70 വർഷം കാർഷികതൊഴിലാളിയായി ജോലി ചെയ്തതിനുശേഷം, 83 വയസ്സുകാരനായ ഗംഗപ്പ ഇന്ന് സ്വയം മഹാത്മാഗാന്ധിയായി രൂപമാറ്റം നടത്തിയിരിക്കുകയാണ്. 2016 ഓഗസ്റ്റ് മുതൽ അദ്ദേഹം ഗാന്ധിയുടെ വേഷമണിഞ്ഞ്, പടിഞ്ഞാറൻ ആന്ധ്രയിലുള്ള അനന്ത്പൂർ ജില്ലയിലെ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടുവരുന്നു. ആളുകൾ നൽകുന്ന ധനസഹായത്തിലൂടെ, കാർഷിക തൊഴിലാളിയായിരുന്ന കാലത്ത് സമ്പാദിച്ചിരുന്നതിനേക്കാൾ മെച്ചപ്പെട്ട തുക അദ്ദേഹം ഇന്ന് സമ്പാദിക്കുന്നുണ്ട്.
"സ്വാമീ, നിങ്ങളുടെ പ്രായമാകുമ്പോൾ ഞാനും നിങ്ങളെപ്പോലെ വേഷം ധരിക്കും.", അനന്ത്പൂരിൽ സന്ദർശനത്തിന് വന്ന ഗാന്ധിജിയെ കാണാൻ പോയപ്പോൾ അന്ന് കുഞ്ഞായിരുന്ന താൻ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞുവെന്ന് ഗംഗപ്പ അവകാശപ്പെടുന്നു. "അക്കാലത്ത്, പെരൂരുവിൽ ടാങ്ക് പണിത തൊഴിലാളികളിൽ എന്റെ അച്ഛനമ്മമാരുമുണ്ടായിരുന്നു. അവരോടൊപ്പമായിരുന്നു ഞാൻ അന്ന് പോയത്." ഗംഗപ്പയുടെ ജന്മദേശമായ ചേന്നംപള്ളി പെരൂരുവിൽനിന്ന് അധികം അകലെയല്ല. തന്റെ ലക്‌ഷ്യം എന്തുതന്നെയായാലും അത് പൂർത്തിയാക്കാനും എത്ര കരുത്തരെയും തന്റെ വരുതിയിൽ കൊണ്ടുവരാനും ഗാന്ധിക്കുണ്ടായിരുന്ന കഴിവ് കുഞ്ഞായ ഗംഗപ്പയെ ഏറെ ആകർഷിച്ചിരുന്നു.
മഹാത്മാഗാന്ധിയെ കണ്ടിട്ടുണ്ടെന്ന ഗംഗപ്പയുടെ അവകാശവാദം സ്ഥിരീകരിക്കാനോ അത് നടന്ന തീയതി കൃത്യമായി നിർണ്ണയിക്കാനോ സാധിക്കില്ലെങ്കിലും, ഗാന്ധിയെക്കുറിച്ചുള്ള ഓർമ്മകളാണ് ഗംഗപ്പയുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത്. യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്നയാളാണ് ഗംഗപ്പ- യാത്ര ചെയ്യാനുള്ള താത്പര്യവും ക്ഷമാശീലവും, ഗാന്ധിയെപ്പോലെയാകാൻ നിർബന്ധമായും ഉണ്ടാകേണ്ട ഗുണങ്ങളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
ഗംഗപ്പ എന്ന തന്റെ പേര് ആളുകൾ തെറ്റിവിളിച്ച് ഇപ്പോൾ ഗാംഗുലപ്പ എന്നായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. തന്റെ ഗാന്ധിവേഷത്തിന്റെ മോടി കൂട്ടാൻ നെഞ്ചിനുകുറുകെ അദ്ദേഹം ഒരു പൂണൂൽ അണിയാറുണ്ട്. നെറ്റിയിലും കാൽപ്പാദങ്ങളിലും കുങ്കുമം തൊടുന്നതിനുപുറമെ, ഗാന്ധിവേഷം ധരിക്കുന്ന സമയത്ത്, ആളുകളെ അനുഗ്രഹിക്കുന്ന "പൂജാരി" കൂടി ആകാറുണ്ട് ഗംഗപ്പ.







