ശങ്കർ വാഘേരെ തന്‍റെ പ്ലാസ്റ്റിക് സഞ്ചി നിലത്തിട്ട്, ഊന്നുവടിയിൽ ശരീരം താങ്ങി, പിന്നെ, കിതച്ചുകൊണ്ട് കുന്തിച്ചിരുന്ന് കണ്ണുകളടച്ചു. ഒരു 15 മിനിറ്റുനേരം അങ്ങിനെ കിടന്നു അദ്ദേഹം. ഈ 65 വയസ്സുകാരനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ നടപ്പ് ദീർഘമായ ഒന്നായിരുന്നു. അയാളുടെ ചുറ്റുമായി, ഇരുട്ടത്ത്, ഏകദേശം 25,000 കർഷകർ വേറെയുമുണ്ടായിരുന്നു.
“ഞങ്ങളുടെ അവകാശങ്ങൾക്കായി പോരാടേണ്ടിവരും” ഇഗത്പുരിയുടെ റായ്ഗാഡ്‌നഗർ പ്രദേശത്തിന് സമീപമുള്ള നാസിക്ക്-ആഗ്ര ഹൈവേയിൽ ഇരുന്നുകൊണ്ട് അയാൾ പറഞ്ഞു. മാർച്ച് 6-ന് ഒരു തിരക്കുള്ള ചൊവ്വാഴ്ച ദിവസം നാസിക്ക് പട്ടണത്തിൽനിന്ന് ആരംഭിച്ച കർഷകരുടെ വമ്പൻ യാത്രയുടെ ആദ്യത്തെ താവളമായിരുന്നു അത്. മാർച്ച് 11-ന് ഞായറാഴ്ച മുംബൈയിലെത്താനാണ് കർഷകർ പദ്ധതിയിടുന്നത്. പിറ്റേന്ന് അവർ നിയമസഭാ മന്ദിരം വളയുകയും ചെയ്യും. വാക്കുകൾ പാലിക്കുന്നതിൽ സർക്കാർ വരുത്തിയ പരാജയത്തിൽ പ്രതിഷേധിച്ചുകൊണ്ട്. (ഇവകൂടി കാണുക Long March: Blistered feet, unbroken spirit, After the March, the aftermath…)
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)-യുടെ കർഷകക്കൂട്ടായ്മയായ അഖില ഭാരതീയ കിസാൻ സഭയായിരുന്നു ഈ മഹായാത്രയ്ക്ക് ആഹ്വാനം ചെയ്തത്. വെറും വാക്കുകൾകൊണ്ട് സർക്കാരിന് രക്ഷപ്പെടാൻ കഴിയില്ലെന്ന്, സംഘാടകരിലൊരാളും കിസാൻ സഭയുടെ ജനറൽ സെക്രട്ടറിയുമായ അജിത് നവാലെ പറയുന്നു. “കർഷകർക്ക് വനഭൂമിയിൽ അവകാശം ഉറപ്പാക്കുക, വിളകൾക്ക് ന്യായമായ വില ലഭിക്കുക, കാർഷിക കടങ്ങൾ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ച് 2015-ൽ ഞങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് പറഞ്ഞ് ഓരോ തവണയും സർക്കാർ ഞങ്ങൾ വഞ്ചിക്കുകയായിരുന്നു. ഇനിയത് നടക്കില്ല”









