ഭോജ്പുരിയും ബംഗ്ലായും ഹിന്ദിയും കലർത്തി മീനാ യാദവ് തന്റെ ഉപഭോക്താക്കളോട് സംസാരിക്കുന്നു. അതിനിടയ്ക്ക്, കൊൽക്കൊത്തയിലെ സാംസ്കാരികവൈവിധ്യകേന്ദ്രമായ ലേക്ക് മാർക്കറ്റിലേക്കുള്ള ദിശ അന്വേഷിച്ചുവരുന്നവരോടും സുഹൃത്തുക്കളോടും ആശയവിനിമയവും ചെയ്യുന്നുണ്ട് അവർ. “കൊൽക്കൊത്തയിൽ ഭാഷയൊരു പ്രശ്നമല്ല”, കുടിയേറ്റക്കാരിയെന്ന നിലയ്ക്ക് നിത്യജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ അവർ പറഞ്ഞു.
“ബിഹാറികൾ ബിഹാറിൽൽത്തന്നെ നിൽക്കട്ടെ എന്ന് പറയാൻ എളുപ്പമാണ്. ശാരീരികാദ്ധ്വാനം ആവശ്യമുള്ള ജോലികളെല്ലാം ഞങ്ങളാണ് ചെയ്യുന്നതെന്നാണ് വാസ്തവം. പോർട്ടർമാരും, വെള്ളംചുമക്കുന്നവരും കൂലികളുമെല്ലാം ബിഹാറികളാണ്. ഇത് ബംഗാളികൾക്ക് പറഞ്ഞിട്ടുള്ള പണിയല്ല. നിങ്ങൾ ന്യൂ മാർക്കറ്റിലോ, ഹൌറയിലോ സിയാൾഡയിലോ പോയി നോക്കൂ..ഭാരിച്ച സാധനങ്ങൾ ചുമക്കുന്ന ബിഹാറികളെ കാണാൻ കഴിയും. ഇത്രയധികം ഭാരിച്ച ജോലികൾ ചെയ്തിട്ടും അവർക്ക് അർഹമായ ഒരു ബഹുമാനവും അവർക്ക് ലഭിക്കുന്നില്ല. ബിഹാറികൾ എല്ലാവരേയും ബാബു എന്നാണ് വിളിക്കുക. എന്നിട്ടും, അവരെ മറ്റെല്ലാവരും താഴേക്കിടയിലുള്ളവരായിട്ടാണ് കാണുന്നത്. മാങ്ങയുടെ കഴമ്പുള്ള ഭാഗം ബാബുമാർക്കുള്ളതാണ്. അതിന്റെ അണ്ടി ഞങ്ങൾക്കുള്ളതും”, നിർത്താതെ അവർ പറഞ്ഞുതീർത്തു.
ഭാഷയ്ക്കും സ്വത്വരാഷ്ട്രീയത്തിനുമിടയിൽ അയത്നലളിതമായി മീന യാദവ് സഞ്ചരിച്ചുകൊണ്ടിരുന്നു.
“ചെന്നൈയിൽ ഞങ്ങൾ ആശയവിനിമയത്തിന് ബുദ്ധിമുട്ടി”, അവർ തുടർന്നു. “അവർ ഹിന്ദിയോടോ ഭോജ്പുരിയോടോ പ്രതികരിക്കില്ല. അവർ അവരുടെ ഭാഷയിലേ സംസാരിക്കൂ. അത് ഞങ്ങൾക്ക് അറിയുകയുമില്ല. എന്നാൽ ഇവിടെ അങ്ങിനെയല്ല”, മീന പറഞ്ഞു. “നോക്കൂ, ഒരൊറ്റ ബിഹാറി ഭാഷ എന്നൊന്നില്ല. നാട്ടിൽ ഞങ്ങൾ 3-4 ഭാഷകൾ സംസാരിക്കുന്നു. ചിലപ്പോൾ ഭോജ്പുരി, ചിലപ്പോൾ ഹിന്ദി, മറ്റ് ചിലപ്പോൾ ദർഭംഗിയ (മൈഥിലി), പിന്നെ ബംഗ്ലാ. ദർഭംഗിയയാണ് കൂടുതൽ സൌകര്യം” ബിഹാറിലെ ചാപ്രയിൽനിന്നുള്ള 45 വയസ്സുകാരിയായ ചോള വില്പനക്കാരി പറയുന്നു.
“ഞങ്ങൾ ആരയും ചാപ്രബോലിയും ഉപയോഗിക്കാറുണ്ട്. ഏത് ഭാഷയായാലും ഞങ്ങൾക്ക് പ്രശ്നമില്ല” ഒരു ബഹുഭാഷാവിദഗ്ദ്ധയെപ്പോലെ അവർ പറയുന്നു. എന്നാൽ ഇത്രയധികം ഭാഷ അറിയുമെന്നത് തന്റെ വിശേഷവൈദഗ്ദ്ധ്യമാണെന്നൊന്നും അവർ കരുതുന്നതേയില്ല.


















