“ഞങ്ങളുടെ കുഞ്ഞു ഗർഭത്തിൽ തന്നെ മരിച്ചുവെന്ന് അവർ പറഞ്ഞു. ഞങ്ങൾ ശരിക്കും ഭയപ്പെട്ടുപോയി. എന്നിട്ട് അവർ ഞങ്ങളോട് മറ്റെവിടേക്കെങ്കിലും പോകാൻ പറഞ്ഞു. അങ്ങനെ ഞാൻ എന്‍റെ മരുമകളെ ടൗണിലെ ഒരു സ്വകാര്യ ഡോക്ടറുടെയടുത്തു കൊണ്ടുപോകാൻ തീരുമാനിച്ചു,” സുഖിയാ ദേവി, തനിക്കും മരുമകൾ കുസുമിനും ബിഹാറിലെ ജില്ലാ തലസ്‌ഥാനമായ വൈശാലിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വച്ചുണ്ടായ അനുഭവം അനുസ്മരിക്കുന്നു.
ഊർജ്ജസ്വലയായ ഒരു ദിവസം പ്രായമുള്ള കൊച്ചുമകളെ കയ്യിലെടുത്ത് 62-കാരിയായ ഈ കർഷകത്തൊഴിലാളി രാവിലെ പത്തുമണിയോടു കൂടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുൻപിൽ കുഞ്ഞിന്‍റെ കുത്തിവയ്പ്പിനു വേണ്ടി വരിയിൽ കാത്തു നിൽക്കുന്നു.
28-കാരിയായ മരുമകൾക്ക് പ്രസവവേദന തുടങ്ങിയപ്പോൾ സുഖിയ അവരെ വൈശാലി പി.എച്.സി.യിലേക്കു കൊണ്ടുപോയി. അവിടെ വച്ചാണ് ഒരു അറ്റന്‍ഡന്‍റ് അവരോടു കുഞ്ഞിന് ജീവനില്ല എന്ന് പറഞ്ഞത്. പരിഭ്രമിച്ചു പോയ ഇവരും കുസുമും ഒരു ഓട്ടോറിക്ഷയിൽ 15 കിലോമീറ്റർ അകലെയുള്ള തങ്ങളുടെ ഗ്രാമത്തിലെ (ഇവരുടെ ആവശ്യപ്രകാരം ഗ്രാമത്തിന്റെ പേരു വെളിപ്പെടുത്തുന്നില്ല) വീട്ടിലേക്കു തിരിച്ചു. "ഞങ്ങൾ വീട്ടിലേക്കു മടങ്ങി വന്നു," സുഖിയ പറഞ്ഞു. "എന്നിട്ട് ഒരു മഹിളാ ഡോക്ടറുടെ (ഗൈനക്കോളജിസ്റ്റ് ) അടുത്തു പോകാൻ ഒരു സ്വകാര്യ വാഹനം, ബൊലേറോ, വിളിച്ചു. വണ്ടിയുടെ വാടക എത്രയെന്നു ചോദിക്കാൻ പോലും ഞാൻ മറന്നു. പ്രസവത്തെക്കുറിച്ചു അത്രയും ആധിയിലായിരുന്നു ഞാൻ. അയൽക്കാരുടെ സഹായത്തോടെ ഞാൻ എന്‍റെ മരുമകളെ വണ്ടിയിൽ കയറ്റി. എന്നിട്ടു ക്ലിനിക്കിലേക്കു പുറപ്പെട്ടു.”
ഡോക്ടറുടെ അടുത്തു പോകുന്ന വഴി ‘ചാപിള്ള’യായ ആ കുഞ്ഞിന് ജീവൻ വന്നു.
"അവൾ ആ വാഹനത്തിനുള്ളിൽ തന്നെ ജനിച്ചു വീണു," സുഖിയ പറഞ്ഞു. "എല്ലാം ഒരു ബുദ്ധിമുട്ടുമില്ലാതെ കഴിഞ്ഞു." നേരത്തെ തന്നെ കയ്യിൽ കരുതിയിരുന്ന സാരി അവർ ഷീറ്റായി ഉപയോഗിച്ചു. (അവരെ അനുഗമിച്ച) സ്ഥലത്തെ മെഡിക്കൽ ഷോപ്പിന്‍റെ ഉടമസ്ഥൻ വണ്ടിയിൽ കുറച്ചു വെള്ളവും കരുതിയിരുന്നു. "പക്ഷെ ഇതിനെല്ലാം കൂടി ഒരുപാട് സമയം ചെലവായി ..." സുഖിയ കൂട്ടിച്ചേർത്തു.
ഇതിന് ഒരുപാടു പണവും ചെലവായി. കുറച്ചു ദൂരം മാത്രമേ ഓടിയുള്ളുവെങ്കിലും കാറിന്‍റെ ഉടമസ്ഥൻ 3000 രൂപയും കാറു വൃത്തിയാക്കാൻ ആളെ വിളിക്കുന്നതിന് അധികമായി 1000 രൂപയും ഇവരോടു വാങ്ങി.







