സുനില്‍ ഗുപ്തയ്ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയില്ല. തന്‍റെ ‘ഓഫീസാ’യ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്ക് 15 മാസങ്ങളിലധികമായി ലോക്ക്ഡൗണ്‍ മൂലം പ്രവേശിക്കാനും അദ്ദേഹത്തിന് സാധിക്കുന്നില്ല.
“ഇത് ഞങ്ങള്‍ക്ക് ദഫ്തര്‍ [ഓഫീസ്] പോലെയാണ്. ഇപ്പോള്‍ ഞങ്ങള്‍ എവിടെ പോകാന്‍?”, ദക്ഷിണ മുംബൈയിലെ സ്മാരകസമുച്ചയത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
ലോക്ക്ഡൗണുകള്‍ തുടങ്ങുന്നതിനു മുമ്പുവരെ സുനില്‍ രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെ ഈ ജനകീയ വിനോദസഞ്ചാര സ്ഥലത്ത് കാത്തുനില്‍ക്കുമായിരുന്നു. പരിശോധനസ്ഥലം കടന്ന് ആളുകള്‍ ഗേറ്റ്‌വേയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹവും മറ്റു ഫോട്ടോഗ്രാഫര്‍മാരും ‘ക്ലിക്ക് ചെയ്ത് ഉടന്‍തന്നെ പ്രിന്‍റെടുക്കുന്ന ആല്‍ബം ഫോട്ടോ’കളുമായി അവരെ അഭിവാദനം ചെയ്തുകൊണ്ട് ഇങ്ങനെ ചോദിക്കുമായിരുന്നു: ‘ഏക് മിനിറ്റ് മേം ഫുള്‍ ഫാമിലി ഫോട്ടോ’ അല്ലെങ്കില്‍ ‘വണ്‍ ഫോട്ടോ പ്ലീസ്. ഒണ്‍ലി 30 റുപീസ്’
വര്‍ദ്ധിതമായ കോവിഡ്-19 കേസുകളെത്തുടര്‍ന്ന് മുംബൈയില്‍ ഈ വര്‍ഷം ഏപ്രില്‍ പകുതിമുതല്‍ ഏര്‍പ്പെടുത്തിയ പുതുക്കിയ നിയന്ത്രണങ്ങള്‍ വീണ്ടും അവരെയെല്ലാം കാര്യമായ പണിയൊന്നുമില്ലാത്തവരാക്കി തീര്‍ത്തിരിക്കുന്നു. “‘പ്രവേശനമില്ല’ എന്ന് കാണുന്നതിനു മാത്രമായി രാവിലെ ഞാന്‍ ഇതുവഴി നടന്നു”, 39-കാരനായ സുനില്‍ ഏപ്രിലില്‍ എന്നോടു പറഞ്ഞു. “നേരത്തെതന്നെ ഞങ്ങള്‍ പണമുണ്ടാക്കാന്‍ ബുദ്ധിട്ടുന്നു. ഇപ്പോള്‍ ഞങ്ങള്‍ നെഗറ്റീവ് [വരുമാനം] ആയിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ നഷ്ടങ്ങള്‍ താങ്ങാനുള്ള ശേഷിയെനിക്കില്ല.”


















