കുറച്ചു വർഷങ്ങൾക്കുള്ളിൽ ലോകംകണ്ട സമാധാനപൂർവവും ജനാധിപത്യപരവുമായ ഏറ്റവും വലിയ സമരം (തീർച്ചയായും മഹാമാരിയുടെ ഉയർന്ന ഘട്ടത്തിൽ ഏറ്റവും ശക്തമായ രീതിയിൽ സംഘടിപ്പിക്കപ്പെട്ടത്) ശക്തമായ ഒരു വിജയം കൈവരിച്ചിരിക്കുന്നു എന്നതാണ് മാദ്ധ്യമങ്ങൾക്ക് ഒരിക്കലും തുറന്നു സമ്മതിക്കാൻ പറ്റാത്ത ഒരുകാര്യം.
ഒരു പാരമ്പര്യം മുന്നോട്ടുവയ്ക്കുന്ന വിജയമാണിത്. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ എല്ലാതരത്തിലുമുള്ള കർഷകരും (ആദിവാസി ദളിത് സമുദായങ്ങൾ ഉൾപ്പെടെ) ഈ രാജ്യത്തിന്‍റെ സ്വാതന്ത്ര്യ സമരത്തിൽ നിർണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. നമ്മുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വർഷത്തിൽ ഡൽഹിയുടെ കവാടങ്ങളിലെ കർഷകർ ആ മഹത്തായ സമരത്തിന്‍റെ ഊർജ്ജം ആവർത്തിക്കുന്നു.
പ്രധാനമന്ത്രി മോദി പറഞ്ഞത് അദ്ദേഹം പിന്മാറുകയാണെന്നും ഈ മാസം 29-ന് ആരംഭിക്കുന്ന പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിൽവച്ച് കാർഷിക നിയമങ്ങൾ പിൻവലിക്കുകയാണെന്നുമാണ്. ‘നന്നായി ശ്രമിച്ചിട്ടും ഒരു വിഭാഗം കർഷകരെ ബോധിപ്പിക്കുന്നതില്‍’ പരാജയപ്പെട്ടതുകൊണ്ടാണ് താൻ അങ്ങനെ ചെയ്യുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വാസയോഗ്യമല്ലാത്ത ഈ കാർഷിക നിയമങ്ങൾ യഥാർത്ഥത്തിൽ കർഷകർക്ക് നല്ലതാണെന്ന് ഒരു വിഭാഗത്തെ ധരിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല എന്ന് നിങ്ങൾ മനസ്സിലാക്കുക. ചരിത്രപരമായ ഈ സമരത്തിന്‍റെ ഘട്ടത്തിൽ മരണപ്പെട്ട 600-ലധികം കർഷകരെക്കുറിച്ച്, അല്ലെങ്കിൽ കർഷകർക്കുവേണ്ടി, അതിൽ ഒരു വാക്കു പോലുമില്ല. മററുള്ളവരെ ബോധിപ്പിക്കാനുള്ള വൈദഗ്ദ്ധ്യത്തിന്‍റെ കാര്യത്തിൽ മാത്രമാണ് തനിക്ക് പരാജയം സംഭവിച്ചതെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുന്നു. അതായത് ആ ‘വിഭാഗം കർഷകരെ’ വെളിച്ചം കാണിക്കാനായി അദ്ദേഹത്തിന് അവസരം ലഭിക്കാത്തതിൽ. അതായത് നിയമത്തിന്‍റെ ഒരു പരാജയത്തെക്കുറിച്ചും പറയുന്നില്ല, അല്ലെങ്കില്‍ ഒരു മഹാമാരിയുടെ മദ്ധ്യത്തിൽ തന്‍റെ സർക്കാർ എങ്ങനെയാണ് നിര്‍ബന്ധിതമായി നിയമങ്ങള്‍ പാസാക്കിയത് എന്ന് പറയുന്നില്ല.
നന്നായി, ഖാലിസ്ഥാനികളും ദേശവിരുദ്ധരും വ്യാജ പ്രവർത്തകരും കർഷകരെന്ന പ്രച്ഛന്നവേഷം കെട്ടിയവരും മിസ്റ്റർ മോദിയുടെ ഊഷ്മളമായ ആകർഷണീയതയാൽ ബോധവൽക്കരിക്കപ്പെടുന്നത് വേണ്ടെന്നുവെച്ച ‘ഒരു വിഭാഗം കർഷകരായി’ മാറിയിരിക്കുന്നു. ബോധവൽക്കരിക്കപ്പെടാൻ അവര്‍ വിസമ്മതിച്ചോ? ബോധിപ്പിക്കുന്നതിന്‍റെ വിധവും രീതിയും എന്തൊക്കെയാണ്? അത് പരാതികൾ പറയാൻ അവർക്ക് തലസ്ഥാനനഗരിയിൽ പ്രവേശനം നിഷേധിക്കുന്നതാണോ? കിടങ്ങുകളും മുള്ള് കമ്പികളും കൊണ്ട് അവരെ തടയുന്നതാണോ? ജലപീരങ്കി കൊണ്ട് അവരെ ആക്രമിക്കുന്നതാണോ? അവരുടെ ക്യാമ്പുകൾ ചെറു ഗുലാഗുകൾ (നിര്‍ബന്ധിത തൊഴിലാളി കേന്ദ്രങ്ങള്‍) ആക്കി മാറ്റുന്നതാണോ? ചങ്ങാത്ത മാദ്ധ്യമങ്ങളെ ഉപയോഗിച്ച് എല്ലാദിവസവും കർഷകരെ അധിക്ഷേപിക്കുന്നതാണോ? അവരുടെ ദേഹത്തേക്ക് വാഹനങ്ങൾ (ഒരു കേന്ദ്രമന്ത്രിയുടെയോ അയാളുടെ മകന്‍റേതോ എന്ന് ആരോപിക്കപ്പെടുന്ന വാഹനം) ഓടിച്ചു കയറുന്നതാണോ? അതാണോ ബോധവൽക്കരണത്തെക്കുറിച്ചുള്ള ഈ സർക്കാരിന്‍റെ ആശയം? അവയാണ് ‘ഏറ്റവും മികച്ച ഉദ്യമങ്ങൾ’ എങ്കിൽ ഏറ്റവും മോശമായവ നമ്മൾ വെറുക്കും.
പ്രധാനമന്ത്രി ഈ വർഷം മാത്രം കുറഞ്ഞത് 7 വിദേശ സന്ദർശനങ്ങളാണ് നടത്തിയത് (ഏറ്റവും അവസാനം സി.ഓ.പി.-26-നു വേണ്ടി നടത്തിയതുപോലുള്ളത്). രാജ്യത്തെല്ലായിടത്തുമുള്ള നിരവധി ആളുകളെ കര്‍ഷകരുടെ ദുഃഖം സ്പർശിച്ചപ്പോള്‍ തന്‍റെ വസതിയിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം വണ്ടിയോടിച്ച് ഡൽഹിയുടെ കവാടങ്ങളിൽ സമരം ചെയ്യുന്ന പതിനായിരക്കണക്കിന് കർഷകരെ സന്ദർശിക്കാൻ അദ്ദേഹം ഒരിക്കലും സമയം കണ്ടെത്തിയില്ല. ബോധിപ്പിക്കാനുള്ള ഒരു യഥാർത്ഥ ശ്രമമായിരുന്നില്ലേ അത്?
എത്ര നാളുകൾ കര്‍ഷകർക്ക് പിടിച്ചു നിൽക്കാൻ പറ്റും എന്നതിനെപ്പറ്റി മാദ്ധ്യമങ്ങളും മറ്റുള്ളവരും ഉയര്‍ത്തിയ ചോദ്യങ്ങൾ കൊണ്ട് സമരങ്ങളുടെ ആദ്യ മാസങ്ങൾ മുതൽ ഞാന്‍ ആക്രമിക്കപ്പെട്ടു. കർഷകർ ആ ചോദ്യത്തിന് മറുപടി നൽകി. പക്ഷെ അവർക്കുറിയാം അത്ഭുതകരമായ അവരുടെ വിജയം ആദ്യനടപടി മാത്രമാണെന്ന്. പിൻവലിക്കുക എന്നതിനർത്ഥം കർഷകരുടെ കഴുത്തിൽ നിന്നും കോർപ്പറേറ്റുകളുടെ കാലുകൾ ഇപ്പോൾ നീക്കുക എന്നതാണ്. പക്ഷെ കുറഞ്ഞ താങ്ങുവിലയും സംഭരണവും മുതൽ സാമ്പത്തിക നയങ്ങളുമായി ബന്ധപ്പെട്ട കുറച്ചു വലിയ പ്രശ്നങ്ങൾ വരെയുള്ള ഒരുപാട് പ്രശ്നങ്ങൾ ഇനിയും പരിഹാരങ്ങൾ ആവശ്യമുള്ളവയാണ്.
അടുത്ത ഫെബ്രുവരിയിൽ 5 സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടായിരിക്കണം സർക്കാരിന്‍റെ ഈ പിൻമാറ്റമെന്ന് ടെലിവിഷൻ അവതാരകർ നമ്മോട് പറയുന്നു (ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ എന്ന രീതിയിൽ).
അതേ മാദ്ധ്യമങ്ങൾ 23 അസംബ്ലി നിയോജകമണ്ഡലങ്ങളിലേക്കും 3 മൂന്ന് പാർലമെപന്‍റ് മണ്ഡലങ്ങളിലേക്കും നവംബർ 3-ന് പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് ഫലങ്ങളുടെ പ്രാധാന്യത്തെപ്പറ്റി എന്തെങ്കിലും പറയുന്നതിൽ പരാജയപ്പെട്ടു. ആ സമയത്തെ മുഖപ്രസംഗങ്ങൾ വായിക്കുക – ടെലിവിഷനിൽ എന്തൊക്കെയാണ് വിശകലനങ്ങൾക്ക് വിഷയങ്ങളായതെന്ന് നോക്കുക. ഭരണകക്ഷികൾ സാധാരണയായി ഉപതെരഞ്ഞെടുപ്പുകളിൽ വിജയിക്കുന്നതിനെക്കുറിച്ചാണ് അവർ സംസാരിച്ചത് – കൂടാതെ, കുറച്ച് പ്രാദേശിക പ്രശ്നങ്ങളെക്കുറിച്ചും. അല്ലാതെ ബി.ജെ.പി.യെക്കുറിച്ചോ അത്തരം വിഷയങ്ങളെക്കുറിച്ചോ അല്ല. ആ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങളെപ്പറ്റി (കർഷക സമരങ്ങളെക്കുറിച്ചും കോവിഡ്-19 നിയന്ത്രിക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ചും) കുറച്ച് മുഖപ്രസംഗങ്ങൾ മാത്രമാണ് എന്തെങ്കിലും പറഞ്ഞുള്ളത്.
മോദിയുടെ ഇന്നത്തെ പ്രസ്താവന കാണിക്കുന്നത് ഏറ്റവും അവസാനം ആ രണ്ടു വസ്തുതകളുടെയും പ്രാധാന്യം അദ്ദേഹം വിവേകപൂർവ്വം മനസ്സിലാക്കുകയെങ്കിലും ചെയ്തിട്ടുണ്ടെന്നാണ്. കർഷക പ്രക്ഷോഭങ്ങൾ തീവ്രമായ ചില സംസ്ഥാനങ്ങളിൽ വലിയ പരാജയങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയാം. രാജസ്ഥാനും ഹിമാചലും പോലെയുള്ള സംസ്ഥാനങ്ങളുടെ കാര്യം എടുക്കുക - പക്ഷെ ഇതെല്ലാം പഞ്ചാബിനെയും ഹരിയാനയെയും കുറിച്ചാണെന്ന് തത്ത പറയുന്നതുപോലെ തങ്ങളുടെ വായനക്കാരോട് പറയുന്ന മാദ്ധ്യമങ്ങൾക്ക് ഈ ഘടകങ്ങളൊന്നും വിശകലനം ചെയ്യാൻ കഴിയില്ല.
രാജസ്ഥാനിലെ രണ്ടു മണ്ഡലങ്ങളിൽ ബി.ജെ.പി.യോ സംഘപരിവാർ കൂട്ടുകെട്ടോ രണ്ടാമതും മൂന്നാമതും വരുന്നത് എപ്പോഴാണ് നമ്മൾ ഏറ്റവും അവസാനമായി കണ്ടത്? അതോ ഹിമാചലിൽ അവർക്കേറ്റ കനത്ത തിരിച്ചടി പരിഗണിക്കണോ? അവിടെ അവർക്ക് മൂന്ന് അസംബ്ലി സീറ്റുകളും ഒരു പാർലമെൻറ് സീറ്റും നഷ്ടപ്പെട്ടു.
ഹരിയാനയിൽ ബി.ജെ.പി.യുടെ പ്രചരണങ്ങൾക്കായി, സമരക്കാർ പറഞ്ഞതുപോലെ, "മുഖ്യമന്ത്രി മുതൽ ഉപമുഖ്യമന്ത്രി വരെ സർക്കാർ മുഴുവനായി ഉണ്ടായിരുന്നു.” കർഷക പ്രശ്നത്തിൻമേൽ രാജിവെച്ച അഭയ് ചൗടാലയ്ക്കെതിരെ വിഡ്ഢിത്തമെന്നോണം കോൺഗ്രസ്സ് സ്ഥാനാർത്ഥിയെ നിർത്തി. അവിടെ കേന്ദ്രമന്ത്രിമാർ ശക്തമായ രീതിയിൽ സംഘമായി പ്രവർത്തിച്ചു – എന്നിട്ടും ബി.ജെ.പി. തോറ്റു. കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച പണം പോയെങ്കിലും ചൗടാലയുടെ ഭൂരിപക്ഷം കുറയ്ക്കാൻ സാധിച്ചു – എന്നിട്ടും അദ്ദേഹം 6,000-ത്തിലധികം വോട്ടുകൾക്ക് വിജയിച്ചു.
മൂന്നു സംസ്ഥാനങ്ങളിലും കർഷക സമരങ്ങളുടെ ആഘാതം അനുഭവപ്പെട്ടു. കോർപ്പറേറ്റുകളുടെ പ്രീതി പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരിൽ നിന്ന് വ്യത്യസ്തമായി പ്രധാനമന്ത്രി അത് മനസ്സിലാക്കി. ഈ സമരങ്ങൾ പടിഞ്ഞാറൻ ഉത്തർപ്രദേശിൽ ഉണ്ടാക്കിയ ആഘാതങ്ങളും, ഒരുപക്ഷെ ഇപ്പോൾ മുതൽ 90 ദിവസങ്ങൾക്കുള്ളിൽ ആ സംസ്ഥാനത്ത് വരാൻ പോകുന്ന തിരഞ്ഞെടുപ്പുകളും അദ്ദേഹത്തിന് വെളിച്ചം നൽകി. അതിന്‍റെ കൂടെ സ്വന്തമായി വരുത്തിവച്ച ലഖിംപൂർ ഖേരിയിലെ ദാരുണമായ കൊലപാതകവും.
കർഷകരുടെ വരുമാനം 2022-ഓടെ ഇരട്ടിയാക്കുന്നതിന് എന്തൊക്കെ സംഭവിച്ചു എന്ന ചോദ്യത്തിന് (അത് ചോദിക്കാനുള്ള ബോധം പ്രതിപക്ഷത്തിന് ഉണ്ടെങ്കിൽ) മൂന്ന് മാസത്തിനുള്ളിൽ ബി.ജെ.പി. സർക്കാർ ഉത്തരം നൽകേണ്ടിവരും. എൻ.എസ്.എസ്. 77-ാം റൗണ്ട് (നാഷണൽ സാമ്പിൾ സർവേ 2018-19) ചൂണ്ടിക്കാട്ടുന്നത് കർഷകർക്ക് വിളകളുടെ കൃഷിയിൽ നിന്നുള്ള വരുമാന വിഹിതം കുറയുന്നു എന്നാണ് – പിന്നെയല്ലേ കർഷകരുടെ മൊത്തവരുമാനം ഇരട്ടിയാകുന്നത്. വിളകളുടെ കൃഷിയിൽ നിന്നുള്ള യഥാർത്ഥ വരുമാനത്തിന്‍റെ പൂര്‍ണ്ണമായും വീഴുന്നതാണ് ഇത് കാണിക്കുന്നത്.
ഇത് ഒരുതരത്തിലും കാർഷിക പ്രതിസന്ധിയുടെ അവസാനമല്ല. ആ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വലിയ പ്രശ്നങ്ങളോടുള്ള പോരാട്ടത്തിന്‍റെ പുതിയ ഘട്ടം തുടങ്ങുന്നത് മാത്രമാണ്
നിയമങ്ങൾ പിൻവലിക്കണമെന്നുള്ള ദൃഢമായ ആവശ്യം നേടിയെടുക്കുന്നതിലുമധികം കാര്യങ്ങൾ കർഷകർ യഥാർത്ഥത്തിൽ ചെയ്തിട്ടുണ്ട്. അവരുടെ സമരം ഈ രാജ്യത്തിന്‍റെ രാഷ്ട്രീയത്തിൽ ശക്തമായ സ്വാധീനമുണ്ടാക്കി. 2004-ലെ പൊതുതിരഞ്ഞെടുപ്പുകളിൽ അവരുടെ ദുരിതങ്ങൾ വഹിച്ച പങ്ക്പോലെ.
ഇത് ഒരുതരത്തിലും കാർഷിക പ്രതിസന്ധിയുടെ അവസാനമല്ല. ആ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വലിയ പ്രശ്നങ്ങളോടുള്ള പോരാട്ടത്തിന്‍റെ പുതിയ ഘട്ടം തുടങ്ങുന്നത് മാത്രമാണ്. ദീർഘനാളുകളായി കർഷകരുടെ സമരം തുടരുകയാണ്. പ്രത്യേകിച്ച്, മഹാരാഷ്ട്രയിലെ ആദിവാസി കർഷകർ നാസിക്കിൽ നിന്നും ബോംബെയിലേക്ക് നയിച്ച 182 കിലോമീറ്റർ നീണ്ട അപൂർവമായ ജാഥയിലൂടെ ദേശത്തെ ഞെട്ടിച്ച 2018 മുതൽ വളരെ ശക്തമായ നിലയിൽ. അപ്പോഴും അവർ യഥാർത്ഥ കർഷകരല്ല എന്ന നിലയിൽ നഗര നക്സലുകൾ എന്നും മറ്റും പറഞ്ഞ് അവരെ ആക്ഷേപിച്ചു. അവരുടെ ജാഥ അവരെ ആക്ഷേപിക്കുന്നവരെ തുരത്തി.
ഇന്ന് ഒരുപാട് വിജയങ്ങൾ ഉണ്ട്. കർഷകർ കോർപ്പറേറ്റുകളുടെ മേൽ നേടിയ വിജയം അവയില്‍പ്പെട്ട കുറഞ്ഞ ഒന്നല്ല. കർഷക പ്രശ്നങ്ങളിൽ (മറ്റു പല പ്രശ്നങ്ങളിലും പോലെ) ആ മാദ്ധ്യമങ്ങൾ എ.എ.എ. (Amplifying Ambani Adani +) ബാറ്ററികൾക്കുള്ള അധിക ഊർജ്ജമായി വർത്തിച്ചു.
രണ്ട് മഹത്തായ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചതിന്‍റെ (രണ്ടും ആരംഭിച്ചത് രാജാ റാം മോഹൻ റായ് ആണ്) 200 വർഷങ്ങൾ ഡിസംബറിനും അടുത്ത ഏപ്രിലിനും ഇടയിൽ നാം അടയാളപ്പെടുത്തും. അത് യഥാർത്ഥ ഇന്ത്യൻ പത്രത്തിന്‍റെ (ഉടമസ്ഥതയിലും മനോഭാവത്തിലും) തുടക്കമായിരുന്നു എന്നു പറയാം. പ്രതാപ് നാരായൺ ദാസിന്‍റെ കൊലപാതകത്തിൽ ബ്രിട്ടീഷ് ഭരണത്തിനുള്ള പങ്ക് ആ പത്രങ്ങളിലൊന്നായ മിറാത്-ഉൽ-അഖ്ബാർ വളരെ മികച്ച രീതിയിൽ വെളിപ്പെടുത്തി. കോമിലയിൽ (ഇപ്പോൾ ബംഗ്ലാദേശിലെ ചിറ്റഗോംഗ്) നിന്നുള്ള ഒരു ന്യായാധിപന്‍റെ ഉത്തരവിനെത്തുടർന്ന് ചാട്ടവാറടി ഏറ്റതു മൂലമാണ് അദ്ദേഹം മരണപ്പെട്ടത്. റായിയുടെ ശക്തമായ മുഖപ്രസംഗം ന്യായാധിപനെ മാറ്റുന്നതിനും അക്കാലത്തെ ഏറ്റവും ഉയർന്ന കോടതിയിൽ അയാളെ വിചാരണയ്ക്ക് വിധേയനാക്കുന്നതിനും സാധിച്ചു.
ഗവർണർ ജനറൽ ഇതിനോട് പ്രതികരിച്ചത് പത്രങ്ങളെ ഭയപ്പെടുത്തിക്കൊണ്ടാണ്. നിർദ്ദയമായ ഒരു പുതിയ പ്രസ്സ് ഓർഡിനൻസ് പുറപ്പെടുവിച്ചുകൊണ്ട് അയാൾ പത്രങ്ങളെ വരുതിയിലാക്കാൻ ശ്രമിച്ചു. ഇതിന് കീഴടങ്ങാൻ വിസമ്മതിച്ചുകൊണ്ട്, തരംതാഴ്ത്തുകയും അപമാനിക്കുകയും ചെയ്യുന്ന നിയമങ്ങളും സാഹചര്യങ്ങളുമെന്ന് താൻ കരുതുന്നതിന് വഴങ്ങാതെ, മിറാത്-ഉൽ-അഖ്ബാർ പൂട്ടുകയാണെന്ന് റായ് പ്രഖ്യാപിച്ചു. (കൂടാതെ, മറ്റു പ്രസിദ്ധീകരണങ്ങളിലൂടെ തന്‍റെ യുദ്ധം തുടരുകയും ചെയ്തു).
അതായിരുന്നു ധീരതയുടെ പത്ര പ്രവർത്തനം. കർഷക വിഷയത്തിൽ നമ്മൾ കണ്ട ചങ്ങാത്ത ധൈര്യത്തിന്‍റെയും കീഴടങ്ങലിന്‍റെയും പത്രപ്രവർത്തനമല്ല അത്. ഒപ്പിടാത്ത മുഖപ്രസംഗങ്ങളിൽ കർഷകരെക്കുറിച്ചുള്ള ‘ആശങ്ക’യുടെ മറയിൽ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ ‘സമ്പന്നർക്ക് സോഷ്യലിസം തേടുന്ന’ സമ്പന്നരായ കർഷകർ എന്ന് മുഖപ്രസംഗ പേജിന് പുറത്ത് (ഒപ്-എഡ് പേജ്) കർഷകരെ ആക്ഷേപിക്കുന്നു.
ഇൻഡ്യൻ എക്‌സ്‌പ്രസ്, ടൈംസ് ഓഫ് ഇന്ത്യ എന്നു തുടങ്ങി പത്രങ്ങളുടെ ഏതാണ്ട് മുഴുവൻ നിരയും ആത്യന്തികമായി പറഞ്ഞത് ഗ്രാമത്തില്‍ നിന്നുള്ള അപരിഷ്കൃതരായ അവരോട് മധുരതരമായി സംസാരിക്കണമെന്നാണ്. മുഖപ്രസംഗങ്ങൾ മാറ്റമൊന്നുമില്ലാതെ അപേക്ഷകളായി പരിണമിച്ചു: എന്നാൽ ഈ നിയമങ്ങൾ പിൻവലിക്കരുത്, അവ യഥാർത്ഥത്തിൽ നല്ലതാണ് എന്നതായിരുന്നു ചുരുക്കം. ബാക്കിയുള്ള മിക്ക മാദ്ധ്യമങ്ങളും മേൽപ്പറഞ്ഞവയെപ്പോലെ ആയിരുന്നു.
മുകേഷ് അംബാനിയുടെ വ്യക്തിഗത സമ്പത്തായ 84.5 ബില്യൺ ഡോളർ (ഫോർബ്സ്, 2021) പഞ്ചാബ് സംസ്ഥാനത്തിന്‍റെ ജി.എസ്.ഡി.പി.യോട് (ഏകദേശം 85.5 ബില്യൺ) വളരെവേഗം അടുത്തുകൊണ്ടിരിക്കുകയാണെന്ന് ഈ പ്രസിദ്ധീകരണങ്ങളിൽ ഏതെങ്കിലും അതിന്‍റെ വായനക്കാരോട് (കര്‍ഷകരും കോര്‍പ്പറേറ്റുകളും തമ്മിലുള്ള പ്രശ്നവുമായി ബന്ധപ്പെട്ട്) പറഞ്ഞിട്ടുണ്ടോ? അംബാനിയുടെയും അദാനിയുടെയും സമ്പത്ത് ഒരുമിച്ച് ചേർത്താൽ (50.5 ബില്യൺ) അത് പഞ്ചാബിന്‍റെയോ ഹരിയാനയുടെയോ ജി.എസ്.ഡി.പി.യേക്കാൾ വലുതാണെന്ന് അവർ നിങ്ങളോട് പറഞ്ഞിട്ടുണ്ടോ?
നന്നായി, കാര്യത്തിന്‍റെ ഗൗരവം കുറയ്ക്കുന്ന സാഹചര്യങ്ങൾ ഉണ്ട്. ഇന്ത്യയിലെ മാദ്ധ്യമങ്ങളുടെ ഏറ്റവും വലിയ ഉടമ അംബാനിയാണ്. അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലല്ലാത്ത മാദ്ധ്യമങ്ങൾ ആയിരിക്കും മിക്കവാറും അദ്ദേഹത്തിന്‍റെ ഏറ്റവും വലിയ പരസ്യദാതാക്കൾ. ഈ രണ്ട് കോർപ്പറേറ്റ് പ്രഭുക്കളുടെയും സമ്പത്തിനെക്കുറിച്ച് എഴുതാൻ കഴിയും, പലപ്പോഴും എഴുതിയിട്ടുമുണ്ട് – പൊതുവെ കീർത്തികരമായ രീതിയിൽ. ഇതാണ് കോർപ്പറേറ്റ് സേവകരുടെ പത്രപ്രവർത്തനം.
പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ കൗശല തന്ത്രങ്ങൾ എങ്ങനെയായിരിക്കും ഗണ്യമായ സ്വാധീനം ഉണ്ടാക്കുക എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയിട്ടുണ്ട്. കോൺഗ്രസ്സിൽ നിന്നും രാജിവച്ച് മോദിയുമായി വിലപേശൽ നടത്തി താൻ ഉണ്ടാക്കിയെടുത്ത വിജയമാണിതെന്ന നിലയിൽ അമരീന്ദർ സിംഗ് വിഷയത്തെ അവതരിപ്പിച്ചും തുടങ്ങിയിട്ടുണ്ട്. ഇത് അവിടുത്തെ തിരഞ്ഞെടുപ്പ് ചിത്രങ്ങൾ മാറ്റും.
പക്ഷെ, ആ സംസ്ഥാനത്തു നിന്ന് സമരത്തിൽ പങ്കെടുത്ത പതിനായിരക്കണക്കിന് ആളുകൾക്ക് ഇത് ആരുടെ വിജയമാണെന്നറിയാം. പതിറ്റാണ്ടുകൾ കൂടി ഡൽഹിയിലുണ്ടായ കൊടിയ തണുപ്പും, പൊള്ളിക്കുന്ന വേനലും, അതിനുശേഷമുള്ള മഴയും, മോദിയുടെ ബന്ധനത്തിലായ മാദ്ധ്യമങ്ങളിൽ നിന്നുള്ള മോശമായ പെരുമാറ്റങ്ങളും സഹിച്ച് സമര ക്യാമ്പുകളിലുണ്ടായിരുന്നവരോടൊപ്പമാണ് പഞ്ചാബിലെ ജനങ്ങളുടെ ഹൃദയം.
ഒരുപക്ഷെ സമരക്കാർ നേടിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്: വഴിപ്പെടാത്തവരെ നിസ്സാരമായി തടവിലാക്കുകയോ അല്ലെങ്കിൽ വേട്ടയാടുകയോ പീഡിപ്പിക്കുകയോ ചെയ്യുന്ന സർക്കാരിനെതിരെ മറ്റു മേഖലകളിലെയും പ്രതിരോധത്തെ പ്രചോദിപ്പിച്ചു എന്നത്. ഈ സർക്കാർ പത്രപ്രവർത്തകർ ഉൾപ്പെടെയുള്ള പൗരന്മാരെ ഭീകരവിരുദ്ധ നിയമത്തിനു കീഴിൽ നിർബാധം അറസ്റ്റ് ചെയ്യുകയും ‘സാമ്പത്തിക ക്രമക്കേടുകളുടെ’ പേരിൽ സ്വതന്ത്ര മാദ്ധ്യമങ്ങളെ തകർക്കുകയും ചെയ്യുന്നു. ഈ ദിവസം കർഷകർക്ക് വെറുമൊരു നേട്ടമല്ല. സിവിൽ അവകാശങ്ങൾക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടിയുള്ള പോരാട്ടത്തിന്‍റെ വിജയമാണിത്. ഇന്ത്യൻ ജനാധിപത്യത്തിനൊരു വിജയം.
പരിഭാഷ: റെന്നിമോന്‍ കെ. സി.