ഡൽഹിയിലുള്ള ആശുപത്രി വിട്ടപ്പോൾ തന്റെയുള്ളിൽ കോപ്പർ-റ്റി നിക്ഷേപിച്ചിട്ടുണ്ടെന്ന് ദീപയ്ക്കറിയില്ലായിരുന്നു.
രണ്ടാമത്തെ കുട്ടിയ്ക്ക്, മറ്റൊരു പുത്രന്, ജന്മം കൊടുത്ത അവർക്ക് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയാകണമായിരുന്നു. പക്ഷെ കുട്ടിക്ക് ജന്മം കൊടുത്തത് സി-സെക്ഷന് (സിസേറിയൻ) ശസ്ത്രക്രിയയിലൂടെയാണ്. കൂടാതെ "ഒരേ സമയം രണ്ടു ശസ്ത്രക്രിയ നടത്താൻ പറ്റില്ലെന്ന് ഡോക്ടർ എന്നോടു പറഞ്ഞു”, ദീപ പറഞ്ഞു.
പകരം കോപ്പർ-റ്റിയാണ് ഡോക്ടർ ശുപാർശ ചെയ്തത്. ദീപയും അവരുടെ ഭർത്താവ് നവീനും (യഥാർത്ഥ പേരുകളല്ല) ഇത് ഒരു നിർദ്ദേശം മാത്രമാണെന്നാണ് വിശ്വസിച്ചത്.
2018 മെയ് മാസത്തിലെ പ്രസവത്തിനുശേഷം 21-കാരിയായ ദീപ ഡൽഹി സർക്കാരിന്റെ കീഴിലുള്ള ദീൻ ദയാൽ ഉപാദ്ധ്യായ് ആശുപത്രി വിട്ടു. "ഡോക്ടർ കോപ്പർ-റ്റി നിക്ഷേപിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു”, നവീൻ പറഞ്ഞു.
ഏതാണ്ട് ഒരാഴ്ചയ്ക്കു ശേഷം അവരുടെ പ്രദേശത്തെ ആശാ പ്രവർത്തക ദീപയുടെ ആശുപത്രി വിടുതൽ റിപ്പോർട്ട് വായിച്ചപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന് അവർക്കു മനസ്സിലായത്. ദീപയും നവീനും റിപ്പോർട്ട് വായിച്ചിരുന്നില്ല.
കോപ്പർ-റ്റി ഗർഭപാത്രത്തിനകത്തു നിക്ഷേപിക്കുന്ന ഒരു ഗർഭനിരോധനോപാധിയാണ് (intrauterine contraceptive device - IUD). പ്രസവം തടയുന്നതിനായി അത് ഗർഭപാത്രത്തിനുളളിൽ സ്ഥാപിക്കുന്നു. "അത് ഇണങ്ങി വരാൻ മൂന്നു മാസങ്ങൾ വരെയെടുക്കും. ചിലർക്ക് അസ്വസ്ഥതയും തോന്നാം. അതുകൊണ്ടാണ് ചികിത്സയിലുള്ളവരോട് [6 മാസം വരെ] തുടർച്ചയായി ഡിസ്പെൻസറിയിൽ പരിശോധനയ്ക്ക് വരാൻ ഞങ്ങൾ എല്ലായ്പ്പോഴും പറയുന്നത്”, ആശാ പ്രവർത്തകയായ (ASHA - Accredited Social Health Activist) 36-കാരി സുശീല ദേവി പറഞ്ഞു. 2013 മുതൽ ദീപയുടെ പ്രദേശത്ത് അവർ പ്രവർത്തിക്കുന്നു.
പക്ഷെ ദീപയ്ക്ക് ആദ്യത്തെ മൂന്നു മാസം ഒരു അസ്വസ്ഥതയും തോന്നിയില്ല. മൂത്ത മകന്റെ അസുഖം കാരണം അവർ പരിശോധനകൾക്ക് പോയുമില്ല. റ്റി ഉപയോഗിക്കുന്നത് തുടരാൻ അവർ തീരുമാനിച്ചു.










