70 വയസ്സുള്ള ആ വിദ്യാർത്ഥി ചുറ്റും നോക്കുമ്പോൾ, ഒരിക്കൽ താൻ പഠിച്ചുവളർന്ന ആ സ്ഥപനം പൂർണ്ണമായും അഗ്നിക്കിരയായിരുന്നു. കരിഞ്ഞ കടലാസ്സുകളും കത്തിക്കരിഞ്ഞ പുസ്തകങ്ങളും എല്ലാം അവിടെയാകെ ചിതറിക്കിടന്നിരുന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തിരുന്ന ലൈബ്രറി തീയിൽ ചാമ്പലായി വിണ്ടുപോയിരുന്നു. കത്തിക്കരിഞ്ഞ പുസ്തകങ്ങളുടെ മണം അന്തരീക്ഷത്തിൽ തങ്ങിനിന്നു. പുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന അലമാറകളും ചാരമായിക്കഴിഞ്ഞിരുന്നു.
113 വർഷം പഴക്കമുള്ള മദ്രസ അസീസിയയിൽ 4,500-ഓളം പുസ്തകങ്ങളുണ്ടായിരുന്നു. അവയിൽ, ഇസ്ലാമിന്റെ വിശുദ്ധ പുസ്തകങ്ങളായ ഖുർആനിന്റേയും ഹദീത്തുകളുടേയും 300-ഓളം കൈയ്യെഴുത്തുപ്രതികളും ഉൾപ്പെടുന്നു. “തത്ത്വചിന്ത, പ്രഭാഷണങ്ങൾ, വൈദ്യം എന്നിവയുടെ 250 കൈയ്യെഴുത്തുപ്രതികൾ ഒരു അലമാറയിലുണ്ടായിരുന്നു. അതിനുപുറമേ, അഡ്മിഷൻ രജിസ്റ്ററുകൾ, മാർക്ക് ഷീറ്റുകൾ, 1910 മുതൽ അവിടെ പഠിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ എന്നിവയും ലൈബ്രറിയിലുണ്ടായിരുന്നു” സ്കൂളിന്റെ പ്രിൻസിപ്പൽ മൊഹമ്മദ് ഷക്കീർ കാസിമി പറഞ്ഞു.
“ഞാൻ സിറ്റി പാലസ് ഹോട്ടലിന്റെയടുത്തെത്തിയപ്പോഴേക്കും നഗരത്തിലെ സ്ഥിതിവിശേഷം ഗുരുതരമാണെന്ന് മനസ്സിലായി. എല്ലായിടത്തും പുകയായിരുന്നു. ഞങ്ങൾക്ക് പുറത്തിറങ്ങാൻ പറ്റാത്ത രാഷ്ട്രീയസാഹചര്യമായിരുന്നു”, ആ ദുർദ്ദിനം ഓർത്തെടുത്തുകൊണ്ട് കാസിമി പറഞ്ഞു.
പിറ്റേന്ന് രാവിലെ മാത്രമാണ് പ്രിൻസിപ്പലിന് മദ്രസയിൽ പ്രവേശിക്കാൻ കഴിഞ്ഞത്. 3 ലക്ഷം ആളുകൾ താമസിക്കുന്ന നഗരത്തിൽ വൈദ്യുതി പൂർണ്ണമായും വിച്ഛേദിച്ചിരുന്നു. “ഞാൻ രാവിലെ 4 മണിക്ക് ഒറ്റയ്ക്ക് ഇങ്ങോട്ട് വന്നു. മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ ലൈബ്രറിയിലേക്ക് നോക്കിയപ്പോൾ ഞെട്ടിപ്പോയി. ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനുള്ള ധൈര്യംപോലും എനിക്കുണ്ടായില്ല”.