"ഞങ്ങളുടെ മണ്ണിൽ ഞങ്ങൾ രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ല. കീടങ്ങളെ കൊല്ലാൻ മണ്ണിന് വിഷം ആവശ്യമില്ല. മണ്ണിന് നല്ല ആരോഗ്യമുണ്ടെങ്കിൽ ബാക്കിയെല്ലാം അത് നോക്കിക്കൊള്ളും," മഹേന്ദ്ര നൗറി പറയുന്നു. നിയാംഗിരി കുന്നുകൾക്ക് കിഴക്ക് ഏകദേശം 1.5 കിലോമീറ്റർ മാറിയാണ് അദ്ദേഹത്തിന്റെ കൃഷിയിടം. "കൃഷിസ്ഥലത്ത് ഒരു മഹുവയോ [ഇലുപ്പ] അല്ലെങ്കിൽ ഒരു സഹജ് [മത്തി/മരുത്] മരമോ വേണം. അതിൽ കിളികളും പല്ലികളും തവളകളും താമസമാക്കും. അവ വിളകളെ നശിപ്പിക്കുന്ന പ്രാണികളെയും കീടങ്ങളെയും കൈകാര്യം ചെയ്യും."
തെക്കുപടിഞ്ഞാറൻ ഒഡീഷയിലെ റായഗഡ ജില്ലയിലെ ബിഷാമാകട്ടക് ബ്ലോക്കിൽ ഏകദേശം നൂറുപേർ മാത്രമുള്ള കെരാണ്ടീഗുഡ ഗ്രാമത്തിലാണ് മഹേന്ദ്രയുടെ രണ്ട് ഏക്കർ ഭൂമി. ഇവിടെയുള്ള ജനങ്ങളിൽ അധികവും കൊന്ധ് ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ്. എന്നാൽ നൗറി കുടുംബം ദോറ സമുദായത്തിൽനിന്നാണ്.
മുപ്പതുകാരനായ മഹേന്ദ്രയും അയാളുടെ അറുപത്തിരണ്ട് വയസ്സുള്ള പിതാവ് ലോകനാഥും അവരുടെ കൃഷിയിടത്തിൽ 34 ഇനം വിളകൾ കൃഷി ചെയ്യുന്നു - ആകെ 72 ഉപവർഗ്ഗങ്ങൾ. കൃഷിഭൂമിയുടെ വിവിധ ഭാഗങ്ങളിൽ മാറിമാറിയാണ് ഇവ കൃഷി ചെയ്യുന്നത്. സുവാൻ [ചാമ], സിക്ര തുടങ്ങിയ ചെറുധാന്യങ്ങൾ, അർഹർ [തുവര], ചെറുപയർ മുതലായ പയറുവർഗ്ഗങ്ങൾ, അൽസി [ചണവിത്ത്], സൂര്യകാന്തി വിത്തുകൾ, നിലക്കടല തുടങ്ങിയ എണ്ണക്കുരുക്കൾ ഇവയെല്ലാം അവർ വിളവെടുക്കും. കൂടാതെ, കിഴങ്ങുകൾ, മഞ്ഞൾ, ഇഞ്ചി, തക്കാളി, വഴുതനങ്ങ മറ്റു പച്ചക്കറികളും അവർ കൃഷി ചെയ്യുന്നു. "ഭക്ഷണസാധനങ്ങൾ ഞങ്ങൾ വിപണിയിൽ നിന്ന് വാങ്ങാറില്ല," മഹേന്ദ്ര പറഞ്ഞു.
നിയാംഗിരി കുന്നിൽ നിന്നൊഴുകുന്ന അരുവികളിലെ വെള്ളമാണ് ഗ്രാമീണർ ഉപയോഗിക്കുന്നത്. കൃഷിയിടങ്ങളിലേക്ക് വെള്ളം തിരിച്ചുവിടുന്നതിന് അവർ കല്ലുകൾ കൊണ്ട് തടയണകൾ നിർമ്മിക്കും. "കഴിഞ്ഞ നാലുവർഷമായി ഇവിടെ കാലാവസ്ഥ വളരെ മോശമാണ്," ലോകനാഥ് പറഞ്ഞു. "പക്ഷെ എല്ലാ പ്രതികൂല അവസ്ഥകളിലും കൃഷി ഞങ്ങളെ നിലനിർത്തി. ഞാൻ ഇതുവരെ ആരിൽനിന്നും കടം വാങ്ങിയിട്ടില്ല. ഞങ്ങളുടെ പരമ്പരാഗത കൃഷിരീതിയുടെ നന്മ ഒന്ന് കൊണ്ട് മാത്രമാണ് എനിക്കിത് സാധിച്ചത്." സ്വയം കൃഷി ചെയ്തുണ്ടാക്കുന്ന വിളകളാണ് ആ കുടുംബം ഉപയോഗിക്കുന്നത്. അധികമുള്ളത് മുനിഗുഡയിലെയും ബിഷാമാകട്ടക്കിലെയും ആഴ്ച ചന്തകളിൽ വിൽക്കുന്നു.
"50 വർഷമായി ഞാൻ കർഷകനാണ്. എങ്ങനെ മണ്ണൊരുക്കണം വിതയ്ക്കണം നടണം എന്നൊക്കെ ഞാൻ പഠിച്ചത് എന്റെ അച്ഛനിൽ നിന്നാണ്," ലോകനാഥ് പറയുന്നു. ലോകനാഥിന്റെ പിതാവ് സ്വന്തമായി ഭൂമിയില്ലാത്ത ഒരു കർഷകത്തൊഴിലാളി ആയിരുന്നു. വളരെക്കാലം ലോകനാഥും മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഏതാണ്ട് 30 വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന് സർക്കാരിൽ നിന്ന് ഭൂമി ലഭിച്ചത്. അതിനുശേഷം അദ്ദേഹം വിത്തുകൾ സംരക്ഷിക്കാൻ തുടങ്ങി.
"അച്ഛനിൽ നിന്ന് പഠിച്ച കാര്യങ്ങൾ ഞാൻ തുടരുന്നു, അന്നത്തെ അതേ ഫലം ഇപ്പോഴും കിട്ടുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു. "ഇപ്പോഴത്തെ തലമുറയിലുള്ള കൃഷിക്കാർ പരുത്തി കൃഷി ചെയ്ത് മണ്ണിനെ നശിപ്പിക്കുന്നതാണ് കാണുന്നത്. ആ മണ്ണിൽ ഒരു മണ്ണിരയെ പോലും കാണാൻ കിട്ടില്ല. ഈർപ്പം നഷ്ടപ്പെട്ട് മണ്ണ് ഉറച്ചുപോയി. കൃഷിക്കാർ വിത്തുകൾ മാറ്റാൻ തുടങ്ങിയിരിക്കുന്നു. നെല്ലിലും പച്ചക്കറികളിലും വളങ്ങളും കീടനാശിനികളും പ്രയോഗിക്കാൻ തുടങ്ങിയതോടെ അവയുടെ രുചി നഷ്ടമായി. വളങ്ങൾക്കും കീടനാശിനികൾക്കും കൂടുതൽ കൂടുതൽ പണം ചെലവഴിക്കുന്നതിനാൽ അവർക്ക് കൃഷിയിൽ നിന്ന് കാര്യമായ വരുമാനമൊന്നും കിട്ടുന്നില്ല."
ലോകനാഥിന്റെ ഉൾപ്പെടെ നാല് കുടുംബങ്ങൾ മാത്രമാണ് കെരാണ്ടീഗുഡയിൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കാത്തതെന്ന് നൗറി കുടുംബം പറയുന്നു. ആ പ്രദേശത്തെ ഒറ്റപ്പെട്ടുകിടക്കുന്ന ആദിവാസി ഗ്രാമങ്ങളിൽ പോലും ഇവ ഉപയോഗിക്കുന്നുണ്ടെന്ന് മഹേന്ദ്ര കൂട്ടിച്ചേർത്തു. വൻതോതിൽ രാസവളങ്ങളും കളനാശിനികളും പ്രയോഗിച്ച് പരുത്തിയും യൂക്കാലിപ്റ്റസും കൃഷി ചെയ്യുന്ന കച്ചവടക്കാർക്ക് ചില ആദിവാസി കുടുംബങ്ങൾ അവരുടെ ഭൂമി പാട്ടത്തിന് കൊടുക്കുന്നതായും കേൾക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
ലോകനാഥും മഹേന്ദ്രയും ബഹുരൂപി, ഭാഞ്ജിബുത, ബോധന, ലാൽബോറോ എന്ന നാല് പരമ്പരാഗത നെല്ലിനങ്ങൾ കൃഷി ചെയ്യുന്നുണ്ട്. ഈ മേഖലയിൽ 30 വർഷം മുൻപ് ബോധന കൃഷി ചെയ്തിരുന്നു എന്ന് ലോകനാഥ് പറയുന്നു. എന്നാൽ ഭൂരിഭാഗം കർഷകരും ഇത് മാറ്റി മറ്റിനങ്ങൾ കൃഷിചെയ്തപ്പോൾ, അദ്ദേഹം ബോധന വിത്തുകൾ സംരക്ഷിക്കുന്നതിൽ ശ്രദ്ധിച്ചു. മലമ്പ്രദേശങ്ങളിൽ കുറഞ്ഞ കാലയളവിൽ കൃഷി ചെയ്യാവുന്ന നെല്ലിനം ആണ് ബോധന. വർഷത്തിൽ മൂന്ന് തവണ കൃഷിയിറക്കാം. പ്രശസ്ത നെല്ല് വിത്ത് സംരക്ഷകനായ ഡോ. ദേബാൽ ദേബിൽ നിന്നാണ് മഹേന്ദ്ര മറ്റ് മൂന്ന് നെല്ലിനങ്ങളും ശേഖരിച്ചത്. 2011 മുതൽ കെരാണ്ടീഗുഡയിലെ തന്റെ 2.5 എക്കർ കൃഷിയിടത്തിലാണ് ഡോ. ദേബ് താമസിക്കുന്നത്. ഈ മേഖലയിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച് വിത്തുകളും അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട അവരുടെ പരമ്പരാഗത അറിവുകളെ വീണ്ടെടുക്കാൻ അദ്ദേഹം ശ്രമം നടത്തുന്നു. സ്വന്തം കൃഷിക്ക് പുറമെ വിത്ത് സംരക്ഷണത്തിനായി മഹേന്ദ്ര ഡോ. ദേബിനൊപ്പം ജോലി ചെയ്യുന്നു. ഇതിന് പ്രതിമാസം 3,000 രൂപ പ്രതിഫലം ലഭിക്കും.
പിതാവായ ലോകനാഥാണ് തന്റെ വഴികാട്ടിയും അധ്യാപകനുമെന്ന് മഹേന്ദ്ര പറയുന്നു. പതിറ്റാണ്ടുകളായി പരമ്പരാഗത കൃഷിരീതികൾ ഉപയോഗിച്ചുകൊണ്ടാണ് ലോകനാഥ് കൃഷി ചെയ്യുന്നത്. പ്രാണികളിൽ നിന്ന് വിളകളും വിത്തുകളും സംരക്ഷിക്കുന്നതിന് കാട്ടുചെടികളുടെ ഇലകൾ ഉപയോഗിക്കുന്നതും, ചിലതരം പ്രാണികളെ അകറ്റി നിർത്താനും മണ്ണിലെ നൈട്രജൻ നിലനിർത്താനും ഉള്ളി പോലുള്ള പച്ചക്കറികൾ ഇടവിളയായി കൃഷി ചെയ്യുന്നതും, കാലാവസ്ഥയ്ക്ക് അനുസരിച്ച് വിവിധ ചെറുധാന്യങ്ങൾ ഇടകലർത്തി കൃഷിചെയ്യുന്നതും എല്ലാം ഇപ്പോഴും പ്രയോഗിക്കുന്ന പരമ്പരാഗത കൃഷിരീതികളാണ്. കുടുംബത്തിന്റെ കൃഷിയിടത്തിൽ മഹേന്ദ്രയ്ക്ക് പുറമെ അയാളുടെ സഹോദരനും അഞ്ച് സഹോദരിമാരും ജോലിചെയ്യുന്നു. "അച്ഛന്റെയടുത്തു നിന്നാണ് ഞാൻ കൃഷിയെ കുറിച്ച് പഠിച്ചത്. പിന്നെ ഡോ. ദേബിൽ നിന്നും ലിവിങ് ഫാംസ് [റായഗഡ, കാലാഹാണ്ടി ജില്ലകളിലെ ആദിവാസികൾക്കിടയിൽ കൃഷി, ഉപജീവനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു] എന്ന സന്നദ്ധ സംഘടനയിൽ നിന്നും പരാഗണം, നെൽച്ചെടികളുടെ വളർച്ചാക്രമം രേഖപ്പെടുത്തൽ തുടങ്ങിയ ശാസ്ത്രീയമായ സാങ്കേതികതകളെ കുറിച്ച് മനസ്സിലാക്കി," അദ്ദേഹം പറഞ്ഞു.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓപ്പൺ സ്കൂളിംഗ് വഴി പഠിച്ച മഹേന്ദ്ര ബിഷാമാകട്ടക്കിലെ മാ മർകാമാ കോളേജിൽ നിന്ന് ശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. പിന്നീട്, ബയോടെക്നോളജിയിൽ ബിരുദം നേടാൻ അദ്ദേഹം കട്ടക്കിലെ രാവെൻഷാ സർവകലാശാലയിൽ ചേർന്നു. എന്നാൽ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതകൾ മൂലം ബിരുദാനന്തര ബിരുദപഠനം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്ന് കെരാണ്ടീഗുഡയിൽ മടങ്ങിയെത്തി അച്ഛനോടൊപ്പം ജോലി ചെയ്യാൻ തുടങ്ങി.
തന്റെ നാട്ടിലെ മണ്ണിന്റെയും സസ്യങ്ങളുടെയും ജൈവവൈവിധ്യം സംരക്ഷിക്കാൻ മഹേന്ദ്ര ആഗ്രഹിക്കുന്നു. റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു ചെറിയ തരിശ്ശുഭൂമി അദ്ദേഹം ഒരു സ്വാഭാവിക നിബിഡവനമാക്കി മാറ്റി. 2001-ലാണ് മഹേന്ദ്ര ഇവിടെ ചെടികൾ നട്ടു സംരക്ഷിക്കാൻ തുടങ്ങിയത്. "ഉള്ള മരങ്ങൾ സംരക്ഷിച്ചാൽ മാത്രം മതിയായിരുന്നു, കൂടുതൽ മരങ്ങൾ നടേണ്ട കാര്യമുണ്ടായില്ല," അദ്ദേഹം പറഞ്ഞു. "ജലത്തെ തടഞ്ഞു നിർത്താൻ സൗകര്യങ്ങളില്ലാത്ത ഉയർന്ന ഒരു ഭൂമിയായിരുന്നു ഇത്. ചെറുധാന്യങ്ങൾ കൃഷി ചെയ്യുവാൻ വേണ്ടി ഇത്തരം സ്ഥലങ്ങൾ ഒന്നു രണ്ട് വർഷം തരിശ്ശായി ഇടുന്നത് പതിവാണ്. ഞാൻ ഈ സ്ഥലം മരങ്ങൾ വളർത്താൻ വേണ്ടി നീക്കി വയ്ക്കാൻ തീരുമാനിച്ചു. ഇവിടെ നിന്ന് ഞങ്ങൾ ഇപ്പോൾ കാട്ടുകിഴങ്ങുകൾ, കൂണുകൾ, സിയാലിയുടെ [ആരമ്പുവള്ളി] ഇലകൾ, മഹുവ [ഇലിപ്പ] പൂക്കൾ, ചാർ കോലി [ഒരിനം കാട്ടുപഴം] മുതലായവ ശേഖരിക്കുന്നു. ഒരു കാടിന്റെ ഗുണങ്ങൾ അനുഭവിക്കുകയാണ് ഞങ്ങൾ ഇപ്പോൾ..."
പരിഭാഷ: സ്മിതേഷ് എസ്