പൊലാമരശെത്തി പദ്മജയുടെ കുടുംബം 2007 ൽ അവരുടെ കല്യാണത്തിനുള്ള സ്ത്രീധനമായി 250 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് നൽകിയത്. "എന്‍റെ ഭർത്താവ് അത് മുഴുവൻ ചെലവാക്കിയ ശേഷം എന്നെയും വേണ്ടെന്നു വച്ചു," ഉപജീവനത്തിനായി വാച്ചുകൾ നന്നാക്കുന്ന 31 വയസുള്ള പദ്മജ പറഞ്ഞു.
മദ്യപനായ അവരുടെ ഭർത്താവ് ഓരോരോ ആഭരണങ്ങളായി വിൽക്കുകയായിരുന്നു. "എനിക്ക് കുടുംബത്തിന്‍റെയും എന്‍റെ കുഞ്ഞുങ്ങളുടെയും ജീവിതച്ചിലവ് ഏറ്റെടുക്കേണ്ടതായി വന്നു," അവർ പറഞ്ഞു. 2018 ൽ ഭർത്താവ് അവരെ ഉപേക്ഷിച്ചു പോയശേഷം വാച്ചുകൾ നന്നാക്കുന്ന ജോലി അവർ ഏറ്റെടുക്കുകയായിരുന്നു. ഒരുപക്ഷെ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തിൽ ഈ ജോലി ചെയ്യുന്ന ഒരേയൊയൊരു സ്ത്രീയും പദ്മജയായിരിക്കാം.
അന്നുമുതൽ അവർ ചെറിയൊരു വാച്ച് കടയിൽ 6,000 രൂപ മാസവരുമാനത്തിൽ ജോലിചെയ്തു വരുന്നു. എന്നാൽ മാർച്ച് മാസം കോവിഡ് ലോക്ക്ഡൗൺ തുടങ്ങിയതു മുതൽ അവരുടെ വരുമാനത്തിൽ വലിയ ഇടിവ് വന്നു. ആ മാസം അവർക്ക് പകുതി ശമ്പളം മാത്രമേ ലഭിച്ചുള്ളൂ, തുടർന്ന് ഏപ്രിലിലും മെയിലും യാതൊന്നും ലഭിച്ചതുമില്ല.
"മെയ് വരെയുള്ള വീട്ടുവാടക എന്‍റെ സമ്പാദ്യത്തിൽ നിന്നും എങ്ങനൊക്കെയോ കൊടുക്കാനായി," പട്ടണത്തിലെ കഞ്ചരപാലത്ത് അമൻ (13), രാജേഷ് (10) എന്നീ രണ്ട് കുട്ടികളോടൊപ്പം കഴിയുന്ന പദ്മജ പറഞ്ഞു. "എന്‍റെ കുട്ടികളെ സ്കൂളിൽ അയക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഞാൻ പഠിച്ചതിലും (പത്താം ക്ലാസ് വരെ) കൂടുതൽ അവർ പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു”, അവർ പറഞ്ഞു.
പദ്മജയുടെ വരുമാനമാണ് മാതാപിതാക്കൾ അടക്കമുള്ള കുടുംബത്തിന്‍റെ ഏക ആശ്രയം. ജോലിയില്ലാത്ത അവരുടെ ഭർത്താവ് യാതൊരുവിധ സാമ്പത്തിക സഹായവും കുടുംബത്തിനായി നൽകുന്നില്ല. "അയാൾ ഇപ്പോഴും വീട്ടിൽ വരും, കയ്യിൽ കാശില്ലാത്തപ്പോൾ മാത്രം", അവർ പറഞ്ഞു. വരുമ്പോൾ അയാളെ വീട്ടിൽ താമസിക്കുവാൻ അവർ അനുവദിക്കാറുമുണ്ട്.
"അപ്രതീക്ഷിതമായാണ് വാച്ച് നന്നാക്കാൻ പഠിക്കാനുള്ള തീരുമാനം എടുത്തത്. എന്‍റെ ഭർത്താവ് പോയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ ആകെ വിഷമിച്ചു. പൊതുവെ സൗമ്യശീലയായിരുന്ന എനിക്ക് വളരെ കുറച്ച് കൂട്ടുകാരെ ഉണ്ടായിരുന്നുള്ളൂ. എന്‍റെ ഒരു സുഹൃത്ത് ഈ കാര്യം പറയുന്നതുവരെ എന്ത് ചെയ്യണെമെന്ന് എനിക്കറിയില്ലായിരുന്നു," അവർ ഓർത്തെടുത്തു. അവരുടെ സുഹൃത്തിന്‍റെ സഹോദരനായ എം.ഡി. മുസ്തഫയാണ് വാച്ച് നന്നാക്കാൻ പദ്മജയെ പഠിപ്പിച്ചത്. വിശാഖപട്ടണത്തെ തിരക്കേറിയ ജഗദംബ ജംഗ്ഷനിൽ അയാൾക്കൊരു വാച്ച് കടയുണ്ട്. അവിടെ തന്നെയാണ് പദ്മജ ജോലിചെയ്യുന്ന കടയുമുള്ളത്. ആറ് മാസത്തിനുള്ളിൽ അവർ വാച്ച് നന്നാക്കുന്ന ജോലി പഠിച്ചെടുത്തു.
ലോക്ക്ഡൗണിന് മുൻപ് ഒരു ദിവസം ഏകദേശം 12-ഓളം വാച്ചുകൾ പദ്മജ നന്നാക്കുമായിരുന്നു. "ഞാൻ ഒരു വാച്ച് മെക്കാനിക്ക് ആകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല, പക്ഷെ ഇപ്പോൾ ഞാൻ ഈ ജോലി ആസ്വദിക്കുന്നു," അവർ പറഞ്ഞു. ലോക്ക്ഡൗൺ വന്നപ്പോൾ അധികം വാച്ചുകൾ ഒന്നും നന്നാക്കാൻ ഉണ്ടായിരുന്നില്ല. "ആ ദിവസങ്ങളിൽ വാച്ചുകളുടെ ടിക് ടിക് ശബ്ദം, കേടായ ഒരു വാച്ച് നന്നാക്കുമ്പോഴുള്ള വിവിധ ശബ്ദങ്ങൾ എല്ലാം എനിക്ക് ശരിക്കും നഷ്ടമായി," ഒരു വാച്ചിന്‍റെ പൊട്ടിയ കവർ മാറ്റിക്കൊണ്ട് അവർ പറഞ്ഞു.
വരുമാനമില്ലാതെ മുന്നോട്ടുപോകാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ലോക്ക്ഡൗണിന് അയവ് വരാൻ തുടങ്ങിയതിനു ശേഷം ജൂണിൽ പദ്മജക്ക് ജോലി വീണ്ടും തുടങ്ങാനായെങ്കിലും മാസവരുമാനത്തിന്‍റെ പകുതി (3,000 രൂപ) മാത്രമേ അവർക്ക് ഇപ്പോൾ ലഭിക്കുന്നുള്ളൂ. ജഗദംബ ജംഗ്ഷന്‍റെ ചില ഭാഗങ്ങൾ കണ്ടെയ്ൻമെന്‍റ് സോണുകള്‍ ആയതിനാൽ ജൂലൈയിൽ അവിടത്തെ വാച്ച് കടകളെല്ലാം രണ്ടാഴ്ചയോളം അടഞ്ഞു കിടന്നു. "ബിസിനസ് ഇനിയും മെച്ചപ്പെട്ടിട്ടില്ല. ഞാൻ രാവിലെ 10 മണി മുതൽ വൈകിട്ട് 7 മണി വരെ ജോലി ചെയ്യുന്നുണ്ട്. മറ്റൊരുജോലിയും ചെയ്യാൻ എനിക്കറിയില്ല," അവർ പറഞ്ഞു.
അവർ ജോലിചെയ്യുന്ന കടയ്ക്ക് എതിർവശത്തുള്ള നടപ്പാതയിലാണ് മുസ്‌തഫയുടെ ചെറിയ കട സ്ഥിതിചെയ്യുന്നത്. കുട്ടികൾക്കും വലിയവർക്കുമുള്ള കുറച്ചു ഡിജിറ്റൽ, അനലോഗ് വാച്ചുകൾ നീലനിറത്തിലുള്ള സ്റ്റാളിനുള്ളിലെ ഷെൽഫിൽ നിരത്തിവച്ചിട്ടുണ്ട്. വാച്ചുകളുടെ സ്പെയർ പാർട്ടുകളും വളരെ ചെറിയ വസ്തുക്കള്‍ എടുക്കാനും കാണാനും ഉപയോഗിക്കുന്ന ഉപകരണങ്ങളും അയാൾ ഷെല്‍ഫിനു താഴെ ശേഖരിച്ചുവച്ചിരിക്കുന്നു.
ജൂണിൽ കട തുറന്നശേഷം 700 മുതൽ 1,000 രൂപവരെ ലഭിച്ചിരുന്ന അയാളുടെ ദിവസ വരുമാനം വെറും 50 രൂപയായി കുറഞ്ഞു. കണ്ടെയ്ൻമെന്‍റ് കാരണം ജൂലൈയിൽ അടച്ചിടേണ്ടിവന്ന കട അയാൾക്ക് തുടർന്നും അടച്ചിടേണ്ടിവരികയായിരുന്നു. "ആവശ്യത്തിന് ബിസിനസ് അന്നുണ്ടായിരുന്നില്ല, മാത്രമല്ല എന്‍റെ യാത്രാച്ചിലവുകൾ എന്‍റെ വരുമാനത്തേക്കാൾ കൂടുതലുമായിരുന്നു," അയാൾ പറഞ്ഞു. ഓരോ 6 മാസം തോറും സ്റ്റോക്കുകൾക്ക് വേണ്ടി 40,000 മുതൽ 50,000 വരെ രൂപ അയാൾക്ക് ചെലവഴിക്കേണ്ടി വന്നിരുന്നു. ജൂലൈ മുതൽ അയാൾ അയാളുടെ സമ്പാദ്യത്തിൽ നിന്നുമാണ് ചെലവഴിച്ച് കൊണ്ടിരുന്നത്.
ഏകദേശം അരനൂറ്റാണ്ടായി മുസ്തഫ വാച്ചുകൾ നന്നാക്കുന്ന ജോലി ചെയ്തു വരുന്നു. "എന്‍റെ 10 വയസുമുതൽ അച്ഛന്‍റെയും അപ്പൂപ്പന്‍റെയും കൈയിൽ നിന്നാണ് ഞാൻ ഈ ജോലി പഠിച്ചെടുത്തത്. അവർ വാച്ചുകൾ ഉണ്ടാക്കുകയും അവ നന്നാക്കുകയും ചെയ്യുന്നവരായിരുന്നു, കൂടാതെ, കഞ്ചരപാലത്തിൽ സ്വന്തം കടകൾ ഉണ്ടായിരുന്നു,” 59 വയസ്സുള്ള ബി.കോം. ബിരുദധാരിയായ മുസ്തഫ പറഞ്ഞു. 1992 ലാണ് മുസ്തഫ തന്‍റെ കട തുടങ്ങിയത്.
""മുമ്പ് ഞങ്ങളുടെ ജോലിക്ക് വളരെ അധികം ബഹുമാനം ലഭിച്ചിരുന്നു. വാച്ച് നിർമാതാക്കൾ എന്നായിരുന്നു ഞങ്ങൾ അറിയപ്പെട്ടിരുന്നത്. മൊബൈൽ ഫോണുകൾ വന്നതോടെ വാച്ചുകൾക്കുള്ള പ്രാധാന്യം കുറഞ്ഞു, അതുപോലെ തന്നെ ഞങ്ങൾക്കും", മുസ്തഫ പറഞ്ഞു. 2013 വരെ അദ്ദേഹം വിശാഖ വാച്ച് മേക്കേഴ്‌സ് അസോസിയേഷനിൽ അംഗമായിരുന്നു. "അത് അറുപതോളം മുതിർന്ന വാച്ച് മെക്കാനിക്കുകൾ ഉൾപ്പെട്ട ഒരു യൂണിയൻ പോലെയായിരുന്നു. എല്ലാ മാസവും ഞങ്ങൾ കൂടിച്ചേരുമായിരുന്നു. അതെല്ലാം വളരെ നല്ല ദിവസങ്ങളായിരുന്നു," മുസ്തഫ ഓർത്തെടുത്തു. 2003 ൽ ആ ഗ്രൂപ്പിനെ പിരിച്ചുവിട്ടു. അയാളുടെ പല കൂട്ടുകാരും ഈ ബിസിനസ് തന്നെ വിട്ടുപോകുകയോ, പലരും പട്ടണം തന്നെ വിട്ടുപോകുകയോ ചെയ്തു. പക്ഷെ മുസ്തഫ ഇപ്പോഴും ആ മെമ്പർഷിപ് കാർഡ് കയ്യിൽ സൂക്ഷിക്കുന്നുണ്ട്. "അതെനിക്കൊരു സ്വത്വബോധം നല്കുന്നു," അദ്ദേഹം പറഞ്ഞു.
മുസ്‌തഫയുടെ കടയിൽ നിന്നും അധികം ദൂരത്തല്ലാതെ ഒരു കടയിൽ വാച്ച് നന്നാക്കുന്ന ജോലി ചെയുന്ന മുഹമ്മദ് താജുദ്ദീൻ ഈ മേഖലയിൽ വന്ന മാറ്റങ്ങളെ കുറിച്ച് സംസാരിച്ചു. "സാങ്കേതിക വിദ്യയുടെ മുന്നേറ്റം കാരണം ഈ ജോലി പതിയെ ഇല്ലാതായിക്കൊണ്ടിരിക്കയാണ്. വാച്ചുകൾ നന്നാക്കാൻ ഇനി ആരും തന്നെ ബാക്കിയുണ്ടാകാൻ വഴിയില്ല," 49 വയസുള്ള താജുദ്ദീൻ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി ഈ ജോലി ചെയ്തുവരികയാണ് അദ്ദേഹം.
ആന്ധ്രാപ്രദേശിലെ പടിഞ്ഞാറൻ ഗോദാവരിയിലെ ഏലൂര് പട്ടണത്തിൽ നിന്നുള്ള താജുദ്ദീൻ 4 വർഷം മുമ്പാണ് ഭാര്യയും മകനുമൊത്ത് വിശാഖപട്ടണത്തേക്ക് താമസം മാറിയത്. "ഞങ്ങളുടെ മകന് ഇവിടെയുള്ള ഒരു സാങ്കേതികവിദ്യ സ്ഥാപനത്തിൽ മുഴുവൻ സ്‌കോളർഷിപ്പോടെ സിവിൽ എൻജിനീറിങ് പഠിക്കാനുള്ള അവസരം ലഭിച്ചു," അദ്ദേഹം പറഞ്ഞു.
"വിവിധ തരത്തിലുള്ള വാച്ചുകളെക്കുറിച്ച് കൂടുതലറിയാൻ ലോക്ക്ഡൗൺ എനിക്ക് അവസരം നൽകി, എന്നാൽ അതെന്‍റെ വേതനം നഷ്ടമാക്കി," അദ്ദേഹം പറഞ്ഞു. മാർച്ച് മുതൽ മെയ് വരെ മാസ ശമ്പളത്തിന്റെ (12,000 രൂപ) പകുതി മാത്രമേ അയാൾക്ക് ലഭിച്ചുള്ളൂ. അടുത്ത രണ്ടു മാസങ്ങൾ ശമ്പളമില്ലാതെ കടന്നുപോയി.
ലോക്ക്ഡൗണിന് മുമ്പ് ദിവസവും 20-ഓളം വാച്ചുകൾ നന്നാക്കുമായിരുന്ന താജുദ്ദീന് ലോക്ക്ഡൗൺ സമയത്ത്, വീട്ടിലിരുന്ന് കുറച്ചു വാച്ചുകൾ നന്നാക്കിയതൊഴിച്ചാൽ, കാര്യമായ ജോലി കിട്ടിയില്ല. "ഞാൻ ആ സമയത്ത് കൂടുതലും ബാറ്ററികളാണ് നന്നാക്കിയിരുന്നത്; വിലകുറഞ്ഞതും ബ്രാൻഡഡ് അല്ലാത്തതുമായ വാച്ചുകളുടെ ഗ്ലാസുകളും സ്ട്രാപ്പുകളുമാണ് മാറ്റിയിരുന്നത്.," അയാൾ പറഞ്ഞു. എന്നാൽ ഓഗസ്റ്റിൽ അയാൾക്ക് മുഴുവൻ ശമ്പളവും കിട്ടി.
"വാച്ച് നന്നാക്കൽ പ്രത്യേകിച്ച് ഒരു സമുദായത്തിന്‍റെ പരമ്പരാഗത ജോലിയല്ല, അതിന് യാതൊരുവിധ പിന്തുണയും ഒരുഭാഗത്തുനിന്നും ലഭിക്കുന്നുമില്ല," താജുദ്ദീൻ പറഞ്ഞു. ഈ ജോലിയിൽ ഏർപ്പെടുന്നവർക്ക് സർക്കാരിന്റെ സഹായം ലഭിക്കേണ്ടതാണെന്ന് അയാൾ കൂട്ടിച്ചേർത്തു.
"കുറച്ച് സാമ്പത്തിക സഹായമെങ്കിലും ലഭിച്ചാൽ അത് മതിയാകും, പ്രത്യേകിച്ചും ബുദ്ധിമുട്ടുള്ള ഈ സമയങ്ങളിൽ," ജഗദംബ ജംഗ്ഷനിലെ പേരുകേട്ട ഒരു കടയിൽ വാച്ച് നന്നാക്കുന്ന ജോലി ചെയ്യുന്ന എസ്.കെ. ഏലിയാസീൻ പറഞ്ഞു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയത്ത് അയാൾക്കും തന്റെ ശമ്പളം (15,000 രൂപ) ലഭിച്ചിരുന്നില്ല. മാർച്ചിലും, ജൂലൈയിലും ഓഗസ്റ്റിലും പകുതി ശമ്പളം മാത്രമാണ് ലഭിച്ചത്. "എന്‍റെ കുട്ടികളുടെ സ്കൂളിൽ നിന്നും ഫീസടക്കാനും പുതിയ പുസ്തകങ്ങൾ വാങ്ങാനുമായി നിരന്തരം വിളിച്ചുകൊണ്ടിരുന്നു," പത്തും ഒമ്പതും വയസുള്ള രണ്ടു കുട്ടികളുടെ അച്ഛനായ 40 വയസുള്ള അയാൾ പറഞ്ഞു. "എന്‍റെ ഭാര്യയുടെ വരുമാനത്തിലായിരുന്നു ഞങ്ങൾ വീട്ടിലെ ചെലവുകൾ മുന്നോട്ടു കൊണ്ടുപോയിരുന്നത്.” അയാളുടെ ഭാര്യ ആബിദ 7,000 രൂപ മാസവരുമാനത്തിൽ ഒരു പ്രൈമറി സ്കൂൾ ടീച്ചറായി ജോലി ചെയ്തു വരുന്നു. ഫീസിനും പുസ്തകങ്ങൾ വാങ്ങാനുമായി അവരുടെ മാതാപിതാക്കളിൽ നിന്നും 18,000 രൂപ കടമായും വാങ്ങിയിരുന്നു.
25 വയസുമുതൽ ഏലിയാസീൻ ഈ മേഖലയിൽ ജോലി ചെയ്തു വരുന്നു."വാച്ചുകൾ നന്നാക്കൽ എന്‍റെ ഭാര്യയുടെ കുടുംബ ബിസിനസ് ആയിരുന്നു. എനിക്കതിൽ വളരെ അധികം താല്പര്യം തോന്നി എന്‍റെ ഭാര്യാപിതാവിനോട് എനിക്ക് ഈ ജോലി പഠിപ്പിച്ചുതരാൻ പറയുകയായിരുന്നു. ഈ കഴിവ് എനിക്ക് ശക്തിയും അതിജീവിക്കാനുള്ള മാർഗവും നൽകി," വിശാഖപട്ടണത്ത് വളർന്ന, സ്കൂളിൽ പോകാത്ത ഏലിയാസീൻ പറഞ്ഞു.
നന്നാക്കുന്ന വിലപിടിപ്പുള്ള വാച്ചുകളിൽ ഒരെണ്ണം പോലും സ്വന്തമാക്കാൻ അയാൾക്ക് കഴിയില്ലെങ്കിലും അവ കൈകാര്യം ചെയ്യുന്നതിൽ അയാൾ സംതൃപ്തി കണ്ടെത്തുന്നു. "വലിയ ബ്രാൻഡുകൾ എല്ലാം തന്നെ വാച്ചുകൾ നന്നാക്കിയെടുക്കുന്നത് അവഗണിക്കാറാണ് പതിവ്, അവ നന്നാക്കാൻ ആരെയും ജോലിക്ക് വാക്കാറുമില്ല," അയാൾ പറഞ്ഞു. വാച്ചുകളുടെ കേടായ ആന്തരിക സംവിധാനം (മൂവ്മെൻറ്) ശരിയാക്കാൻ ശ്രമിക്കാതെ പുതിയ ഒരെണ്ണം മാറ്റിവയ്ക്കുകയാണ് പതിവ്. "എന്നാൽ ആവശ്യമില്ലാതെ ഇങ്ങനെ മാറ്റിവയ്ക്കുന്നത് ഒഴിവാക്കി ഞങ്ങൾക്ക് ഇത്തരം വാച്ചുകൾ ശരിയാക്കി എടുക്കാനാകും. എന്‍റെ ജോലിയിൽ ഞാൻ ഏറെ അഭിമാനിക്കുന്നു,” ഏലിയാസീൻ പറഞ്ഞു.
ഏലിയാസീനും മുസ്‌തഫയും ജഗദംബ ജംഗ്ഷനിലെ മറ്റു വാച്ച് മെക്കാനിക്കുകളും ബഹുമാനിക്കുന്ന വ്യക്തിയാണ് 68 വയസുള്ള ഹബീബുർ റഹ്മാൻ. പഴയകാല ടൈംപീസുകളും പെൻഡുലം ക്ലോക്കുകളും അടക്കം ഏതു തരത്തിലുള്ള വാച്ചും നന്നാക്കാൻ അയാൾക്ക് കഴിയുമെന്നവർ പറയുന്നു. പഴയ ക്ലോക്കുകളിലെ സങ്കീർണമായ പല കാര്യങ്ങളും ഞൊടിയിടയിൽ തന്നെ അയാൾക്ക് കൈകാര്യം ചെയ്യാനാകും; മാത്രമല്ല ഡൈവിംഗ്, ക്വാർട്സ് എന്നീ തരത്തിലുള്ള വാച്ചുകൾ നന്നാക്കുന്നതിൽ അദ്ദേഹം വിദഗ്ദ്ധനുമാണ്. "പെൻഡുലം ക്ലോക്കിനെ ഇഷ്ടപ്പെടുന്നവരിൽ വളരെ ചുരുക്കം ചിലർ മാത്രമേ ബാക്കിയുള്ളൂ. ഇന്നെല്ലാം ഡിജിറ്റലായി മാറി", ഹബീബുർ (കവർ ഫോട്ടോയിൽ മുകളിലുള്ള വ്യക്തി) പറഞ്ഞു.
ഹബീബുർ ജോലിചെയ്യുന്ന സ്ഥാപനത്തിലെ മുതലാളി കോറോണവൈറസ് കാരണം അയാളോട് വീട്ടിലിരിക്കാൻ നിർദേശിച്ചു. എന്നാലും "ഞാൻ കടയിൽ വരുമായിരുന്നു. എനിക്ക് നന്നാക്കാൻ വാച്ചുകൾ ഉണ്ടായിരുന്നു," അയാൾ പറഞ്ഞു. 2014 വരെ 8,000 രൂപ മുതൽ 12,000 രൂപ വരെ മാസം ശമ്പളം ലഭിച്ചിരുന്ന അയാൾക്ക് കഴിഞ്ഞ 5-6 വർഷമായി വെറും 4,500 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. കട ഏറ്റെടുത്ത പുതിയ മുതലാളി ധരിച്ചത് പഴയ വാച്ചുകളിൽ അയാൾക്കുള്ള വൈദഗ്ദ്ധ്യത്തിന് അധികം ആവശ്യക്കാരുണ്ടാകില്ല എന്നാണ്.
"കൊറോണ വരുന്നതിന് മുമ്പും എനിക്ക് വളരെ കുറച്ച് വാച്ചുകൾ മാത്രമേ നന്നാക്കാൻ ലഭിച്ചിരുന്നുള്ളൂ. ഒരു മാസം ഏകദേശം 40-ഓളം വാച്ചുകൾ ഞാൻ നന്നാക്കുമായിരുന്നു. ഇപ്പോൾ അത് ആഴ്ചയിൽ ഒന്നോ രണ്ടോ എണ്ണമായി കുറഞ്ഞു," ഹബീബുർ പറഞ്ഞു. ഏപ്രിലിലും മെയിലും അയാൾക്ക് ശമ്പളം ലഭിച്ചിരുന്നില്ല, എന്നാൽ ജൂൺ മുതൽ മുഴുവൻ ശമ്പളവും ലഭിക്കുന്നുണ്ട്. "അവരെന്‍റെ ശമ്പളം വെട്ടിക്കുറച്ചാൽ എനിക്ക് മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാകും," അയാൾ പറഞ്ഞു. ഹബീബുറും 55-കാരിയായ ഭാര്യ സുലേഖ ബീഗവും അവരുടെ കൂട്ടായ വരുമാനം കൊണ്ടാണ് വീട്ടുചെലവുകൾ നടത്തുന്നത്. ലോക്ക്ഡൗണിന് മുമ്പ് മാസം 4,000 രൂപ മുതൽ 5,000 രൂപ വരെ അവർ തയ്യൽ ജോലിയിൽ നിന്നും ഉണ്ടാക്കുമായിരുന്നു.
15 വയസുള്ളപ്പോൾ ജോലി അന്വേഷിച്ച് വിശാഖപട്ടണത്ത് എത്തിയതാണ് ഹബീബുർ. ഒഡിഷയിലെ ഗജപതി ജില്ലയിലെ പാർലാഖേമുണ്ഡി പട്ടണത്തിലാണ് അയാളുടെ വീട്. അച്ഛൻ ഒരു വാച്ച് നിർമ്മാതാവായിരുന്നു. തന്റെ 20 കളിൽ വിശാഖപട്ടണത്ത് ഏകദേശം 250 മുതൽ 300 വരെ വാച്ച് മെക്കാനിക്കുകൾ ഉണ്ടായിരുന്നതായി അയാൾ ഓർത്തെടുക്കുന്നു. "എന്നാൽ ഇന്ന് കഷ്ടിച്ച് 50 പേരെ ഉള്ളു. മഹാമാരി കഴിയുമ്പോൾ ആരും തന്നെ ബാക്കിയുണ്ടാവില്ലായിരിക്കും," അയാൾ പറഞ്ഞു.
നാല് പെൺകുട്ടികളിൽ ഇളയ മകൾക്കാണ് അയാൾ അയാളുടെ കഴിവുകൾ പകർന്നു കൊടുത്തിട്ടുള്ളത്. മറ്റു മൂന്നു പേരും വിവാഹിതരാണ്. "അവൾ അത് ഇഷ്ടപ്പെടുന്നു. അവൾ ഏറ്റവും നല്ലൊരു വാച്ച് മെക്കാനിക് ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ബി.കോം. ബിരുദത്തിനായി പഠിക്കുന്ന 19 വയസുള്ള മകളെക്കുറിച്ചയാൾ പറഞ്ഞു.
ഹബീബുറിന് മറ്റൊരു സ്വപ്നം കൂടിയുണ്ട്: സ്വന്തമായ ഒരു വാച്ച് ബ്രാൻഡ് തന്നെ ഉണ്ടാക്കണം എന്നതാണത്. “ഒരു വാച്ച് നന്നാക്കുന്നത് സമയം തന്നെ നന്നാക്കിയെടുക്കുന്ന പോലെയാണ്. എന്‍റെ വയസ്സിനെ കുറിച്ച് ഞാൻ ഒട്ടും ചിന്തിക്കാറില്ല. ഒരു വാച്ച് നന്നാക്കുമ്പോൾ എത്ര സമയം പോകുന്നുവെന്ന് ഞാൻ ഓർക്കാറേ ഇല്ല. ആ ജോലി ചെയ്ത് തീരുവോളം ഞാൻ അതിനായി സമയം ചെലവഴിക്കുന്നു. എനിക്കപ്പോൾ വെറും 20 വയസാണെന്നേ തോന്നാറുള്ളൂ," അയാൾ പറഞ്ഞു.
പരിഭാഷ: നിധി ചന്ദ്രന്‍