവെച്ചിരിക്കുന്നു.

പ്രധാനവാതിൽ മറച്ചുവെച്ചിട്ടുള്ള മഞ്ഞനിറത്തിലുള്ള കർട്ടൻ നീക്കി ഒരു കസ്റ്റമർ അകത്തേക്ക് വരുന്നു. 30 വയസ്സുള്ള, മാന്യമായി വസ്ത്രം ധരിച്ച ഒരു സ്ത്രീയായിരുന്നു അത്. ഒരു അത്താഴസത്ക്കാരത്തിന് പോവുന്നതിനുമുൻപ്, മേൽച്ചുണ്ടിലെ രോമങ്ങൾ കളയാനും, പുരികങ്ങൾ വെട്ടിയൊതുക്കാനും വന്നതായിരുന്നു അവർ. കട അടയ്ക്കാനുള്ള സമയമായിരുന്നുവെങ്കിലും അതൊക്കെ കൃത്യമായി നോക്കിയിരുന്നാൽ, കസ്റ്റമേഴ്സിനെ നഷ്ടമാവുകയാവും ഫലം. അവർ ഇരുന്നപ്പോൾ പ്രമീള അവരോട് സത്ക്കാരത്തിനെകുറിച്ച് ചോദിച്ച് മനസ്സിലാക്കാൻ തുടങ്ങി. “ഞങ്ങളുടെ കസ്റ്റമേഴ്സിനെ സന്തോഷിപ്പിക്കുകയാണ് ഞങ്ങൾ ചെയ്യുക, അപ്പോൾ അവരുടെ കാന്തി വർദ്ധിക്കും“, പിന്നീട് പ്രമീള ഞങ്ങളോട് പറഞ്ഞു.

“ഒരുദിവസം, പുരികം വെട്ടിയൊതുക്കാൻ മാത്രമായി 25-ലേറെ സ്ത്രീകൾ വരാറുണ്ട്. ചില ദിവസങ്ങളിൽ അഞ്ചുപേർ തികച്ച് വരാറുമില്ല”, ഈ മേഖലയിലെ ബുദ്ധിമുട്ടുകൾ സൂചിപ്പിച്ചുകൊണ്ട് പ്രമീള പറയുന്നു. വിവാഹത്തിന് സ്ത്രീകളെ അണിയിച്ചൊരുക്കുന്ന പണി കിട്ടിയാൽ, ദിവസത്തിൽ 5,000 രൂപയ്ക്ക് മീതെ അവർക്ക് സമ്പാദിക്കാൻ സാധിക്കാറുണ്ട്. “മുമ്പൊക്കെ വധുക്കളെ അണിയിച്ചൊരുക്കുന്ന ജോലി ധാരാളം കിട്ടിയിരുന്നു. എന്നാൽ ഈയിടെയായി, മിക്കവാറും സ്ത്രീകൾ, ഫോണിലുള്ള വീഡിയോകൾ നോക്കി സ്വയം ചെയ്യുകയാണ് പതിവ്. തന്റെ സേവനങ്ങൾ വ്യാപിപ്പിക്കാനായി പ്രമീള ചില സൂത്രങ്ങൾ പ്രയോഗിക്കുന്നു. ഉദാഹരണത്തിന്, 30 രൂപയ്ക്ക് പുരികം വെട്ടലും മേൽച്ചുണ്ടിലെ രോമം കളയലും ഒരുമിച്ച് ചെയ്തുകൊടുക്കുന്നു.

പ്രായമായ സ്ത്രീകളെ ആകർഷിക്കുന്നത് ഇപ്പോഴും ഒരു വെല്ലുവിളിയാണ്. തന്റെ അമ്മയുടെ പ്രായമുള്ള സ്ത്രീകൾ ഇവിടേക്ക് വരുന്നത് ഒരിക്കലും കണ്ടിട്ടില്ലെന്ന് പ്രിയ പറയുന്നു. “എന്റെ അമ്മ ഒരിക്കലും പുരികം വെട്ടുകയോ, തലമുടി വെട്ടുകയോ ചെയ്തിട്ടില്ല. ഞങ്ങൾ കക്ഷം വാക്സ് ചെയ്യുന്നതൊന്നും അമ്മയ്ക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല. “ഇങ്ങനെയാണ് എന്നെ ദൈവം സൃഷ്ടിച്ചത്, ഞാൻ ഇങ്ങനെയാണ്. പിന്നെയെന്തിനാണ് ഞാൻ ഇതിനൊക്കെ പോവുന്നത്” എന്നാണ് അവർ ചോദിക്കുന്നത്.

The parlour is centrally located in a busy commercial complex in Jamui town.
PHOTO • Riya Behl
Pramila threading a customer's eyebrows
PHOTO • Riya Behl

ഇടത്ത്: ജമുയി പട്ടണത്തിലെ തിരക്കുള്ള ഒരു വ്യാപാരസമുച്ചയത്തിലാണ് പാർലർ സ്ഥിതി ചെയ്യുന്നത്. വലത്ത്: ഒരു ഉപഭോക്താവിന്റെ പുരികം പ്രമീള ത്രെഡ് ചെയ്യുന്നു

സമയം 5 മണിയാവുന്നു. ഒരമ്മ, കൌമാരക്കാരികളായ രണ്ട് പെണ്മക്കളോടൊപ്പം അകത്തേക്ക് വരുന്നു. തബാസ്സിം മാലിക്ക് പ്രമീളയുടെയടുത്ത് ഇരുന്നപ്പോൾ പെണ്മക്കൾ ശിരോവസ്ത്രം മാറ്റി ബാർബറുമാരുടെ കറുത്ത വിനൈൽ കവറുള്ള കസേരയിലിരുന്നു. ഒരു ഓറഞ്ച് നിറമുള്ള മേശയിൽ നിരവധി സാധനങ്ങൾ നിരത്തിവെച്ചിരുന്നു. കത്രികകൾ, ചീർപ്പുകൾ, ഒരു വാക്സ് ഹീറ്റർ, രണ്ട് കെട്ട് വിസിറ്റിങ്ങ് കാർഡുകൾ, പുരികം വെട്ടാനുള്ള നൂലുകളുടെ ഉണ്ടകൾ, പൌഡർപാത്രങ്ങൾ, വിവിധ ദ്രാവകങ്ങൾ അങ്ങിനെ പലതും.

“നിങ്ങൾക്ക് മൂന്ന് പെണ്മക്കളല്ലേ? ഒരാളുടെ കല്യാണം കഴിഞ്ഞോ?”, തന്റെ ഉപഭോക്താക്കളെക്കുറിച്ച് എല്ലാം അറിയാമെന്ന് ഞങ്ങളെ കാണിക്കാൻ പ്രമീള അവരോട് ചോദിക്കുന്നു.

“അവളിപ്പോൾ പഠിക്കുകയാണ്, സ്കൂൾപഠനം കഴിഞ്ഞ്, ഞങ്ങൾ അതേപ്പറ്റി ആലോചിക്കും”, തബാസ്സിം പറയുന്നു.

സോഫയിലിരുന്ന് പ്രമീള തലകുലുക്കി. തബാസ്സിമിനോട് സംസാരിക്കുമ്പോൾത്തന്നെ തന്റെ ശിഷ്യകളായ തുനിയും റാണിയും പെൺകുട്ടികളുടെ തലമുടി വെട്ടാൻ തയ്യാറെടുക്കുന്നത് പ്രമീള നിരീക്ഷിക്കുന്നുണ്ടായിരുന്നു. ആദ്യം ഇരുന്നത് 12വയസ്സായ ജാസ്മിനായിരുന്നു. അവൾക്ക് പുതിയ ഫാഷനിലുള്ള ‘യു’ കട്ടായിരുന്നു വേണ്ടത്. 80 രൂപയാണ് അതിന്. “യു ഷേപ്പ് വെട്ടുന്നതുവരെ തലമുടിയിൽനിന്ന് കത്രിക മാറ്റരുത്” പ്രമീള പറഞ്ഞുകൊടുത്തു. മനസ്സിലായ മട്ടിൽ തുനി തലകുലുക്കി.

Pramila also trains young girls like Tuni Singh (yellow kurta) who is learning as she cuts 12-year-old Jasmine’s hair.
PHOTO • Riya Behl
The cut hair will be sold by weight to a wig manufacturer from Kolkata
PHOTO • Riya Behl

ഇടത്ത്: 12 വയസ്സായ ജാസ്മിന്റെ തലമുടി വെട്ടിക്കൊടുക്കുന്ന തുനി സിംഗിനെപ്പോലുള്ള (മഞ്ഞ ചുരിദാറിൽ) ചെറുപ്പക്കാരികൾക്ക് പരിശീലനം കൊടുക്കുകയും ചെയ്യുന്നുണ്ട് പ്രമീള. വലത്ത്: മുറിച്ചുമാറ്റിയ മുടി, ഭാരത്തിനനുസരിച്ചുള്ള നിരക്കിന് കൊൽക്കൊത്തയിൽനിന്നുള്ള ഒരു വിഗ് നിർമ്മാതാവിന് വിൽക്കുന്നു

ചെറുപ്പക്കാരായ ആ ശിഷ്യർഒരു പെൺകുട്ടിയുടെ തലമുടി വെട്ടിക്കഴിഞ്ഞു. അടുത്തയാളുടെ മുടി പ്രമീളയാണ് ചെയ്യുന്നത്. തന്റെ ശിഷ്യയിൽനിന്ന് ഭാരിച്ച കത്രിക വാങ്ങി, മുൻപിലിരിക്കുന്ന കൌമാരക്കാരിയുടെ തലമുടി പ്രമീള വെട്ടാനും ഒതുക്കാനും തുടങ്ങുന്നു. 15 മിനിറ്റിനുള്ളിൽ ആ പണി കഴിഞ്ഞു. റാണി കുനിഞ്ഞ് നിലത്തുനിന്ന് നീളൻ തലമുടിക്കഷണങ്ങൾ എടുത്ത് ഒരു റബ്ബർബാൻഡെടുത്ത് ശ്രദ്ധയോടെ കെട്ടിവെച്ചു. ഈ തലമുടികൾ പിന്നീട്, അതിന്റെ ഭാരത്തിനനുസരിച്ചുള്ള നിരക്കിൽ, അരദിവസത്തെ ട്രെയിൻ യാത്രയ്ക്കപ്പുറമുള്ള കൊൽക്കൊത്തയിലെ ഒരു വിഗ് നിർമ്മാതാവിന് അവർ വിൽക്കും.

അമ്മയും പെണ്മക്കളും പോയപ്പോൾ പ്രമീള പറയുന്നു “ഇനി അവരെ ഞാൻ വീണ്ടും അടുത്ത വർഷം കാണും. അവർ ഈദിന് മുമ്പായി വർഷത്തിലൊരിക്കൽ മാത്രമേ വരൂ’, ഉപഭോക്താക്കളെക്കുറിച്ചുള്ള അറിവ്, അവരുടെ അഭിരുചികൾ, അവരുമായി നിലനിർത്തുന്ന സംഭാഷണം, ഇതെല്ലാമാണ് പ്രമീളയുടെ വില്പനതന്ത്രങ്ങൾ.

പക്ഷേ കണ്മഷിയും തുടിപ്പും മാത്രമല്ല,ഈ സംരംഭകയുടെ ജീവിതം. രാവിലെ 4 മണിക്ക് എഴുന്നേറ്റ് വീട്ടുജോലികൾ തീർത്ത്, മക്കളെ – പ്രിയയും പ്രിയാംശുവും – സ്കൂളിലേക്കയക്കുന്നു. വീട്ടിൽനിന്നിറങ്ങുന്നതിന് മുൻപ്, 10 ലിറ്റർ വെള്ളം പാത്രത്തിൽ നിറച്ച് കൊണ്ടുപോകുന്നു. കാരണം, പാർലർ നിൽക്കുന്ന ഷോപ്പിംഗ് കോം‌പ്ലക്സിൽ വെള്ളം ലഭ്യമല്ല. “വെള്ളമില്ലാതെ എങ്ങിനെയാണ് നിങ്ങൾ ഒരു പാർലർ നടത്തുക?”, അവർ ചോദിക്കുന്നു.

Pramila brings around 10 litres of water with her from home as there is no running water in the shopping complex where the parlour is located.
PHOTO • Riya Behl
Tunni and Pramila relaxing while waiting for their next customer
PHOTO • Riya Behl

ഇടത്ത്: പാർലർ നിൽക്കുന്ന ഷോപ്പിംഗ് കോം‌പ്ലക്സിൽ വെള്ളമില്ലാത്തതിനാൽ, പ്രമീള വീട്ടിൽനിന്ന് 10 ലിറ്റർ വെള്ളം നിറച്ച് കൊണ്ടുവരുന്നു. ‘വെള്ളമില്ലാതെ എങ്ങിനെയാണ് നിങ്ങൾ ഒരു പാർലർ നടത്തുക?’ അവർ ചോദിക്കുന്നു. വലത്ത്: അടുത്തയാൾ വരുന്നതിനുമുൻപ്, തുന്നിയും പ്രമീളയും വിശ്രമിക്കുന്നു

വിവാ ലേഡീസ് ബ്യൂട്ടി പാർലർ രാവിലെ 10 മണിക്ക് തുറന്ന്, 11 മണിക്കൂറിനുശേഷം അടയ്ക്കുന്നു. സുഖമില്ലാതെ വരുമ്പോഴോ, വീട്ടിൽ അതിഥികളുണ്ടാവുമ്പോഴോ മാത്രമാണ് പ്രമീള അവധിയെടുക്കുക. ദിവസവും രാവിലെ 10 മണിക്കുമുമ്പ്, ഭർത്താവ് രാജേഷിന്റെ കൂടെ അവർ പുറപ്പെടും. അവരെ ഇറക്കിവിട്ടതിനുശേഷം കഷ്ടി ഒരു കിലോമീറ്റർ അപ്പുറത്തുള്ള തന്റെ ഓഫീസിലേക്ക് അയാൾ പോവുന്നു. “എന്റെ ഭർത്താവ് ഒരു കലാകാരനാണ്”, അഭിമാനത്തോടെ പ്രമീള പറയുന്നു. “അദ്ദേഹം പരസ്യപ്പലകകളും പാലങ്ങളും പെയിന്റ് ചെയ്യുകയും, കരിങ്കല്ലിൽ കൊത്തുപണിയും കല്ല്യാണങ്ങൾക്കും ഡിസ്കോ ജോക്കികൾക്കുമുള്ള കർട്ടണുകളും ഡിസൈനുകളും ചെയ്യുന്നു”, അവർ കൂട്ടിച്ചേർക്കുന്നു.

സ്ഥാപനം അടയ്ക്കാൻ പ്രമീള വൈകുന്ന ദിവസങ്ങളിൽ, രാജേഷ് പുറത്ത് സുഹൃത്തുക്കളുമായി സംസാരിച്ച് കാത്തുനിൽക്കും.

“ഈ കച്ചവടത്തിൽ ഞായറാഴ്ചയൊന്നുമില്ല. അപ്പോയ്മെന്റ് എടുക്കാൻ അയൽക്കാർ വന്നാലും ഞാൻ പൈസ വാങ്ങിക്കാറുണ്ട്”, പ്രമീള പറയുന്നു. വിലപേശുകയോ പണം കൊടുക്കാതിരിക്കുകയോ ചെയ്യുന്ന ആൾക്കാരോട് കർശനമായിത്തന്നെ പെരുമാറും. “കസ്റ്റമർ മോശമായി പെരുമാറിയാൽ, ഞങ്ങൾ അവരെ അവരുടെ സ്ഥാനം ഓർമ്മിപ്പിക്കും”.

വിവാ ലേഡീസ് ബ്യൂട്ടി പാർലറിന്റെ ഉടമസ്ഥ, പശ്ചിമബംഗാളിലെ ദുർഗ്ഗാപുർ എന്ന കൽക്കരി പട്ടണത്തിലാണ് ജനിച്ചുവളർന്നത്. അവരുടെ അച്ഛൻ ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിൽ ഫോർമാനായിരുന്നു. എട്ടംഗങ്ങളുള്ള കുടുംബത്തിലെ വീട്ടമ്മയായിരുന്നു അമ്മ. എല്ലാ വർഷവും, പ്രമീളയും അഞ്ച് സഹോദരങ്ങളും – മൂന്ന് സഹോദരന്മാരും, രണ്ട് സഹോദരിമാരും – ജമുയിയിലെ അമ്മമ്മയുടെ വീട്ടിലേക്ക് സന്ദർശനം നടത്തും.

12-ആം ക്ലാസ്സ് കഴിഞ്ഞപ്പോൾ, 2000-ൽ പ്രമീള രാജേഷ് കുമാറിനെ വിവാഹം കഴിച്ച് ജമുയിൽ തിരിച്ചെത്തി. വിവാഹം കഴിഞ്ഞ് ഏഴുവർഷം കഴിഞ്ഞ സമയത്ത്, ഭർത്താവ് ജോലിക്കും മക്കൾ സ്കൂളിലേക്കും പോയ അവസരത്തിൽ, വീട്ടിൽ ഒറ്റക്കായപോലെ തോന്നിയെന്ന് പ്രമീള പറയുന്നു. അങ്ങിനെയാണ് ഒരു ബ്യൂട്ടി പാർലർ തുടങ്ങുന്ന കാര്യം മനസ്സിലിട്ട് താലോലിച്ചത്. ഭർത്താവ് പിന്തുണ നൽകിയത് സഹായകമായി. “കസ്റ്റമേഴ്സ് വരും, വർത്തമാനം പറയും, തമാശകൾ പങ്കിടും. അപ്പോൾ ഒറ്റക്കാവുന്നതിന്റെ സമ്മർദ്ദം ഇല്ലാതാവും”, അവർ വിശദീകരിക്കുന്നു.

Pramila posing for the camera.
PHOTO • Riya Behl
Pramila's husband Rajesh paints signboards and designs backdrops for weddings and other functions
PHOTO • Riya Behl

ഇടത്ത്: പ്രമീള ഫോട്ടോക്ക് പോസ് ചെയ്യുന്നു. വലത്ത്: പ്രമീളയുടെ ഭർത്താവ് രാജേഷ് പരസ്യപ്പലകകൾ പെയിന്റ് ചെയ്യുകയും, വിവാഹങ്ങൾക്കും മറ്റുമുള്ള കർട്ടണുകൾ ഡിസൈൻ ചെയ്യുകയും ചെയ്യുന്നു

2007-ൽ ബ്യൂട്ടി പാർലറിന്റെ കാര്യങ്ങൾ പഠിക്കുമ്പോൾ, അധികം കോഴ്സുകളൊന്നും നിലവിലുണ്ടായിരുന്നില്ലെങ്കിലും ജമുയിൽ രണ്ടെണ്ണം പ്രമീള കണ്ടെത്തി. അവളുടെ കുടുംബം അതിന്റെ ചിലവ് വഹിക്കുകയും ചെയ്തു. ആകർഷക് പാർലറിൽ ആറുമാസത്തെ കോഴ്സിന് 6,000 രൂപയും, ഫ്രെഷ് ലുക്കിൽ മറ്റൊരു കോഴ്സിന് 2,000 രൂപയും ചിലവാക്കി.

15 വർഷം കഴിഞ്ഞ് ഇന്നവർ, വിവിധ കോസ്മെറ്റിക്ക് ബ്രാൻഡുകൾ ബിഹാറിലുടനീളം നടത്തുന്ന ശില്പശാലകളിൽ പതിവായി പങ്കെടുക്കുന്നു. “ഏകദേശം 50-ഓളം സ്ത്രീകൾക്ക് ഞാൻ പരിശീലനം കൊടുത്തിട്ടുണ്ട്. അവരിൽ‌പ്പലരും ജുമിയയിലും സമീപത്തെ ഗ്രാമങ്ങളിലും സ്വന്തമായി പാർലറുകൾ തുടങ്ങിയിട്ടുണ്ട്”, പ്രമീള പറയുന്നു.

ഞങ്ങൾ അഭിമുഖം അവസാനിപ്പിക്കാറായപ്പോൾ, പ്രമീള ശർമ്മ തന്റെ ചുവന്ന ലിപ്സ്റ്റിക്ക് ഒന്ന് തൊട്ടുമിനുക്കി. ഒരു കണ്മഷിപ്പെൻസിലെടുത്ത് കണ്ണെഴുതി, കടുംചുവപ്പ് നിറത്തിലുള്ള സോഫയിൽ ഇരുന്നു.

“ഞാൻ സുന്ദരിയൊന്നുമല്ല, എന്നാലും എന്റെ ഫോട്ടോ എടുത്തോളൂ”, അവർ പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Riya Behl

रिया बेहल सोनिपतच्या अशोका युनिवर्सिटीची मदर तेरेसा फेलो (२०१९-२०) असून ती मुंबई स्थित आहे.

यांचे इतर लिखाण Riya Behl
Devashree Somani

Devashree Somani is an independent journalist, in the current cohort of the India Fellow program.

यांचे इतर लिखाण Devashree Somani
Editor : Priti David

प्रीती डेव्हिड पारीची वार्ताहर व शिक्षण विभागाची संपादक आहे. ग्रामीण भागांचे प्रश्न शाळा आणि महाविद्यालयांच्या वर्गांमध्ये आणि अभ्यासक्रमांमध्ये यावेत यासाठी ती काम करते.

यांचे इतर लिखाण Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat