രണ്ടുപേർക്കും 17 വയസ്സാണ്. ഇരുവരും ഗർഭിണികളുമാണ്. താഴത്തേക്ക് നോക്കി നടക്കണമെന്ന അച്ഛനമ്മമാരുടെ നിർദ്ദേശം മറന്ന്, അവർ മിക്കപ്പോഴും പൊട്ടിച്ചിരിയിലേക്ക് വഴുതിവീഴുന്നു. ഭാവി എന്താണെന്നറിയാതെ ആശങ്കയിലുമാണ് അവർ.

2020 മുഴുവനും അവരുടെ ഗ്രാമത്തിലുള്ള സർക്കാർ സ്കൂളുകൾ അടഞ്ഞുകിടന്നിരുന്നുവെങ്കിലും, സലീമ പർവീനും അസ്മ ഖാത്തൂനും (യഥാർത്ഥ പേരുകളല്ല) ഏഴാം ക്ലാസ്സിലായിരുന്നു കഴിഞ്ഞ വർഷം. അടച്ചുപൂട്ടൽ നീണ്ടുപോയപ്പോൾ, പാറ്റ്നയിലും ദില്ലിയിലും മുംബൈയിലും ജോലി ചെയ്തിരുന്ന അവരുടെ വീട്ടിലെ പുരുഷന്മാരെല്ലാം, ബിഹാറിലെ അരാരിയ ജില്ലയിലെ ടോല എന്ന ബംഗാളി ഊരിലേക്ക് മടങ്ങിയെത്തി. അതിനുപിന്നാലെ, ചില വിവാഹങ്ങളും നടന്നു.

“കൊറോണക്കാലത്തായിരുന്നു എന്‍റെ കല്യാണം”, അവരിരുവരിലെ, കൂടുതൽ വായാടിയായ അസ്മ പറഞ്ഞു.

രണ്ടുവർഷം മുമ്പാണ് സലീമയുടെ നിക്കാഹ് ചടങ്ങ് നടന്നത്. 18 വയസ്സായതോടെ അവൾ ഭർത്താവിന്‍റെ കൂടെ ജീവിക്കാൻ ഒരുങ്ങിയതായിരുന്നു. അപ്പോഴാണ് അടച്ചുപൂട്ടൽ വന്നത്. അതോടെ, ഭർത്താവും അയാളുടെ കുടുംബവും അവളോട് അവരുടെ വീട്ടിലേക്ക് താമസം മാറ്റാൻ ആവശ്യപ്പെട്ടു. 20 വയസ്സുള്ള ഭർത്താവ് ഒരു തയ്യൽക്കാരനായിരുന്നു. 2020 ജൂലായ് മാസത്തിലായിരുന്നു അത് നടന്നത്. ഭർത്താവിന് അപ്പോൾ ജോലി നഷ്ടപ്പെട്ടിരുന്നു. മിക്ക സമയത്തും വീട്ടിൽത്തന്നെ ഇരിപ്പായിരുന്നു അയാൾ. മറ്റ് രണ്ട് ആണുങ്ങളും വീട്ടിലുണ്ടായിരുന്നു. അതിനാൽ ഒരാൾകൂടി വന്നാൽ സഹായത്തിന് ഒരാൾകൂടിയായല്ലോ എന്നവർ സന്തോഷിച്ചു.

സ്വന്തം കാര്യങ്ങൾ നോക്കാൻ അസ്മയ്ക്ക് സമയം കിട്ടിയിരുന്നില്ല. 2019-ൽ കാൻസർ വന്ന് അവളുടെ 23 വയസ്സുള്ള ചേച്ചി മരിച്ചുപോയിരുന്നു. ചേച്ചിയുടെ ഭർത്താവ്, 23 വയസ്സുള്ള പ്ലംബിങ്ങ് പണി ചെയ്യുന്ന ആൾ അസ്മയെ വിവാഹം ചെയ്യണമെന്ന് നിർബന്ധം പിടിച്ചു. 2020 ജൂണിലെ അടച്ചുപൂട്ടൽകാലത്തുതന്നെ അങ്ങിനെ ആ ചടങ്ങും നടന്നു.

കുട്ടികളുണ്ടാവുന്നത് എങ്ങിനെയാണെന്ന് ആ രണ്ട് പെൺകുട്ടികൾക്കും അറിയില്ലായിരുന്നു. “അമ്മമാർ ഇതൊന്നും പറഞ്ഞുകൊടുക്കില്ല. അതൊക്കെ നാണക്കേടുള്ള കാര്യങ്ങളല്ലേ?” അസ്മയുടെ അമ്മ, രുഖ്സാന പറഞ്ഞപ്പോൾ പെൺകുട്ടികൾ പിന്നെയും ചിരിക്കാൻ തുടങ്ങി. സാധാരണയായി, സഹോദരന്‍റെ ഭാര്യയാണ് ഇത്തരം കാര്യങ്ങളും മറ്റും പറഞ്ഞുകൊടുക്കുക. പക്ഷേ ഇവിടെ സലീമയും അസ്മയുമായിരുന്നു നാത്തൂന്മാർ. കുട്ടികളെ പ്രസവിക്കുന്നതിനെക്കുറിച്ച് പരസ്പരം ഉപദേശിക്കാനുള്ള അറിവും അവർക്കുണ്ടായിരുന്നില്ല.

Health workers with display cards at a meeting of young mothers in a village in Purnia. Mostly though everyone agrees that the bride’s bhabhi is the correct source of information on such matters
PHOTO • Kavitha Iyer

പുർണിയയിലെ ഒരു ഗ്രാമത്തിലെ , ചെറുപ്പക്കാരായ അമ്മമാ‍രുടെ ഒരു യോഗത്തിൽ , കാർഡുകൾ ഉയർത്തിക്കാട്ടുന്ന ആരോഗ്യപ്രവർത്തകർ . വധുവിന്‍റെ നാത്തൂനാണ് ഇത്തരം കാര്യങ്ങളിൽ ഉപദേശം നൽകാറുള്ളതെന്ന് എല്ലാ‍വരും അംഗീകരിക്കുന്നു

എകദേശം 40 കുടുംബങ്ങൾ താമസിക്കുന്ന ബെൽ‌വാ പഞ്ചാ‍യത്തിലെ റാണിഗഞ്ച് ബ്ലോക്കിലെ പെൺകുട്ടികൾക്ക് താൻ എല്ലാം താമസിയാതെ വിശദീകരിച്ചുകൊടുക്കാമെന്ന് ആശാ പ്രവർത്തക കൂടിയായ (അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക - Accredited Social Health Activist - ASHA) അസ്മയുടെ അമ്മായി ഉറപ്പ് കൊടുത്തു.

അതല്ലെങ്കിൽ ആ പെൺകുട്ടികളേക്കാൾ രണ്ട് വയസ്സിന് മൂത്ത സകിയ പർവീണിനോട് (യഥാർത്ഥ പേരല്ല) അവർക്ക് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാം. വെറും 25 ദിവസം മുൻപ് ഒരു കുഞ്ഞിനെ പ്രസവിച്ചവളാണ് സകിയ. നിസാം എന്ന ആ കുഞ്ഞ്, കണ്മഷിയെഴുതിയ കണ്ണുകളോടെ, കണ്ണുതട്ടാതിരിക്കാൻ കവിളിൽ കുത്തിയ ഒരു കറുത്ത മഷിപ്പൊട്ടോടെ എല്ലാവരേയും ഉറ്റുനോക്കുന്നുണ്ടായിരുന്നു. 19 വയസ്സുള്ള സകിയയ്ക്ക് അത്രതന്നെ പ്രായം തോന്നുന്നുണ്ടായിരുന്നില്ല. ധരിച്ചിരിക്കുന്ന കോട്ടൺ സാരിയിൽ അവൾ ശോഷിച്ചും വിളറിയും കാണപ്പെട്ടു. സ്കൂളിൽ പോയിട്ടില്ലാത്ത അവൾ 16 വയസ്സുള്ളപ്പോള്‍ ഒരു ബന്ധുവിനെയാണ് കല്ല്യാണം കഴിച്ചത്.

ബിഹാറിലെ ‘കോവിഡ് വധുക്കൾ’ മിക്കവരും ഗർഭിണികളാണെന്നും, പോഷകാഹാ‍രക്കുറവും, കാര്യങ്ങളെക്കുറിച്ചുള്ള അജ്ഞതയും അവർ നേരിടുന്നുണ്ടെന്നും ആരോഗ്യപ്രവർത്തകരും ഗവേഷകരും സമ്മതിക്കുന്നു. അടച്ചുപൂട്ടലിനുമുൻപും, ബിഹാറിലെ ഗ്രാമങ്ങളിൽ കൗമാരക്കാരികൾ ഗർഭിണികളാവുന്നത് പതിവായിരുന്നു. “ഇതിവിടെ സാധാരണയാണ്. ചെറിയ പെൺകുട്ടികൾ, വിവാഹം കഴിഞ്ഞയുടൻ ഗർഭിണികളാവുകയും ഒരുവർഷത്തിനുള്ളിൽ പ്രസവിക്കുകയും ചെയ്യാറുണ്ട്. ബ്ലോക്ക് ഹെൽത്ത് മാനേജരായ പ്രേരണ വർമ്മ പറഞ്ഞു.

15-19 വയസ്സിനിടയിലുള്ള 11 ശതമാനം കുട്ടികൾ, സർവേ നടക്കുന്ന സമയത്ത് ഗർഭിണികളോ അമ്മമാരോ ആയിട്ടുണ്ടെന്ന് ദേശീയ കുടുംബാരോഗ്യ സർവേ (എൻ.എഫ്.എച്ച്.എസ്-5, 2019-20) ചൂണ്ടിക്കാട്ടുന്നു. 18 വയസ്സിന് മുൻപ് വിവാഹിതരാവുന്ന ഇന്ത്യയിലെ പെൺകുട്ടികളിൽ 11 ശതമാനവും 21 വയസ്സിന് മുൻപ് വിവാഹിതരാവുന്ന ആൺകുട്ടികളിൽ 8 ശതമാനവും ബിഹാറിലാണെന്നാണ് കണക്ക്.

ആരോഗ്യ-വികസന വിഷയങ്ങളിൽ സർവേ നടത്തുന്ന ലാഭേതര സംഘടനയായ പോപ്പുലേഷൻ കൗൺസിൽ ബിഹാറിൽ നടത്തിയ മറ്റൊരു സർവേയുടെ കണക്ക് പ്രകാരം, 15-19 വയസ്സ് പ്രായമുള്ള പെൺകുട്ടികളിൽ 7 ശതമാനം 15 വയസ്സിനുമുൻപും 18-19 വയസ്സ് പ്രായമുള്ള പെൺകുട്ടികളിൽ 44 ശതമാനം 18-ന് മുൻപും വിവാഹിതരാവുന്നുണ്ട്.

അതേസമയം, കഴിഞ്ഞ വർഷത്തെ അടച്ചുപൂട്ടൽകാലത്ത് വിവാഹിതരായ ബിഹാറിലെ ധാരാളം കൗമാരക്കാരികളാ‍യ വധുക്കൾ, ഭർത്താക്കന്മാർ പട്ടണങ്ങളിലേക്ക് ജോലിക്ക് തിരികെ പോയതിനുശേഷം, ഒറ്റപ്പെട്ട്, തീർത്തും അപരിചിതമായ ചുറ്റുപാടുകളിലാണ് കഴിഞ്ഞിരുന്നത്.

Early marriage and pregnancies combine with poor nutrition and facilities in Bihar's villages, where many of the houses (left), don't have toilets or cooking gas. Nutrition training has become a key part of state policy on women’s health – an anganwadi worker in Jalalgarh block (right) displays a balanced meal’s components
PHOTO • Kavitha Iyer
Early marriage and pregnancies combine with poor nutrition and facilities in Bihar's villages, where many of the houses (left), don't have toilets or cooking gas. Nutrition training has become a key part of state policy on women’s health – an anganwadi worker in Jalalgarh block (right) displays a balanced meal’s components
PHOTO • Kavitha Iyer

കക്കൂസുകളും പാചകവാതകവുമില്ലാത്ത വീടുകളിൽ ( ഇടത്ത് ) കഴിയുകയും , പ്രായപൂർത്തിയാവുന്നതിനുമുൻപ് വിവാഹിതരും ഗർഭിണികളുമാവുകയും ചെയ്യുന്ന പെൺകുട്ടികൾക്ക് പോഷകാഹാര പ്രശ്നവും മറ്റ് നിരവധി അസൗകര്യങ്ങളും അനുഭവിക്കേണ്ടിവരുന്നുണ്ട് . സ്ത്രീകളുടെ ആരോഗ്യസംബന്ധമായ സംസ്ഥാനനയങ്ങളുടെ പ്രധാനഭാഗമാണ് പോഷകാഹാര പരിശീലനം . ജലാൽഘഢ് ബ്ലോക്കിലെ ഒരു അങ്കണവാടി പ്രവർത്തക ( വലത്ത് ) ഒരു സമീകൃതാഹാരത്തിലെ ഘടകങ്ങൾ പ്രദർശിപ്പിക്കുന്നു

ജനുവരിയിൽ സകിയ, നിസാമിനെ പ്രസവിച്ച് വലിയ താമസമില്ലാതെ അവളുടെ ഭർത്താവ് മുംബൈയിലെ ഒരു സാരി എം‌ബ്രോയിഡറി യൂണിറ്റിലേക്ക് മടങ്ങിപ്പോയി. പ്രസവത്തിന് ശേഷം കഴിക്കേണ്ട പോഷകപൂരക ഭക്ഷണവും, സർക്കാർ നിർബന്ധമാക്കിയ കാ‌ൽ‌സ്യം, ഇരുമ്പ് എന്നിവയടങ്ങിയ അനുബന്ധഭക്ഷണവസ്തുക്കളും അവൾക്ക് കിട്ടിയിട്ടില്ല. എങ്കിലും, പ്രസവത്തിന് മുമ്പ് കഴിക്കേണ്ട മരുന്നുകളും മറ്റും അങ്കണവാടിയിൽനിന്ന് കൃത്യമായി ലഭിച്ചിരുന്നു അവൾക്ക്.

ദിവസേന കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ചോദിച്ചപ്പോൾ “പുഴുങ്ങിയ ഉരുളക്കിഴങ്ങും ചോറും” എന്നായിരുന്നു അവളുടെ മറുപടി. ഇലകളോ, പഴവർഗ്ഗങ്ങളോ ഇല്ലായിരുന്നു. കുട്ടിക്ക് മഞ്ഞപ്പിത്തം വന്നാലോ എന്ന് ഭയന്ന്, സകിയയുടെ കുടുംബം അവൾക്ക് സസ്യേതരഭക്ഷണവും മുട്ടയും കുറേക്കാലത്തേക്ക് വിലക്കിയിരിക്കുകയാണ്. വീടിന്‍റെ ഉമ്മറത്ത് ഒരു പശുവിനെ കെട്ടിയിരുന്നുവെങ്കിലും, ഏതാനും മാസത്തേക്ക് സകിയയ്ക്ക് പാലും നല്‍കിയില്ല. ഈ ഭക്ഷണങ്ങളൊക്കെ മഞ്ഞപ്പിത്തത്തിന് കാരണമാകുമെന്ന് വിശ്വസിക്കുന്നു.

16-ാമത്തെ വയസ്സിൽ സകിയയുടെ വിവാഹം കഴിഞ്ഞ് രണ്ടുവർഷത്തിനുശേഷം ജനിച്ച നിസാമിന്‍റെ കാര്യത്തിലാകട്ടെ, കുടുംബത്തിന് പ്രത്യേക ശ്രദ്ധയാണ്. “കേസരാര ഗ്രാമത്തിലെ ഒരു ബാബയുടെ അടുത്തേക്ക് ഞങ്ങളവളെ കൊണ്ടുപോയി. അദ്ദേഹം കൊടുത്ത ഒരു പച്ചില കഴിച്ചതിനുശേഷമാണ് അവൾ ഗർഭിണിയായത്. ഒരു കാട്ടുമരുന്നായിരുന്നു അത്” സകിയയുടെ അമ്മ പറഞ്ഞു. വീട്ടമ്മയായ അവരുടെ ഭർത്താവ് ഒരു കൂലിപ്പണിക്കാരനാണ്. സകിയ രണ്ടാമതും ഗർഭം ധരിച്ചില്ലെങ്കിൽ അവളെ 50 കിലോമീറ്റർ അകലെയുള്ള കേസരാര ഗ്രാമത്തിലേക്ക് വീണ്ടും കൊണ്ടുപോകുമോ എന്ന് ചോദിച്ചപ്പോൾ “ഇല്ല, അള്ളാഹു തീരുമാനിക്കുമ്പോൾ രണ്ടാമത്തെ കുട്ടി വരും”, എന്നായിരുന്നു അവരുടെ മറുപടി.

സകിയയുടെ താഴെ മൂന്ന് അനിയത്തിമാരുണ്ട്. ഏറ്റവും ചെറിയ കുട്ടിക്ക് അഞ്ച് വയസ്സാവുന്നതേയുള്ളു. 20 വയസ്സുള്ള മൂത്ത ഏട്ടൻ കൂലിപ്പണി ചെയ്യുന്നു. എല്ലാ സഹോദരിമാരും സ്കൂളിലും മദ്രസയിലും പോകുന്നുണ്ട്. പക്ഷേ കുടുംബത്തിന്‍റെ സാമ്പത്തികസ്ഥിതി മൂലം, സകിയ സ്കൂളിൽ പോയിട്ടില്ല.

പ്രസവത്തിനുശേഷം തുന്നലിടേണ്ടിവന്നുവോ? സകിയ തല കുലുക്കി. വേദനിക്കുന്നുണ്ടോ? അവളുടെ കണ്ണുകൾ നിറഞ്ഞുവെങ്കിലും, അവളൊന്നും മിണ്ടിയില്ല. പകരം, അവൾ കുഞ്ഞ് നിസാമിലേക്ക് നോട്ടമയച്ചു.

A test for under-nourished mothers – the norm is that the centre of the upper arm must measure at least 21 cms. However, in Zakiya's family, worried that her baby could get jaundice, she is prohibited from consuming non-vegetarian food, eggs and milk
PHOTO • Kavitha Iyer

കൈമുട്ടിനും തോളെല്ലിനും നടുവിലെ ഭാഗത്തിന് ചുരുങ്ങിയത് 21 സെന്‍റീമീറ്റർ ഉണ്ടാവണമെന്നുള്ളതാണ് പോഷകക്കുറവുള്ള അമ്മമാരെ കണ്ടെത്താൻ ഉപയോഗിക്കുന്ന ശാരീരിക മാനദണ്ഡം . എന്തായാലും , സകിയയുടെ കുടുംബത്തിൽ , കുട്ടിക്ക് മഞ്ഞപ്പിത്തം വരുമോ എന്ന് ഭയന്ന് , അവൾക്ക് സസ്യേതര ഭക്ഷണമോ , മുട്ടയോ , പാലോ കൊടുക്കുന്നില്ല

പ്രസവിക്കുമ്പോൾ കരഞ്ഞുവോ എന്ന് ഗർഭിണികളായ ആ രണ്ട് പെൺകുട്ടികൾ അവളോട് ചോദിച്ചപ്പോൾ, ചുറ്റും കൂടിയിരുന്ന സ്ത്രീകൾ ചിരിക്കാൻ തുടങ്ങി. “കുറേ കരഞ്ഞു”, സകിയ മറുപടി പറഞ്ഞു. ആദ്യമായിട്ടായിരുന്നു അവൾ ശബ്ദമുയർത്തി വ്യക്തമായി ഒരു കാര്യം പറയുന്നത്. താരത‌മ്യേന അല്പം ഭേദപ്പെട്ട ഒരു അയൽക്കാരന്‍റെ പകുതി പണി കഴിഞ്ഞ ഒരു വീട്ടിലെ, സിമന്‍റ് കൂട്ടിയിട്ട നിലത്ത് നിരത്തിയ കടമെടുത്ത പ്ലാസ്റ്റിക്ക് കസേരകളിലിരിക്കുകയായിരുന്നു ഞങ്ങൾ.

20-24 വയസ്സുള്ള സ്ത്രീകളേക്കാൾ, 10-നും 19-നും ഇടയ്ക്ക് പ്രായമുള്ള കൗമാരപ്രായക്കാരായ അമ്മമാർക്കാണ്, രക്തസമ്മർദ്ദം, കോച്ചിപ്പിടുത്തം, ഗർഭാശയരോഗം മുതലായ ഗർഭ-പ്രസവ സംബന്ധമായ രോഗങ്ങൾ വരാൻ സാധ്യത എന്ന്, ലോകാരോഗ്യസംഘടന അതിന്‍റെ 2000-2016 കാലത്തേക്കുള്ള ആഗോള ആരോഗ്യ കണക്കുകളിൽ സൂചിപ്പിക്കുന്നു. രാജ്യങ്ങൾ, മേഖലകൾ, പ്രായം, ലിംഗം എന്നിവ അടിസ്ഥാനപ്പെടുത്തിയുള്ള മരണകാരണങ്ങളാണ് കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നവജാതശിശുക്കൾക്കും, ഭാരക്കുറവും മറ്റ് ജനനാന്തര രോഗങ്ങളും അനുഭവിക്കേണ്ടിവരുന്നുണ്ട്.

സകിയയെ സംബന്ധിച്ച് അരാരിയയിലെ ബ്ലോക്ക് ഹെൽത്ത് മാനേജർക്ക് മറ്റൊരു ആശങ്കയുമുണ്ട്. “ഭർത്താവിന്‍റെ അടുത്തേക്ക് പോവരുത്”, അവർ ആ കൗമാരക്കാരി അമ്മയെ ഉപദേശിക്കുന്നു. തുടർച്ചയായ പ്രസവങ്ങൾമൂലം അമ്മമാർക്കുണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് ബിഹാറിലെ ഗ്രാമങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് നന്നായറിയാം.

ഒരുമാസം ഗർഭിണിയായ സലീമയെ, കഴിഞ്ഞ ഫെബ്രുവരിയിൽ ഞാൻ സന്ദർശിക്കുമ്പോൾ, പ്രസവപൂർവ്വ പരിചരണത്തിന് അങ്കണവാടിയിൽ അവർ പേർ ചേർത്തിട്ടില്ലായിരുന്നു. ആറുമാസം ഗർഭിണിയായ അസ്മയുടെ വയർ ചെറുതായി വീർത്തിട്ടേ ഉണ്ടായിരുന്നുള്ളു. 180 ദിവസത്തേക്ക് ഗർഭിണികൾക്ക് സർക്കാർ നിർബന്ധമായി കൊടുക്കുന്ന കാൽ‌സ്യവും ഇരുമ്പും ചേർന്ന മരുന്നുകൾ (ആ പെൺകുട്ടികളുടെ ഭാഷയിൽ പറഞ്ഞാൽ, ശക്തി കിട്ടാനുള്ള മരുന്നുകൾ) അവൾക്ക് കിട്ടിത്തുടങ്ങിയിട്ടുണ്ട്.

എന്നിരുന്നാലും, ബിഹാറിലെ അമ്മമാരിൽ 9.3 ശതമാനം മാത്രമേ 180 ദിവസവും ഈ പോഷകമരുന്നുകളൊക്കെ കഴിക്കുന്നുള്ളു എന്നാണ് എൻ.എഫ്.എച്ച്.എസ്-5 വിലയിരുത്തുന്നത്. പ്രസവപൂർവ്വ കാലത്ത് ഏതെങ്കിലും ആരോഗ്യകേന്ദ്രത്തിൽ നാലുതവണയെങ്കിലും പോവുന്ന അമ്മമാരുടെ സംഖ്യ 25.2 ശതമാനം മാത്രമാണ്.

വിവാഹത്തിനായി ഒരുവർഷം കാത്തിരിക്കാൻ അസ്മയുടെ ഭർത്താവ് വിസമ്മതിച്ചതിനുള്ള കാരണം അവളുടെ അമ്മ പറയുമ്പോൾ അവൾ പരിഭ്രമത്തോടെ ചിരിച്ചു എന്ന് വരുത്തി. “സ്കൂളിൽ പോവുന്ന പെണ്ണാ‍യതിനാൽ ഏതെങ്കിലും ചെക്കന്മാരുടെ കൂടെ ഒളിച്ചോടിപ്പോവുമോ എന്ന് അവന്‍റെ കുടുംബത്തിന് പേടിയുണ്ടായിരുന്നു. ഞങ്ങളുടെ ഗ്രാമത്തിൽ അങ്ങിനെയൊക്കെ നടക്കാറുണ്ട്”, രുഖ്സാന പറയുന്നു.

PHOTO • Priyanka Borar

സർവേയുടെ സമയത്ത്, 15-19 പ്രായപരിധിയിലുള്ള പെൺകുട്ടികളിൽ 11 ശതമാനവും അമ്മമാരോ, ഗർഭിണികളോ ആയിരുന്നുവെന്ന് ദേശീയ കുടുംബാരോഗ്യ സർവേ (2019-2020) ചൂണ്ടിക്കാണിക്കുന്നു

*****

പെൺകുട്ടികൾക്കുനേരെ ഭർത്താക്കന്മാർ നടത്തുന്ന ശാരീരികവും മാനസികവും ലൈംഗികവുമായ ആക്രമണങ്ങളെക്കുറിച്ച് 2016-ലെ പോപ്പുലേഷൻ കൗൺസിൽ സർവേ പറയുന്നുണ്ട്. (ഉദയ എന്നാണ് സർവ്വേക്ക് പേരിട്ടിരിക്കുന്നത് - Understanding Adolescents and Young Adults). അതിൻപ്രകാരം, 15-19 വയസ്സിനിടയിലുള്ള 27 ശതമാനം പെൺകുട്ടികൾക്ക് ഒരിക്കലെങ്കിലും മർദ്ദനം ഏൽക്കേണ്ടിവരുന്നു. 37.4 ശതമാനം, ഒരിക്കലെങ്കിലും ലൈംഗികമായി ബന്ധപ്പെടാൻ നിർബന്ധിതരാകുന്നുണ്ട്. വിവാഹം കഴിഞ്ഞ് വലിയ താമസമില്ലാതെ ഗർഭിണികളാകാൻ കുടുംബത്താൽ നിർബന്ധിതരാവുന്നവരുടെ ശതമാനം 24.7 ആണ്.  വിവാ‍ഹം കഴിഞ്ഞ് വേഗം കുട്ടികളുണ്ടായില്ലെങ്കിൽ ‘വന്ധ്യ’രായി മുദ്രകുത്തപ്പെടുമെന്ന് ഭയക്കുന്നവർ 24.3 ശതമാനവും.

സംസ്ഥാനത്തിലെ ശൈശവവിവാഹങ്ങളെ കൈകാര്യം ചെയ്യുന്നതിൽ, കോവിഡ് കാലത്തെ അടച്ചുപൂട്ടൽ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചുവെന്ന് തുറന്നുപറയുകയാണ് സാക്ഷമാ : ഇനീഷ്യേറ്റീവ് ഫോർ വാട്ട് വർക്ക്സ് , ബിഹാർ (Sakshamaa: Initiative for What Works, Bihar) എന്ന സംഘടനയിലെ ഗവേഷകയും പാറ്റ്ന കേന്ദ്രമാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന അനാമിക പ്രിയദർശിനി. “2016-2017-ൽ യു.എൻ.എഫ്.പി.എ.യും സംസ്ഥാനസർക്കാരും ചേർന്ന് പുറത്തിറക്കിയ ബന്ധൻ തോഡ് എന്ന അപ്പിൽ, ശൈശവവിവാഹങ്ങളെക്കുറിച്ചുള്ള ധാരാളം പരാതികളും റിപ്പോർട്ടുകളും ഉണ്ടായിരുന്നു“, അവർ പറയുന്നു. സ്ത്രീധനം, ലൈംഗികാതിക്രമം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും, ഏറ്റവുമടുത്ത പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാനുള്ള അടിയന്തിര എസ്.ഒ.എസ്. സംവിധാനവുമൊക്കെയുള്ള ആപ്പായിരുന്നു അത്.

ശൈശവവിവാഹങ്ങളെക്കുറിച്ച് വിശദമായ സർവേ ചെയ്യാൻ ഉദ്ദേശിക്കുന്ന സാക്ഷമാ, 2021 ജനുവരിയിൽ ബിഹാറിനെ പ്രത്യേകമായി പരാമർശിച്ചുകൊണ്ടുള്ള , ഇന്ത്യയിലെ ശൈശവ വിവാഹങ്ങൾ (Early Marriage in India with Special Reference to Bihar) എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയുണ്ടായി. വിദ്യാഭ്യാസം മെച്ചപ്പെടുത്തിയും, സാമ്പത്തികസഹായമടക്കമുള്ള വിവിധ സംസ്ഥാന പദ്ധതികൾ നടപ്പാക്കിയും ശൈശവവിവാഹങ്ങൾ തടയാനുള്ള ശ്രമങ്ങൾക്ക് സമ്മിശ്രമായ പ്രതികരണമാണ് ഉണ്ടായതെന്ന് അനാമിക പറയുന്നു. “ഈ പദ്ധതികളിൽ ചിലതിന് ഗുണഫലങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, കുട്ടികളെ സ്കൂളിൽ അയയ്ക്കുന്നതിന് പ്രോത്സാഹനമായി പൈസ കൊടുക്കുന്നതിനും, പെൺകുട്ടികൾക്ക് സൈക്കിൾ വാങ്ങുന്നതിനുമുള്ള പദ്ധതികൾ അവരെ സെക്കൻഡറി വിദ്യാഭ്യാസത്തിലെത്തിക്കാനും, അവർക്ക് കൂടുതൽ ചലനക്ഷമത ഉണ്ടാക്കാനും സഹായിച്ചിട്ടുണ്ട്. ഈ ഗുണഫലങ്ങൾ അനുഭവിക്കുന്ന പെൺകുട്ടികൾ ഇനി 18 വയസ്സിൽ വിവാഹം ചെയ്താൽപ്പോലും ആ പദ്ധതിയെ ഒരു വിജയമായി കണക്കാക്കാം“ അവർ പറയുന്നു.

എന്തുകൊണ്ടാണ് 2006-ലെ ശൈശവവിവാഹ നിരോധന നിയമം കാര്യക്ഷമമായി നടപ്പാവാത്തത് എന്ന ചോദ്യത്തിന് ‘ബിഹാറിൽ ശൈശവ വിവാഹ നിയമങ്ങൾ നടപ്പാക്കുന്നതിന്‍റെ ഫലപ്രാപ്തിയെക്കുറിച്ച് പൊതുവായ പഠനങ്ങളൊന്നും ലഭ്യമല്ല എന്നാണുത്തരം. എന്നാൽ, ആന്ധ്രപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിൽനിന്ന് മനസ്സിലാവുന്നത്, രാഷ്ട്രീയക്കാരുടെയും സംഘടിതരായ ചില സാമൂഹ്യസംഘങ്ങളുടേയും പ്രവർത്തനങ്ങൾ, ആ നിയമങ്ങൾ നടപ്പാക്കാൻ ബാധ്യസ്ഥരായവർക്ക് തടസ്സങ്ങൾ സൃഷ്ടിക്കുന്നു” എന്നാണ്.

മറ്റൊരു രീതിയിൽ പറഞ്ഞാൽ, രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിലെ വിശേഷാവകാശങ്ങൾ അനുഭവിക്കുന്നവരിൽനിന്ന് ശൈശവവിവാഹം എന്ന സമ്പ്രദായത്തിന് ലഭിക്കുന്ന വ്യാപകമായ പിന്തുണ, ആ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനെ ദുഷ്കരമാക്കുന്നു. മാത്രമല്ല, ആ സമ്പ്രദായം, ജനങ്ങളുടെ സാംസ്കാരികവും മതപരവുമായ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ, സംസ്ഥാനത്തിന് അതിൽ ഇടപെടുന്നതിൽ ആശങ്കകളുമുണ്ട്.

Many young women who are pregnant learn about childbirth from display cards such as these. But 19-year-old Manisha Kumari of Agatola village says she doesn’t have much information about contraception, and is relying mostly on fate to defer another pregnancy
PHOTO • Kavitha Iyer
Many young women who are pregnant learn about childbirth from display cards such as these. But 19-year-old Manisha Kumari of Agatola village says she doesn’t have much information about contraception, and is relying mostly on fate to defer another pregnancy
PHOTO • Kavitha Iyer

പ്രസവത്തിനെക്കുറിച്ച് , കൗമാരക്കാരായ ഗർഭിണികൾ മനസ്സിലാക്കുന്നത് ഇത്തരം പ്രദർശന കാർഡുകളിൽനിന്നാണ്. ഗർഭനിരോധനത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും, ഗർഭം നീളുന്നതൊക്കെ വിധിപോലെ വരുമെന്നുമാണ് പക്ഷേ, അഗാടോല ഗ്രാമത്തിലെ 19 വയസ്സുകാരിയായ മനീഷാ കുമാരി പറയുന്നത്

അരാരിയയുടെ 50 കിലോമീറ്റർ കിഴക്കുമാറി, പുർണിയ ജില്ലയിലുള്ള പുർണിയ ഈസ്റ്റ് ബ്ലോക്കിലെ അഗാടോല ഗ്രാമത്തിലെ മനീഷാ കുമാരി, തന്‍റെ ഒന്നരവയസ്സായ മകനേയും താലോലിച്ച് അമ്മയുടെ വീടിന്‍റെ വരാന്തയിലിരിക്കുന്നു. തനിക്ക് 19 വയസ്സായെന്ന് അവൾ പറഞ്ഞു. ഗർഭനിരോധനത്തെക്കുറിച്ച് തനിക്ക് യാതൊന്നും അറിയില്ലെന്നും, ഗർഭം നീളുന്നതൊക്കെ വിധിപോലെ വരുമെന്നുമാണ് അവളുടെ അഭിപ്രായം. അവളുടെ 17 വയസ്സുള്ള അനിയത്തി മനീക, കുടുംബത്തിന്‍റെ സമ്മർദ്ദത്തിന് വഴങ്ങി വിവാഹത്തിന് ഒരുങ്ങുകയാണ്. അമ്മ ഗൃഹസ്ഥയും, അച്ഛൻ കർഷകത്തൊഴിലാളിയുമാണ്.

‘കല്യാണം കഴിക്കാനുള്ള കുറഞ്ഞ പ്രായം 18 ആണെന്ന് എന്‍റെ അദ്ധ്യാപകൻ പറഞ്ഞു”, മനീക പറഞ്ഞു. പത്താം ക്ലാസ്സിൽ പഠിക്കുന്ന അവളുടെ പുർണിയ റെസിഡൻഷ്യൽ സ്കൂളിലെ ഒരു അദ്ധ്യാപകനെയാണ് അവൾ ഉദ്ദേശിച്ചത്. 2020 മാർച്ചിൽ അടച്ചുപൂട്ടൽ വന്നതോടെ അവൾക്ക് വീട്ടിലേക്ക് മടങ്ങേണ്ടിവന്നു. അവളെ തിരിച്ച് സ്കൂളിലേക്ക് വിടാൻ പറ്റുമോ എന്ന് അവളുടെ കുടുംബത്തിന് നിശ്ചയമില്ല. ഈ വർഷം അങ്ങിനെ പലതും അനിശ്ചിതാവസ്ഥയിലാണ്. വീട്ടിൽ തിരിച്ചെത്തിയതോടെ, അവളെ കല്യാണം കഴിച്ചയയ്ക്കാനുള്ള സാധ്യതയും വർദ്ധിച്ചിട്ടുണ്ട്. “എല്ലാവരും പറയുന്നു കല്യാണം കഴിക്കാൻ”, അവൾ പറഞ്ഞു.

20-25 കുടുംബങ്ങൾ താമസിക്കുന്ന സമീപത്തെ രാംഘട്ട് എന്ന ഊരിലെ ബീബി തൻ‌സിലയ്ക്ക് പ്രായം 38-39 മാത്രം. എങ്കിലും എട്ട് വയസ്സുള്ള ആൺകുട്ടിയുടേയും, രണ്ട് വയസ്സുള്ള പെൺകുട്ടിയുടേയും മുത്തശ്ശിയാണ് അവൾ. “19 വയസ്സായിട്ടും കല്യാണം കഴിയാത്ത പെണ്ണുങ്ങളെ വയസ്സികളായാണ് എല്ലാവരും കണക്കാക്കുന്നത്. അതിനാൽ ആരും അവളെ കല്യാണം കഴിക്കില്ല”, താൻസില പറഞ്ഞു. “ഞങ്ങൾ ശേർശാഹ്ബാദി മുസ്ലിങ്ങൾ, മതത്തിലെ നിയമങ്ങൾ കർശനമായി പിന്തുടരുന്നവരാണ്” എന്ന് കൂട്ടിച്ചേർത്ത അവൾ, തങ്ങളുടെയിടയിൽ ഗർഭനിരോധനം വിലക്കപ്പെട്ടതാണെന്നും, വയസ്സറിയിച്ചയുടൻ പെൺകുട്ടികളെ വിവാഹം ചെയ്തയക്കുന്നത് പതിവാണെന്നും പറഞ്ഞു. 14 വയസ്സിലായിരുന്നു അവളുടെ വിവാഹം. ഒരുവർഷം കഴിഞ്ഞ് അമ്മയുമായി. നാലാമത്തെ കുട്ടിയെ പ്രസവിച്ചതിനുശേഷം ചില ശാരീരികപ്രശ്നങ്ങളുണ്ടായപ്പോൾ വന്ധ്യംകരണത്തിന് വിധേയയായി. “ഞങ്ങളുടെ വിഭാഗത്തിൽ ആരും സ്വമനസ്സാലെ ഗർഭനിരോധനമാർഗ്ഗങ്ങൾ സ്വീകരിക്കാറില്ല. നാലഞ്ച് കുട്ടികളായതിനുശേഷം, ഇനി കുട്ടികളെ പ്രസവിക്കാൻ പറ്റില്ല എന്നൊന്നും ആരും പറയുക പതിവില്ല”, തൻസില പറഞ്ഞു. ഗര്‍ഭാശയം നീക്കംചെയ്യലും (hysterectomy) ഗർഭാശയക്കുഴലുകൾ അടച്ചുകെട്ടലുമാണ് (tubal ligation) ബിഹാറിലെ ഏറ്റവും പ്രചാരമുള്ള ഗർഭനിരോധനമാർഗ്ഗങ്ങൾ എന്ന് എൻ.എഫ്.എച്ച്.എസ്-5 ചൂണ്ടിക്കാട്ടുന്നു.

രാംഘട്ടിലെ ശേര്‍ശാഹ്ബാദി മുസ്ലിങ്ങൾക്ക് സ്വന്തമായി കൃഷിയിടങ്ങളില്ല. പുരുഷന്മാർ മിക്കവരും അടുത്തുള്ള പുർണിയ പട്ടണത്തിൽ ദിവസക്കൂലിക്ക് പണിയെടുക്കുന്നു. മറ്റ് ചിലരാകട്ടെ, ദൂരെയുള്ള പാറ്റ്നയിലേക്കോ ദില്ലിയിലേക്കോ കുടിയേറി ആശാരിപ്പണിയും പ്ലംബിങ്ങ് ജോലിയും ചെയ്ത് ഉപജീവനം നടത്തുന്നു. പശ്ചിമബംഗാളിലെ മാൾഡയിലെ പട്ടണമായ ശേര്‍ശാഹ്ബാദിന്‍റെ പേരിലാണ് അവരുടെ വിഭാഗം അറിയപ്പെടുന്നത്. ആ പേരിന്‍റെ ഉത്ഭവമാകട്ടെ, ഷെർ ഷാ സൂരിയിൽനിന്നാണെന്നും പറയപ്പെടുന്നു. ബംഗാളി ഭാഷയിൽ പരസ്പരം സംസാരിക്കുന്ന അവരുടെ സമുദായക്കാർ മിക്കവാറും ഒരേ സ്ഥലത്താണ് കൂട്ടംകൂടി ജീവിക്കുന്നത്. ബംഗ്ലാദേശികൾ എന്നാണ് അവരെ പൊതുവെ പരിഹസിച്ച് വിളിക്കുന്നതും.

Women of the Shershahbadi community in Ramghat village of Purnia
PHOTO • Kavitha Iyer

പുര്‍ണിയയിലെ രാംഘട്ട് ഗ്രാമത്തിലെ ശേര്‍ശാഹ്ബാദി സമൂഹത്തിലെ സ്ത്രീകള്‍

വിദ്യാഭ്യാസനിലവാരം കുറഞ്ഞ, ശൈശവവിവാഹം പ്രചാരത്തിലിരിക്കുന്ന, ഗർഭനിരോധനം വിലക്കപ്പെട്ട രംഘട്ടുപോലെയുള്ള ഊരുകളിൽ, കുടുംബാസൂത്രണത്തിലും ഗർഭനിയന്ത്രണത്തിലും സർക്കാരിന്‍റെ ഇടപെടൽ വലിയ ഫലം കാണുന്നില്ലെന്നാണ് ഗ്രാമത്തിലെ ആശാ പ്രവര്‍ത്തകയായ സുനിതാ ദേവി പറയുന്നത്. രണ്ട് കുട്ടികളുടെ അമ്മയായ സാദിയയെ (യഥാർത്ഥ പേരല്ല) സുനിതാ ദേവി പരിചയപ്പെടുത്തി. രണ്ടാമത്ത് കുട്ടിയെ അവർ പ്രസവിച്ചത്, 2020 മേയ് മാസം, അടച്ചുപൂട്ടൽ കാലത്തായിരുന്നു. 13 മാസത്തെ വ്യത്യാസത്തിലായിരുന്നു രണ്ട് പ്രസവങ്ങളും. സാദിയയുടെ ഭർത്താവിന്‍റെ സഹോദരി അവരുടെ ഭർത്താവിന്‍റെ അനുമതിയോടെ, കുത്തിവെപ്പിലൂടെയുള്ള ഗർഭനിരോധനം നടത്തിയിട്ടുണ്ടായിരുന്നു. ബാർബറായി ജോലിചെയ്യുന്ന ആളായിരുന്നു ഭർത്താവ്. അതിനവർ തയ്യാറായത്, ആശ പ്രവർത്തകരുടെ ഉപദേശപ്രകാരമൊന്നുമായിരുന്നില്ല, സാമ്പത്തികമായ കാരണങ്ങളാലായിരുന്നുവെന്ന് മാത്രം.

കാലം മാറുന്നുണ്ടെന്ന് തൻസില പറഞ്ഞു. “പ്രസവം അന്നും നല്ല വേദനയുള്ളതായിരുന്നെങ്കിലും, ഇന്നത്തേക്കാൾ ഭേദമായിരുന്നുവെന്ന് തോന്നുന്നു. ഒരുപക്ഷേ ഇന്ന് ഞങ്ങൾ കഴിക്കുന്ന ഭക്ഷണത്തിലെ പോഷകക്കുറവുകൊണ്ടായിരിക്കാം” അവർ പറഞ്ഞു. രാംഘട്ടിലെ ചില സ്ത്രീകൾ വിവിധ ഗർഭനിരോധനമാർഗ്ഗങ്ങളെ - കുത്തിവെപ്പും, ഗുളികകളും, കുഴലുകൾ കെട്ടിപ്പൂട്ടലുമടക്കമുള്ള മാർഗ്ഗങ്ങൾ -ആശ്രയിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് അവർക്കറിയാം. “ഗർഭം നിരോധിക്കുന്നത് തെറ്റാണ്. പക്ഷേ ചിലപ്പോൾ ആളുകൾക്ക് മറ്റ് മാർഗ്ഗങ്ങളില്ലെന്ന് വരാം”, അവർ കൂട്ടിച്ചേർത്തു.

55 കിലോമീറ്റർ അകലെയുള്ള അരാരിയയിലെ ബംഗാളി ടോലയിലേക്ക് തിരിച്ചുവന്ന അസ്മ, താൻ സ്കൂൾ ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. വിവാഹം കഴിച്ച് 75 കിലോമീറ്റർ അകലെയുള്ള കിഷൻ‌ഗഞ്ചിലേക്ക് പോവുമ്പോൾ, കോവിഡുകാരണം അവളുടെ സ്കൂൾ അടച്ചുപൂട്ടലിലായിരുന്നു. 2021 ഫെബ്രുവരിയിൽ, ഒരു ആരോഗ്യപരിശോധനയ്ക്കുശേഷം അമ്മയുടെയടുത്തെത്തിയ അവൾ, പ്രസവശേഷം താൻ തിരിച്ച് തന്‍റെ സ്കൂളായ കന്യാ മധ്യ വിദ്യാലയത്തിലേക്ക് നടന്നുപോവുമെന്ന് പറഞ്ഞു. ഭർത്താവിന് അതിൽ വിരോധമുണ്ടാവില്ലെന്നും അവൾ പ്രതീക്ഷിക്കുന്നു.

ആ സൂചിപ്പിച്ച ആരോഗ്യപ്രശ്നത്തെക്കുറിച്ച് ചോദിച്ചപ്പോൾ രുഖ്സാനയാണ് മറുപടി പറഞ്ഞത്.  “അവൾക്ക് രക്തപ്പോക്കുണ്ടെന്നൊക്കെ പറഞ്ഞ് ഒരുദിവസം അവളുടെ ഭർത്തൃവീട്ടുകാരുടെ ഫോൺ വന്നു. ഞാൻ വേഗം ബസ്സ് പിടിച്ച് കിഷൻ‌ഗഞ്ചിലേക്ക് വിട്ടു. എല്ലാവരും പരിഭ്രമിച്ച് കരയുകയായിരുന്നു. അസ്മ പുറത്തുള്ള കക്കൂസിലേക്ക് പോയതായിരുന്നു. കാറ്റിൽ എന്തെങ്കിലും ഉണ്ടായിക്കാണണം”. അവളെ രക്ഷിക്കാൻ ഞങ്ങൾ ഒരു ബാബയെ വിളിച്ചുവരുത്തി. വീട്ടിലെത്തിയപ്പോൾ ഡോക്ടറെ കാണണമെന്ന് അസ്മ ആവശ്യപ്പെട്ടു. പിറ്റേന്ന് അവരവളെ കിഷൻ‌ഗഞ്ചിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി. അൾട്രാ സൌണ്ടൊക്കെ ചെയ്തപ്പോൾ ഭ്രൂണത്തിന് കുഴപ്പമൊന്നുമില്ലെന്ന് മനസ്സിലായി.

തനിക്കുണ്ടായ ആ അനുഭവമോർത്ത് അസ്മ ക്ഷീണിതയായി ചിരിച്ചു. “എനിക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് എനിക്ക് തോന്നി”, അവൾ പറഞ്ഞു. അവൾക്ക് ഗർഭനിരോധനത്തെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. പക്ഷേ ഞങ്ങളുടെ സംഭാഷണം കഴിഞ്ഞപ്പോൾ അവൾക്കതിൽ താത്പര്യമായി. കൂടുതൽ മനസ്സിലാക്കണമെന്ന് അവൾ ആഗ്രഹിച്ചു.

ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .

പരിഭാഷ: രാജീവ് ചേലനാട്ട്

Kavitha Iyer

कविता अय्यर गेल्या २० वर्षांपासून पत्रकारिता करत आहेत. लॅण्डस्केप्स ऑफ लॉसः द स्टोरी ऑफ ॲन इंडियन ड्राउट (हार्परकॉलिन्स, २०२१) हे त्यांचे पुस्तक प्रकाशित झाले आहे.

यांचे इतर लिखाण Kavitha Iyer
Illustration : Priyanka Borar

Priyanka Borar is a new media artist experimenting with technology to discover new forms of meaning and expression. She likes to design experiences for learning and play. As much as she enjoys juggling with interactive media she feels at home with the traditional pen and paper.

यांचे इतर लिखाण Priyanka Borar
Editor and Series Editor : Sharmila Joshi

शर्मिला जोशी पारीच्या प्रमुख संपादक आहेत, लेखिका आहेत आणि त्या अधून मधून शिक्षिकेची भूमिकाही निभावतात.

यांचे इतर लिखाण शर्मिला जोशी
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

यांचे इतर लिखाण Rajeeve Chelanat