ആരെയും മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലാത്ത സോഹൻ സിംഗ് ടിതയുടെ നിലപാട്, പല ജീവനുകൾക്കും തുണയായിട്ടുണ്ട്. കരയിലും വെള്ളത്തിലും. പുകയുടേയും പൊടിയുടേയും മറയ്ക്കുള്ളിൽനിന്ന് രക്ഷകനെപ്പോലെ വരുന്ന അയാളുടെ രൂപം, ഭൂലെ ചക്ക് ഗ്രാമത്തിലെയും സമീപപ്രദേശങ്ങളിലെയും തെരുവുകളിൽ ചിലപ്പോൾ കാണാം. പച്ചക്കറികളുമായി ബൈക്കിൽ സഞ്ചരിക്കുകയായിരിക്കും അപ്പോളയാൾ. എന്നാൽ, ജീവൻ രക്ഷിക്കാൻ ഊളിയിടുന്നതിലാണ് അയാളുടെ പ്രശസ്തി. പഞ്ചാബിലെ ഗുരുദാസ്പുർ ജില്ലയിലെ തന്റെ ഗ്രാമത്തിലെ കനാലുകളിൽനിന്ന് പലപ്പോഴും അയാൾ ആളുകളെ കരയ്ക്കെത്തിച്ച് രക്ഷപ്പെടുത്തിയിട്ടുണ്ട്.
“ആളുകളെ മുങ്ങിച്ചാവുന്നതിൽനിന്ന് രക്ഷിക്കുക എന്റെ തൊഴിലല്ല. ഞാനത് ചെയ്യുന്നു എന്നുമാത്രം”, 42 വയസ്സുള്ള സോഹൻ പറയുന്നു. കഴിഞ്ഞ 20 വർഷമായി അയാൾ അത് ചെയ്യുന്നുണ്ട്. “നിങ്ങൾ കരുതും, ‘ജലം പ്രാണനാണ്’ എന്ന്. എന്നാൽ അത് മരണമാണെന്ന് ഒരായിരം തവണയെങ്കിലും ഞാൻ കണ്ടിട്ടുണ്ട്” കഴിഞ്ഞകാലങ്ങളിൽ തപ്പിയെടുത്ത ശവശരീരങ്ങൾ ഓർമ്മിച്ചുകൊണ്ട് സോഹൻ പറയുന്നു.
ഗുരുദാസ്പുരിലും സമീപത്ത് പത്താൻകോട്ട് ജില്ലയിലും ആരെങ്കിലും കനാലിൽ വീഴുകയോ, ആരുടെയെങ്കിലും മൃതദേഹം തപ്പിയെടുക്കുകയോ ചെയ്യണമെങ്കിൽ, ആളുകൾ ആദ്യം വിളിക്കുക സോഹനെയാണ്. അപകടത്തിൽപ്പെട്ടതാണോ, ആത്മഹത്യ ചെയ്തതാണോ എന്നൊന്നും നോക്കാതെ താൻ അവിടെ എത്തുമെന്ന് അയാൾ പറഞ്ഞു. “ആരെങ്കിലും വീണുവെന്ന് കേട്ടാലുടൻ ഞാനവിടെ എത്തും. ആളെ ജീവനോടെ കിട്ടാനാണ് ഞാൻ ആഗ്രഹിക്കുന്നത്”. എന്നാൽ ആൾ മരിച്ചിട്ടുണ്ടെങ്കിൽ, ‘അവരുടെ ബന്ധുക്കൾക്ക് അയാളുടെ മുഖം അവസാനമായി കാണാൻ സാധിക്കണമെന്നാണ് എന്റെ മോഹം”, നഷ്ടപ്പെട്ടുപോയ ആയിരക്കണക്കിന് ജീവനുകളെക്കുറിച്ചുള്ള ഓർമ്മയുടെ വേദനയിൽ അയാൾ പറയുന്നു.
എല്ലാ മാസവും ചുരുങ്ങിയത് 2 – 3 മൃതദേഹങ്ങളെങ്കിലും സോഹൻ കനാലിൽനിന്ന് വീണ്ടെടുക്കാറുണ്ട്. അല്പം തത്ത്വചിന്ത കലർത്തി അയാൾ തന്റെ അനുഭവങ്ങളെ വിവരിക്കുന്നു. “ജീവിതം ഒരു കൊടുങ്കാറ്റുപോലെയാണ്. ഒരേ നിമിഷം തുടങ്ങുകയും അവസാനിക്കുകയും ചെയ്യുന്ന ചാക്രികമായ ഒന്ന്”.
ഗുരുദാസ്പുർ, പത്താൻകോട്ട് അടക്കമുള്ള വിവിധ ജില്ലകളിലേക്ക് രാവി നദിയിലെ ജലം കൊണ്ടുപോകുന്ന അപ്പർ ബഡി ദോഅബ് കനാലിന്റെ 247 കൈവഴികളുടെ ശൃംഖലയിൽ ഉൾപ്പെട്ടതാണ് ഭൂലെ ചക്കിലെ കനാലുകളും. ചരിത്രപരമായി പ്രസക്തിയുള്ള ജലപാതയായ ഈ കനാൽ സംവിധാനമാണ് രാവിക്കും ബിയാസിനുമിടയിലുള്ള ബാരി ദോഅബ് മേഖലയിലേക്കുള്ള വെള്ളം വിതരണം ചെയ്യുന്നത്. (ഇരുനദികൾക്കിടയ്ക്കുള്ള ഭൂമിയെയാണ് ‘ദോഅബ്’ എന്ന് വിശേഷിപ്പിക്കുന്നത്).
ഇപ്പോഴത്തെ കനാലിന്റെ ഉത്ഭവം, 17-ആം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാൻ പണിത ഒരു കനാലിൽനിന്നാണ്. അത് പിന്നീട് മഹാരാജ രഞ്ജിത് സിംഗിന്റെ ഭരണകാലത്ത് നീട്ടിപ്പണിയുകയും 19-ആം നൂറ്റാണ്ടിൽ ബ്രിട്ടീഷ് രാജ് അതിനെ ഒരു ജലസേചനക്കനാലാക്കി വികസിപ്പിക്കുകയും ചെയ്തു. ഇന്ന്, യു.ബി.ഡി.സി, ദോഅബ് ജില്ലകളിലൂടെ കടന്നുപോയി, 5,73 ഏക്കർ കൃഷിഭൂമിയിൽ ജലസേചനം ചെയ്യുന്നു.
ഭൂലെ ചക്കിലെ ആളുകൾ കനാലിനെ ബഡി നഹർ (വലിയ കനാൽ) എന്നാണ് വിളിക്കുന്നത്. ഈ ജലാശയത്തിനടുത്ത് വളർന്ന സോഹൻ സ്വാഭാവികമായി കനാലുകളുടെ തീരത്ത് സമയം ചിലവഴിച്ചു. “ഞാൻ എന്റെ സുഹൃത്തുക്കളോടൊത്ത് നീന്താറുണ്ടായിരുന്നു. കുട്ടികളായിരുന്നപ്പോൾ, ഈ കനാലുകൾ ഇത്ര അപകടകാരികളാണെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു”, അയാൾ പറയുന്നു.
2002-ലാണ് ആദ്യമായി സോഹൻ ഒരു മൃതശരീരം അന്വേഷിച്ച് കനാലിലിറങ്ങിയത്. കനാലിൽ മുങ്ങിമരിച്ച ഒരാളുടെ മൃതദേഹം കണ്ടെത്താൻ ഗ്രാമത്തിലെ സർപാഞ്ച് ആവശ്യപ്പെട്ടു. “ഞാനത് കണ്ടെത്തി കരയിലേക്കെത്തിച്ചു. അതൊരു ആൺകുട്ടിയായിരുന്നു. ആ മൃതദേഹം എന്റെ കൈകളിലെടുത്തതോടെ വെള്ളവുമായുള്ള എന്റെ ബന്ധം പാടേ മാറിമറിഞ്ഞു. വെള്ളത്തിന് നല്ല ഘനം തോന്നി. എന്റെ നെഞ്ചിനും. അന്നാണ് ഞാൻ മനസ്സിലാക്കിയത്, എല്ലാ ജലാശയങ്ങളും – അത് പുഴയോ കനാലോ, കടലോ സമുദ്രമോ എന്തുതന്നെയാകട്ടെ – ബലി ആവശ്യപ്പെടുന്നുണ്ടെന്ന്. അത് ജീവനെ ആവശ്യപ്പെടുന്നു, ശരിയല്ലേ?”, സോഹൻ ചോദിക്കുന്നു.
ബട്ടാല, മുകേരിയ, പത്താൻകോട്ട്, തിബഡി എന്നിവിടങ്ങളിലെ ആളുകൾ - അയാളുടെ ഗ്രാമത്തിന്റെ 50 കിലോമീറ്ററിനുള്ളിലുള്ള സ്ഥലങ്ങളാണ് ഇവയൊക്കെ – അയാളുടെ സേവനം ആവശ്യപ്പെട്ട് വിളിക്കാറുണ്ട്. ദൂരത്തുള്ള സ്ഥലമാണെങ്കിൽ സോഹൻ ഏതെങ്കിലും ഇരുചക്രവാഹനത്തിൽ പോവും. അതല്ലെങ്കിൽ, തന്റെ പച്ചക്കറി വണ്ടി ഘടിപ്പിച്ച മോട്ടോബൈക്കിൽത്തന്നെ സ്ഥലത്തെത്തും.
താൻ രക്ഷപ്പെടുത്തിയ ആളുടെ, അല്ലെങ്കിൽ മരിച്ചയാളുടെ ബന്ധുക്കൾ 5,000 രൂപമുതൽ 7,000 രൂപവരെ കൊടുക്കാൻ നോക്കാറുണ്ടെന്ന് സോഹൻ പറയുന്നു. പക്ഷേ പൈസ വാങ്ങുന്നത് അയാൾക്കിഷ്ടമല്ല. പച്ചക്കറി വിറ്റ് ദിവസവും സമ്പാദിക്കുന്ന 200-400 രൂപയാണ് അയാളുടെ വരുമാനം. സ്വന്തമായി ഭൂമിയൊന്നുമില്ല. എട്ടുവർഷം മുമ്പ് വിവാഹമോചനം നേടിയതിൽപ്പിന്നെ, 13 വയസ്സുള്ള മകളുടെ രക്ഷകർത്താവാണ് അയാൾ. 62 വയസ്സുള്ള അമ്മയും അയാളുടെ ചുമതലയിലാണ്.
ചിലപ്പോൾ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽനിന്ന് അപകടങ്ങളുണ്ടാവാം എന്ന് അയാൾ പറയുന്നു. മൂന്ന് വർഷം മുമ്പ്, തിബഡിയിലെ കനാലിൽനിന്ന് (ഭൂലെ ചക്കിൽനിന്ന് ഏതാണ്ട് 2 കിലോമീറ്റർ ദൂരെ) ഒരു സ്ത്രീ എടുത്തുചാടുന്നത് കണ്ട്, സോഹനും പിന്നാലെ ചാടി. “അവർക്ക് ഏതാണ്ട് 40 വയസ്സുണ്ടായിരുന്നു. അവരെ രക്ഷിക്കാൻ അവർ സമ്മതിച്ചില്ല. അവർ എന്നെ ബലമായി പിടിച്ച് താഴത്തേക്ക് വലിക്കാൻ തുടങ്ങി”, സോഹൻ പറയുന്നു. ഒരു ജീവൻ രക്ഷിക്കാനുള്ള ആ 15-20 മിനിറ്റിലെ ബലപരീക്ഷണത്തിനിടയിൽ അവരുടെ തലമുടിയിൽ പിടിച്ചുവലിച്ച് സോഹൻ അവരെ കരയ്ക്കെത്തിച്ചു. “അപ്പോഴേക്കും അവരുടെ ബോധം പോയിരുന്നു”.
വെള്ളത്തിന്റെ അടിയിൽ ഏറെ നേരം ശ്വാസം പിടിച്ച് നിൽക്കാനുള്ള വൈദഗ്ദ്ധ്യമാണ് സോഹന്റെ പ്രത്യേകത. “20 വയസ്സിലൊക്കെ നാല് മിനിറ്റുനേരം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ച് നിൽക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. ഇപ്പോൾ അത് മൂന്ന് മിനിറ്റായി കുറഞ്ഞു”. പക്ഷേ സോഹൻ ഓക്സിജൻ സിലിണ്ടർ ഉപയോഗിക്കാറേയില്ല. “അത് എവിടെനിന്ന് കിട്ടാനാണ്. അതും അത്യാവശ്യഘട്ടം വരുമ്പോൾ?” അയാൾ ചോദിക്കുന്നു.
2020-ൽ, ഗുരുദാസ്പുരിലെ അപ്പർ ദോഅബ് കനാലിൽനിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുക്കാൻ മുങ്ങലുകാരുടെ സഹായം പൊലീസിന് ആവശ്യമായി വന്നിട്ടുണ്ടെന്ന് ജില്ലാ ക്രൈം റിക്കാർഡ് ബ്യൂറോയുടെ ചുമതലയുള്ള അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രജീന്ദർ കുമാർ പറയുന്നു. 2021-ൽ മുങ്ങലുകാർ അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അത്തരം അവസരങ്ങളിലെല്ലാം, കോഡ് ഓഫ് ക്രിമിനൽ പ്രൊസിജ്യുറിലെ (സിആർ.പി.സി) സെക്ഷൻ 174 അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യുകയാണ് പതിവ്. മരണം, ആത്മഹത്യമൂലമാണോ, കൊലപാതകമാണോ, അപകടം സംഭവിച്ചതാണോ അതോ മറ്റെന്തെങ്കിലും ദുരൂഹസാഹചര്യമുണ്ടൊ എന്നൊക്കെ അന്വേഷിക്കാൻ പൊലീസിനെ ഇത് സഹായിക്കുന്നു.
“ആളുകൾ ആത്മഹത്യചെയ്യാനായി പുഴയിലേക്കും കനാലിലേക്കും ചാടാറുണ്ട്”, സബ് ഇൻസ്പെക്ടർ പറയുന്നു. “പലപ്പോഴും അവർ കുളിക്കാനും മറ്റുമാണ് പോകാറുള്ളത്. നീന്താനറിയാതെ അപകടത്തിൽപ്പെട്ട് ജീവൻ നഷ്ടമാവുന്നു. ചിലപ്പോൾ അവർ കാൽ വഴുതിവീണ് മുങ്ങിമരിക്കുന്നു. ആരെയെങ്കിലും വെള്ളത്തിൽ മുക്കിക്കൊന്നതായി ഈയടുത്തകാലത്തൊന്നും കേസുണ്ടായിട്ടില്ല”, രജീന്ദർ കുമാർ കൂട്ടിച്ചേർക്കുന്നു.
2020-ൽ, ഗുരുദാസ്പുരിലെ അപ്പർ ബഡി ദോഅബ് കനാലിൽനിന്ന് നാല് മൃതദേഹങ്ങൾ കണ്ടെടുക്കാൻ മുങ്ങലുകാരുടെ സഹായം പൊലീസിന് ആവശ്യം വന്നു
വേനൽക്കാലത്താണ് കനാലിൽ കൂടുതൽ മുങ്ങിമരണങ്ങളുണ്ടാകുന്നതെന്ന് സോഹൻ പറയുന്നു. “ചൂടിൽനിന്ന് രക്ഷകിട്ടാൻ ഗ്രാമീണർ ജലാശയങ്ങളിൽ പോവുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നു. മൃതദേഹങ്ങൾ മിക്കപ്പോഴും ഒഴുകിപ്പോവുന്നതുകൊണ്ട് കണ്ടുകിട്ടാൻ ബുദ്ധിമുട്ടാണ്. അതിനാൽ, വെള്ളത്തിന്റെ ഒഴുക്ക് നോക്കി, വിവിധ സ്ഥലങ്ങളിൽ അന്വേഷിക്കേണ്ടിവരും. അപകടം പിടിച്ച പണിയാണ്, സ്വന്തം ജീവൻ പോലും പണയപ്പെടുത്തേണ്ടിവരാറുണ്ട്”, അയാൾ പറയുന്നു.
ഇത്രയൊക്കെ അപകടസാധ്യതകളുണ്ടായിട്ടും സോഹൻ ഇപ്പോഴും ആ ജോലി ചെയ്യുന്നു. “ഒരിക്കൽപ്പോലും മൃതദേഹങ്ങൾ കിട്ടാതെ മടങ്ങേണ്ടിവന്നിട്ടില്ല. സർക്കാർ ഇത്തരക്കാർക്ക് എന്തെങ്കിലും ജോലി നൽകുമെന്നാണ് എന്റെ പ്രതീക്ഷ. എന്നെപ്പോലുള്ളവർക്ക് ഇത് വളരെ സഹായകരമാവും”, അയാൾ പറയുന്നു.
“എന്റെ ഗ്രാമത്തിൽ പത്തുപന്ത്രണ്ട് മുങ്ങൽകാരുണ്ട്”, ലബാന സിഖ് സമുദായത്തിൽപ്പെട്ട സോഹൻ പറയുന്നു. പഞ്ചാബിൽ ഇവർ മറ്റ് പിന്നാക്കജാതികളിൽപ്പെടുന്നവരാണ്. “പൈസയുടെ കാര്യം വിടൂ. സർക്കാർ ഇതിനെ ഒരു തൊഴിലായിപ്പോലും അംഗീകരിച്ചിട്ടില്ല” ദേഷ്യത്തോടെ അയാൾ കൂട്ടിച്ചേർത്തു.
മൃതദേഹങ്ങൾ കണ്ടെടുക്കാൻ ബുദ്ധിമുട്ട് നേരിടുമ്പോൾ നാലഞ്ച് മുങ്ങലുകാർ സോഹനെ അനുഗമിക്കും. 23 വയസ്സുള്ള ഗഗൻദീപ് സിംഗ് അത്തരമൊരാളാണ്. അയാളും ലബാന സിഖ് സമുദായത്തിലെ അംഗമാണ്. 2019-ലാണ് അയാൾ ഒരു മൃതദേഹം വീണ്ടെടുക്കാൻ സോഹന്റെ കൂടെ ചേർന്നത്. “ശവശരീരം വീണ്ടെടുക്കാൻ ആദ്യം വെള്ളത്തിലിറങ്ങിയപ്പോൾ എനിക്ക് ഭയം തോന്നിയിരുന്നു. പേടി അകറ്റാൻ ഞാൻ വഹേഗുരു (പ്രാർത്ഥന) ചൊല്ലി”, അയാൾ ഓർത്തെടുത്തു.
ഒരു 10 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം കണ്ടെടുക്കാൻ ഇറങ്ങേണ്ടിവന്നത് അയാളെ വല്ലാതെ വേദനിപ്പിച്ചു. “അവൻ അടുത്തുള്ള ഘോട്ട് പൊഖാർ ഗ്രാമത്തിൽനിന്നുള്ള കുട്ടിയായിരുന്നു. പഠിക്കാത്തതിന് അമ്മ തല്ലുകയും, പബ്‌ജി കളിച്ചതിന് ചീത്ത പറയുകയും ചെയ്തപ്പോൾ അവൻ കനാലിലേക്ക് എടുത്തുചാടി”, ഗഗൻദീപ് പറയുന്നു.
അയാളുടെ കൂടെ രണ്ട് മുങ്ങലുകാരുമുണ്ടായിരുന്നു. ഭൂലെ ചക്കിന്റെ 20 കിലോമീറ്റർ അകലെയുള്ള ധരിവാൾ ഗ്രാമത്തിൽനിന്ന് വന്നതായിരുന്നു അതിലൊരാൾ. ഓക്സിജൻ സിലിണ്ടറുമായിട്ടാണ് അയാൾ വന്നത്. “അയാൾ എനിക്കത് തന്നു. രണ്ട് മണിക്കൂറോളം അന്വേഷിച്ചതിനുശേഷം, പാലത്തിന്റെ അടിയിൽ മൃതദേഹം അടിഞ്ഞുകിടന്നത് ഞങ്ങളുടെ കണ്ണിൽപ്പെട്ടു. ചീർത്ത നിലയിലായിരുന്നു ശരീരം. കാണാൻ നല്ല സുന്ദരനായിരുന്നു. അച്ഛനമ്മമാരും രണ്ട് സഹോദരിമാരുമുണ്ടായിരുന്നു അവന്”, അയാൾ പറയുന്നു. ഗഗൻദീപും പബ്ജി കളിക്കാറുണ്ടായിരുന്നു. ഈ സംഭവത്തിനുശേഷം അയാൾ അത് കളിക്കുന്നത് നിർത്തി. “എന്റെ ഫോണിൽ പബ്ജി ഉണ്ട്. പക്ഷേ ഞാൻ കളിക്കാറില്ല”.
ഇതുവരെയായി ഗഗൻദീപ് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. “ഞാനീ തൊഴിലിന് പൈസ വാങ്ങാറില്ല. ആളുകൾ തന്നാലും മേടിക്കാറില്ല” ഗഗൻദീപ് പറഞ്ഞു. സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്ന അയാൾ അച്ഛനമ്മമാരുടെ കൂടെ ഒരു ഇരുമുറി വീട്ടിലാണ് കഴിയുന്നത്. അടുത്തുള്ള ഒരു ഗ്യാസ് വിതരണ കമ്പനിയിൽ 6,000 രൂപ ശമ്പളത്തിന് ജോലി ചെയ്താണ് ഉപജീവനം നടത്തുന്നത്. കുടുംബത്തിന് ഒരേക്കർ ഭൂമിയുണ്ട്. അതിൽ പുല്ലും, ഗോതമ്പും കൃഷി ചെയ്യുന്നു. കൂടാതെ കുറച്ച് ആടുകളേയും വളർത്തുന്നുണ്ട്. 60 വയസ്സായ അച്ഛന് സ്വന്തമായി ഒരു ഓട്ടോറിക്ഷയുണ്ട്. സമയം കിട്ടുമ്പോൾ ഗഗൻദീപ് അതും ഓടിക്കുന്നു.
കനാലിൽ നിറച്ച് മാലിന്യങ്ങളായതിനാൽ, ചിലപ്പോൾ മൃതദേഹങ്ങൾ കണ്ടെടുക്കാൻ മുങ്ങലുകാർക്ക് കൂടുതൽ സമയം വേണ്ടിവരുന്നു.
ധരിവാൾ ഗ്രാമത്തിലെ ഒരു കനാൽ മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിപ്പോയ ഒരു 19-കാരന്റെ മൃതദേഹം വീണ്ടെടുക്കാൻ 2020-ൽ ഒരിക്കൽ പൊലീസ് ഗഗൻദീപിനെ വിളിച്ചു. “സംഭവം നടന്ന് രണ്ട് മണിക്കൂർ കഴിഞ്ഞാണ് ഞാൻ അവിടെ എത്തിയത്” അയാൾ ഓർത്തെടുത്തു. “രാവിലെ 10 മണിമുതൽ ഞാൻ അന്വേഷണം തുടങ്ങി. 4 മണിവരെ ശരീരം കണ്ടുകിട്ടിയില്ല. കനാലിന് കുറുകെ ഒരു കയർ കെട്ടി, ഒരേസമയം മൂന്ന് പേർ മുങ്ങിനോക്കി. നിറയെ മാലിന്യമുണ്ടായിരുന്നു കനാലിൽ. മൃതദേഹം ഒരു വലിയ കല്ലിൽ തടഞ്ഞ് കിടക്കുകയായിരുന്നു” അയാൾ പറഞ്ഞു.
തന്റെ ഈ തൊഴിലിലൂടെ ഊർജ്ജതന്ത്രത്തിന്റെ നിയമങ്ങൾ അയാൾ പഠിച്ചു. “മൃതദേഹങ്ങൾ ചുരുങ്ങിയത് 72 മണിക്കൂറെങ്കിലുമെടുക്കും പൊങ്ങിവരാൻ. വെള്ളത്തിൽ അത് സഞ്ചരിക്കുകയും ചെയ്യും. ഒരാൾ ഒരു പോയന്റിൽനിന്ന് വെള്ളത്തിലേക്ക് ചാടിയാൽ, ശരീരം അവിടെനിന്ന് കിട്ടിക്കൊള്ളണമെന്നില്ല” 2020-ൽ തിബഡി കനാലിൽനിന്ന് ഒരു 16 വയസ്സുകാരന്റെ ദേഹം കണ്ടെടുത്തത് ഓർമ്മിച്ചുകൊണ്ട് ഗഗൻദീപ് പറഞ്ഞു. “അവൻ ചാടിയ സ്ഥലത്ത് ഞാൻ അന്വേഷിച്ചുവെങ്കിലും കിട്ടിയില്ല. അപ്പോൾ ഞാൻ മൂക്കിൽ ഒരു കുഴൽ കടത്തി ഒരു പൈപ്പുമായി അതിനെ ഘടിപ്പിച്ചു. കൂടുതൽ നേരം വെള്ളത്തിൽ മുങ്ങിക്കിടക്കാൻ”, അയാൾ പറഞ്ഞു.
വൈകീട്ട് നേരം ഇരുട്ടിയതിനുശേഷമേ മൃതദേഹം കണ്ടുകിട്ടിയുള്ളു. “അത് കനാലിന്റെ മറ്റൊരറ്റത്തായിരുന്നു. ഏകദേശം 25 അടി താഴത്ത്. ഞാനും സോഹനും അന്വേഷിക്കുകയായിരുന്നു” അയാൾ ഓർമ്മിച്ചു. “പിറ്റേന്ന് വന്ന് മൃതദേഹം പൊക്കിയെടുക്കാം എന്ന് സോഹൻ പറഞ്ഞു. എന്നാൽ ഞങ്ങളവിടെ എത്തിയപ്പോഴേക്കും മൃതദേഹം അപ്രത്യക്ഷമായിരുന്നു. അത് കനാലിന്റെ മറ്റൊരറ്റത്തേക്ക് പോയി വെള്ളത്തിന്റെ അടിയിലായിരുന്നു”. അത് പൊക്കിയെടുക്കാൻ മുങ്ങലുകാർക്ക് മൂന്ന് മണിക്കൂർ ചിലവഴിക്കേണ്ടിവന്നു. “ഒരു 200 തവണയെങ്കിലും ഞങ്ങൾക്ക് മുങ്ങുകയും പൊങ്ങുകയും ചെയ്യേണ്ടിവന്നു. ചിലപ്പോൾ എനിക്ക് തോന്നും, ഞാൻ ഇതെന്താണ് ചെയ്യുന്നതെന്ന്. എന്നാൽ ഇത് വേണ്ടെന്ന് വെക്കാനും എനിക്കാവുന്നില്ല. മനുഷ്യർക്കുവേണ്ടി സേവനം ചെയ്യണമെന്നതായിരിക്കും എന്റെ വിധി. എനിക്കത് വേണ്ടെന്ന് വെക്കാനാവില്ല”, ഗഗൻദീപ് പറഞ്ഞു.
എന്നാൽ സോഹൻ, വെള്ളത്തിലെ ജീവിതത്തിന്റെ സങ്കീർണ്ണതകൾ മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടാണ് സമയം കിട്ടുമ്പോഴൊക്കെ അയാൾ തിബഡി കനാലിന്റെ മുകളിലുള്ള പാലത്തിലേക്ക് പോവുന്നത്. “നീന്തുന്നത് എനിക്കിപ്പോൾ ആസ്വദിക്കാനാവുന്നില്ല. ഓരോ ദുരന്തങ്ങളുടേയും ഓർമ്മകൾ ഞാൻ ഉള്ളിൽനിന്നും മായ്ച്ചുകളയുന്നു. ഓരോ ശരീരവും വെള്ളത്തിൽനിന്ന് മുകളിലേക്ക് കൊണ്ടുവരുമ്പോൾ അവരുടെ ബന്ധുക്കൾ അല്പാല്പമായി മരിക്കുന്നത് എനിക്ക് കാണാൻ കഴിയുന്നുണ്ട്. അവർ കരയും. ഒരേയൊരു തോന്നലുമായിട്ടാണ് അവർ ശരീരം ഏറ്റുവാങ്ങുന്നത് – മരണം ഈ രീതിയിലാവേണ്ടിയിരുന്നില്ല എന്ന തോന്നലോടെ”, അയാൾ പറഞ്ഞു.
കനാലിനും അതിലെ വെള്ളത്തിനും സോഹന്റെ മനസ്സിൽ ഒരു മുഖ്യസ്ഥാനം കൈയ്യടക്കിയിരിക്കുന്നു. 2004-ൽ മൊറോക്കോയിൽ ജോലി കിട്ടി പോയപ്പോൾ, ആ വടക്കേ ആഫ്രിക്കൻ രാജ്യത്തിന്റെ അതിർത്തിയിലുള്ള അത്‌ലാന്റിക്ക് സമുദ്രവും മെഡിറ്ററേനിയനും അയാളെ, തനിക്ക് പരിചിതമായ ആ കനാലിനെക്കുറിച്ച് നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അതിനാൽ, നാലുവർഷത്തിനുശേഷം, മറ്റ് തൊഴിലുകളോട് മടുപ്പ് തോന്നി, അയാൾ തിരിച്ച് നാട്ടിലെത്തി. “അവിടെയായിരുന്നപ്പോൾ എനിക്ക് തിബഡിയെ വല്ലാതെ ഓർമ്മവരാൻ തുടങ്ങി. ഇപ്പോഴും ഒഴിവുസമയത്ത് ഞാൻ ആ കനാലിൽ പോയി, വെറുതെ അതിലേക്ക് നോക്കിയിരിക്കും” തന്റെ ജോലിയിലേക്ക് മടങ്ങുന്നതിനുമുമ്പ് അയാൾ പറഞ്ഞു. പച്ചക്കറികൾ നിറച്ച വണ്ടി തന്റെ മോട്ടോർബൈക്കിൽ ഘടിപ്പിച്ച്, അടുത്ത തെരുവിലെ ആവശ്യക്കാരെ അന്വേഷിച്ച് അയാൾ യാത്രയായി.
ഈ റിപ്പോർട്ട് ചെയ്യാൻ സഹായിച്ച സുമേധ മിത്തലിനോടുള്ള നന്ദി രേഖപ്പെടുത്തുന്നു.
നിങ്ങൾ ആത്മഹത്യാ പ്രവണതയുള്ള ആളാണെങ്കിൽ അല്ലെങ്കിൽ വിഷാദം അനുഭവിക്കുന്ന ആരെയെങ്കിലും നിങ്ങൾക്കറിയാമെങ്കിൽ കിരണിലേക്ക് ദേശീയ ഹെൽപ്‌ലൈൻ നമ്പരായ 1800-599-0019-ൽ (24/7 ടോൾ ഫ്രീ) വിളിക്കുക, അല്ലെങ്കിൽ നിങ്ങളുടെ സമീപത്തുള്ള ഈ ഹെൽപ്‌ലൈനുകളിൽ എതിലെങ്കിലും വിളിക്കുക. മാനസികാരോഗ്യ വിദഗ്ദ്ധരെക്കുറിച്ചും സേവനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾക്കായി ദയവ് ചെയ്ത് എസ്.പി.ഐ.എഫിന്‍റെ മാനസികാരോഗ്യ ഡയറക്ടറി സന്ദർശിക്കുക.
പരിഭാഷ: രാജീവ് ചേലനാട്ട്