വലിയ പുളിമരങ്ങൾ കൊണ്ടു ചുറ്റപ്പെട്ട, തുറന്ന പണിശാലയിലിരുന്ന്, കാറ്റു കടക്കുമ്പോൾ സംഗീതം ഉണ്ടാവുന്ന ഓടക്കുഴൽ ചെത്തിയുണ്ടാക്കുകയാണ് മണിറാം മണ്ഡാവി. ഇത് മൃഗങ്ങളെ ഭയപ്പെടുത്തി ഓടിക്കാനുള്ള ശക്തമായ ഒരു ആയുധം കൂടിയാണ്. "അന്ന് കാടുകളിൽ കടുവയും, ചീറ്റയും, കരടിയുമൊക്കെയുണ്ടായിരുന്നു, പക്ഷേ നിങ്ങൾ ഇതു കറക്കുന്ന നിമിഷം അവ ഓടി മറഞ്ഞിരുന്നു”, താൻ ചെറുതായിരുന്ന സമയത്തെക്കുറിച്ച് മണിറാം പറഞ്ഞു.

മുള കൊണ്ടുണ്ടാക്കിയ ഉപകരണത്തെ അദ്ദേഹം ‘കറക്കുന്ന ഓടക്കുഴൽ’ അല്ലെങ്കിൽ ഛത്തീസ്ഗഢീ ഭാഷയിൽ സുകുഡ് ബാംസുരി എന്നു വിളിക്കുന്നു. ഇതിനു വായ ഇല്ല, രണ്ടു ദ്വാരങ്ങൾ മാത്രമേയുള്ളൂ. വായിക്കുന്നതിനായി ഇത് വായുവിൽ കറക്കേണ്ടതുണ്ട്.

42-കാരനായ മണിറാം ഉണ്ടാക്കുന്ന ഓരോ ഓടക്കുഴലിനും അടുത്ത പട്ടണത്തിലുളള പ്രദർശനങ്ങളിൽ അല്ലെങ്കിൽ കരകൗശല വസ്തു സംഘടനകളിൽ നിന്നും ഏകദേശം 50 രൂപ വീതം ലഭിക്കുന്നു. ഉപഭോക്താക്കാൾ ഒരെണ്ണത്തിന് 300 രൂപ എന്ന നിരക്കിൽ അവ വാങ്ങുന്നു.

ഏകദേശം 3 ദശകങ്ങൾക്കു മുമ്പ് ഓടക്കുഴൽ നിർമ്മാണ ആചാര്യനായ മന്ദാർ സിംഗ് മണ്ഡാവി യെ കണ്ടുമുട്ടിയതാണ് മണിറാമിനെ ബാംസുരി കൈത്തൊഴിലിലേക്ക് എത്തിച്ചത്. "എനിക്കേതാണ്ട് 15 വയസ്സുണ്ടായിരുന്നു”, മണിറാം പറഞ്ഞു, "അദ്ദേഹം വിളിച്ചപ്പോൾ ഞാൻ വിറക് ശേഖരിക്കുന്നതിനായി പോയി. അപ്പോൾ അദ്ദേഹം പറഞ്ഞു, 'നീ സ്ക്കൂളിൽ പോകുന്നില്ല. വരൂ, നിന്നെ ഞാൻ കുറച്ചു കാര്യങ്ങൾ പഠിപ്പിക്കാം’.” അങ്ങനെ മണിറാം സന്തോഷപൂർവ്വം സ്ക്കൂൾ പഠനം മതിയാക്കി കൈത്തൊഴില്‍ ആചാര്യനോടു ചേർന്നു പ്രവർത്തിക്കാൻ തുടങ്ങി.

വീഡിയോ കാണുക : ‘കറക്കുന്ന’ ഓടക്കുഴലുകൾ ഉണ്ടാക്കുകയും, ഓർഛയിലെ വന നശീകരണത്തിൽ വിലപിക്കുകയും ചെയ്യുന്ന മണിറാം

ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലെ അബൂഝമാഡ് (ഓർഛ) ബ്ലോക്കിൽ ഗോണ്ട് ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ഗഢ്ബങ്കൾ ഗ്രാമത്തിന്‍റെ ഓരത്താണ് മണിറാം ഇപ്പോൾ പ്രവർത്തിക്കുന്ന ഓടക്കുഴൽ നിർമ്മാണ ശാലയുള്ളത്. എല്ലാ വലിപ്പത്തിലുമുള്ള മുളoകമ്പുകൾ ചുറ്റും കൂട്ടിയിട്ടിരിക്കുന്നു. ഉപകരണങ്ങൾ ചൂടാക്കുന്നതിനായി കൂട്ടിയിരിക്കുന്ന ചെറുതീയിൽ നിന്നും പുക ഉയര്‍ന്ന് ശൈത്യകാല അന്തരീഷത്തിൽ തങ്ങിനില്‍ക്കുന്നു. പണി പൂർത്തിയാക്കിയ ഓടക്കുഴലുകളും, വ്യത്യസ്ത വലിപ്പത്തിലുള്ള ഉളികളും കത്തികളും സൂക്ഷിക്കുന്ന താത്കാലിക ഷെഡ്ഡാണ് ഒരു വശത്ത്. മുളകൾ വലിപ്പത്തിനു മുറിച്ച്, ചിന്തേരും ഉളിയുമിട്ട്, ചൂടാക്കിയ ഉപകരണം ഉപയോഗിച്ച് പുഷ്പങ്ങളുടെ രൂപങ്ങളും ജ്യാമിതീയ രൂപങ്ങളും കൊത്തിയെടുത്ത് ഓടക്കുഴലിൽ തെളിഞ്ഞതും ഇരുണ്ടതുമായ രൂപങ്ങൾ ഉണ്ടാക്കിക്കൊണ്ട് ഒരു ദിവസം ഏതാണ്ട് 8 മണിക്കൂർ മണിറാം ഇവിടെ ജോലി ചെയ്യുന്നു.

ഓടക്കുഴൽ ഉണ്ടാക്കാത്തപ്പോൾ മണിറാം തന്‍റെ രണ്ടേക്കർ കൃഷിഭൂമിയിൽ മഴയെ ആശ്രയിക്കുന്ന നെൽകൃഷി നടത്തുന്നു. ഭാര്യയും കൗമാരക്കാരായ മൂന്നു കുട്ടികളും അടങ്ങുന്ന അഞ്ചംഗ കുടുംബത്തിനു വേണ്ടി തന്നെയാണ് പ്രധാനമായും കൃഷി. ഒറ്റപ്പെട്ട ജോലികൾ ചെയ്യുന്ന തന്‍റെ ആൺമക്കൾക്ക് ഈ കൈത്തൊഴിൽ പഠിക്കാൻ താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു (സമുദായത്തിലെ ആണുങ്ങൾ മാത്രമാണ് ഈ തൊഴിൽ ചെയ്യുന്നത്).

ഏകദേശം ഒരു മണിക്കൂർ കൊണ്ട് നടന്നെത്താവുന്ന ദൂരത്തുള്ള നാരായൺപൂർ പട്ടണത്തിൽ നിന്നുമാണ് ഓടക്കുഴൽ ഉണ്ടാക്കാനുള്ള മുളകൾ എത്തുന്നത്. "ഏകദേശം 20 വർഷങ്ങൾക്കു മുമ്പ് വനം ഇവിടെത്തന്നെയുണ്ടായിരുന്നു, മുള കണ്ടെത്താനും എളുപ്പമുണ്ടായിരുന്നു. ഇപ്പോൾ കുറഞ്ഞത് 10 കിലോമീറ്ററെങ്കിലും പോയാലേ എന്തെങ്കിലും മൂല്യമള്ളത് കണ്ടെത്താൻ പറ്റൂ", അദ്ദേഹം പറഞ്ഞു. " സാഗാന്‍ [തേക്ക്] പോലെയുള്ള വലിയ മരങ്ങളും ജാമുൻ [ഇൻഡ്യൻ ബ്ലാക്ക്ബെറി] പോലെയുള്ള ഫലവൃക്ഷങ്ങളും മോഡിയാ [ഒരു പ്രാദേശിക പ്ലം മരം] പോലെയുള്ളവയും കൊണ്ട് കാട് തിങ്ങി നിറഞ്ഞിരുന്നു. ഇപ്പോൾ വലിയ മരങ്ങൾ ഒന്നുമില്ല. കറക്കുന്ന ഓടക്കുഴലുകളുടെ നിർമ്മാണം തുടരുക ബുദ്ധിമുട്ടാകാൻ പോകുന്നു.”

ആ പുളിമര തണലത്തുള്ള പണിശാലയിലിരുന്ന് സമൃദ്ധിയുടെ കഴിഞ്ഞകാലം ഓർത്തെടുക്കുന്ന  മണിറാമുമായി സംസാരിക്കുമ്പോൾ ഹതാശനായി, കരച്ചിലിന്‍റെ വക്കിലെത്തി അദ്ദേഹം കൂട്ടിച്ചേർത്തു: "അവിടെ മുയലുകളും മാനുകളും, ചില സമയങ്ങളിൽ നീൽഗായിയും ഉണ്ടായിരുന്നു. കാട്ടുപന്നികളും മുഴുവനായി ഇല്ലാതായി... നാളെ ഞങ്ങളുടെ മക്കൾ എന്നോടു ചോദിക്കുമ്പോൾ - ‘വനത്തിലെന്താണ് ഒന്നുമില്ലാത്തത്? കാട്ടിൽ മരങ്ങളും മൃഗങ്ങളും ഉണ്ടായിരുന്നോ?’ എന്നൊക്കെ – അവരോടു പറയാൻ ഒരു ഉത്തരവും ഉണ്ടാവില്ല.”

Maniram's flute workshop in the forests of Abhujhmad (Orchha).
PHOTO • Priti David
Forest produce traded at the haats in Chhattisgarh is becoming scarce, he says. 'The jungle used to be filled with big trees... There are no big trees anymore. It is going to be difficult to continue making swinging flutes'
PHOTO • Priti David

ഇടത് : അബൂഝമാഡ് [ഓർഛ] വനത്തിലുള്ള മണിറാമിന്‍റെ ഓടക്കുഴൽ നിർമ്മാണ ശാല. വലത്: ഛത്തീസ്ഗഢിലെ ഹാറ്റുകളിൽ [ഗ്രാമീണ മേഖലയിൽ പ്രാദേശിക തലത്തിലുള്ള തുറന്ന വിപണികൾ] വ്യാപാരം നടത്തിയിരുന്ന വന ഉത്പന്നങ്ങൾ ദുർല്ലഭമായിക്കൊണ്ടിരിക്കുന്നു, അദ്ദേഹം പറയുന്നു... ഇപ്പോൾ വലിയ മരങ്ങൾ ഒന്നുമില്ല . കറക്കുന്ന ഓടക്കുഴലുകളുടെ നിർമ്മാണം തുടരുന്നത് ബുദ്ധിമുട്ടാകാൻ പോകുന്നു .

പരിഭാഷ: റെന്നിമോന്‍ കെ. സി.

Priti David

प्रीती डेव्हिड पारीची वार्ताहर व शिक्षण विभागाची संपादक आहे. ग्रामीण भागांचे प्रश्न शाळा आणि महाविद्यालयांच्या वर्गांमध्ये आणि अभ्यासक्रमांमध्ये यावेत यासाठी ती काम करते.

यांचे इतर लिखाण Priti David
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

यांचे इतर लिखाण Rennymon K. C.