നിങ്ങളുടെ സർവ്വകലാശാല ഭാഗികമായെങ്കിലും സ്ഥിതി ചെയ്യുന്നത് ഒരുപാട് തവണ നിവാസികളെ പുറത്താക്കിയ ഒരു ഗ്രാമത്തിന്‍റെ ഭൂമിയിലാകാനാണ് സാദ്ധ്യതയെന്ന് 2011-ൽ ഞാനവരോട് പറഞ്ഞു. അത് ഒരു തരത്തിലും നിങ്ങളുടെ കുഴപ്പമോ ഉത്തരവാദത്തിലോ പെടുന്ന കാര്യമല്ല. പക്ഷെ വിഷയത്തെ മാനിക്കുക.
ഒരു ഞെട്ടലായി തോന്നിയെങ്കിലും അവർ വിഷയത്തെ മാനിച്ചിരുന്നു. കോരാപുടിലെ ഒഡീഷ കേന്ദ്ര സർവകലാശാലയിലെ ഉത്സുകരും ബദ്ധശ്രദ്ധരുമായ ഒരു കൂട്ടം വിദ്യാർത്ഥികൾ ആയിരുന്നു അവർ - പ്രധാനമായും ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ വകുപ്പിൽനിന്നുള്ള വിദ്യാർത്ഥികൾ. ചികാപാറിന്‍റെ കഥ അവരെ അസ്വസ്ഥരാക്കി. മൂന്നുതവണ ഏകപക്ഷീയമായി നിവാസികളെ പുറത്താക്കിയ ഒരു ഗ്രാമമായിരുന്നു അത്. ഓരോ തവണയും പുറത്താക്കൽ നടന്നത് ‘വികസന’ത്തിന്‍റെ പേരിലാണ്.
എങ്ങനെയാണ് തങ്ങളെ, 1960-ലെ കനത്ത മഴയുള്ള ഒരു ദിവസം ഒഴിപ്പിച്ചതെന്ന് ഗദബ ആദിവാസി വിഭാഗത്തിൽപ്പെട്ട മുക്ത കദം (മുകളിലുള്ള പ്രധാന ചിത്രത്തിൽ പേരക്കുട്ടിയുമായി കാണുന്നത്) എന്നോട് പറഞ്ഞപ്പോൾ എന്‍റെ മനസ്സ് 1993-ന്‍റെ അവസാന ഭാഗത്തേക്കും 1994-ന്‍റെ ആദ്യ ഭാഗത്തേക്കും പോയി. തലയിൽ ചുമടുകളേന്തിയ തന്‍റെ 5 മക്കളെ ഇരുട്ട് നിറഞ്ഞ കാട്ടിലൂടെ മഴയത്ത് അവർ നയിച്ചു. "എവിടെ പോകണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. സാർമാർ ഞങ്ങളോട് പറഞ്ഞു, അതുകൊണ്ട് ഞങ്ങൾ പോയി. അത് ഭയാനകമായിരുന്നു.”
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്.എ.എൽ.) മിഗ് ഫൈറ്റർ പ്രോജക്റ്റിനുവേണ്ടി വഴിയൊരുക്കുകയായിരുന്നു അവർ. ഒഡീഷയിലേക്ക് ഒരിക്കലും പൂർണ്ണമായി വരികയോ നടക്കുകയോ ചെയ്യാത്ത ഒരു പ്രോജക്റ്റ്. പക്ഷെ ഭൂമി അവർക്കൊരിക്കലും തിരികെ ലഭിച്ചില്ല. നഷ്ടപരിഹാരമോ? "എന്‍റെ കുടുംബത്തിന് 60 ഏക്കർ ഭൂമി ഉണ്ടായിരുന്നു”, ചികാപാറിൽ നിന്നും പുറത്താക്കപ്പെട്ടവർക്ക് നീതി ലഭിക്കുന്നതിനുവേണ്ടി ദശകങ്ങളായി പൊരുതിക്കൊണ്ടിരിക്കുന്ന ദളിത് വിഭാഗത്തിൽപ്പെട്ട പ്രവർത്തകനായ ജ്യോതിർമയ് ഖോര പറഞ്ഞു. “ഒരുപാടൊരുപാട് വർഷങ്ങൾക്ക് ശേഷം ഞങ്ങൾക്ക് 15,000 രൂപ [മൊത്തത്തിൽ] നഷ്ടപരിഹാരമായി ലഭിച്ചു – 60 ഏക്കറിന്.” കുടിയൊഴിക്കപ്പെട്ടവർ ഒരിക്കൽ കൂടി അവരുടെ ഗ്രാമം പുനർനിർമ്മിച്ചു – അവർ തനിയെ സ്വന്തമാക്കിയ ഭൂമിയിൽ, സർക്കാർ നൽകിയ ഭൂമിയിലല്ല. ഗൃഹാതുരത്വത്താൽ ഇതിനെയും അവർ ‘ചികാപാർ’ എന്ന് വിളിച്ചു.




