ഘരപുരിയിലെ വീട്ടിനടുത്തുള്ള കാട്ടിൽ വിറക് ശേഖരിക്കാൻ പോയപ്പോൾ ജയശ്രീ മ്ഹാത്രെയെ എന്തോ കടിച്ചു. വിറക് കൊണ്ടതായിരിക്കുമെന്ന് കരുതി, രണ്ട് പെൺകുട്ടികളുടെ അമ്മയായ ആ 43 വയസ്സുകാരി അതത്ര കാര്യമാക്കിയില്ല. 2020 ജനുവരിയിലെ ആ തണുപ്പുകാലത്തെ ഉച്ചസമയത്ത്, ശേഖരിച്ച വിറകും ചുമന്ന് അവർ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.
അല്പസമയത്തിനുശേഷം, വീട്ടുപടിക്കൽ ഒരു ബന്ധുവുമായി വർത്തമാനം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ അവർ പെട്ടെന്ന് ബോധംകെട്ട് നിലത്ത് വീണു. അവർ അപ്പോൾ വ്രതത്തിലായിരുന്നതുകൊണ്ട് ക്ഷീണം കൊണ്ടായിരിക്കുമെന്ന് സമീപത്തുണ്ടായിരുന്ന ആളുകളും ധരിച്ചു.
“ബോധം കെട്ട് വീണുവെന്നാണ് എന്നോട് പറഞ്ഞത്”, ജയശ്രീയുടെ 20 വയസ്സുള്ള മകൾ ഭാവിക ഓർക്കുന്നു. അവളും 14 വയസ്സുള്ള അനിയത്തി ഗൌരിയും ആ സമയത്ത് ഒരു ബന്ധുവിന്റെ വീട്ടിലായിരുന്നതുകൊണ്ട് അവർ സംഭവത്തിന് സാക്ഷികളായിരുന്നില്ല. അയൽക്കാരിൽനിന്നും ബന്ധുക്കളിൽനിന്നും കേട്ട വിവരം മാത്രമേ അവർക്കുണ്ടായിരുന്നുള്ളു. ബോധം തിരിച്ചുകിട്ടിയപ്പോൾ ജയശ്രീയുടെ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും ബന്ധുക്കൾ മക്കളോട് പറഞ്ഞുവത്രെ. “എന്താണ് സംഭവിച്ചതെന്ന് ആർക്കുമറിയില്ല”, ഭാവിക പറയുന്നു.
ഘരപുരി ദ്വീപിൽ ഒരു ഭക്ഷണശാല നടത്തുകയായിരുന്ന ജയശ്രീയുടെ ഭർത്താവ് 53 വയസ്സുള്ള മധുകർ മഹ്ത്രെയെ വിവരമറിയിക്കാൻ ആരോ പോയി. അറേബ്യൻ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ആ ദ്വീപ് അറിയപ്പെടുന്നത് പ്രസിദ്ധമായ എലിഫന്റ ഗുഹകളുടെ പേരിലാണ്. മുംബൈ നഗരത്തിനടുത്തുള്ള ഈ വിനോദസഞ്ചാരകേന്ദ്ര യുണെസ്കോവിന്റെ ലോക പൈതൃക പട്ടികയിൽപ്പെടുന്ന ഒന്നാണ്. ക്രിസ്ത്വബ്ദം 6 – 8 നൂറ്റാണ്ടുകളിലെ ഗുഹാനിർമ്മിതികൾ വർഷാവർഷം ദശലക്ഷക്കണക്കിന് സന്ദർശകരെയാണ് ആകർഷിക്കുന്നത്. സന്ദർശകർക്ക് തൊപ്പിയും, കൂളിംഗ് ഗ്ലാസ്സുകളും, കൌതുകവസ്തുക്കളും ഭക്ഷണസാധനങ്ങളും വിറ്റാണ് ദ്വീപുവാസികൾ നിത്യവൃത്തി നടത്തുന്നത്. ഗുഹയിലേക്കുള്ള ഗൈഡുകളായും ചിലർ ജോലി ചെയ്യുന്നു.
ടൂറിസ്റ്റ് മാപ്പിൽ പ്രമുഖമായ ഇടം കണ്ടെത്തിയെങ്കിലും, ഘരപുരി ദ്വീപിൽ യാതൊരുവിധ അടിസ്ഥാന ആരോഗ്യസംവിധാനങ്ങളുമില്ല. പൊതുജനാരോഗ്യകേന്ദ്രങ്ങൾ പോലും. രണ്ടുവർഷം മുമ്പ് ഒരു ആരോഗ്യകേന്ദ്രം തുറന്നുവെങ്കിലും ഇന്നത് നോക്കിനടത്താൻ ആളില്ല. ഗ്രാമത്തിലെ 1,100 ആളുകൾ മൂന്ന് ഊരുകളിലായാണ് താമസിക്കുന്നത്. രാജ്ബന്ദർ, ശേത്ബന്ദർ, മോറബന്ദർ. ആരോഗ്യസംവിധാനങ്ങളുടെ അഭാവംമൂലം ബോട്ട് പിടിച്ച് പോവുന്നതടക്കമുള്ള മറ്റ് മാർഗ്ഗങ്ങൾ തേടാൻ അവർ നിർബന്ധിതരായിരിക്കുകയാണ്. ഇത് പണച്ചിലവുള്ള കാര്യമാണെന്ന് മാത്രമല്ല, ചികിത്സ വൈകിയാൽ ചിലപ്പോൾ ആളുകളുടെ ജീവൻ പോലും അപകടത്തിലായേക്കും.














