ജോലിക്കായി യാത്ര ചെയ്‌തിട്ടുള്ള എല്ലാ ഗ്രാമങ്ങളും മംഗള ഹരിജൻ ഓർക്കുന്നുണ്ട്. "കുഞ്ചുരു, കുരഗുന്ദ, ക്യാത്തനകേരി ... രട്ടിഹള്ളിയിലും ഞാൻ ഒരു വർഷം പോയിട്ടുണ്ട്," കർണാടകയിലെ ഹാവേരി ജില്ലയിലെ ഹിരേകേരൂരു താലൂക്കിലെ ഗ്രാമങ്ങളുടെ പേരുകൾ നിരത്തിക്കൊണ്ട് അവർ പറഞ്ഞു. കർഷകത്തൊഴിലാളിയായ മംഗള തന്‍റെ ഒറ്റപ്പെട്ട ഗ്രാമത്തിൽ നിന്ന് ദിവസക്കൂലിക്ക് തോട്ടങ്ങളിൽ ജോലി ചെയ്യാൻ ദിവസവും 17-20 കിലോമീറ്റർ യാത്ര ചെയ്യാറുണ്ട്.
“രണ്ടു വർഷമായി ഞാൻ കോണനതലിയിലേക്ക് പോകുന്നു,” അവർ എന്നോട് പറഞ്ഞു. മംഗളയുടെ ഗ്രാമമായ കോണനതലിയും മേനാശിനഹലും ഹാവേരിയിലെ റാണിബെന്നൂരു താലൂക്കിലാണ്. അവിടെ നിന്ന് 35 കിലോമീറ്റർ അകലെയാണ് ഹിരേകേരൂരു താലൂക്ക്. മംഗളയും മേനാശിനഹലിലെ മാദിഗ കേരിയില്‍ (മംഗള ഉള്‍പ്പെടുന്ന മാദിഗ ജാതിയിലുള്ള ദളിതരുടെ ഒരു കോളനി) അവരുടെ സമീപ പ്രദേശത്തുള്ള മറ്റു സ്ത്രീകളും 8 മുതൽ 10 വരെ ആളുകളുടെ ചെറു സംഘങ്ങളായി ഹാവേരിയിലുടനീളം ജോലിക്കായി യാത്ര ചെയ്യുന്നു.
അവർ ഓരോരുത്തരും ദിവസം 150 രൂപ വീതം സമ്പാദിക്കുന്നു. എന്നാൽ, വർഷത്തിൽ കുറച്ച് മാസത്തേക്ക്, അവർ കൈപരാഗണം നടത്തുന്ന ജോലി ചെയ്യുമ്പോൾ അവർക്ക് 90 രൂപ കൂടുതൽ കിട്ടുന്നു. ഈ ജോലിക്കായി അവർ ജില്ലയിൽ ഉടനീളം സഞ്ചരിക്കുന്നു. തങ്ങളെ പണിക്കു വിളിക്കുന്ന കർഷകർ ഏർപ്പാടാക്കിയ ഓട്ടോറിക്ഷകളിൽ അവരെ ജോലിക്ക് കൊണ്ടുവരികയും വീട്ടിലേക്ക് തിരികെ എത്തിക്കുകയും ചെയ്യുന്നു. “ഓട്ടോ ഡ്രൈവർമാർ ഒരു ദിവസത്തേക്ക് 800-900 രൂപയോളം ഈടാക്കുന്നു, അതിനാൽ അവർ [കർഷകർ] ഞങ്ങളുടെ കൂലിയിൽ നിന്ന് 10 രൂപ അതിനുവേണ്ടി കുറയ്ക്കുന്നു,” മംഗള പറഞ്ഞു. “മുമ്പ്, യാത്ര ചെയ്യാൻ ഓട്ടോകൾ ഇല്ലായിരുന്നു. ഞങ്ങൾ നടക്കാറായിരുന്നു പതിവ്.”
മെലിഞ്ഞ് ,ആവശ്യത്തിന് ഭാരമില്ലാത്ത, 30-കാരിയായ മംഗള, ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന തൊഴിലാളിയായ ഭർത്താവിനോടും നാല് കുട്ടികളോടുമൊപ്പം, ഒരു മുറിയുള്ള, മേഞ്ഞ മേൽക്കൂരയുള്ള ഒരു കുടിലിലാണ് കഴിയുന്നത്. അവരുടെ വീട്ടിൽ ഒരു ബൾബ് കത്തുന്നുണ്ട്, മുറിയുടെ ഒരു മൂല അടുക്കളയാണ്, മറ്റൊരു മൂലയിൽ വസ്ത്രങ്ങൾ അടുക്കിവച്ചിരിക്കുന്നു. പൊട്ടിയ ഒരു സ്റ്റീലലമാര മറുവശത്തെ ചുമരിനോട് ചേർത്ത് വച്ചിരിക്കുന്നു. മുറിയുടെ നടുക്ക് ബാക്കിയുള്ള സ്‌ഥലത്ത് അവർ ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ചെയ്യുന്നു. പുറത്ത് ഉയർത്തിവച്ചിരിക്കുന്ന ഒരു കല്ലിൽ അവർ തുണികളും പാത്രങ്ങളും കഴുകുന്നു.
"ഈ വർഷം മാത്രമേ ക്രോസിങ് ജോലിക്ക് ദിവസം 240 രൂപ കിട്ടിയുള്ളൂ. കഴിഞ്ഞ വർഷം വരെ പത്തു രൂപ കുറച്ചാണ് കൂലി കിട്ടിയത്," മംഗള പറഞ്ഞു. വിളകൾ കൈപരാഗണം നടത്തുന്ന (ഈ വിളകൾ പിന്നീട് വിത്തുകൾക്കായി വിളവെടുക്കുന്നു) ഇവരെപ്പോലുള്ള തൊഴിലാളികൾ ഈ പ്രക്രിയയെ ക്രോസ്സ് അല്ലെങ്കിൽ ക്രോസിങ് എന്നാണ് പരാമർശിക്കുന്നത്.
കൈപരാഗണ ജോലികൾ ലഭ്യമായ മഞ്ഞുകാലത്തും മഴക്കാലത്തും മാസത്തിൽ 15-20 ദിവസമെങ്കിലും മംഗളയ്ക്ക് വരുമാനം ലഭിക്കും. സ്വകാര്യ വിത്ത് കമ്പനികൾക്കായി കർഷകർ ഉൽപ്പാദിപ്പിക്കുന്ന തക്കാളിയുടെയും, വെണ്ടയുടെയും, ചുരയ്ക്കയുടെയും സങ്കരയിനം വിത്തുകൾ ഉണ്ടാക്കാൻ അവർ സഹായിക്കുന്നു.
പൂക്കളിൽ കൈപരാഗണം നടത്തിക്കൊണ്ട്, പ്രാഥമിക തലത്തിൽ മംഗള ജോലി ചെയ്യുന്ന ഇന്ത്യയിലെ സങ്കരയിന പച്ചക്കറി വിത്ത് വ്യവസായത്തിന്‍റെ മൂല്യം നാഷണൽ സീഡ് അസോസിയേഷൻ ഓഫ് ഇന്ത്യ (NSAI) പറയുന്നതു പ്രകാരം 2,600 കോടിയാണ് (349 ദശലക്ഷം ഡോളർ). രാജ്യത്ത് ഏറ്റവും കൂടുതൽ പച്ചക്കറി വിത്ത് ഉത്പാദിപ്പിക്കുന്നത് മഹാരാഷ്ട്രയും കർണാടകയുമാണ്, കർണാടകയിൽ ഹാവേരി, കൊപ്പല ജില്ലകൾ പച്ചക്കറി-വിത്ത് ഉൽപാദന കേന്ദ്രങ്ങളാണ്.
ഉൾനാടൻ ഹാവേരിയിലുടനീളമുള്ള സ്ത്രീകൾ അവരുടെ ഗ്രാമത്തിലെ കൃഷിയിടങ്ങളിൽ ജോലി ചെയ്ത് കിട്ടുന്ന വേതനത്തെക്കാൾ അൽപ്പം കൂടുതൽ സമ്പാദിക്കാൻ ദീർഘദൂരം യാത്ര ചെയ്യാൻ തയ്യാറാണ്. നാലുവർഷത്തെ ഗാർഹിക പീഡനത്തിൽ നിന്ന് രക്ഷപ്പെട്ട് ഹിരേകേരൂരുവിലെ കുടപ്പലി ഗ്രാമത്തിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് മടങ്ങിയെത്തിയ രജിയ അലാദ്ദീൻ ഷെയ്ഖ് സന്നദിക്ക് (28) തന്‍റെ രണ്ട് പെൺമക്കളെ പോറ്റാൻ ഒരു ജോലി കണ്ടുപിടിക്കേണ്ടതായി വന്നു.
അവരുടെ ഗ്രാമത്തിൽ കർഷകർ കൃഷി ചെയ്യുന്നത് ചോളവും, പരുത്തിയും, നിലക്കടലയും, വെളുത്തുള്ളിയുമാണ്. "ഞങ്ങൾക്ക് [കൃഷിപ്പണി ചെയ്‌താൽ] ദിവസം 150 രൂപ മാത്രമേ കിട്ടുകയുള്ളൂ. അതുകൊണ്ട് ഒരു ലിറ്റർ എണ്ണ പോലും മേടിക്കാൻ പറ്റില്ല. അതുകൊണ്ടാണ് ഞങ്ങൾ മറ്റു സ്‌ഥലങ്ങളിൽ പണിക്കു പോകുന്നത്," രജിയ പറഞ്ഞു. കൈപരാഗണം നടത്തുന്നവരുടെ കൂട്ടത്തിൽ ചേരാൻ അയൽവാസി അവരെ പ്രേരിപ്പിച്ചപ്പോൾ അവർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. "വീട്ടിൽ ഇരുന്ന് ഞാൻ എന്ത് ചെയ്യാൻ പോകുന്നുവെന്ന് അവർ എന്നോട് ചോദിച്ചു. ഈ ജോലിക്ക് ദിവസം 240 രൂപ കിട്ടും."
ഉയർന്ന് മെലിഞ്ഞ് ആകർഷണീയമായ രൂപമാണ് രജിയയുടേത്. 20-ാം വയസ്സിൽ മദ്യപനായ ഒരാളുമായി വിവാഹം കഴിപ്പിച്ചയയ്ക്കപ്പെട്ട ഇവർ അയാളോടൊത്ത് ഗദഗ് ജില്ലയിലെ ശിരഹട്ടി താലൂക്കിൽ താമസിക്കാൻ ചെന്നു. ഇവരുടെ മാതാപിതാക്കൾ തങ്ങളാൽ കഴിയാവുന്നത്ര സ്ത്രീധനം നൽകിയിരുന്നെങ്കിലും, സ്ത്രീധന പീഡനത്തിൽ നിന്ന് രക്ഷപ്പെടാൻ അവർക്കായില്ല. "എന്‍റെ അച്ഛനമ്മമാർ മൂന്നു പവൻ സ്വർണ്ണവും [ഒരു പവൻ 8 ഗ്രാം വരും] 35,000 രൂപയും കൊടുത്തു. ഞങ്ങളുടെ സമുദായത്തിൽ ഞങ്ങൾ ധാരാളം പാത്രങ്ങളും, വസ്ത്രങ്ങളും നൽകാറുണ്ട്. അവയെല്ലാം കൊടുത്തു, വീട്ടിൽ ഒന്നും ബാക്കിയുണ്ടായിരുന്നില്ല," രജിയ പറഞ്ഞു. “ഞങ്ങൾ വിവാഹിതരാകുന്നതിന് മുമ്പ് എന്‍റെ ഭർത്താവ് ഒരു വാഹന അപകട കേസിൽ പ്രതിയായിരുന്നു. നിയമപരമായ ചെലവുകൾക്കായി എന്‍റെ മാതാപിതാക്കളിൽ നിന്ന് 5,000 രൂപയോ 10,000 രൂപയോ കൊണ്ടുവരണമെന്ന് അയാൾ നിരന്തരം ആവശ്യപ്പെടുമായിരുന്നു,” അവർ കൂട്ടിച്ചേർത്തു.
വിഭാര്യനാണെന്ന് അവകാശപ്പെട്ടുകൊണ്ട് രജിയയുടെ ഭർത്താവ് പുനർവിവാഹം ചെയ്തു. നാല് മാസങ്ങൾക്കു മുമ്പ് അവർ അയാൾക്കെതിരെ ജീവനാംശവും കുട്ടികളുടെ ആവശ്യങ്ങൾക്ക് സഹായവും ആവശ്യപ്പെട്ട് കേസ് കൊടുത്തിട്ടുണ്ട്. "അയാൾ ഒരിക്കൽ പോലും കുട്ടികളെ കാണാൻ വന്നിട്ടില്ല," അവർ പറഞ്ഞു. രജിയക്ക് വനിതാ കമ്മീഷൻ, വനിതാ ശിശു ക്ഷേമ വകുപ്പ്, എന്നിങ്ങനെ അവർക്ക് സഹായം ആവശ്യപ്പെടാൻ കഴിയുന്ന സ്‌ഥാപനങ്ങളെക്കുറിച്ചൊന്നും അറിയില്ല. കർഷകത്തൊഴിലാളികൾക്കുള്ള സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കാനായി അവരെ സഹായിക്കാൻ ഗ്രാമത്തിൽ ആരുമില്ല. കർഷകയായി പരിഗണിക്കപ്പെടാത്തതിനാൽ കർഷകർക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങളും അവകാശപ്പെടാൻ അവർക്ക് കഴിയില്ല.
"എനിക്ക് ഏതെങ്കിലുമൊരു സ്കൂളിലെ പാചകക്കാരിയുടെ ജോലി കിട്ടിയിരുന്നെങ്കിൽ ഒരു സ്‌ഥിരവരുമാനമായേനെ," രജിയ എന്നോട് പറഞ്ഞു. "പക്ഷെ വലിയ ബന്ധങ്ങളുള്ളവര്‍ക്കേ അങ്ങനത്തെ ജോലികൾ കിട്ടുകയുള്ളൂ. എനിക്കാരെയും അറിയില്ല. എല്ലാവരും പറയുന്നത് ഒക്കെ ശരിയാകുമെന്നാണ്. പക്ഷെ എല്ലാം ഞാൻ ഒറ്റയ്ക്ക് ചെയ്യണം, എന്നെ സഹായിക്കാൻ ആരുമില്ല."
രജിയ ഇപ്പോൾ ജോലി ചെയ്യുന്ന സ്‌ഥലത്തെ കർഷകൻ വിത്തുകൾ വിൽക്കുന്നത് 200 കോടിക്കും 500 കോടിക്കും ഇടയിൽ വാർഷിക വരുമാനമുള്ള ഒരു ബഹുരാഷ്ട്ര വിത്ത് കമ്പനിക്കാണ്. പക്ഷെ ഈ ആദായത്തിന്‍റെ തുച്ഛമായ ഒരു ഭാഗം മാത്രമാണ് രജിയ സമ്പാദിക്കുന്നത്. "ഇവിടെ [ഹാവേരി ജില്ലയിൽ] ഉത്പാദിപ്പിക്കുന്ന വിത്തുകൾ നൈജീരിയ, തായ്‌ലൻഡ്, പാക്കിസ്ഥാൻ, ഓസ്ട്രേലിയ, യു.എസ്. എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നു," ആ വിത്ത് കമ്പനിക്ക് വേണ്ടി റാണിബെന്നൂരു താലൂക്കിലെ 13 ഗ്രാമങ്ങളിലെ വിത്തുൽപ്പാദനത്തിന് മേൽനോട്ടം വഹിക്കുന്ന ഒരു ജീവനക്കാരൻ പറഞ്ഞു.
മംഗളയെപ്പോലുള്ള സ്വദേശ കുടിയേറ്റ സ്ത്രീ തൊഴിലാളികൾ ഇന്ത്യയുടെ വിത്ത് ഉൽപാദന തൊഴിൽ ശക്തിയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. രാജ്യത്തെ വിത്ത് വ്യവസായത്തിന് കുറഞ്ഞത് 22,500 കോടി രൂപയുടെ (3 ബില്യൺ ഡോളർ) മൂല്യമാണ് എൻ.എസ്.എ.ഐ. കണക്കാക്കുന്നത് - ആഗോളതലത്തിൽ 5-ാം സ്ഥാനം. ചോളം, തിന, പരുത്തി, പച്ചക്കറി വിളകൾ, സങ്കരയിനം അരി, എണ്ണക്കുരു എന്നിവയുടെ വിത്തുകൾ ഉൾപ്പെടുന്ന സങ്കരയിനം വിത്ത് വ്യവസായത്തിന്‍റെ വിഹിതം 10,000 കോടി രൂപയാണ് (1.33 ബില്യൺ ഡോളർ).
സർക്കാർ നയങ്ങളുടെ സഹായത്തോടെ സ്വകാര്യ മേഖല കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് വിത്ത് വ്യവസായത്തിന്‍റെ ഒരു പ്രധാന ഭാഗമായി മാറിയിരിക്കുന്നു. ഈ വർഷം മാർച്ചിൽ ഇന്ത്യയുടെ കൃഷി, കർഷക ക്ഷേമ മന്ത്രാലയം ലോക്‌സഭയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം രാജ്യത്ത് 540 സ്വകാര്യ വിത്ത് കമ്പനികളുണ്ട്. ഇതിൽ 80 എണ്ണത്തിനും ഗവേഷണ-വികസന ശേഷിയുണ്ട്. ഇന്ത്യയിലെ വിത്തുൽപ്പാദനത്തിൽ സ്വകാര്യമേഖലയുടെ പങ്ക് 2017-18ലെ 57.28 ശതമാനത്തിൽ നിന്ന് 2020-21ൽ 64.46 ശതമാനമായി വളർന്നതായി മന്ത്രാലയം പറയുന്നു.
ബില്യൺ ഡോളർ വിത്ത് മേഖലയുടെ വളർച്ച മംഗളയുടെയും ഹാവേരിയിലെ മറ്റ് കർഷക തൊഴിലാളികളായ സ്ത്രീകളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നില്ല. “ഒരു കിലോ പച്ചക്കറി വിത്തിന് 10,000 മുതൽ 20,000 രൂപ വരെ അവർക്ക് [കർഷകർക്ക്] ലഭിക്കുന്നുണ്ടാവണം. 2010-ൽ കിലോയ്ക്ക് 6,000 രൂപ ലഭിച്ചിരുന്നു, പക്ഷെ ഇപ്പോൾ എത്ര രൂപ കിട്ടുമെന്ന് അവർ വെളിപ്പെടുത്തുന്നില്ല. പഴയ തുക തന്നെയാണെന്ന് അവർ പറയുന്നു”, മംഗളയുടെ അയൽവാസിയായ 28 കാരിയായ ദീപ ദൊണ്ണെപ്പ പൂജാർ പറഞ്ഞു. തന്നെപ്പോലുള്ള തൊഴിലാളികൾക്ക് വേതനം ലഭിക്കണം, അവർ പറഞ്ഞു. “ഞങ്ങളുടെ ദിവസ വേതനം വർധിപ്പിക്കണം. ഞങ്ങൾ കഠിനാദ്ധ്വാനം ചെയ്യുന്നു, പക്ഷേ ഞങ്ങൾക്ക് സമ്പാദിക്കാൻ കഴിയുന്നില്ല; പണം കൈകളിൽ അവശേഷിക്കുന്നില്ല," അവർ പറഞ്ഞു.
കൈപരാഗണ ജോലിക്ക് അതിന്‍റേതായ ബുദ്ധിമുട്ടുകളുണ്ടെന്ന് ദീപ വിശദീകരിക്കുന്നു. "അത് വളരെ കഠിനമായ അദ്ധ്വാനമാണ്. അത് കൂടാതെ ഞങ്ങൾ പാചകം ചെയ്യണം, വീട് വൃത്തിയാക്കണം, പാത്രങ്ങൾ കഴുകണം ... എല്ലാം ഞങ്ങൾ തന്നെ ചെയ്യണം."
"പരാഗണം നടത്താനായി ഞങ്ങൾ ചെല്ലുമ്പോൾ അവർ [കർഷകർ] സമയം മാത്രമേ നോക്കാറുള്ളൂ. ഞങ്ങൾ ഇത്തിരി താമസിച്ചു ചെന്നാൽ, ഇത്രയും വൈകി വന്നിട്ട് 240 രൂപയുണ്ടാക്കാമെന്ന് എങ്ങനെ കരുതുന്നുവെന്ന് അവർ ചോദിക്കുന്നു. അവിടെ നിന്ന് ഞങ്ങൾ മടങ്ങുന്നത് വൈകിട്ട് അഞ്ചരയ്ക്കാണ്, വീട്ടിലെത്തുമ്പോൾ ഏഴരയോളമാകുന്നു," ദീപ പറഞ്ഞു. "എന്നിട്ട് ഞങ്ങൾക്ക് വീട് വൃത്തിയാക്കി, ചായ കുടിച്ചതിനു ശേഷം അത്താഴമുണ്ടാക്കണം. പാതിരാത്രിയാകും ഉറങ്ങാൻ പോകുമ്പോൾ. ഇവിടെയെങ്ങും ജോലിയില്ലാത്തതിനാൽ അവിടെ പോയെ മതിയാകൂ." പൂവിന്‍റെ പരാഗണസ്‌ഥലം തിരഞ്ഞു പിടിച്ച അവരുടെ കണ്ണിനും ആയാസമുണ്ടാകുന്നുവെന്ന് അവർ പറയുന്നു. "ഒരു മുടിയുടെ വണ്ണമേ അതിനുള്ളൂ."
കൈപരാഗണ ജോലിക്കാരെ ആവശ്യമുള്ളത് വളരെ കുറഞ്ഞ കാലയളവിലേക്ക് മാത്രമായതിനാൽ, വർഷത്തിൽ ബാക്കി സമയത്തൊക്കെ കൂലി കുറഞ്ഞ ജോലി ചെയ്യാൻ ഇവർ നിർബന്ധിതരാകുന്നു. "ദിവസം 150 രൂപ മാത്രം കൂലിയുള്ള ജോലിയിലേക്ക് ഞങ്ങൾ തിരിച്ചു പോകുന്നു," ദീപ പറഞ്ഞു. "അതുകൊണ്ട് എന്തു കിട്ടാനാണ്? ഒരു കിലോ പഴത്തിന് 120 രൂപയാകും. ഞങ്ങൾക്ക് പലചരക്കും, കുട്ടികൾക്കും, അതിഥികളായെത്തുന്ന ബന്ധുക്കൾക്കും കൊടുക്കാൻ ലഘുഭക്ഷണവും വാങ്ങണം. സന്തേ യിൽ [പ്രതിവാര ചന്ത] പോകാൻ കഴിയാതെ വന്നാൽ, ഞങ്ങൾക്ക് ഒന്നും വാങ്ങാൻ പറ്റാതെ വരും. അതുകൊണ്ട് ഞങ്ങൾ ബുധനാഴ്ചകളിൽ ജോലിക്കു പോകാറില്ല - തുമ്മിനകട്ടിയിലുള്ള സന്തേയിലേക്ക് [ഏകദേശം രണ്ടര കിലോമീറ്റർ] നടന്ന് ആ ആഴ്ചയിലേക്കുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നു."
ഈ തൊഴിലാളികൾക്ക് സ്‌ഥിരമായ ജോലിസമയവുമില്ല, സീസണനുസരിച്ച്, ഏതു വിളവാണെടുക്കുന്നതിനനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. "ചോളം വിളവെടുക്കുന്ന സമയത്ത് ഞങ്ങൾ രാവിലെ നാലു മണിക്കെഴുന്നേറ്റ് അഞ്ചു മണിയോടെ കൃഷിയിടത്തിലെത്തുന്നു. "ടാറിടാത്ത വഴികളാണെങ്കിൽ ചിലപ്പോൾ ഓട്ടോകൾ വരില്ല, ഞങ്ങൾക്ക് നടക്കേണ്ടി വരും, അപ്പോൾ മൊബൈലിലെ [ഫോൺ] ടോർച്ചോ ബാറ്ററിയിട്ട ഒരു ടോർച്ചോ വെളിച്ചത്തിനു വേണ്ടി ഉപയോഗിക്കും. ഉച്ചക്ക് ഒരുമണിയോടെ ഞങ്ങൾ വീട്ടിൽ തിരിച്ചെത്തും." നിലക്കടല വിളവെടുക്കാൻ അവർ രാവിലെ മൂന്നു മണിയോടെ പുറപ്പെടുന്നു, ഉച്ചക്ക് മുമ്പ് വീട്ടിൽ മടങ്ങിയെത്തുന്നു. "നിലക്കടല വിളവെടുക്കുന്നതിന് ഞങ്ങൾക്ക് ദിവസത്തിൽ 200 രൂപ കിട്ടാറുണ്ട്, പക്ഷെ ആ ജോലി ഒരു മാസത്തേക്ക് മാത്രമേ ഉള്ളൂ." ചിലപ്പോൾ കർഷകർ അവരെ കൂട്ടിക്കൊണ്ടു വരാൻ വാഹനങ്ങൾ അയക്കാറുണ്ട്. "അല്ലാത്തപ്പോൾ അവർ ഞങ്ങൾക്ക് ആ ചുമതലയും തരുന്നു," ദീപ പറഞ്ഞു.
ഇതൊന്നും പോരാതെ, അവരുടെ ജോലിസ്‌ഥലങ്ങളിൽ അവശ്യ സൗകര്യങ്ങളുമില്ല. "അവിടെ ടോയ്‌ലെറ്റുകളില്ല. പുറത്ത് ആരും കാണാത്ത സ്‌ഥലങ്ങൾ കണ്ടുപിടിച്ചാണ് ഞങ്ങൾ ഉപയോഗിക്കാറ്," ദീപ കൂട്ടിച്ചേർത്തു. "സ്‌ഥലത്തിന്‍റെ ഉടമസ്‌ഥൻ പറയുന്നത് വീട്ടിൽ തന്നെ എല്ലാം കഴിഞ്ഞിട്ട് ജോലിക്ക് വരാനാണ്. അവർ കരുതുന്നത് ടോയ്‌ലെറ്റിൽ പോകുന്നത് ജോലി ചെയ്യുന്ന സമയം പാഴാക്കലാണെന്നാണ്." ഇത് ആർത്തവസമയത്ത് ഇവർക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടാക്കുന്നു. "ഞങ്ങൾ ആർത്തവസമയത്ത് കട്ടിയുള്ള തുണിയോ സാനിറ്ററി പാഡോ ഉപയോഗിക്കുന്നു. അത് ഒന്ന് മാറാൻ പോലും തിരിച്ചു വീട്ടിലെത്തുന്നതു വരെ സ്‌ഥലം ഇല്ല. ദിവസം മുഴുവൻ നിൽക്കുന്നതും വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു."
കുറ്റം അവരുടെ അവസ്‌ഥയുടേതാണെന്ന് ദീപ വിശ്വസിക്കുന്നു. "ഞങ്ങളുടെ ഗ്രാമം വളരെ പിന്നോക്കമാണ്. ഒന്നിലും അത് മുന്നിലല്ല," അവർ നിരീക്ഷിക്കുന്നു. "അല്ലെങ്കിൽ ഞങ്ങൾക്ക് എന്തുകൊണ്ടിങ്ങനെ കഠിനാദ്ധ്വാനം ചെയ്യേണ്ടി വരുന്നു?"
പരിഭാഷ: പി. എസ്. സൗമ്യ