മാർച്ച് 27 അതിരാവിലെ ഒരുമണിയായി, ഹീര മുകാനെ, താനെ ജില്ലയിലുള്ള ഷഹാപൂർ താലൂക്കിലെ തന്റെ ദൽഖാൻ ഗ്രാമത്തിന്റെ അടുത്തെത്തിയപ്പോൾ. ഹീരയും, മകൻ മനോജും മരുമകൾ ഷാലുവും നടന്നുതീർത്തത് 104 കിലോമീറ്ററാണ്. ഒരുമിനിറ്റുപോലും വിശ്രമിക്കാതെ. പാൽഘർ ജില്ലയിലെ ദഹാനു താലൂക്കിലെ ഗഞ്ചാഡ് ഗ്രാമത്തിലുള്ള ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യാൻ പോയവരായിരുന്നു അവർ.
“വണ്ടികളൊന്നും കിട്ടിയില്ല. അതുകൊണ്ട് പകലന്തിയോളം നടന്നു. സാധാരണയായി ഗഞ്ചാഡിൽനിന്നുള്ള സർക്കാർ വണ്ടി ഷഹാപൂരിലേക്ക് പോവാറുണ്ട്”, 45 വയസ്സുള്ള ഹീര പറഞ്ഞു. മാർച്ച് 26-ന് രാവിലെ 4 മണിക്കാണ് പുറപ്പെട്ടത്. ഒരു കെട്ട് തുണികളും വീട്ടുസാധനങ്ങളും ഹീരയും ഷാലുവും തലയിൽ ചുമന്നു. 12 കിലോഗ്രാം അരി തലച്ചുമടായും 8 കിലോഗ്രാം റാഗി കൈയ്യിലും തൂക്കിയാണ് നീണ്ട 21 മണിക്കൂർ മനോജ് യാത്ര ചെയ്തത്. സർക്കാർ വണ്ടി എല്ലായ്പ്പോഴുമൊന്നും ഉണ്ടാവാറില്ലാത്തതിനാൽ ദീർഘദൂരം നടക്കുന്നത് പതിവാണ്. അതിനാൽ കാലൊന്നും വേദനിച്ചില്ല. പക്ഷേ ഒന്നും സമ്പാദിക്കാൻ കഴിയാത്തതാണ് കൂടുതൽ വേദനിപ്പിക്കുന്നത്” ഹീര കൂട്ടിച്ചേർത്തു.
മാർച്ച് 2-ന് 27 വയസ്സുള്ള മനോജിന്റെയും 25 വയസ്സുള്ള ഷാലുവിന്റെയുമൊപ്പം ഇഷ്ടികച്ചൂളയിലേക്ക് ഹീര പോവുമ്പോൾ ഈ വർഷം മേയിൽ തിരിച്ചുവരാനായിരുന്നു വിചാരിച്ചിരുന്നത്. “മാർച്ചിനും മേയ്ക്കുമിടയിൽ ചുരുങ്ങിയത് 50,0000 രൂപ സമ്പാദിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ചു”, ഹീര എന്നോട് ഫോണിൽ പറഞ്ഞു. “പണി നിർത്തി തിരിച്ചുപോകാൻ ഉടമസ്ഥൻ പറഞ്ഞു. മൂന്നാഴ്ചത്തേക്ക് 8,000 രൂപമാത്രമാണ് തന്നത്”.
അങ്ങിനെ, അപ്രതീക്ഷിതമായി ആ മൂന്നുപേരും മാർച്ച് അവസാനം ദൽഖാനിലേക്ക് തിരിച്ചെത്തിയപ്പോൾ ഹീരയുടെ ഭർത്താവ്, 52 വയസ്സുള്ള വിത്തലും, 15 വയസ്സുള്ള മകൾ സംഗീതയും ഒരുപോലെ അത്ഭുതപ്പെട്ടു. തിരിച്ചുവരുന്നതിനെക്കുറിച്ച് ഫോണിൽ പറയാൻ ഹീരയ്ക്ക് സാധിച്ചിരുന്നില്ല. ഭാര്യയും മകനും മരുമകളും ഗഞ്ചാഡിലേക്ക് പണിക്ക് പോയപ്പോൾ അരിവാൾ രോഗം മൂലം ശാരീരികമായി അദ്ധ്വാനിക്കാൻ സാധിക്കാത്ത വിത്തൽ മകളോടൊപ്പം വീട്ടിൽ കഴിയുകയായിരുന്നു.
2018 ജൂലായിലാണ് ഞാൻ ഹീരയെ ദൽഖാനിൽവെച്ച് കണ്ടത്. രാത്രിയിലെ അത്താഴത്തിന് തോട്ടത്തിൽനിന്ന് പച്ചക്കറികൾ പറിക്കുകയായിരുന്നു അപ്പോളവർ. കട്കാരി ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ് അവർ. മഹാരാഷ്ട്രയിലെ, സാമൂഹികമായി ഏറ്റവും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ഒരു ആദിവാസിസമൂഹമാണ് കട്കാരി ഗോത്രം.






