"കോവിഡ്-19ന് അറുതിയുണ്ടായില്ലെങ്കിൽ ഇത്തവണത്തെ നെൽകൃഷി മിക്കവാറും എന്‍റെ അവസാനത്തേത് കൂടിയാകും", തന്‍റെ കുടുംബത്തിന് സ്വന്തമായുള്ള കൃഷിയിടത്തിൽ ദിവസം മുഴുവൻ നീണ്ട കഠിനാധ്വാനത്തിനു ശേഷം, ഭാര്യ ഹലീമ സ്റ്റീൽ ടംബ്ലറിൽ കൊണ്ടുവന്നു കൊടുത്ത വെള്ളം കുടിച്ചു കൊണ്ട് അബ്ദുൾ റഹ്മാൻ പറഞ്ഞു. മധ്യകാശ്മീരിലെ ഗാന്ധര്‍ബല്‍ ജില്ലയിലുള്ള നാഗ്ബൽ ഗ്രാമത്തിലെ കർഷകനാണ് അബ്ദുൾ റഹ്മാൻ.

ഒരു ഏക്കറിൽ താഴെ മാത്രമുള്ള ആ ചെറിയ കൃഷിയിടത്തിൽ പത്തു വർഷത്തിനു ശേഷമാണ് അദ്ദേഹം പണിയെടുക്കുന്നത്. "ബീഹാറിൽ നിന്നും ഉത്തർ പ്രദേശിൽ നിന്നും വരുന്ന അതിഥി തൊഴിലാളികൾ കുറച്ചു സമയം കൊണ്ട് കൂടുതൽ ജോലികൾ ചെയ്തു തീർക്കുമെന്നതിനാൽ ഞാൻ ജോലി ചെയ്യുന്നത് നിർത്തിയതാണ്. പണം ലാഭിക്കാം എന്ന ഗുണവുമുണ്ട്. പക്ഷെ ഇപ്പോൾ ‘പുറത്തു’ നിന്നുള്ള ജോലിക്കാർ ആരും തന്നെ വരുന്നില്ല", 62 വയസ്സുള്ള ആ മുൻ സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. "ഇങ്ങനെയാണെങ്കിൽ എനിക്ക് നെൽകൃഷി ഉപേക്ഷിക്കേണ്ടി വരും."

"15 വർഷങ്ങൾക്ക് ശേഷമാണ് വിളവെടുപ്പ് സമയത്ത് ഞാൻ ഞങ്ങളുടെ പാടത്ത് വരുന്നത്. നെല്ല് കൊയ്യുന്നതെങ്ങനെയാണെന്ന് പോലും ഞങ്ങൾ മറന്നിരിക്കുന്നു.", 60 വയസ്സുള്ള ഹലീമ പറഞ്ഞു. കഴിഞ്ഞ മാസം വിളവെടുപ്പ് നടക്കുമ്പോൾ, പാടത്ത് ജോലി ചെയ്യുന്ന ഭർത്താവിനും മകൻ അലി മുഹമ്മദിനും വേണ്ടി 2 കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരുകയാണ് ഹലീമ ചെയ്തിരുന്നത്. 29 കാരനായ അലി മുഹമ്മദ് കൃഷിപ്പണിയില്ലാത്ത സമയത്ത് കെട്ടിടം പണി നടക്കുന്നിടത്തും മണൽ വരുന്ന പ്രദേശങ്ങളിലും ദിവസക്കൂലിക്ക് ജോലി കണ്ടെത്തുന്നു.

മധ്യ കശ്മീരിലെ നെൽപ്പാടങ്ങളിൽ, ഒരു കനാലിലെ (8 കനാൽ ചേരുമ്പോൾ ഒരു ഏക്കർ) നെല്ല് കൊയ്യുന്നതിന് അതിഥി തൊഴിലാളികൾക്ക് 1000 രൂപയാണ് കൂലി; 4, 5 തൊഴിലാളികൾ ഉൾപ്പെടുന്ന ഒരു സംഘം ഒരു ദിവസം 4, 5 കനാൽ പ്രദേശം കൊയ്യും. അവരുമായി താരതമ്യം ചെയ്യുമ്പോൾ പ്രാദേശിക തൊഴിലാളികൾ വളരെ ഉയർന്ന കൂലിയാണ് ആവശ്യപ്പെടുന്നത്- ആളൊന്നിന്ന് ദിവസക്കൂലിയായി 800 രൂപയാണ് അവർക്ക് കൊടുക്കേണ്ടത്. 4 തൊഴിലാളികൾ ചേർന്ന് ഒരു ദിവസം കഷ്ടി ഒരു കനാൽ പ്രദേശത്തേ വിളവെടുപ്പ് പൂർത്തിയാകുകയുമുള്ളൂ. (അപൂർവ്വമായി 1.5 അല്ലെങ്കിൽ 2 കനാൽ പൂർത്തിയാക്കും.) ചുരുക്കത്തിൽ പറഞ്ഞാൽ ഒരു കനാൽ ഭൂമിയിലെ വിളവെടുക്കാൻ 3,200 രൂപ കൊടുക്കണം.

2019 ആഗസ്റ്റ് 5ന് 370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ കശ്മീർ സ്വദേശികളല്ലാത്ത എല്ലാവരും 24 മണിക്കൂറിനകം കശ്മീർ വിടണമെന്ന് ഉത്തരവിറക്കിയിരുന്നു. ഇതിനു പിന്നാലെ മാസങ്ങളോളം കശ്മീർ അടഞ്ഞു കിടന്നു. മാർച്ചിൽ തുടങ്ങിയ ലോക്ക്ഡൗൺ കൂടിയായപ്പോൾ കാർഷിക തൊഴിലുകൾ ചെയ്യാൻ അതിഥി തൊഴിലാളികൾ ആരും തന്നെയില്ലെന്ന സ്ഥിതിയാണ്. അവശേഷിക്കുന്ന കുറച്ച് പേർ ഏപ്രിൽ-മെയ് മാസങ്ങളിൽ വിത്ത് വിതയ്ക്കുന്ന ജോലി ചെയ്തിരുന്നു. എന്നാൽ ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ നടക്കുന്ന വിളവെടുപ്പാണ് അധ്വാനമേറിയ ജോലിയെന്ന് ഇവിടത്തെ കർഷകർ പറയുന്നു.

നാഗ്ബലിന് രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള ദാരെന്ദ് ഗ്രാമത്തിലെ കർഷകനായ ഇഷ്തിയാഖ് അഹമ്മദ് റാഥറിന് സ്വന്തമായി 7 കനാൽ ഭൂമിയുണ്ട്. "ഇത്തവണ വിളവെടുപ്പിന്, 4 പേരടങ്ങുന്ന പ്രാദേശിക തൊഴിലാളി സംഘം കനാൽ ഒന്നിന് 3,200 രൂപയാണ് ആവശ്യപ്പെടുന്നത്. ഇത്ര ഉയർന്ന തുക കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കില്ല. നെല്ല് കൊയ്ത് പരിചയമില്ലാത്ത ദിവസക്കൂലിക്കാരെ മാത്രമാണ് ഞങ്ങൾക്ക് ഇപ്പോൾ പണിക്ക് നിർത്താനാകുന്നത്. പക്ഷെ ഞങ്ങൾ നിസ്സഹായരാണ്. അടുത്ത വർഷം വിത്ത് വിതയ്ക്കാൻ ഭൂമി തയ്യാറാക്കാതെ നിവൃത്തിയില്ലല്ലോ. ഇതേ ജോലി ചെയ്യാൻ അതിഥി തൊഴിലാളികൾ 1,000 രൂപയെ വാങ്ങിയിരുന്നുള്ളു."- ദിവസക്കൂലിക്ക് തൊഴിലെടുക്കുക കൂടി ചെയ്യുന്ന റാഥർ വിശദീകരിക്കുന്നു.

PHOTO • Muzamil Bhat

"കോവിഡ്-19 ന് അറുതിയുണ്ടായില്ലെങ്കിൽ ഇത്തവണത്തെ നെൽകൃഷി മിക്കവാറും എന്‍റെ അവസാനത്തേത് കൂടിയാകും", തന്‍റെ കുടുംബത്തിന് സ്വന്തമായുള്ള കൃഷിയിടത്തിൽ ദിവസം മുഴുവൻ നീണ്ട കഠിനാധ്വാനത്തിനു ശേഷം, ഭാര്യ ഹലീമ സ്റ്റീൽ ടംബ്ലറിൽ കൊണ്ടുവന്നു കൊടുത്ത വെള്ളം കുടിച്ചു കൊണ്ട് അബ്ദുൾ റഹ്മാൻ പറയുന്നു. മധ്യകാശ്മീരിലെ ഗാന്ധര്‍ബല്‍ ജില്ലയിലുള്ള നാഗ്ബൽ ഗ്രാമത്തിലെ കർഷകനാണ് അബ്ദുൾ റഹ്മാൻ

അഹമ്മദ് റാഥറും മറ്റു ചില കർഷകരും കടുക്, ധാന്യങ്ങൾ തുടങ്ങിയ റാബി വിളകളും കൃഷി ചെയ്യാറുണ്ടെങ്കിലും തീരെ കുറച്ച് ഭൂമി മാത്രം സ്വന്തമായുള്ള ഗാന്ധർബലിലെ കർഷക കുടുംബങ്ങൾക്ക് നെല്ല് തന്നെയാണ് പ്രധാന കൃഷി. അതിൽ തന്നെ ഷാലിമാർ-3, ഷാലിമാർ-4, ഷാലിമാർ-5 എന്നീ മൂന്ന് ഇനങ്ങൾ കൃഷി ചെയ്യാനാണ് കർഷകർ കൂടുതലും താൽപര്യപ്പെടുന്നത്- കൃഷി ഡയറക്ടറായ സയ്യദ് അൽത്താഫ് ഐജാസ് അന്ദ്രാബി പറയുന്നു.

കൃഷി ഡയറക്ടറുടെ ഓഫിസിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കാശ്മീരിൽ 1.41 ലക്ഷം ഹെക്ടർ ഭൂമിയിലാണ് നെല്ല് കൃഷി ചെയ്യുന്നത്- അതായത് 4.96 ലക്ഷം ഹെക്ടർ വരുന്ന മൊത്തം കൃഷിഭൂമിയുടെ 28 ശതമാനം. "ഇവിടത്തെ പ്രധാന (ഭക്ഷ്യ) വിള നെല്ലാണ്. ഇവിടത്തെ നെല്ലിന്‍റെ മധുരമൂറുന്ന രുചി കാശ്മീരിന് പുറത്ത് എവിടെയും നിങ്ങൾക്ക് ലഭിക്കില്ല.", അന്ദ്രാബി പറയുന്നു. ജലസമൃദ്ധമായ കശ്മീർ താഴ്‌വരയിൽ ഒരു ഹെക്ടറിൽ നിന്ന് ഏകദേശം 67 ക്വിന്‍റൽ നെല്ല് ലഭിക്കും, അദ്ദേഹം കൂട്ടിച്ചേർക്കുന്നു. നെൽകൃഷി നടത്തുന്നതിലൂടെ അനേകം തൊഴിലാളികൾക്കു ജോലി ലഭിക്കുമെന്നതിനു പുറമേ മിക്ക കർഷക കുടുംബങ്ങൾക്കും അവർ ഉദ്പാദിപ്പിക്കുന്ന നെല്ല് തന്നെ ഉപയോഗിക്കാനാകുമാകുന്നു. കഠിനമായ തണുപ്പുണ്ടാകുന്ന ശൈത്യകാല മാസങ്ങളിൽ പ്രത്യേകിച്ചും.

എന്നാൽ ഈ വർഷം, റഹ്മാനെയും റാഥറെയും പോലുള്ള ചെറുകിട കർഷകർ രണ്ടു തരത്തിലുള്ള നഷ്ടം നേരിടേണ്ടി വരുന്നുണ്ട്. ലോക്ക്ഡൗൺ നിമിത്തം അവർക്കും കുടുംബാംഗങ്ങൾക്കും ദിവസക്കൂലിയിനത്തിൽ ലഭിക്കേണ്ട തുക മാസങ്ങളോളം മുടങ്ങി-ഇഷ്ടിക കളങ്ങളിലും മണൽ വാരുന്ന ജോലിക്കും കെട്ടിടം പണിക്കുമെല്ലാം ദിവസം 600 രൂപയാണ് പൊതുവെ കൂലി. ഇതിനു പുറമെ, ഇത്തവണത്തെ വിളവെടുപ്പിന്, താങ്ങാനാകാത്ത കൂലി നൽകി പ്രാദേശിക തൊഴിലാളികളെ നിയോഗിക്കുകയല്ലാതെ അവർക്ക് മുന്നിൽ മറ്റു മാർഗങ്ങളുമില്ല.

38 വയസ്സുകാരനായ റിയാസ് അഹമ്മദ് മിർ ഇത്തരത്തിൽ ദുരിതമനുഭവിക്കുന്ന മറ്റൊരു കർഷകനാണ്. മധ്യകാശ്മീരിലെ ബഡ്ഗാം ജില്ലയിലുള്ള കരിപോര ഗ്രാമമാണ് അദ്ദേഹത്തിന്‍റെ സ്വദേശം. മണൽ കുഴിച്ചെടുക്കുന്ന ജോലി ലോക്ക്ഡൗൺ കാലത്ത് നഷ്ടപ്പെട്ടതോടെ തന്‍റെ 12 കനാൽ നിലത്ത് നിന്ന് നല്ല വിളവെടുപ്പ് ലഭിക്കുമെന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതീക്ഷ. "കൃഷിഭൂമിയിൽ ആയിരുന്നു എന്‍റെ മുഴുവൻ പ്രതീക്ഷയും; പക്ഷെ കാലം തെറ്റി മഴ പെയ്തതോടെ (സെപ്റ്റംബർ തുടക്കത്തിൽ) വിളവിന്‍റെ നല്ലൊരു പങ്കും നശിച്ചു പോയി.", കുറച്ച് ആഴ്ചകൾക്ക് മുൻപ് അദ്ദേഹം എന്നോട് പറഞ്ഞു. "അതിഥി തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആശിക്കുകയാണ്. ദ്രുതഗതിയിൽ നെല്ല് കൊയ്യാൻ കെല്പുള്ള അവർ ഉണ്ടായിരുന്നെങ്കിൽ എനിക്ക് കുറച്ചെങ്കിലും നെല്ല് രക്ഷിച്ചെടുക്കാമായിരുന്നു."

ദാരെന്ദ് ഗ്രാമത്തിൽ, നാല് കനാൽ വരുന്ന തന്‍റെ കൃഷിയിടത്തിൽ ജോലി ചെയുന്ന 55 കാരനായ അബ്ദുൾ കരീം പാരെ പ്രതീക്ഷയിലാണ്: "കശ്മീരിലെ നെൽപ്പാടങ്ങളിൽ അതിഥി തൊഴിലാളികൾ ജോലിക്കില്ലാതെ ഇത് ആദ്യത്തെ വർഷമാണ്. (കുറഞ്ഞ എണ്ണത്തിലെങ്കിലും മുൻപത്തെ വർഷം അതിഥി തൊഴിലാളികൾ ജോലിയ്ക്കുണ്ടായിരുന്നു) കർഫ്യുവിലും ലോക്ക്ഡൗണിലും ഹർത്താലിലും ഞങ്ങൾ ജോലി ചെയ്തിട്ടുണ്ട്, പക്ഷെ ഈ കോവിഡ് കാലം വ്യത്യസ്തമാണ്. ഭാവിയിൽ അതിഥി തൊഴിലാളികൾ ഇവിടെ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം."

അവരുടെ പ്രതീക്ഷകൾ സഫലമാകുന്ന ലക്ഷണങ്ങൾ കാണുന്നുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ചകളിലായി മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ താഴ്വരയിലേക്ക് മടങ്ങിയെത്തി തുടങ്ങിയിരിക്കുന്നു.

PHOTO • Muzamil Bhat

കൃഷിപ്പണിയിൽ വിദഗ്ദ്ധരായ തൊഴിലാളികളുടെ ക്ഷാമം മൂലം, മധ്യ കശ്മീരിലെ ഗാന്ധര്‍ബല്‍ ജില്ലയിലെ അനേകം കുടുംബങ്ങൾ വർഷങ്ങൾക്ക് ശേഷം സ്വന്തം കൃഷിയിടത്തിൽ ജോലി ചെയ്യാനിറങ്ങി


PHOTO • Muzamil Bhat

ബഡ്ഗാം ജില്ലയിലുള്ള കരിപോര ഗ്രാമത്തിൽ നിന്നുള്ള റിയാസ് അഹമ്മദ് മിർ തന്‍റെ നെൽപ്പാടത്ത് നിന്ന് അധിക ജലം ഒഴുക്കിക്കളയുന്നു . മണൽ കുഴിക്കുന്ന ജോലി ലോക്ക്ഡൗൺ കാലത്ത് നഷ്ടപ്പെട്ടതോടെ തന്‍റെ 12 കനാൽ നിലത്ത് നിന്ന് നല്ല വിളവെടുപ്പ് ലഭിക്കുമെന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതീക്ഷ. "പക്ഷെ കാലം തെറ്റി മഴ പെയ്തതോടെ വിളവിന്‍റെ നല്ലൊരു പങ്കും നശിച്ചു പോയി", അദ്ദേഹം എന്നോട് പറഞ്ഞു. "അതിഥി തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ ആശിക്കുകയാണ്. ദ്രുതഗതിയിൽ നെല്ല് കൊയ്യാൻ കെല്പുള്ള അവർ ഉണ്ടായിരുന്നെങ്കിൽ എനിക്ക് കുറച്ചെങ്കിലും നെല്ല് രക്ഷിച്ചെടുക്കാമായിരുന്നു..."


PHOTO • Muzamil Bhat

ബഡ്ഗാം ജില്ലയിലെ ഗൂഡസാഥു പ്രദേശവാസിയായ 60 വയസ്സുകാരി റഫീഖ ബാനു തന്‍റെ കുടുംബത്തിന് സ്വന്തമായുള്ള 12 കനാൽ നെൽപ്പാടത്ത് നിന്ന് കള പറിക്കുന്നു. നെൽച്ചെടികളെ ആരോഗ്യത്തോടെ നിലനിർത്താനുള്ള ശ്രമത്തിലാണവർ


PHOTO • Muzamil Bhat

ബഡ്ഗാം ജില്ലയിലെ ഗൂഡസാഥു പ്രദേശവാസിയായ മറ്റൊരു കർഷക , (62 വയസ്സുകാരിയായ അവരുടെ പേരും റഫീഖ എന്നു തന്നെയാണ്) കളയായി വളരുന്ന പുല്ല് പറിച്ച്, ശേഖരിച്ച് കന്നുകാലികൾക്ക് കൊടുക്കാനായി തയ്യാറാക്കുന്നു


PHOTO • Muzamil Bhat

ഗാന്ധര്‍ബല്‍ ജില്ലയിലെ ദാരെന്ദ് ഗ്രാമത്തിലെ ഇഷ്തിയാഖ് അഹമ്മദ് റാഥർ ഒരു അലുമിനിയം വീപ്പയ്ക്ക് മുകളിൽ നെൽക്കറ്റകൾ മെതിക്കുന്നു . " എന്‍റെ 7 കനാൽ നിലത്ത് ഞാൻ 15 വർഷമായി കൃഷി ചെയ്യുന്നു .", അദ്ദേഹം പറഞ്ഞു . " ഇക്കാലത്ത് അതിഥി തൊഴിലാളികൾ ഇല്ലാതെ ജോലി ചെയ്യുക ദുഷ്കരമാണ് . ഞങ്ങളിൽ പലരും കൃഷിപ്പണി അവരെ ഏൽപ്പിച്ചിരുന്നതാണ് "


PHOTO • Muzamil Bhat

ഗാന്ധര്‍ബല്‍ ജില്ലയിലെ ദാരെന്ദ് ഗ്രാമത്തിലെ അബ്ദുൾ കരീം പാരെ തന്‍റെ നാല് കനാൽ നിലത്ത് നിന്നുള്ള നെല്ല് കൂനകൂട്ടുന്നു. "കശ്മീരിലെ നെൽപ്പാടങ്ങളിൽ അതിഥി തൊഴിലാളികൾ ജോലിക്കില്ലാതെ ഇത് ആദ്യത്തെ വർഷമാണ്. കർഫ്യുവിലും ലോക്ക്ഡൗണിലും ഹർത്താലിലും ഞങ്ങൾ ജോലി ചെയ്തിട്ടുണ്ട്, പക്ഷെ ഈ കോവിഡ് കാലം വ്യത്യസ്തമാണ്. ഭാവിയിൽ അതിഥി തൊഴിലാളികൾ ഇവിടെ മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കാം"


PHOTO • Muzamil Bhat

ഗാന്ധര്‍ബല്‍ ജില്ലയിലെ ദാരെന്ദ് ഗ്രാമത്തിലെ കർഷകർ നെൽക്കറ്റകൾ തുറന്ന പാടങ്ങളിൽ ഉണക്കാനിടാനായി കൊണ്ടുപോകുന്നു


PHOTO • Muzamil Bhat

ഗാന്ധര്‍ബല്‍ ജില്ലയിലെ ദാരെന്ദ് ഗ്രാമത്തിലെ ഒരു കശ്മീർ യുവതി ( അവർ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല ) നെൽക്കറ്റകൾ മെതിക്കാനായി തലയിലേറ്റി കൊണ്ടുപോകുന്നു


PHOTO • Muzamil Bhat

ഗാന്ധര്‍ബല്‍ ജില്ലയിലെ ഗുന്ദ് പ്രദേശത്ത് കൂടി കടന്നു പോകുന്ന ശ്രീനഗർ -ലേ ദേശീയ പാതയ്ക്ക് സമീപത്തായി വിളഞ്ഞു കിടക്കുന്ന നെൽപ്പാടം


പരിഭാഷ: പ്രതിഭ ആര്‍. കെ.

Muzamil Bhat

Muzamil Bhat is a Srinagar-based freelance photojournalist and filmmaker, and was a PARI Fellow in 2022.

यांचे इतर लिखाण Muzamil Bhat
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

यांचे इतर लिखाण Prathibha R. K.