“മേ തേസ് ദോഡ് കെ ആവൂംഗ, ഔർ കൂനോ മേ ബസ് ജാവൂംഗ (ഞാൻ അതിവേഗം ഓടിയെത്തി കൂനോയിൽ താമസമുറപ്പിക്കാൻ പോകുകയാണ്)”
ചിന്‍റു എന്ന ചീറ്റയുടെ വാക്കുകളാണിത്. ചുമരിൽ പതിപ്പിച്ചിട്ടുള്ള ഒരു പോസ്റ്ററിലെ കഥാപാത്രമായ ചിന്‍റു, തന്‍റെ വാക്കുകൾ കേൾക്കാൻ തയ്യാറുള്ള, വായിക്കാൻ കഴിയുന്ന എല്ലാവരോടുമായി പറയുന്ന വാക്കുകൾ.
ആറ് മാസം മുൻപാണ് മധ്യ പ്രദേശിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ മേലധികാരികളുടെ നിർദ്ദേശമനുസരിച്ച് ഈ പോസ്റ്റർ പതിപ്പിക്കുന്നത്. പോസ്റ്ററിലെ നിരുപദ്രവകാരിയായ കഥാപാത്രമായ 'ചിന്‍റു ചീറ്റ' തനിക്ക് വീട് വയ്ക്കാനായി കണ്ടെത്തിയിരിക്കുന്ന കൂനോ ദേശീയ ഉദ്യാനത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിലേയ്ക്കെല്ലാം ഈ പോസ്റ്റർ ഇതിനകം വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.
50 യഥാർത്ഥ ആഫ്രിക്കൻ ചീറ്റകൾക്കൊപ്പം ചിന്‍റു തന്‍റെ പുതിയ വീട് പങ്കിടും. എന്നാൽ ആ വീട്ടിൽ ഇടമില്ലാത്ത, ബാഗ്ച ഗ്രാമത്തിലെ 556 മനുഷ്യരെ അവിടെ നിന്ന് കുടിയിറക്കി, മറ്റൊരിടത്തേക്ക് മാറ്റിപ്പാർപ്പിക്കുകയാണ്. അവരിൽ ഏറിയ പങ്കും സഹരിയ ആദിവാസികളാണ്. കാടുമായി ഇഴചേർന്ന് ജീവിക്കുന്ന ഇവരുടെ ജീവനോപാധിയെയും അസ്തിത്വത്തെ തന്നെയും പ്രതിസന്ധിയിലാക്കുന്ന നാടുകടത്തലാണിത്.
വിദേശത്ത് നിന്ന് കൊണ്ടു വരുന്ന ചീറ്റകളെ കാണാനായി ചിലവേറിയാതാകുമെന്ന് അനുമാനിക്കാവുന്ന സഫാരി യാത്രകൾ നടത്താൻ സാമ്പത്തിക ശേഷിയുള്ള ടൂറിസ്റ്റുകൾക്ക് മാത്രമേ ദേശീയോദ്യാനത്തിനകത്തേയ്ക്ക് പ്രവേശനമുണ്ടാകുകയുള്ളു. സ്വാഭാവികമായും, നല്ലൊരു ശതമാനം പേരും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരായ തദ്ദേശീയർ അക്കൂട്ടത്തിൽ നിന്ന് പുറന്തള്ളപ്പെടും.
ഇതേസമയം, ദേശീയോദ്യാനത്തിന് 20 കിലോമീറ്റർ പുറത്തുള്ള പൈറ ജാതവ് എന്ന ഗ്രാമത്തിലെ എട്ട് വയസ്സുകാരനായ സത്യൻ ജാതവിനെ പോലെ ചിലർ, പോസ്റ്ററുകളിൽ കാണുന്ന 'സ്നേഹവാനായ' പുള്ളിപ്പുലിയെ കണ്ട് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. “ഇത് ആടാണോ?”, അവൻ അച്ഛനോട് ചോദിക്കുന്നു. സത്യയുടെ നാല് വയസ്സുകാരനായ അനിയൻ അനുരോധ് അതൊരു നായയാണെന്ന് ഉടനെ മറുപടിയേകുന്നു.














