ഇടത്തോട്ടും വലത്തോട്ടും തിരിച്ചാൽ കേൾക്കുന്ന ‘കടകട’ ശബ്ദം കേട്ടാലറിയാം, ലോല്ലിപ്പോപ്പുപോലെയുള്ള കട്ക്യേറ്റി കളിപ്പാട്ട വില്പനക്കാർ ബെംഗളൂരുവിലെ തെരുവുകളിലെത്തിയിട്ടുണ്ടെന്ന്. കാഴ്ചവട്ടത്തുള്ള എല്ലാ കുട്ടികൾക്കും അത് വേണം. തെരുവുകളിലും ട്രാഫിക്ക് സിഗ്നലുകളിലും എല്ലായിടത്തും കാണുന്ന ഈ ചെറിയ തിളങ്ങുന്ന പാട്ടച്ചെണ്ട നഗരത്തിലേക്ക് കൊണ്ടുവരുന്നത്, 2000 കിലോമീറ്ററുകൾക്കപ്പുറത്തുനിന്ന് ബംഗാളിലെ സഞ്ചാരികളായ വില്പനക്കാരാണ്. “ “ഞങ്ങൾ കൈകൊണ്ടുണ്ടാക്കുന്ന കളിപ്പാട്ടം, ദൂരനാടുകളിൽ സഞ്ചരിക്കുമ്പോൾ സന്തോഷം തോന്നുന്നു” ഒരു കളിപ്പാട്ടനിർമ്മാതാവ് അഭിമാനത്തോടെ പറയുന്നു. “വേണമെന്നുവെച്ചാലും ഞങ്ങൾക്ക് പോകാൻ കഴിയില്ല. പക്ഷേ ഞങ്ങളുടെ കളിപ്പാട്ടം പോവുന്നു..വലിയ ഭാഗ്യമാണ്”.
മൂർഷിദാബാദിലെ ഹരിഹർപര ബ്ലോക്കിലെ രാംപര ഗ്രാമത്തിലെ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഈ കട്ക്യേറ്റി നിർമ്മാണത്തിൽ (ബംഗാളി ഭാഷയിൽ കൊട്കൊടി എന്നും പറയുന്നു) പങ്കാളികളാവുന്നുണ്ട്. ഗ്രാമത്തിലെ നെൽപ്പാടങ്ങളിൽനിന്നുള്ള മണ്ണും, മറ്റൊരു ഗ്രാമത്തിൽനിന്നുള്ള ചെറിയ മുളങ്കമ്പുകളും ഉപയോഗിച്ചാണ് കട്ക്യേറ്റി ഉണ്ടാക്കുന്നതെന്ന്, തപൻ കുമാർ ദാസ് പറയുന്നു. രാംപരയിലെ തന്റെ വീട്ടിലിരുന്ന് ഈ കളിപ്പാട്ടമുണ്ടാക്കുന്ന ആളാണ് അദ്ദേഹം. വീട്ടിലെ കുടുംബാംഗങ്ങൾ മുഴുവനും ഇതിൽ പങ്കാളികളാകുന്നു. നിറങ്ങളും, കമ്പികളും, നിറക്കടലാസ്സുകളും ഇതിൽ ഉപയോഗിക്കുന്നു. പഴയ സിനിമാ റീലുകൾപോലും. “ഒരിഞ്ച് വലിപ്പത്തിൽ മുറിച്ച രണ്ട് ഫിലിം കഷണങ്ങൾ മുളങ്കഷണത്തിലെ വിടവിൽ കയറ്റുമ്പോൾ അത് നാല് വെകിളികളാവും (ചിറകുപോലത്തെ ഭാഗങ്ങൾ)”, കൊൽക്കൊത്തയിലെ ബറബസാറിൽനിന്ന് കുറച്ചുവർഷങ്ങൾക്കുമുമ്പ്, കുറേ ഫിലിം റോളുകൾ വാങ്ങിയ ദാസ് പറയുന്നു. ആ നാല് വെകിളികളാണ് കട്ക്യേറ്റിക്ക് ശബ്ദവും ചലനവും നൽകുന്നത്.
“ഞങ്ങൾ കൊണ്ടുവന്ന് വിൽക്കുന്നു. ഈ ഫിലിം റോളിലുള്ളത് ഏത് സിനിമയാണെന്നൊന്നും ഞങ്ങൾ ശ്രദ്ധിക്കാറില്ല”, ഒരു കളിപ്പാട്ടനിർമ്മാതാവ് വിശദീകരിക്കുന്നു. വാങ്ങുന്നവരും വിൽക്കുന്നവരുമൊന്നും ഈ റീലുകളിലുള്ള പ്രസിദ്ധരായ സിനിമാതാരങ്ങളെ ശ്രദ്ധിക്കാറില്ല. “ഇത് രഞ്ജിത് മല്ലിക്ക് ആണ്. ഞങ്ങളുടെ ബംഗാളിൽനിന്നുള്ള ആൾ”, ഒരു കട്ക്യേറ്റി കാണിച്ചുകൊണ്ട് മറ്റൊരു വില്പനക്കാരൻ പറയുന്നു. “ഞാൻ മറ്റുപലരേയും ഇതിനകത്ത് കണ്ടിട്ടുണ്ട്. പ്രസൻജിത്ത്, ഉത്തംകുമാർ, ഋതുപർണ്ണ, ശതാബ്ദി റോയ്..പലരും ഇതിലുണ്ട്”.
കളിപ്പാട്ടം വിൽക്കുന്നവർക്ക് – അവരിൽ പലരും കർഷകത്തൊഴിലാളികളാണ് – ഈ കളിപ്പാട്ടനിർമ്മാണം വലിയൊരു വരുമാനമാർഗ്ഗമാണ്. സ്വദേശത്തുള്ള തുച്ഛവരുമാനക്കാരായ, എല്ലുമുറിയെ പണിയെടുക്കുന്ന കർഷകത്തൊഴിലാളികൾക്ക് ഇത് വിൽക്കാനാണ് അവർ ആഗ്രഹിക്കുന്നത്. പക്ഷേ അവർ ബെംഗളൂരുപോലുള്ള നഗരങ്ങളിൽ പോയി, മാസങ്ങളോളം അവിടെ താമസിച്ച്, ദിവസവും 8-10 മണിക്കൂറുകൾ കാൽനടയായി നടന്നാണ് ഈ കളിപ്പാട്ടങ്ങൾ വിൽക്കുന്നത്. 2020-ലെ കോവിഡ്-19 മഹാമാരി, ഈ ചെറിയ കച്ചവടത്തെ സാരമായി ബാധിക്കുകയുണ്ടായി. ലോക്ക്ഡൌൺ കാലത്ത്, തീവണ്ടികളൊന്നും ഇല്ലാതിരുന്നതിനാൽ, കളിപ്പാട്ടത്തിനുള്ള സാധനങ്ങളെത്തിക്കാൻ കഴിയാതെ, ഇതിന്റെ നിർമ്മാണം നിന്നുപോയി. പല വില്പനക്കാർക്കും സ്വദേശത്തേക്ക് മടങ്ങേണ്ടിവരികയും ചെയ്തു.
അഭിനയിക്കുന്നവർ: കട്ക്യേറ്റിയുടെ നിർമ്മാതാക്കളും വില്പനക്കാരും
സംവിധാനം, ക്യാമറ, ശബ്ദലേഖനം: യശസ്വിനി രഘുനന്ദൻ
എഡിറ്റിംഗും സൌണ്ട് ഡിസൈനും: ആരതി പാർത്ഥസാരഥി
ഈ സിനിമയുടെ മറ്റൊരു പതിപ്പ്, 'ദാറ്റ് ക്ലൗഡ് നെവർ ലെഫ്റ്റ്' എന്ന പേരിൽ 2019-ലെ റോട്ടർഡാം, കാസ്സെൽ, ഷാർജ, പെസാരോ, മുംബൈ 2019 ഫിലിം ഫെസ്റ്റിവലുകളിൽ അവതരിപ്പിക്കുകയും നിരവധി പുരസ്കാരങ്ങളും പ്രശംസകളും, നേടുകയും ചെയ്തു, വിശേഷിച്ചും, ഫ്രാൻസിലെ ഫിലിം ഫെസ്റ്റിവലിൽവെച്ച് ലഭിച്ച ഗോൾഡ് ഫിലാഫ് പുരസ്കാരം.
പരിഭാഷ: രാജീവ് ചേലനാട്ട്