യെല്ലപ്പൻ ദേഷ്യത്തിലും ആശയക്കുഴപ്പത്തിലുമാണ്.
"ഞങ്ങൾ മത്സ്യബന്ധനം നടത്തുന്ന തീരദേശ സമുദായമല്ല. പിന്നെ ഞങ്ങളെ എന്തിനാണ് സേമ്പനാട് മറവരോ ഗോസംഗികളോ ആയി പട്ടികപ്പെടുത്തിയിരിക്കുന്നത്?"
"ഞങ്ങൾ ഷോളഗന്മാരാണ്" ആ 82 വയസ്സുകാരൻ തറപ്പിച്ച് പറയുന്നു. "സർക്കാർ ഞങ്ങളോട് തെളിവ് ചോദിക്കുകയാണ്. ഞങ്ങൾ ഇവിടെ ജീവിക്കുന്നതുതന്നെ മതിയായ തെളിവല്ലേ? 'ആധാര അൺടെ ആധാര. യെല്ലിന്ത താർലി ആധാര? [തെളിവ്! തെളിവ്! [തെളിവ് വേണംപോലും]."
തമിഴ് നാട്ടിലെ മധുരൈ ജില്ലയിലുള്ള സക്കിമംഗലം ഗ്രാമത്തിൽ താമസിക്കുന്ന, പ്രാദേശികമായി ചാട്ടൈ സമുദായം എന്നറിയപ്പെടുന്ന യെല്ലപ്പന്റെ സമുദായം ചാട്ടവീശലിൽ ഏർപ്പെടുന്നവരാണ്. എന്നാൽ സെൻസസിൽ അവരെ സേമ്പനാട് മറവരായി അടയാളപ്പെടുത്തി മോസ്റ്റ് ബാക്ക്വേർഡ് ക്ലാസ്സിൽ (എം.ബി.സി - അതീവ പിന്നാക്കവിഭാഗം) ഉൾപ്പെടുത്തിയിരിക്കുകയാണ്.
"(സെൻസസ്) സർവ്വേയർമാർ ഞങ്ങളുടെ അടുത്ത് വന്ന് കുറച്ച് ചോദ്യങ്ങൾ ചോദിച്ചിട്ട്, പിന്നീട് അവർക്ക് തോന്നുന്ന പട്ടികയിൽ ഞങ്ങളെ ചേർക്കുകയാണ് ചെയ്യുന്നത്," അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
സെൻസസിൽ തെറ്റായി അടയാളപ്പെടുത്തി, പട്ടികപ്പെടുത്തിയിട്ടുള്ളതായി കരുതപ്പെടുന്ന 15 കോടി ഇന്ത്യക്കാരിൽ ഒരാളാണ് യെല്ലപ്പൻ. ഇക്കൂട്ടത്തിൽ ഉൾപ്പെടുന്ന പല സമുദായങ്ങളെയും, ഇന്ത്യയിൽ കോളനി വാഴ്ച നിലനിന്നിരുന്ന കാലത്ത് ഏർപ്പെടുത്തിയ, 1871-ലെ ക്രിമിനൽ ട്രൈബ്സ് ആക്ട് പ്രകാരം 'പരമ്പരാഗത കുറ്റവാളികൾ' എന്ന് മുദ്ര കുത്തിയിരുന്നതാണ്. 1952-ൽ ഈ നിയമം പിൻവലിച്ചതിന് പിന്നാലെ, ഈ സമുദായങ്ങളെ ഡീനോട്ടിഫൈഡ് ട്രൈബ്സ് (ഡി.എൻ.ടി) അഥവാ നൊമാഡിക് ട്രൈബ്സ് (എൻ.ടി) എന്ന് വിളിക്കാൻ തുടങ്ങി.
"ഭേദപ്പെട്ട സാഹചര്യങ്ങളിൽ അപൂർണ്ണവും മോശം സാഹചര്യങ്ങളിൽ തീർത്തും അപര്യാപ്‍തവുമായ ജീവിതം നയിക്കുന്ന ഇക്കൂട്ടർ മിക്കപ്പോഴും സാമൂഹികശ്രേണിയുടെ ഏറ്റവും താഴത്തെ പടിയിൽമാത്രം സ്ഥാനം ലഭിക്കുന്നവരും കൊളോണിയൽ കാലഘട്ടത്തിൽ സൃഷ്ടിക്കപ്പെട്ട മുൻവിധികൾമൂലമുള്ള വിവേചനം നേരിടുന്നവരുമാണ്," നാഷണൽ കമ്മീഷൻ ഫോർ ഡീനോട്ടിഫൈഡ് നൊമാഡിക് ആൻഡ് സെമി നൊമാഡിക് ട്രൈബ്‌സിന്റെ 2017-ലെ സർക്കാർ റിപ്പോർട്ട് പറയുന്നു.

















