കൊറോണ വൈറസിനെക്കുറിച്ചുള്ള തന്‍റെ ഒന്നാമത്തെ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മളെക്കൊണ്ട് കലങ്ങളും പാത്രങ്ങളും കൂട്ടിയിടിപ്പിച്ച് ദുരാത്മാക്കളെ ഭയപ്പെടുത്തി ഓടിച്ചു കളഞ്ഞു.
തന്‍റെ രണ്ടാമത്തെ പ്രസംഗംകൊണ്ട് അദ്ദേഹം നമ്മളെ എല്ലാവരേയും ഭയപ്പെടുത്തി കളഞ്ഞു.
പൊതുജനങ്ങള്‍ക്ക്, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്ക്, ഭക്ഷണവും മറ്റവശ്യ വസ്തുക്കളും എങ്ങനെയാണ് പ്രാപ്യമാവുക എന്നതിനെക്കുറിച്ച് ഒരു വാക്കുപോലുമില്ലാതിരുന്ന ആ പ്രസംഗം പിന്നീടുണ്ടാകാന്‍ പോകുന്ന പരിഭ്രാന്തിക്ക് തീകൊളുത്തി. കടകളിലും വിപണികളിലുമൊക്കെ മദ്ധ്യവര്‍ഗ്ഗം തിരക്കിട്ടുകൂടി. പാവപ്പെട്ടവരെ സംബന്ധിച്ച് ഇത് എളുപ്പമുള്ള കാര്യമല്ല. നഗരംവിട്ട് ഗ്രാമങ്ങളിലേക്ക് പലായനം ചെയ്യുന്ന കുടിയേറ്റക്കാര്‍ക്ക് എളുപ്പമുള്ള കാര്യമല്ല. ചെറുകിടക്കാരായ വഴിയോരക്കച്ചവടക്കാര്‍ക്കും വീട്ടുജോലിക്കാര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും എളുപ്പമുള്ള കാര്യമല്ല. റബി വിളവെടുപ്പ് പൂര്‍ത്തിയാക്കാത്ത കര്‍ഷകര്‍ക്ക്, അഥവാ പൂര്‍ത്തിയാക്കിയെങ്കില്‍ത്തന്നെ ബാക്കി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്തവര്‍ക്ക് എളുപ്പമുള്ള കാര്യമല്ല. പാര്‍ശ്വവത്കരിക്കപ്പെട്ട കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്ക് എളുപ്പമുള്ള കാര്യമല്ല.
ധനകാര്യ മന്ത്രിയുടെ പാക്കേജിന് - ഇന്നലെ മാര്‍ച്ച് 26-ന് പ്രഖ്യാപിച്ചത് - ഈയൊരു അനുഗ്രഹം ഉണ്ട്: പൊതുവിതരണ സംവിധാനത്തിന്‍ (പി.ഡി.എസ്.) കീഴില്‍ നേരത്തെയുള്ള 5 കിലോഗ്രാമിന് പുറമെ ആളൊന്നിന് 5 കിലോഗ്രാം വീതം അരി അല്ലെങ്കില്‍ ഗോതമ്പ് മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നു. നേരത്തെ, അല്ലെങ്കില്‍ ഇപ്പോള്‍ ഉള്ള 5 കിലോഗ്രാം സൗജന്യമാണോ അതോ അതിന് പണം നല്‍കണോ എന്ന കാര്യത്തില്‍ അവിടെപ്പോലും ഒട്ടും വ്യക്തതയില്ല. പണം നല്‍കണമെങ്കില്‍ അത് പ്രയോജനകരമായിരിക്കില്ല. മുന്‍പേയുള്ള പദ്ധതികള്‍ക്ക് നീക്കിവച്ചിട്ടുള്ള തുകകളാണ് ‘പാക്കേജി’ന്‍റെ മിക്ക ഘടകങ്ങളും. എം.ജി.എന്‍.ആര്‍.ഇ.ജി.എ.യ്ക്കുള്ള വേതനം 20 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് പറഞ്ഞത് എന്തായാലും നടപ്പാക്കാന്‍ കിടക്കുകയാണ്. കൂടാതെ അധികം ദിവസങ്ങളെപ്പറ്റി എവിടെയാണ് പ്രസ്താവിച്ചിട്ടുള്ളത്? പെട്ടെന്നുതന്നെ അവരെല്ലാം ഈ ജോലിയിലേക്കു വന്നാല്‍ എന്തുതരം ജോലി ചെയ്ത് എങ്ങനെയാണ് അവര്‍ക്ക് സാമൂഹ്യ അകലത്തിന്‍റെ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ പറ്റുക? ആവശ്യത്തിനു വേണ്ട തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നതു വരെയുള്ള ആഴ്ചകള്‍ ആളുകള്‍ എന്തുചെയ്യും? അതിനെ ആശ്രയിച്ച് ആയിരിക്കില്ലേ അവരുടെ ആരോഗ്യവും? പ്രതിസന്ധി നീണ്ടുനില്‍ക്കുന്ന കാലത്തോളം, പണിയുണ്ടെങ്കിലും ഇല്ലെങ്കിലും, നമ്മള്‍ എല്ലാ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും പ്രതിദിനം എം.ജി.എന്‍.ആര്‍.ഇ.ജി.എ. വേതനം നല്‍കണം.
പി.എം. കിസാന്‍ പദ്ധതി പ്രകാരമുള്ള 2,000 രൂപയുടെ ആനുകൂല്യം നേരത്തേയുള്ളതാണ്. അത് കൊടുത്തുതീര്‍ക്കാന്‍ കിടക്കുകയുമാണ്. ഇവിടെയെന്താണ് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്? മൂന്ന് മാസത്തിന്‍റെ അവസാനം നല്‍കുന്നതിനു പകരം അത് ആദ്യ മാസത്തിലേക്ക് ആക്കിയിരിക്കുന്നു. മഹാമാരിയോടും ലോക്ക്ഡൗണിനോടും പ്രതികരിച്ചുകൊണ്ട് പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ പാക്കേജ് കൃത്യമായി എന്തിനൊക്കെയാണെന്ന് ധനകാര്യ മന്ത്രി ഒരിടത്തും പറയുന്നില്ല. എന്തൊക്കെയാണ് ഇതിന്‍റെ പുതിയ ഘടകങ്ങള്‍? പുതിയ കണക്കുകള്‍ അവതരിപ്പിക്കാനായി ഒരുമിച്ചുചേര്‍ക്കുന്ന ഈ തുകയുടെ എതുഭാഗമാണ് പഴയ അല്ലെങ്കില്‍ പുതിയ പദ്ധതികളുടേത്? അടിയന്തിര നടപടിക്രമങ്ങളുടെ സ്വഭാവം ഇത് കഷ്ടിച്ചേ ആര്‍ജ്ജിക്കുന്നുള്ളൂ. കൂടാതെ, പെന്‍ഷന്‍കാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അടുത്ത മൂന്ന് മാസത്തേക്ക് രണ്ട് ഗഡുക്കളായി 1,000 രൂപയാണോ ലഭിക്കുന്നത്? ജന്‍ധന്‍ യോജന അക്കൗണ്ടുകളുള്ള 20 കോടി സ്ത്രീകള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് 500 രൂപ വീതമാണോ ലഭിക്കുന്നത്? ഇത് പേരിന് നല്‍കുന്നതിനേക്കാള്‍ മോശമാണ്, നാണക്കേടാണ്.
നിലവിലുള്ള വായ്പാതുകതന്നെ കിട്ടാക്കനി ആയിരിക്കുന്ന സാഹചര്യത്തില്‍ സ്വയംസഹായ സംഘങ്ങള്‍ക്കുള്ള (എസ്.എച്.ജി.കള്‍) വായ്പാപരിധി എങ്ങനെയാണ് ഉയര്‍ത്തുക? അകലങ്ങളില്‍ കുടുങ്ങിക്കിടന്നുകൊണ്ട് സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിക്കാന്‍ ശ്രമിക്കുന്ന എണ്ണമറ്റ കുടിയേറ്റ തൊഴിലാളികളെ ഈ ‘പാക്കേജു’കള്‍ എങ്ങനെയാണ് സഹായിക്കുക? കുടിയേറ്റക്കാരെ സഹായിക്കുമെന്നുള്ളത് അവകാശവാദം മാത്രമായി അവശേഷിക്കുന്നു. ഗൗരവമുള്ള കുറച്ച് അടിയന്തിര നടപടികള്‍ രൂപീകരിക്കാന്‍ കഴിയാത്തതിന്‍റെ പരാജയം അപകടകരമാണെങ്കില്‍, പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നവരുടെ മനോഭാവം ഭയാനകമാണ്. അടിത്തട്ടില്‍ ഉണ്ടായിവരുന്ന സാഹചര്യങ്ങളെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയും ഇല്ലെന്നു തോന്നുന്നു.






